മുത്തങ്ങ
കേരളത്തിലെ വയനാട് ജില്ലയിലെ വയനാട് വന്യജീവി സങ്കേതത്തിലുള്ള ഒരു ഗ്രാമമാണ് മുത്തങ്ങ. സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികേന്ദ്രം കേരളത്തിന്റെ രണ്ടു അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെക്കുന്നു. കർണ്ണാടകവും തമിഴ്നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിൾ പോയിൻറ് എന്നാണ് വിളിക്കുന്നത്. കാട്ടുപോത്ത്, മാൻ, ആന, കടുവ തുടങ്ങിയ ജീവികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളിൽ കാണാം. പല ഇനങ്ങളിലുള്ള ധാരാളം പക്ഷികളും ഈ വന്യജീവി സങ്കേതത്തിലുണ്ട്.
മുത്തങ്ങയിലെ വള്ളിപ്പടർപ്പ് വിശാലമായ വനമേഖലയാണ്. ഇവിടെ വയനാടൻ വനത്തിനോട് ലയിച്ച് കിടക്കുന്നത് തമിഴ്‌നാട്, കർണ്ണാടക വനപ്രദേശമാണ്. മൂന്ന് സംസ്ഥാനത്തുമായി വ്യാപിച്ചുകിടക്കുന്ന വയനാട് ബന്ദിപ്പൂർ-മുതുമല നാഷണൽ പാർക്ക് 2500 ചതുരശ്ര കിലോമീറ്ററിലധികം വരും. ചെറുതും വലുതുമായ അനേകതരം മൃഗജാതികൾ ഇവിടെ കാണപ്പെടുന്നു. മുത്തങ്ങ വൈൽഡ് ലൈഫ് ടൂറിസം മേഖല കൂടിയാണ്.
മുത്തങ്ങ വന്യജീവികളുടെ സുരക്ഷിത മേഖലയായിട്ടാണ് കണക്കാക്കുന്നത്. കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു. വിശാലമായ ഈ മേഖല കടുവയുടെയും പുലിയുടെയും അവയുടെ ഇരകളുടെയും സമ്പന്ന മേഖലയാണ്. മാൻ, കാട്ടുപോത്ത്, മറ്റു ചെറുതരം ജീവികൾ ഇവ വേണ്ടതിലധികം ഈ വനപ്രദേശങ്ങളിലുണ്ട്.
സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നൂറുകണക്കിന് സഞ്ചാരികളാണ് മുത്തങ്ങയുടെ വന്യ സൗന്ദര്യം ആസ്വദിക്കാനും മൃഗങ്ങളെ കാണാനുമായി എത്തുന്നത്. മുത്തങ്ങയിൽ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളിൽ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കാട്ടിൽ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. ആദിവാസികളുടെ കുടിലുകൾ മുത്തങ്ങയിലും ചുണ്ടയിലും ഉണ്ട്.
വയനാട് വന്യജീവി സങ്കേതം സുൽത്താൻ ബത്തേരിക്ക് 16 കിലോമീറ്റർ കിഴക്കായി 344 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ പരന്നു കിടക്കുന്നു. ഏറ്റവും അടുത്തുള്ള വലിയ പട്ടണം സുൽത്താൻ ബത്തേരി ആണ്.
2003-ൽ കേരള സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് കേരള പോലീസ് മുത്തങ്ങയിൽ സമരം ചെയ്ത ആദിവാസികൾക്ക് മേൽ നിറയൊഴിക്കുകയുണ്ടായി. ഇത് മുത്തങ്ങ സംഭവം എന്നറിയപ്പെടുന്നു.
എത്തിച്ചേരാനുള്ള വഴി
തിരുത്തുക- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോഴിക്കോട് വിമാനത്താവളം - 140 കിലോമീറ്റർ അകലെ.
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോഴിക്കോട് - 105 കിലോമീറ്റർ അകലെ.
- വയനാട് ചുരം വഴി പോകുന്ന കെ.എസ്.ആർ.ടി.സി. ബസ്സുകൾ കോഴിക്കോട് ബസ് സ്റ്റാന്റിൽ നിന്ൻ മുത്തങ്ങയിലേക്ക് കിട്ടും.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മുത്തങ്ങക്കാടിന്റെ അഭൗമ സൗന്ദര്യം Archived 2014-04-02 at the Wayback Machine., ലേഖനം, പ്രവാസികൈരളി.കോം