മൈക്കിൾ ടിങ്ക്ഹാം

(മൈക്കിൾ ടിങ്ക്‌ഹാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനാണ് മൈക്കിൾ ടിങ്ക്ഹാം. അതിചാലകത (Superconductivity) യുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്.

മൈക്കിൾ ടിങ്ക്ഹാം
Michael Tinkham
ജനനംFebruary 23, 1928
Green Lake County, Wisconsin
മരണംNovember 4, 2010
Portland, Oregon
ദേശീയത U.S.
കലാലയംMIT
പുരസ്കാരങ്ങൾOliver E. Buckley Condensed Matter Prize (1974), Fred E. Saalfeld Award for Outstanding Lifetime Achievement in Science (2005)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംCondensed Matter Physics
സ്ഥാപനങ്ങൾHarvard University
ഡോക്ടർ ബിരുദ ഉപദേശകൻM. W. P. Strandberg

ജീവിതരേഖ

തിരുത്തുക

ടിങ്ക്ഹാം 1928 ഫെബ്രുവരി 23-ന് യു.എസ്സിലെ റിപ്പണിൽ ജനിച്ചു. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽനിന്ന് 1951-ൽ എം. എസ്. ബിരുദവും 54-ൽ പിഎച്ച്. ഡി.യും നേടി. ഓക്സിജൻ തന്മാത്രയുടെ മൈക്രോവേവ് മാഗ്നറ്റിക് റസനൻസ് സ്പെക്ട്രം' എന്നതായിരുന്നു ഗവേഷണ വിഷയം. പില്ക്കാലത്ത് ടിങ്ക്ഹാമിന്റെ പരീക്ഷണ നിരീക്ഷണങ്ങളധികവും അതിചാലകതയുമായി ബന്ധപ്പെട്ട മേഖലകളിലായിരുന്നു. അതിചാലകതാസ്വഭാവം പ്രകടിപ്പിക്കുന്ന വസ്തുക്കളുടെ അടിസ്ഥാന ഗുണവിശേഷങ്ങൾ പഠിക്കാനായി സ്ക്വിഡുകളുടെ (SQUID-Super conducting Quantum Interference Devices) അനിതരസാധാരണമായ സംവേദന ക്ഷമത ഇദ്ദേഹം പ്രയോജനപ്പെടുത്തി.

ബർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ 1956-ൽ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ടിങ്ക്ഹാം 61-ൽ അവിടെ ഊർജതന്ത്രത്തിന്റെ പ്രൊഫസർ പദവിയിൽ നിയമിതനായി. 1966-ൽ ഇദ്ദേഹം ഹാർവാഡ് സർവകലാശാലയിലേക്കു മാറി. 1975-78 കാലഘട്ടത്തിൽ ഭൗതികശാസ്ത്ര വകുപ്പിന്റെ അധ്യക്ഷപദവി വഹിച്ചു. 1970-ൽ നാഷണൽ അക്കാദമി ഒഫ് സയൻസസിലേക്കും പിന്നീട് അമേരിക്കൻ അക്കാദമി ഒഫ് ആർട്ട്സ് ആൻഡ് സയൻസസിലേക്കും ടിങ്ക്ഹാം തെരഞ്ഞെടുക്കപ്പെട്ടു.

ഗ്രൂപ്പ് തിയറി ആൻഡ് ക്വാണ്ടം മെക്കാനിക്സ് (1964), സൂപ്പർ കണ്ടക്റ്റിവിറ്റി (1969), ഇൻട്രൊഡക്ഷൻ റ്റു സൂപ്പർകണ്ടക്റ്റിവിറ്റി (1975) എന്നിവയാണ് ടിങ്ക്ഹാമിന്റെ മുഖ്യരചനകൾ. 2010 നവംബർ 4-ന് പോർട്ട്‌ലാൻഡിൽ വച്ച് അന്തരിച്ചു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ മൈക്കിൾ ടിങ്ക്ഹാം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മൈക്കിൾ_ടിങ്ക്ഹാം&oldid=2325541" എന്ന താളിൽനിന്ന് ശേഖരിച്ചത്