മഹാകവിത്രയത്തിന്റെ കാലഘട്ടത്തെ തുടർന്നു വന്ന കവികളിൽ പ്രമുഖയാണ് മുതുകുളം പാർവ്വതി അമ്മ. കവിതാ രചനയിലും പ്രസംഗത്തിലും അദ്ധ്യാപനത്തിലും ഒരുപോലെ വൈദഗ്ദ്ധ്യം ഇവർക്കുണ്ടായിരുന്നു.

ജീവിതരേഖ തിരുത്തുക

ആലപ്പുഴ ജില്ലയിലെ മുതുകുളം തട്ടയ്ക്കാട്ടുശ്ശേരിയിൽ രാമപ്പണിയ്ക്കരുടേയും വെളുമ്പിയമ്മയുടേയും മകളായി1904 ജനുവരി 28നു ജനിച്ചു.

വിദ്യാഭ്യാസം തിരുത്തുക

മുതുകുളത്തെ കൃഷ്ണൻ നായർ എന്ന ആശാന്റെ കീഴിൽ ബാലപാഠങ്ങൾ അഭ്യസിച്ചു. തുടർന്ന് കീരിക്കാട്ട് വി.എം.ജി സ്ക്കൂളിലും കൊല്ലത്തെ വി.എച്ച് സ്ക്കൂളിലുമായിരുന്നു വിദ്യാഭ്യാസം. മദ്രാസ് സർവ്വകലാശാലയിൽ നിന്നു വിദ്വാൻ പരീക്ഷയും വിശാരദും വിജയിച്ച ശേഷം അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.[1]

സാഹിത്യരംഗത്ത് തിരുത്തുക

വിദ്യാഭ്യാസ കാലത്തുതന്നെ സാഹിത്യപ്രവർത്തനങ്ങളിൽ താത്പര്യം പ്രകടിപ്പിച്ചുതുടങ്ങിയിരുന്ന പാർവ്വതിയമ്മയുടെ ആദ്യകൃതി യഥാർത്ഥ ജീവിതം ടി.സി.കല്യാണിയമ്മയുടെ ശാരദ എന്ന വനിതാമാസികയിലാണ് പ്രസിദ്ധികരിയ്ക്കപ്പെട്ടത്. ഉദയപ്രഭ എന്ന പേരിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട ആദ്യകവിതാസമാഹാരത്തിനു ഉള്ളൂരാണ് അവതാരിക എഴുതിയത്.കുമാരനാശാന്റെ അപൂർണ്ണകൃതിയായ ബുദ്ധചരിതം എഴുതിപ്പൂർത്തിയാക്കിയത് പാർവ്വതിയമ്മയാണ്. [2]

പന്ത്രണ്ടാം വയസ്സു മുതൽ കവിത എഴുതി തുടങ്ങി. ഖണ്ഡകാവ്യം, ലഘു കവനങ്ങൾ, നാടകം, കഥ, ജീവചരിത്രം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി 19 ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവർത്തനത്തിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.

പ്രധാനകൃതികൾ തിരുത്തുക

  • ഒരു വിലാപം,
  • ശ്രീചിത്തിര മഹാരാജ വിജയം,
  • മാതൃ വിലാപം,
  • അശ്രു കുടീരം (ഖണ്ഡകാവ്യങ്ങൾ).
  • ഉദയപ്രഭ,
  • ഗാനാഞ്ജലി,
  • ഗാനദേവത,
  • പൂക്കാരി (കവിതാ സമാഹാരങ്ങൾ).
  • ഭുവനദീപിക,
  • അഹല്യ,
  • സേവ് ഇന്ത്യ,
  • ധർമ്മ ബലി (നാടകങ്ങൾ).
  • കർമ്മഫലം,
  • കഥാമഞ്ജരി (കഥകൾ).
  • ശ്രീനാരായണ മാർഗ്ഗം,
  • രണ്ടു ദേവതകൾ (ജീവചരിത്രം).
  • ശ്രീബുദ്ധചരിതം-ഉത്തരാർദ്ധം,
  • ശ്രീമദ് ഭഗവദ് ഗീത,
  • ഭാരതീയ വനിതകൾ (വിവർത്തനങ്ങൾ).

അവലംബം തിരുത്തുക

  1. മഹിളകൾ മലയാള സാഹിത്യത്തിൽ SPCS 2012 പേജ്39
  2. മഹിളകൾ മലയാള സാഹിത്യത്തിൽ SPCS 2012 പേജ്40
"https://ml.wikipedia.org/w/index.php?title=മുതുകുളം_പാർവ്വതി_അമ്മ&oldid=1879261" എന്ന താളിൽനിന്ന് ശേഖരിച്ചത്