മൃദുല സാരാഭായ്
ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു മൃദുല സാരാഭായ്(6 മേയ് 1911 - 26 ഒക്റ്റോബർ 1974).
മൃദുല സാരാഭായ് | |
---|---|
ജനനം | |
മരണം | ഒക്ടോബർ 6, 1974 | (പ്രായം 63)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സ്വാതന്ത്ര്യസമരം, രാഷ്ട്രീയം |
ആദ്യകാല ജീവിതം
തിരുത്തുകവ്യവസായപ്രമുഖനായ അംബാലാൽ സാരാഭായിയുടെയും സരളാദേവിയുടേയും എട്ട് മക്കളിലൊരാളായി അഹമ്മദാബാദിലെ പ്രശസ്തമായ സാരാഭായ് കുടുംബത്തിൽ ജനിച്ചു. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെട്ട ശാസ്ത്രജ്ഞൻ വിക്രം സാരാഭായ് സഹോദരനായിരുന്നു. മൃദുലയുടെ സ്കൂൾ വിദ്യാഭ്യാസം വീട്ടിൽ തന്നെയായിരുന്നു. 1928-ൽ ഗുജറാത്ത് വിദ്യാപീഠിൽ കോളേജ് വിദ്യാഭ്യാസം ആരംഭിച്ചുവെങ്കിലും ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് അതവസാനിച്ചു. വിദേശോൽപ്പന്നങ്ങൾ ബഹിഷ്കരിക്കുവാനുള്ള ഗാന്ധിജിയുടെ ആഹ്വാനം മൃദുലയെ സ്വാധീനിച്ചു. ഇതേത്തുടർന്ന് വിദേശവിദ്യാഭ്യാസവും അവർ തിരസ്ക്കരിച്ചതായി പറയപ്പെടുന്നു.
ദേശീയപ്രസ്ഥാനത്തിൽ
തിരുത്തുകപത്താം വയസ്സിൽ തന്നെ കുട്ടികളുടെ ദേശീയ പ്രസ്ഥാനമെന്ന നിലക്ക് ഇന്ദിരാ ഗാന്ധി സംഘടിപ്പിച്ച വാനരസേനയിൽ അംഗമായിരുന്നു. 1927-ൽ രാജ്കോട്ടിൽ നടന്ന യൂത്ത് കോൺഫ്രൻസിന്റെ സംഘാടകയായിരുന്നു. ഉപ്പ് സത്യാഗ്രഹത്തിന്റെ സമയത്ത് അവർ കോൺഗ്രസ് സേവാദളിൽ ചേർന്നു. 1934-ൽ ഗുജറാത്തിൽ നിന്നുള്ള എ.ഐ.സി.സി ഡെലിഗേറ്റായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ മൃദുലയുടെ സ്വതന്ത്ര നിലപാടുകൾ പല നേതാക്കളേയും ചൊടിപ്പിച്ചു. പിന്നീട് പാർട്ടി നാമനിർദ്ദേശം ചെയ്യാൻ വിസമ്മതിച്ചപ്പോൾ സ്വതന്ത്രയായി മത്സരിക്കുകയും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. 1930-1944 കാലഘട്ടത്തിൽ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. "മൃദുലയെ പോലെ 100 സ്ത്രീകളുണ്ടായിരുന്നുവെങ്കിൽ ഇന്ത്യയിൽ എനിക്കൊരു വിപ്ലവം നടത്താനാകുമായിരുന്നു" എന്ന് മഹാത്മാ ഗാന്ധി പറയുകയുണ്ടായി[1].
1946-ൽ ജവഹർലാൽ നെഹ്രു അവരെ കോൺഗ്രസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരിലൊരാളായും കോൺഗ്രസ് വർക്കിങ്ങ് കമ്മറ്റി അംഗമായും നിയമിച്ചു. നവ്‌ഖാലിയിലെ കലാപസമയത്ത് അവർ സ്ഥാനങ്ങൾ രാജിവക്കുകയും ഗാന്ധിജിയോടൊത്ത് കലാപഭൂമിയിൽ പ്രവർത്തിക്കുകയും ചെയ്തു. ഇന്ത്യാ-പാക് വിഭജനസമയത്ത് പഞ്ചാബിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ മൃദുല അവിടെയെത്തി സമാധാനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു[2]. ഈ ശ്രമങ്ങളെ ഇരു രാജ്യങ്ങളിലേയും നേതാക്കൾ പ്രശംസിക്കുകയുണ്ടായി.
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അവർ കോൺഗ്രസ്സുമായി അകന്നു. കാശ്മീർ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് തന്റെ സുഹൃത്തായിരുന്ന ഷെയ്ഖ് അബ്ദുള്ളക്ക് വേണ്ടി അവർ ധനസമാഹരണം നടത്തുകയുണ്ടായി. ഈ കേസിൽ വിചാരണ കൂടാതെ കുറച്ചുകാലം അവർക്ക് തടവിൽ കഴിയേണ്ടിവന്നു[3].
മൃദുല സാരാഭായ്: റിബൽ വിത്ത് എ കോസ് എന്ന പേരിൽ അപർണ്ണ ബസു രചിച്ച ജീവചരിത്രം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചു[1].
അവലംബം
തിരുത്തുക- ↑ 1.0 1.1 മൃദുല സാരാഭായ്: റിബൽ വിത്ത് എ കോസ്, ഗൂഗ്ൾ ബുക്സ്
- ↑ റിബൽ വിത്ത് എ കോസ്
- ↑ [1] India, Pakistan and the secret jihad: the covert war in Kashmir, 1947-2004 By Praveen Swami