മുസ്‌ലിം വിവാഹമോചന നിയമം, 1939
ഇന്ത്യയിലെ മുസ്‌ലിം ദമ്പതികളുടെ വിവാഹമോചനങ്ങളെ നിയമപരമാക്കുന്ന നിയമനിർമ്മാണമാണ് മുസ്‌ലിം വിവാഹമോചന നിയമം, 1939. 1937-ലെ മുസ്‌ലിം വ്യക്തിനിയമത്തിന്റെ[1] അനുബന്ധമാണ് യഥാർത്ഥത്തിൽ ഇത്. മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിലനിന്ന അവ്യക്തതകൾ ഈ നിയമനിർമ്മാണത്തിലൂടെ നീക്കപ്പെടുന്നുണ്ട്. വിവാഹമോചനത്തിനായി മുസ്‌ലിം സ്ത്രീകൾക്കുള്ള മതനിയമങ്ങളെ ക്രോഡീകരിക്കുകയാണ് ഇതിൽ. 1939 മാർച്ച് 17-ന് ഗവർണർ ജനറലിന്റെ അനുമതി ഈ നിയമത്തിന് ലഭിച്ചു[2]. നിയമനടപടികളിലൂടെയോ അല്ലാതെയോ ഉള്ള രീതികൾ ഈ നിയമം വഴി മുസ്‌ലിം സ്ത്രീകൾക്ക് ലഭിക്കുന്നു. തലാഖെ തഫ്‌വീദ്, ലിആൻ എന്നീ മാർഗ്ഗങ്ങളിലൂടെ കോടതി കയറാതെ തന്നെ വിവാഹമോചനം ആവശ്യപ്പെടാൻ സ്ത്രീകൾക്ക് കഴിയും. പുതിയ നിയമനിർമ്മാണത്തോടെ കോടതി വഴിയും വിവാഹമോചനമാവശ്യപ്പെടാൻ കഴിയുമെന്നായി. അതിനായി ഉപാധികൾ നിശ്ചയിക്കപ്പെട്ടു[3][4].
വിവാഹമോചനത്തിനുള്ള കാരണങ്ങൾ
തിരുത്തുകഈ നിയമപ്രകാരം മുസ്‌ലിം നിയമപ്രകാരം വിവാഹിതയായ ഒരു സ്ത്രീക്ക് താഴെ പറയുന്ന ഏതെങ്കിലും ഒന്നോ അതിലധികമോ കാരണങ്ങളാൽ അവളുടെ വിവാഹബന്ധം വേർപെടുത്തുന്നതിനുള്ള ഒരു ഉത്തരവ് ലഭിക്കാൻ അർഹതയുണ്ട്.
- നാല് വർഷമായി ഭർത്താവ് എവിടെയാണെന്ന് അറിയില്ലെങ്കിൽ;
- വിവാഹമോചനം തീരുമാനിക്കപ്പെട്ട് ആറുമാസത്തിനുള്ളിൽ ഭർത്താവ് തിരിച്ചുവരികയും തന്റെ ബാധ്യതകൾ നിറവേറ്റുകയും ചെയ്താൽ വിവാഹമോചനം നടപ്പിൽ വരില്ല.
- ഭർത്താവ് അവഗണിക്കുകയോ രണ്ട് വർഷത്തേക്ക് അവളുടെ ജീവിതച്ചെലവ് നൽകുന്നതിൽ വീഴ്ചവരുത്തുകയോ ചെയ്താൽ;
- ഭർത്താവ് ഏഴു വർഷമോ അതിനു മുകളിലോ ഉള്ള തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നു; (അന്തിമവിധി വരുന്നത് വരെ വിവാഹമോചനം നടപ്പിൽ വരില്ല)
- ന്യായമായ കാരണമില്ലാതെ മൂന്ന് വർഷത്തേക്കോ അതിലധികമോ തന്റെ ദാമ്പത്യ ബാധ്യതകൾ നിറവേറ്റുന്നതിൽ ഭർത്താവ് വീഴ്ചവരുത്തിയാൽ;
- ഭർത്താവിന്റെ ലൈംഗിക ബലഹീനത വിവാഹശേഷം ബോധ്യപ്പെട്ടാൽ;
- ഭർത്താവിന് ഭ്രാന്ത്, കുഷ്ഠരോഗം, ലൈംഗികരോഗങ്ങൾ എന്നിവ ഉണ്ടെങ്കിൽ;
- പതിനഞ്ച് വയസ്സാവുന്നതിന് മുൻപ് നടന്ന വിവാഹത്തെ സ്ത്രീക്ക് പതിനെട്ട് വയസ്സാവുന്നതിന് മുൻപ് ചോദ്യം ചെയ്യാവുന്നതാണ്; ഒന്നിച്ചുള്ള ദാമ്പത്യജീവിതം ആരംഭിച്ചില്ലെങ്കിൽ;
- ഭർത്താവിന്റെ ക്രൂരതകൾ;
- സ്ഥിരമായി പീഡിപ്പിക്കുകയോ മോശം പെരുമാറ്റം മൂലം ജീവിതം ദുസ്സഹമാക്കുകയോ ചെയ്യുക;
- മോശം സ്ത്രീകളുമായുള്ള സഹവാസത്താലോ മറ്റോ കുപ്രസിദ്ധനാവുക;
- അധാർമിക ജീവിതത്തിലേക്ക് അവളെ നിർബന്ധമായി കൊണ്ടുപോകാൻ ശ്രമിക്കുന്നു;
- അവളുടെ സ്വത്ത് അധീനപ്പെടുത്തുക, അവരുടെ അവകാശങ്ങൾ തടയുക;
- അവളുടെ മതപരമായ അവകാശങ്ങൾ ഹനിക്കുക;
- ഭർത്താവിന് ഒന്നിലധികം ഭാര്യമാരുണ്ടെങ്കിൽ, ഖുർആനിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി അവളോട് നീതിപൂർവ്വം പെരുമാറുന്നില്ല;
- മുസ്‌ലിം വ്യക്തിനിയമപ്രകാരം വിവാഹം ദുർബലമാക്കുന്ന മറ്റേതെങ്കിലും കാരണങ്ങൾ ഉണ്ടെങ്കിൽ;
ഇതും കാണുക
തിരുത്തുകറഫറൻസുകൾ
തിരുത്തുക- ↑ Rooychowdhary, Arija (4 May 2016). "Shariat and Muslim Personal Law: All your questions answered". The Indian Express. Indian Express. Retrieved 11 July 2018.
- ↑ "THE DISSOLUTION OF MUSLIM MARRIAGESACT, 1939". www.vakilno1.com. Archived from the original on 2021-07-24. Retrieved 10 July 2018.
- ↑ Gupta, Setu. "The Concept of Divorce under Muslim Law". www.legalservicesindia. Retrieved 10 July 2018.
- ↑ Malik, Neha. "Muslim women's right for dissolution of marriage". www.legalservicesindia.com. Retrieved 10 July 2018.