പൌരാണിക ഭാരതീയ സങ്കൽപമനുസരിച്ച് ദേവലോകത്തിലെ സുന്ദരിമാരായ നർത്തകിമാരിൽ ഒരാളാണ് മേനക. മേനക, രംഭ (അപ്സരസ്സ്) തുടങ്ങിയ അപ്സരസ്സുകൾ പാലഴിയിൽ നിന്നും ഉയർന്നുവന്നതാണന്നു ഇതിഹാസങ്ങൾ പറയുന്നു. ദേവേന്ദ്ര നിർദ്ദേശത്താൽ വിശ്വാമിത്രൻ, നരനാരായണമഹർഷിമാർ, വിശ്വാവസു, മങ്കണമഹർഷി തുടങ്ങീയർക്കൊപ്പം മേനക സഹവസിച്ച കഥകൾ പല പുരണങ്ങിലും, മഹാഭാരതത്തിലും പറയുന്നുണ്ട്. ഇതിൽ കൂടുതൽ പ്രസിദ്ധമായ കഥ വിശ്രാമിത്രന്റെ തപസ്സു മുടക്കാൻ എത്തിയ മേനകയുടേയും, അതിൽ ജനിച്ച പുത്രിയായ ശകുന്തളയുടേയുമാണ്.

വിശ്വാമിത്രനും മേനകയും -- രാജാരവിവർമ്മ ചിത്രം

ദേവലോക നർത്തകിമാർ

തിരുത്തുക
 
മേനകയും വിശ്വാമിത്രനും - ശകുന്തളയുടെ ജനനം - രവിവർമ്മച്ചിത്രം

അപ്സരസ്സുകൾ; 'അപ്'-ൽ (ജലത്തിൽ) നിന്നുണ്ടായവർ, ജലത്തിൽ സഞ്ചരിക്കുന്നവർ എന്നാണ് വാക്കിനർഥം. പാലാഴിമഥനത്തിൽ ഉയർന്നുവന്നവരാണിവരെന്ന് മഹാഭാരതവും രാമായണവും പറയുന്നു. (സരസ്സ് = പാലാഴി). പാലാഴിയിൽ നിന്നും ലഭിച്ചവ പലദേവന്മാരും കൈവശപ്പെടുത്തിയതുപോലെ ഈ സുന്ദരിമാരായ അപ്സരസ്സുകളെ ഇന്ദ്രൻ സ്വീകരിക്കുകയും, അവരെ ദേവലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയതായും പാലാഴിമഥനകഥയിൽ വർണ്ണിക്കുന്നുണ്ട്. സുമേരുവിന്റെ സാനുപ്രദേശത്ത് ഇവർ നിവസിക്കുന്നുവെന്നാണ് പുരാണങ്ങൾ എഴുതിയിരിക്കുന്നത്. നൃത്തനൃത്യസംഗീതാദി കലാവിദ്യകളിൽ പ്രഗല്ഭരായ ഇവർക്ക് സദാചാരസംഹിതയൊന്നും ബാധകമല്ല; ഋഷിമാരുടെ തപസ്സിനു വിഘ്നം വരുത്താൻ ഇവരെ പലപ്പോഴും ഉപയോഗിച്ചിരുന്നു. ശുകൻ, ദ്രുപദർ, ദ്രോണർ, പൃഥു, ശകുന്തള എന്നിങ്ങനെ പുരാപ്രസിദ്ധരായ നിരവധി പേർ അപ്സരസ്സുകളിൽ നിന്നുണ്ടായവരാണ്. വായുപുരാണം പതിനാല് അപ്സര ഗണങ്ങളേയും ഹരിവംശം ഏഴു ഗണങ്ങളേയും പരാമർശിക്കുന്നു. ആകെ അറുപതുകോടി അപ്സരസ്സുകളുണ്ടത്രേ; നാലരക്കോടി എന്ന് കാശീഖണ്ഡം. ഇതിൽ 1,060 പേർക്കേ പ്രാധാന്യമുള്ളു. ഉർവശി, പൂർവചിത്തി, സഹജന്യ, മേനക, വിശ്വാചി, ഘൃതാചി എന്നിവരാണ് ഉത്തമകൾ. രംഭ, തിലോത്തമ, അലംബുഷ, അശ്രുവിന്ദുമതി, ജാനപദി തുടങ്ങിയവരും പ്രസിദ്ധരാണ്. സുരാംഗന, സുമദാത്മജ, സമുദ്രാത്മജ എന്നീ പര്യായങ്ങളിലും അപ്സരസ്സ് അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=മേനക_(അപ്സരസ്സ്)&oldid=3128657" എന്ന താളിൽനിന്ന് ശേഖരിച്ചത്