സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ പ്രയത്നിച്ച ഒരു സാമൂഹ്യപ്രവർത്തകയായിരുന്നു ഡോ. മുത്തുലക്ഷ്മി റെഡ്ഡി (ജൂലൈ 30, 1886 - ജൂലൈ 22, 1968). ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ നിയമസഭാ സാമാജിക എന്ന് ബഹുമതിയും ഇവർക്കുള്ളതാണ്[1].

ഡോ. മുത്തുലക്ഷ്മി റെഡ്ഡി
ജനനം(1886-07-30)ജൂലൈ 30, 1886
മരണംജൂലൈ 22, 1968(1968-07-22) (പ്രായം 81)
അറിയപ്പെടുന്നത്സാമൂഹ്യപരിഷ്കർത്താവ്

ആദ്യകാല ജീവിതം തിരുത്തുക

1886-ൽ പുതുക്കോട്ടയിൽ ജനിച്ച മുത്തുലക്ഷ്മിയുടെ അച്ഛൻ ഒരു കോളേജ് പ്രൊഫസ്സറും അമ്മ ദേവദാസികളുടെ പരമ്പരയിൽ നിന്നുള്ളവരുമായിരുന്നു[2]. ഈ കുടുംബ പശ്ചാത്തലത്തിൽ വളർന്ന മുത്തുലക്ഷ്മി, ജാതിവ്യവസ്ഥയേയും അന്ധവിശ്വാസങ്ങളേയും വെറുത്തു. അക്ഷരാഭ്യാസത്തിനും ഗാർഹികവൃത്തിക്കാവശ്യമായ ഗണിതം പഠിക്കുവാനും സ്കൂളിൽ പോയിത്തുടങ്ങിയ ഇവർ, പിതാവിന്റെ പിന്തുണയോടെ കോളേജ് വിദ്യാഭ്യാസവും ആരംഭിച്ചു. 1912-ൽ മദ്രാസ് മെഡിക്കൽ കോളേജിൽ[3] നിന്നും ക്ലാസ്സിൽ ഒന്നാമതായി പാസ്സായ മുത്തുലക്ഷ്മി മദ്രാസ് പ്രവിശ്യയിലെ ആദ്യ വനിതാ ഹിന്ദു ഡോക്ടറായിത്തീർന്നു.

സാമൂഹ്യപ്രവർത്തനം തിരുത്തുക

ഒരു സർക്കാർ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ച ഇവർ 1913-ൽ ആർ.എസ്. സുബ്ബലക്ഷ്മി അമ്മാൾ സ്ഥാപിച്ച ബ്രാഹ്മണവിധവകൾക്കുള്ള ഹോസ്റ്റലിലെ റെസിഡന്റ് ഡോക്ടറായി. 1914-ൽ തന്നെപ്പോലെ ആതുരശുശ്രൂഷയിലും സാമൂഹ്യപ്രവർത്തനങ്ങളിലും തൽപ്പരനായ ഡോ. സുന്ദര റെഡ്ഡിയെ വിവാഹം ചെയ്തു.

1919-ൽ ഡോ. വരദപ്പ നായിഡു ഹോമിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ സ്ത്രീകൾ നേരിടുന്ന അവഗണന, നിരക്ഷരത, ശൈശവവിവാഹം, വേശ്യാവൃത്തി തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ അടുത്തറിയുകയും അവർക്കു വേണ്ടി രാഷ്ട്രീയമായി പ്രവർത്തിക്കുവാൻ സന്നദ്ധയാവുകയും ചെയ്തു. വിമൻസ് ഇന്ത്യൻ അസ്സോസിയേഷൻ(1917), മുസ്ലിം വിമൻസ് അസ്സോസിയേഷൻ(1928) എന്നീ സംഘടനകളുടെ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിച്ചു. 1926-ൽ പാരീസിൽ വച്ചു നടന്ന ഇന്റർനാഷണൽ സഫറേജ് കോൺഫ്രൻസ്, 1933-ൽ ചിക്കാഗോയിൽ നടന്ന കോൺഗ്രസ് ഓഫ് വിമൻ എന്നീ സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു[2].

1927-ൽ മദ്രാസ് നിയമസഭയിൽ സാമാജികയും ഡെപ്യൂട്ടി പ്രസിഡന്റുമായി. പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 14 വയസ്സ് ആക്കുവാനുള്ള സർദ ആക്റ്റിനു വേണ്ടി പ്രവർത്തിക്കുകയും കാമ്പെയ്നുകൾ സംഘടിപ്പിക്കുകയും ചെയ്തു. 1928-ൽ ഹർട്ടോഗ് കമ്മറ്റിയിലെ അംഗം എന്ന നിലക്ക് രാജ്യമൊട്ടാകെ സഞ്ചരിച്ച് സ്ത്രീകൾക്കുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ വിലയിരുത്തി. പർദ്ദ സ്ത്രീകളിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് വിശ്വസിച്ചിരുന്നുവെങ്കിലും അതു ധരിക്കുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകവാർഡുകൾ വേണമെന്ന പ്രമേയത്തെ അവർ പ്രായോഗികത മാനിച്ച് പിന്തുണക്കുകയുണ്ടായി[2]. 1930-ൽ ദേവദാസി സമ്പ്രദായം നിർത്തലാക്കുവാൻ മദ്രാസ് നിയമസഭയിൽ ഡോ. മുത്തുലക്ഷ്മി അവതരിപ്പിച്ച ബില്ലിന് യാഥാസ്ഥിതികരായ ചില ദേശീയനേതാക്കളിൽ നിന്ന് കടുത്ത എതിർപ്പ് നേരിട്ടു[1].

1968-ൽ നിര്യാതയായി.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 മുത്തുലക്ഷ്മി റെഡ്ഡി, ഫ്രണ്ട്‌ലൈൻ ഓൺ നെറ്റ്
  2. 2.0 2.1 2.2 Reddy, Muthulakshmi, എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യ, തോംസൺ ഗെയ്‌ൽ
  3. "മദ്രാസ് മെഡിക്കൽ കോളേജ് - ചരിത്രം". മൂലതാളിൽ നിന്നും 2013-06-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-07.
"https://ml.wikipedia.org/w/index.php?title=മുത്തുലക്ഷ്മി_റെഡ്ഡി&oldid=3641429" എന്ന താളിൽനിന്ന് ശേഖരിച്ചത്