ബ്രിട്ടീഷ് സാമ്രാജ്യത്വം ഏകപക്ഷീയമായി രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയതിനെതിരെ എല്ലാവിഭാഗം ജനങ്ങളും പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതിന്റെ തുടർച്ചയായി നടന്ന പ്രതിഷേധങ്ങളും സമരങ്ങളുമാണ് മൊറാഴ സമരമായി രൂപപ്പെട്ടത്.

ചരിത്രം

തിരുത്തുക

കെ പി സി സി, മർദ്ദനത്തിനെതിരെ പ്രതിഷേധദിനം ആചരിക്കാൻ ആഹ്വാനം ചെയ്തു. കെ പി സി സിയുടെ പ്രതിഷേധാഹ്വാനത്തിനു മുമ്പു തന്നെ കർഷകസംഘം വിലവർദ്ധന പ്രതിഷേധ ദിനമാചരിക്കുവാൻ ആഹ്വാനം നടത്തിയിരുന്നു.ചിറയ്‌ക്കൽ താലൂക്കിലെ കീച്ചേരിയിലാണ്‌ കർഷകസംഘം സമ്മേളനം നടത്താൻ തീരുമാനിച്ചത്‌.1940 മെയ് 20ന് നിശ്ചയിച്ച മർദ്ദന പ്രതിഷേധദിനം ഗാന്ധിജിയുടെ അഭ്യർഥനപ്രകാരം ജൂലായ് 21ലേക്ക് മാറ്റി. അന്ന് മലബാറിലാകെ പ്രതിഷേധമിരമ്പി. പിന്നീട് ഓഗസ്റ്റ് 18ന് പൗരസ്വാതന്ത്ര്യദിനമാചരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം നടത്തിയെങ്കിലും അതിന് ജില്ലാ മജിസ്‌ട്രേറ്റ് നിരോധനം ഏർപ്പെടുത്തി. 1940 സെപ്തംബർ 8ന് ചേർന്ന കെ പി സി സി, സെപ്തംബർ 15ന് പ്രതിഷേധദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തു. മലബാർ കലക്ടർ ഇതിന് നിരോധനം പ്രഖ്യാപിച്ചു. കെ പി സി സി സെക്രട്ടറി കെ ദാമോദരൻ നിരോധനാജ്ഞ ലംഘിക്കാൻ ആഹ്വാനം ചെയ്തു. നിരോധനം ലംഘിച്ചുകൊണ്ട് മലബാറിലാകെ ജനങ്ങൾ പ്രതിഷേധിച്ചു. പലയിടങ്ങളിലും പ്രകടനത്തെ പോലീസ് അറസ്റ്റുൾപ്പെടെയുള്ള മർദ്ദനമുറകളാൽ നിഷ്ഠൂരമായി നേരിട്ടു[1].
ചിറക്കൽ താലൂക്കിലെ കീച്ചേരിയിൽ പ്രതിഷേധ ദിനാചരണത്തോടൊപ്പം കർഷകസമ്മേളനവും നടത്താൻ തീരുമാനിച്ചിരുന്നു. സപ്തംബർ 15ന് രാവിലെ മുതൽതന്നെ ചെറുജാഥകൾ കീച്ചേരിയിലേക്ക് പുറപ്പെട്ടു. വളപട്ടണം പോലീസ് എസ് ഐ കുട്ടികൃഷ്ണമേനോനും സംഘവും കീച്ചേരിയിലെത്തി, തുടർന്ന് നിരോധന ഉത്തരവുണ്ടായി. നേതാക്കൾ ഉത്തരവ് ബാധകമല്ലാത്ത മൊറാഴ വില്ലേജിലെ അഞ്ചാംപീടികയിലേക്ക് പ്രകടനവും സമ്മേളനവും മാറ്റി. വിഷ്ണുഭാരതീയന്റെ അധ്യക്ഷതയിൽ 4 മണിയോടെ അഞ്ചാംപീടികയിൽ പൊതുയോഗം ആരംഭിച്ചു. ഈ സമയം വളപട്ടണം എസ് ഐ കുട്ടികൃഷ്ണമേനോൻ തളിപ്പറമ്പ് മജിസ്‌ട്രേറ്റിനെയും കൂട്ടി അവിടെയെത്തി. പ്രകടനവും പൊതുയോഗവും നിരോധിച്ചതായി പ്രഖ്യാപിച്ചു. എന്നിട്ടും ജനം പിരിഞ്ഞുപോകാതെവന്നപ്പോൾ എസ് ഐ യുടെ നേതൃത്വത്തിൽ ലാത്തിചാർജ്ജ് തുടങ്ങി. പൊറുതിമുട്ടിയ ജനം കയ്യിൽ കിട്ടിയ കല്ലും വടികളുമായി ചെറുത്തുനിന്നു. ജനങ്ങൾക്കുനേരെ രണ്ടുതവണ പോലീസ് വെടിവെച്ചു. ജനം പിരിഞ്ഞുപോകാതെ ഉറച്ചുനിന്നു. ഇതിനിടയിൽ കല്ലേറുകൊണ്ട് കുഴഞ്ഞുവീണ എസ് ഐ കുട്ടികൃഷ്ണമേനോൻ അവിടത്തന്നെ മരിച്ചു. പരിക്കേറ്റ ഹെഡ് കോൺസ്റ്റബിൾ ഗോപാലൻ നമ്പ്യാർ പിന്നീട് ആശുപത്രിയിൽവെച്ചും മരിച്ചു.

കേസും കോടതി വിധിയും

തിരുത്തുക

ചരിത്രത്തിൽ മറ്റൊരധ്യായം കുറിച്ച വിചാരണയും വിധിന്യായവുമായിരുന്നു ഈ കേസിന്റേത്‌. 40 പേരെ പ്രതിചേർത്താണ് കേസ് ഫയൽ ചെയ്തത്. പോലീസ്‌ ഭീകരതയെക്കുറിച്ച്‌ പത്രങ്ങൾപോലും റിപ്പോർട്ട് ചെയ്യാൻ ഭയന്ന ഇക്കാലത്ത്‌ പി കൃഷ്ണപിള്ള അടക്കമുള്ള നേതാക്കൾ ഒളിവിൽ പ്രവർത്തിച്ച്‌ ജനങ്ങൾക്ക്‌ ആത്മവിശ്വാസം പകർന്നു.34 പേരെ കോടതിയിൽ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞു. ഒരു കൊല്ലത്തോളം നീണ്ടുനിന്ന കേസിൽ മദ്രാസ് ഹൈക്കോടതി 14 പേരൊഴികെ എല്ലാവരെയും വിട്ടയച്ചു. കെ പി ആർ ഗോപാലനെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ജനകീയ സമ്മർദ്ദത്തെ തുടർന്ന് ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു[2] മലബാറിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയ സെഷൻസ്‌ കോടതി കെ പി ആറിനേയും ടി രാഘവൻ നമ്പ്യാരേയും ഏഴുവർഷത്തെ കഠിനതടവിനും മറ്റു പ്രതികളെ അതിൽ കുറഞ്ഞ ശിക്ഷക്കും വിധിച്ചു. പ്രതികളെ സംബന്ധിച്ചേടത്തോളം അവർക്ക്‌ കുട്ടികൃഷ്ണമേനോനെ വധിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ലെന്ന് കോടതി വിധിയിൽ ജഡ്ജി വ്യക്തമാക്കി. പക്ഷേ, പ്രതികൾക്ക്‌ കടുത്ത ശിക്ഷ നൽകണമെന്ന് നിർബന്ധമുണ്ടായിരുന്ന കൊളോണിയൽ ഭരണകൂടം ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും കെ പി ആറിന്റെ കഠിന തടവ്‌ വധശിക്ഷയാക്കി മാറ്റുകയും ചെയ്തു. പക്ഷേ, ഈ കോടതിവിധിക്കെതിരെ ഇന്ത്യയിലാകമാനം പ്രതിഷേധത്തിന്റെ അലകൾ ഉയർന്നു. കോടതിയുടെ തീരുമാനത്തെ വെല്ലുവിളിക്കാൻ സകലമാന ജനവിഭാഗങ്ങളും തയ്യാറായി. നിരവധി പെറ്റീഷനുകളും അതിലേറെ ജാഥകളും പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കപ്പെട്ടു. ഗാന്ധി, നെഹ്‌റു അടക്കമുള്ള ദേശീയ നേതാക്കൾക്ക്‌ ഈ കാര്യത്തിൽ ഇടപെടേണ്ടിവന്നു. അവസാനം 1942 മാർച്ച്‌ മാസത്തോടെ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ കെ പി ആറിന്റെ വധശിക്ഷ ഇളവ്‌ ചെയ്തുകൊണ്ട്‌ ഉത്തരവിറക്കി.

  1. workersforum.blogspot.in/2012/02/blog-post_4145.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-01. Retrieved 2012-06-29.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൊറാഴ_സമരം&oldid=3642041" എന്ന താളിൽനിന്ന് ശേഖരിച്ചത്