കേരളത്തിൽ സർക്കാർതലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവകൈമാറ്റ പദ്ധതിയാണ് മൃതസഞ്ജീവനി പദ്ധതി. 1994ൽ ലോകസഭ പാസാക്കിയ നിയമം അടിസ്ഥാനമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഭാഗമായാണ് മൃതസഞ്ജീവനിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. 'ഷെയർ ഓർഗൻസ് സേവ് ലൈവ്സ്' എന്ന മുദ്രാവാക്യമുയർത്തി കേരളത്തിലെ അവയവദാന പദ്ധതിയെ വിപുലീകരിക്കുക എന്നതാണ് മൃതസഞ്ജീവനിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. 2012 ആഗസ്‌റ്റ് 12-ന്‌ മൃതസഞ്‌ജീവനി പദ്ധതി നിലവിൽ വന്നു. മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ മോഹൻലാലാണ്. ഇതിന്റെ നടത്തിപ്പിനായി കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൺ ഷെയറിംഗ് (KNOS) എന്ന ഏജൻസിയും പ്രവർത്തിക്കുന്നു. [1]

മൃതസഞ്ജീവനി പദ്ധതിയുടെ ലോഗിൻ പേജ് (സ്ക്രീൻ ഷോട്ട്)

അവയവങ്ങൾ ആവശ്യമുള്ളവരും അവയവദാനത്തിനു തയ്യാറാകുന്നതുമായ ആളുകളുടെ ഏകോപന സംവിധാനമാണ് മൃതസഞ്‌ജീവനി വഴി സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പലപ്പോഴും ആവശ്യക്കാരും ദാതാക്കളും തമ്മിൽ കണ്ടുമുട്ടാതെ പോവുന്നത് അവയവ കൈമാറ്റത്തിന്റെ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ അവയവകൈമാറ്റം ഏകോപിപ്പിക്കാനും, സുഗമമാക്കാനും വേണ്ടി സർക്കാർ തലത്തിൽ ഒരു സംവിധാനം ഉണ്ടാകുന്നത്. [2]

പ്രവർത്തനങ്ങൾ

തിരുത്തുക

അവയവമാറ്റത്തിന് സംവിധാനവും ലൈസൻസും ഉള്ള ആശുപത്രികൾ വഴി മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കേരളത്തിലെ സർക്കാർസ്വകാര്യ ആശുപത്രികളിൽ മസ്തിഷ്‌കമരണം സംഭവിച്ചാൽ മൃതസഞ്ജീവനിയിൽ അറിയിക്കുന്നു. മസ്തിഷ്‌കമരണം സംഭവിച്ചവരുടെ കുടംബാംഗങ്ങളുടെ സമ്മതത്തോടെ പ്രവർത്തനസജ്ജമായ അവയവം എടുക്കുന്നതും സർക്കാർ ലിസ്റ്റിൽ കാത്തിരിക്കുന്നവർക്ക് മുൻഗണനാ ക്രമത്തിൽ നൽകുന്നതും മൃതസഞ്ജീവനി വഴിയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് മൃതസഞ്ജീവനി ടീം.

അവയവദാന സന്നദ്ധതയുള്ളവരുടെയും നിർദ്ദിഷ്ട സ്വീകർത്താക്കളുടെയും രജിസ്ട്രി (കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൺ ഷെയറിംഗ്) ഇതിന്റെ ഭാഗമായി സൂക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് അവയവം മാറ്റിവെക്കേണ്ട രോഗികളുടെ വിവരങ്ങളും, മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാകുന്നവരുടെ വിവരങ്ങളും ഈ രജിസ്ട്രിയുടെ ഭാഗമായി സൂക്ഷിക്കുന്നുണ്ട്. അവയവക്കൈമാറ്റത്തിൽ സുതാര്യത ഉറപ്പുവരുത്താൻ ഇതിന്റെ ഭാഗമായി സാധിക്കുന്നു. അവയവദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളുടെ ഇടയിൽ ബോധവൽക്കരണം നടത്താനും കെ.എൻ.ഒ.എസ് ശ്രദ്ധിക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ 15,000 ആളുകൾ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യുവാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ട് രജിസ്ട്രിയിൽ പേർ ചേർത്തിട്ടുണ്ട്. അവയവദാനം സുഗമമാക്കാനുള്ള പെരുമാറ്റച്ചട്ടവും നടപടിക്രമങ്ങളും നിശ്ചയിക്കുക എന്നതും കെഎൻഒഎസിന്റെ ചുമതലയായിരിക്കും. കേരളത്തിലേക്കും കേരളത്തിൽ നിന്നും ഉള്ള അവയവങ്ങളുടെ കൈമാറ്റം വേഗത്തിലാക്കുന്നതിനായി വ്യോമസേവനദാതാക്കളുമായി ധാരണാപത്രത്തിൽ ഒപ്പിടാനും കെ.എൻ.ഒ.എസ് ശ്രമിക്കുന്നു. [3]

മൃതസഞ്ജീവനി പദ്ധതി മുഖാന്തരം നടത്തപ്പെട്ട പ്രധാന ശസ്ത്രക്രിയകൾ

തിരുത്തുക

മൃതസഞ്ജീവനി പദ്ധതി മുഖാന്തരമുള്ള ആദ്യത്തെ ഹൃദയംമാറ്റിവക്കൽ 2013 മെയ് 17 ന് കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് നടന്നത്. ആദ്യത്തെ മൾട്ടി ഓർഗൻ (വൃക്ക, കരൾ) മാറ്റിവയ്ക്കൽ ശസ്ത്രക്രിയ 2014 ഫെബ്രുവരി 14 ന് കിംസ് ആശുപത്രിയിലും, ആദ്യത്തെ കിഡ്‌നി-പാൻക്രിയാസ് മാറ്റിവക്കൽ ശസ്ത്രക്രിയ ഇതേവർഷം കൊച്ചിയിലെ അമൃതാആശുപത്രിയിലും നടന്നു. കേരളത്തിലെ ആദ്യത്തെ ചെറുകുടൽ മാറ്റിവക്കൽ ശസ്ത്രക്രിയ, ഇന്ത്യയിലെത്തന്നെ ആദ്യത്തെ കൈമാറ്റിവക്കൽ ശസ്ത്രക്രിയ എന്നിവ 2015 ജനുവരിയിൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ നടന്നു. ഹൃദയം, കരൾ, ശ്വാസകോശം, കിഡ്നി തുടങ്ങി ചെറുതും വലുതുമായ ഇരുന്നൂറോളം ശസ്ത്രക്രിയകൾ മൃതസഞ്ജീവനി പദ്ധതിയിലൂടെ കേരളത്തിൽ ഇതുവരെ നടക്കുകയുണ്ടായി. [4]

രജിസ്റ്റർ ചെയ്യാൻ

തിരുത്തുക

മരണാനന്തരം അവയവങ്ങൾ നൽകാൻ താത്‌പര്യമുള്ള ഏതൊരാൾക്കും http://knos.org.in/DonorCard.aspx എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. [5] ആവശ്യമായ വിവരങ്ങൾ നൽകിയാൽ ദാതാവിനുള്ള ഡോണർ കാർഡ് ലഭിക്കും. അത് പ്രിൻറ് ചെയ്ത് സൂക്ഷിക്കുയും തന്റെ ആഗ്രഹം കുടുംബാംഗങ്ങളെ അറിയിക്കുകയും വേണം. [6]

  1. http://www.keralacm.gov.in/mal/?page_id=4820[പ്രവർത്തിക്കാത്ത കണ്ണി]
  2. https://www.mathrubhumi.com/health/features/organ-donation-procedure-1.3399834
  3. http://www.niyamasabha.org/codes/14kla/session_14/ans/u00235-280119-827000000000-14-14.pdf
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-29. Retrieved 2019-08-29.
  5. http://knos.org.in/DonorCard.aspx
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-29. Retrieved 2019-08-29.
"https://ml.wikipedia.org/w/index.php?title=മൃതസഞ്ജീവനി_പദ്ധതി&oldid=3957306" എന്ന താളിൽനിന്ന് ശേഖരിച്ചത്