മുൽത്താനിലെ പ്രഹ്ലാദ്‌പുരി ക്ഷേത്രം

പാകിസ്താനിലെ പഞ്ചാബിലെ മുൽത്താനിലുള്ള ഒരു പുരാതന ഹിന്ദുക്ഷേത്രമാണ് പ്രഹ്ലാദ്‌പുരി ക്ഷേത്രം. പ്രഹ്ലാദന്റെ പേരാണ് ക്ഷേത്രത്തിന് നൽകിയിട്ടുള്ളത്. നരസിംഹമാണ് ക്ഷേത്രത്തിലെ ആരാധനാമൂർത്തി. ഇന്ന് ക്ഷേത്രം നശിച്ച നിലയിലാണ്. 1992-ൽ ഇന്ത്യയിൽ അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകർത്തതിന് പകരം എന്ന നിലയ്ക്ക് മുസ്ലീം സംഘം ഈ ക്ഷേത്രം നശിപ്പിച്ചിരുന്നു.[1]

പ്രഹ്ലാദ്‌പുരി ക്ഷേത്രം
പ്രഹ്ലാദ്‌പുരി ക്ഷേത്രത്തിന്റെ നഷ്ടാവശിഷ്ടങ്ങൾ
അടിസ്ഥാന വിവരങ്ങൾ
മതവിഭാഗംഹിന്ദുയിസം
Governing bodyപാകിസ്താൻ ഹിന്ദു കൗൺസിൽ
വെബ്സൈറ്റ്http://www.pakistanhinducouncil.org/
വാസ്തുവിദ്യാ തരംഹിന്ദു ക്ഷേത്രം

ചരിത്രം

തിരുത്തുക

ഹിരണ്യകശിപുവിന്റെ മകനായ പ്രഹ്ലാദനാണ് ഇവിടെ പണ്ടുണ്ടായിരുന്ന ക്ഷേത്രം നിർമിച്ചതെന്നാണ് ഐതിഹ്യം. ഇദ്ദേഹം മുൽത്താനിലെ (കശ്യപപുരം) രാജാവായിരുന്നുവത്രേ.[2] വിഷ്ണുവിന്റെ നരസിംഹാവതാരത്തിറ്റ്നെ ബഹുമാനാർത്ഥമാണ് ഈ ക്ഷേത്രം പണികഴിപ്പിക്കപ്പെട്ടത്. പ്രഹ്ലാദനെ സഹായിക്കുവാനായി ഒരു തൂണ് പിളർന്ന് പുറത്തുവന്ന നരസിംഹം ഹിരണ്യകശിപുവിനെ വധിച്ചു.[3][4][5][6]

മുൽത്താൻ മുസ്ലീങ്ങൾ പിടിച്ചെടുത്തതിനു ശേഷം സൂര്യക്ഷേത്രം പോലെ പ്രഹ്ലാദപുരി ക്ഷേത്രവും നശിപ്പിക്കപ്പെട്ടു. സ്വത്തുക്കൾ നഷ്ടപ്പെട്ട പ്രഹ്ലാദപുരി ക്ഷേത്രം പത്തൊൻപതാം നൂറ്റാണ്ടോടെ ഒരു സാധാരണ ക്ഷേത്രമായി മാറി. മുൽത്താൻ കോട്ടയ്ക്കുള്ളിൽ ഒരു ഉയർന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിനടുത്തായി ഹസ്രത്ത് ബഹാവുൾ ഹക് സകറിയയുടെ ശവകുടീരമുണ്ട്.[6] പിന്നീട് ക്ഷേത്രത്തിനടുത്തായി ഒരു പള്ളി പണിയപ്പെട്ടു.[7] 1810 -കളിൽ ഒരു വട്ടം ഈ ക്ഷേത്രം പുനർ നിർമ്മിക്കപ്പെട്ടു എന്ന് ഡോ. എ.എൻ. ഖാൻ സൂചിപ്പിക്കുന്നു.[6] ഈ പ്രദേശം സിഖ് സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നപ്പോഴായിരുന്നു ഇത്. 1831-ൽ ക്ഷേത്രം സന്ദർശിച്ച അലക്സാണ്ടർ ബേൺസ് ക്ഷേത്രം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്നും മേൽക്കൂര ഉണ്ടായിരുന്നില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 1849-ൽ ബ്രീട്ടിഷുകാർ മുൽ രാജിനെതിരായ നീക്കത്തിൽ മുൽത്താൻ കോട്ട ഉപരോധിക്കുകയുണ്ടായി. ഒരു ഷെൽ കോട്ടയ്ക്കകത്തെ വെടിമരുന്ന് ശാലയിലായിരുന്നു വീണത്. വെടിമരുന്ന് പൊട്ടിത്തെറിച്ച് ബഹാവുദ്ദീൻ സകറിയയുടെയും മക്കളുടേയും ശവകുടീരങ്ങളും പ്രഹ്ലാദ്പുരി ക്ഷേത്രവും ഒഴികെയുള്ള കോട്ടയ്ക്ക് വലിയ നാശനഷ്ടമുണ്ടായി. [8] ചതുരാകൃതിയിലുള്ളതും ഇഷ്ടിക കൊണ്ട് നിർമിച്ചതുമായ ഒരു ക്ഷേത്രമാണിതെന്നായിരുന്നു 1853-ൽ ഇവിടം സന്ദർശിച്ച അലക്സാണ്ടർ കണ്ണിംഗ്‌ഹാം സൂചിപ്പിച്ചത്. മേൽക്കൂര താങ്ങാനായി മരം കൊണ്ടുള്ള തൂണുകളും ഉണ്ടായിരുന്നു.[6][9] ഇപ്പോഴുള്ള ക്ഷേത്രം 1861-ൽ മഹന്ത് ബാവൽ റാം ദാസ് 11,000 രൂപ പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത് നിർമിച്ചതാണ്.[6] 1881-ൽ ക്ഷേത്രം പുനർനിർമ്മിക്കുന്നതിനിടെ ശിഖരത്തിന്റെയും അടുത്തുള്ള ശവകുടീരത്തിന്റെയും ഉയരം സംബന്ധിച്ച് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വലിയ തർക്കമുണ്ടായി. ഇതിനോടനുബന്ധിച്ച കലാപത്തിൽ 2 പള്ളികളും 22 ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു. ബ്രിട്ടീഷ് ഗവണ്മെന്റ് കലാപം അടിച്ചമർത്താനായി ഒന്നും ചെയ്തില്ല. പ്രഹ്ലാദപുരി ക്ഷേത്രവും ഇക്കൂട്ടത്തിൽ നശിപ്പിക്കപ്പെട്ടു.[4][10] സമ്പന്നരായിരുന്ന മുൽത്താനിലെ ഹിന്ദു സമൂഹം പെട്ടെന്നുതന്നെ ക്ഷേത്രം പുനർനിർമിച്ചു.[11]

പാകിസ്താൻ രൂപീകരിച്ച ശേഷം മിക്ക ഹിന്ദുക്കളും ഇന്ത്യയിലേയ്ക്ക് കുടിയേറി. ക്ഷേത്രകാര്യം കൈകാര്യം ചെയ്തിരുന്നത് നാട്ടിലെ ന്യൂനപക്ഷമായ ഹിന്ദുക്കളായിരുന്നു. നരസിംഹത്തിന്റെ പ്രതിമ ബാബ നാരായൺ ദാസ് ബത്ര ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നിരുന്നു. ഇത് ഇപ്പോൾ ഹരിദ്വാറിലെ ഒരു ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

1992-ൽ ഒരു ആൾക്കൂട്ടം ഈ ക്ഷേത്രം പൂർണ്ണമായി നശിപ്പിച്ചു. ബാബറി മസ്ജിദ് തകർത്തതിന്റെ പ്രതികാരമായിരുന്നു ഇത്.[1]

പ്രാധാന്യം

തിരുത്തുക

പുരാതനമായ ക്ഷേത്രമാണിത്. പ്രഹ്ലാദൻ ക്ഷേത്രം നിർമിച്ചു എന്ന് കരുതുന്ന സ്ഥലത്തുതന്നെയാണ് ക്ഷേത്രം നിൽക്കുന്നതെന്നാൺ വിശ്വാസം.[3][5] ഹോളികാ ദഹനം എന്ന ആചാരം ഇവിടെയാണ് ആരംഭിച്ചതെന്ന് ചിലർ വിശ്വസിക്കുന്നു.[1]

നിലവിലെ സ്ഥിതി

തിരുത്തുക

1992-ലെ നശീകരണത്തിനു ശേഷം ക്ഷേത്രം അതേ സ്ഥിതിയിൽ തുടരുകയാണ്. 2006-ൽ ബഹാ-ഉദ്-ദിൻ സകറിയയുടെ ഉർസ് സമയത്ത് മന്ത്രി വുസു കർമ്മത്തിനുള്ള സൗകര്യങ്ങൾ നിർമ്മിക്കാൻ ഉത്തരവിറക്കി. 2008-ൽ ലങ്കാറിനുള്ള സൗകര്യങ്ങൾ ഒരുക്കിയതും ക്ഷേത്രത്തിലാണ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചില എൻ.ജി.ഒ.കൾ ആരോപിക്കുകയുണ്ടായി. ഒരു മുസ്ലീം നിർമിതിയും മറ്റൊരു മതത്തിന്റെ ആരാധനാലയത്തിനുള്ളിൽ സ്ഥാപിക്കാൻ പാടില്ല എന്ന വാദമാണ് ഇവർ ഉയർത്തിയത്. നിർമ്മാണപ്രവർത്തനങ്ങൾ കോടതി സ്റ്റേ ചെയ്യുകയുണ്ടായി.[1]

ഇവയും കാണുക

തിരുത്തുക
  1. 1.0 1.1 1.2 1.3 "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-11. Retrieved 2016-11-26.
  2. Syad Muhammad Latif (1963). The early history of Multan. p. 3,54. Kasyapa, is believed, according to the Sanscrit texts, to have founded Kashyapa-pura (otherwise known as Multan
  3. 3.0 3.1 Gazetteer of the Multan District, 1923-24 Sir Edward Maclagan, Punjab (Pakistan). 1926. pp. 276–77.
  4. 4.0 4.1 Imperial rule in Punjab: the conquest and administration of Multan, 1818-1881 by J. Royal Roseberry. pp. 243, 263.
  5. 5.0 5.1 All the year round , Volume 51. Charles Dickens. 1883.
  6. 6.0 6.1 6.2 6.3 6.4 [1] Archived 2015-01-07 at the Wayback Machine. Survey & Studies for Conservation of Historical Monuments of Multan. Department of Archeology & Museums, Ministry of Culture, Government of Pakistan
  7. Muslim Saints of South Asia: The Eleventh to Fifteenth Centuries By Anna Suvorova. p. 153.
  8. MONUMENTS OF MULTAN Archived 2016-02-01 at the Wayback Machine. Survey & Studies for Conservation of Historical Monuments of Multan. Department of Archaeology & Museums, Ministry of Culture, Government of Pakistan
  9. Cunningham, 129
  10. ROSEBERRY, J. Royal. 1987. Imperial Rule in Punjab: The Conquest and Administration of Multan, 1818-1881. Manohar Publications (Delhi); 1987. ISBN 0-913215-23-6
  11. Ajudhia Das, who was formerly Mahant of two temples at Multan named Prahlad and N'arasingpuri, was removed from his office on January 23rd, 1913, by a Panchayat appointed at a mass meeting of Hindus which was convened on that date. All India reporter, Volume 3 by D.V. Chitaley, 1923

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക