ഇന്ത്യൻ റെയിൽവെയുടെ ഒരു മികച്ച [അവലംബം ആവശ്യമാണ്] ട്രെയിൻ യാത്രാ സംവിധാനമാണ് മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് അഥവാ മെമു (MEMU) [1].എഞ്ജിനുകൾ ഇല്ലാതെ കോച്ചുകളില് ഘടിപ്പിച്ച മോട്ടോറുകൾ ഉപയോഗിച്ച് ഓടുന്ന മെമുകളും ഉണ്ട്. മെമുവിൽ ഒന്നിലധികം ഇലക്ട്രിക് മോട്ടോറുകൾ ഉണ്ടാവും. അതുകൊണ്ടാണ്, മൾട്ടിപ്പിൾ യൂണിറ്റെന്ന് പറയുന്നത്. ഇവ കൂടുതലും പാസഞ്ചർ ട്രെയ്നുകളെപ്പോലെ എല്ലാ സ്റ്റേഷനുകളിലും നിർത്തുന്നവ ആണെങ്കിലും, മെമു റേക്ക് ഉപയോഗിച്ച് വേഗതയേറിയ എക്സ്പ്രസ്സ്‌ മെമു ട്രെയിനുകളും ഓടുന്നുണ്ട്. ഇവയ്ക്ക് സ്റ്റോപ്പുകൾ കുറവാണ്. ദിവസേന ജോലിക്ക് പോകുന്നവർക്കും വിദ്യാർത്ഥികൾക്കും വളരെ ഗുണം ചെയ്യുന്ന സർവീസുകളാണ് മെമു ട്രെയിനുകൾ നടത്തുന്നത്.

MEMU / മെമു

ഡ്രൈവറുടെ കാബിൻ
പശ്ചാത്തലം
ഉടമഇന്ത്യൻ റെയിൽ‌വേ
സ്ഥലംഇന്ത്യ
ഗതാഗത വിഭാഗംഅതിവേഗ ഗതാഗതം
പ്രവർത്തനം
സാങ്കേതികം
Track gaugeബ്രോഡ് ഗേജ്

ട്രെയിൻ 18-ന്റെ മാതൃകയിൽ സ്‌റ്റൈയിൻലെസ് സ്റ്റീൽ നിർമിതമായ കൂടുതൽ മെച്ചപ്പെട്ട ത്രീഫേസ്‌ എൻജിൻ സംവിധാനമുള്ള മെമു ട്രെയിനുകളും ഓടുന്നു. കേരളത്തിൽ ഇതിന്റെ ആദ്യത്തെ യാത്ര കൊല്ലം- എറണാകുളം പാതയിൽ 2019 സെപ്റ്റംബർ ആദ്യവാരം ആരംഭിച്ചു. ഇവ സാദാരണ മെമു ട്രെയിനുകളെക്കാൾ ഊർജക്ഷമത കൂടിയതും, വേഗതയേറിയതും (105 KM വരെ), സുഖകരവും സുരക്ഷിതവുമായ യാത്ര വാഗ്ദാനം ചെയ്യുന്നവയുമാണ്. ഇവയിൽ സിസിടിവി ക്യാമറ, എമർജൻസി ബട്ടൺ, ജിപിഎസ്, യാത്രക്കാർക്ക് വേണ്ടിയുള്ള അനൗൺസ്മെന്റ്, കുഷ്യൻ സീറ്റുകൾ, എയർ സസ്‌പെൻഷൻ, എളുപ്പത്തിൽ നീക്കാവുന്ന ഡോറുകൾ, എൽഇഡി ലൈറ്റുകൾ, ജൈവശുചിമുറികൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

വേഗത്തിലോടുന്ന മെമു വരുന്നതോടെ തിരക്കേറിയ റൂട്ടുകളിലെ യാത്രാദുരിതം വലിയൊരു ശതമാനംവരെ കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയും. ഒരു മെമുവിൽ എട്ട് മുതൽ പന്ത്രണ്ട് വരെ കോച്ചുകളുണ്ടാകും. പാസഞ്ചർ ട്രെയ്നുകളെ അപേക്ഷിച്ച് ഇരട്ടിയിലധികം ആളുകളെ ഉൾക്കൊള്ളാനാകും. മെമു ഓടിക്കുന്നതിന് ഇപ്പോഴത്തെ പ്ലാറ്റ്ഫോമിൽ മാറ്റം വരുത്തേണ്ടതില്ല. എന്നാൽ വൈദ്യുതീകരിച്ച പാതകൾ ആവശ്യമാണ്. രണ്ട് കമ്പാർട്ടുമെന്റ് ഒരു യൂണിറ്റ് എന്ന വിധമാണ് ഇതിന്റെ രൂപകല്പന. മുംബൈയിലെ സബർബൻ എമു (EMU) തീവണ്ടികളുടെ മാതൃകയിൽ ഉള്ള മെമുവിന്റെ പ്രത്യേകത രണ്ടറ്റത്തുമുള്ള കൺട്രോൾ ക്യാബിനാണ്. എൻജിൻ ഘടിപ്പിക്കൽ (ഷണ്ടിങ്) അടക്കമുള്ള കാര്യങ്ങൾ ഇതിന് ആവശ്യമില്ല. പൂജ്യത്തിൽനിന്ന് 80 കിലോമീറ്റർ വരെ വേഗത്തിലേക്ക് ഞൊടിയിടകൊണ്ട് എത്താനാകും എന്നതും മറ്റൊരു ഗുണമാണ്. ഇത് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരം താണ്ടാൻ സഹായിക്കുന്നു. മെമു തീവണ്ടിയിൽ പരമാവധി യാത്ര ചെയ്യാവുന്നവരുടെ എണ്ണം 3000-4000 വരെയാവാം. സാധാരണ പാസഞ്ചർ തീവണ്ടിയിൽ ഇത് 1500-2000 ആണ്.

ആഴ്ചയിൽ ഒരിക്കലാണ് ഇതിന്റെ അറ്റകുറ്റപ്പണി നടത്തുക. ഇതിന് 5-6 മണിക്കൂർ വേണ്ടിവരും. കേരളത്തിൽ പാലക്കാട്ടും കൊല്ലത്തുമാണ് അറ്റകുറ്റപ്പണികൾക്ക് ഉള്ള മെമു ഷെഡ് ഉള്ളത്. ഇവ കേന്ദ്രീകരിച്ചു സമീപ ജില്ലകളിലേക്ക് ഇത്തരം ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. മെമുവിന്റെ കോച്ച് കെയർ സെന്റർ തമിഴ്നാട്ടിലാണ് ഉള്ളത്. പുതിയ സമയത്ത് മെമു ഓടിക്കുന്നതിന് പകരം വൈദ്യുതീകരിച്ച പാതകളിൽ നിലവിലുള്ള സാധാരണ പാസഞ്ചറുകൾക്ക് പകരം ഇവ ഓടിക്കാനാണ് റെയിൽവേ തീരുമാനം. [2]

കേരളത്തിൽ ഒരു സ്റ്റേഷനിൽ മെമു ഒരു മിനിറ്റാണ് നിറുത്തുക. മുംബൈയിലെ എമു ട്രെയിനുകളിൽ ഇത് 20 സെക്കന്റാണ്. വീതിയേറിയ വാതിലുകളുള്ള ഇത്തരം ട്രെയിനുകളിൽ ആളുകൾക്ക് കുറഞ്ഞ സമയം കൊണ്ട് കയറിയിറങ്ങുവാൻ സാധിക്കുന്നു. ഇന്ത്യയിൽ ആദ്യമായി മെമു ആരംഭിച്ചത് റായ്പൂരിനും ദുർഗി‍നും ഇടയിൽ 1995-96 കാലത്താണ്. ചെന്നൈ കേന്ദ്രീകരിച്ച്‌ ലോക്കൽ/ഫാസ്റ്റ്/എക്സ്പ്രസ്സ്‌ സർവീസുകളായി ധാരാളം എമു/മെമു ട്രെയിനുകൾ ഓടുന്നുണ്ട്. ചിലയിടത്ത് ഇവയ്ക്ക് വേണ്ടി പ്രത്യേകം ട്രാക്കുകളും നിർമ്മിച്ചിട്ടുണ്ട്. ബാംഗ്ലൂരിലും ഇത്തരം സബർബൻ ട്രെയിൻ സംവിധാനം വികസിച്ചു വരുന്നുണ്ട്. ഈ നഗരങ്ങളിലെ യാത്രാക്ലേശത്തിന് ഒരു പരിധിവരെ ശമനം ഉണ്ടാകാനുള്ള കാരണവും ഇതുതന്നെ.

  1. Website, Indian Railway. "indian railway".
  2. വാർത്ത, മാതൃഭൂമി. "mathrubhumi news". Archived from the original on 2010-07-09. Retrieved 2010-07-06.
"https://ml.wikipedia.org/w/index.php?title=മെമു&oldid=3978011" എന്ന താളിൽനിന്ന് ശേഖരിച്ചത്