മിച്ചിലോട്ട് മാധവൻ
രണ്ടാം ലോകമഹായുദ്ധകാലത്തു് ഫ്രാൻസിലെ നാസി പ്രതിരോധസമരത്തിൽ പങ്കെടുത്തു് രക്തസാക്ഷിയായ വിപ്ലവകാരിയാണു് മിച്ചിലോട്ട് മാധവൻ. അക്കാലത്തു് ഫ്രഞ്ച് അധീനപ്രദേശമായിരുന്ന മയ്യഴിയിൽ നിന്നു് പാരീസിൽ ഉപരിപഠനത്തിനു് പോയ മിച്ചിലോട്ട് മാധവൻ നാസികൾ വിനോദത്തിനു് ഒത്തുകൂടിയ ഒരു തിയ്യേറ്റർ ബോംബുവെച്ച് തകർത്തതിനാണു് അറസ്റ്റ് ചെയ്യപ്പെട്ടതു്.ഫ്രഞ്ച് കമ്മ്യൂണിസ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന മാധവനെ ഫ്രാൻസിലെ വലേറിയൻ കുന്നുകളുടെ ചെരിവിൽ നിരവധി തടവുകാരോടൊപ്പം വെടിവെച്ചു കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചു് മയ്യഴിക്കാർ അറിയുന്നതു് വർഷങ്ങൾക്കു ശേഷമാണു്.
ജീവിതരേഖ
തിരുത്തുകമയ്യഴിയിലെ മിച്ചിലോട്ട് കുടുംബത്തിൽ മിച്ചിലോട്ട് മാധവന്റേയും പെരുന്തോടി മാതുവിന്റേയും മൂന്നാമത്തെ മകനായി 1914 ജുലൈ 7 ന് ജനിച്ചു. മയ്യഴിയിലെ എക്കോൽ സെംത്രാൽ ഏ കൂർ കോംപ്ലമാംതേർ എന്ന ഫ്രഞ്ച് സ്കൂളിൽ വിദ്യാർത്ഥിയായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കേ തന്നെ സാഹസികമായ പ്രതിരോധങ്ങൾ മാധവന്റെ ശീലമായിരുന്നുവെന്ന് ചരിത്രകാരനായ സി.എച്ച്. ഗംഗാധരൻ രേഖപ്പെടുത്തിയിട്ടുണ്ട്. മയ്യഴിയിൽ നിന്നും ഉപരിപഠനത്തിനായി ആദ്യം പുതുച്ചേരിയിലേക്കും തുടർന്ന് ഫ്രാൻസിലേക്കും പോയി. പുതുച്ചേരിയിൽ വിദ്യാർത്ഥിയായിരിക്കെ ഹരിജൻ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നു. പാരീസിൽ എത്തിയപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയും താൻ വിദ്യാർത്ഥിയായ സൊർബോൻ സർവ്വകലാശാലയിലും പുറത്തും സജീവമായ രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.
രക്തസാക്ഷിത്വം
തിരുത്തുകരണ്ടാം ലോകമഹായുദ്ധകാലത്തു് പാരീസിൽ വിദ്യാർത്ഥിയായിരുന്ന മാധവൻ ഫ്രാൻസിലെ നാസിവിരുദ്ധപ്രതിരോധത്തിൽ സജീവമായി പങ്കെടുത്തിരുന്നു. നാസി ആക്രമണത്തെ അക്രമം കൊണ്ട് നേരിടുക എന്ന നയത്തിന്റെ ഭാഗമായി നടത്തിയ ഒരു ബോംബ് സ്ഫോടനത്തിൽ പങ്കാളിയായിരുന്നു എന്നതിന്റെ പേരിലാണു് മാധവൻ അറസ്റ്റു് ചെയ്യപ്പെട്ടത്. രണ്ട് നാസികൾ കൊല്ലപ്പെടുകയും പത്തൊമ്പതു് പേർക്കു് പരിക്കു പറ്റുകയും ചെയ്ത ഒരു ബോംബ്സ്ഫോടനം പാരീസിലെ സിനിമാ തിയ്യേറ്ററിൽ നടന്നു. ഇതിന്റെ പേരിലായിരുന്നു അറസ്റ്റു്. 1942 ജുലൈ 24 നാണു് അറസ്റ്റു് ചെയ്യപ്പെട്ട മാധവൻ പാരീസിലെ റൊമേൻവിലു് കോട്ടയിലെ തടങ്കൻ പാളയത്തിൽ എത്തിയതെന്നു് ജയിൽ രേഖയിൽ പറയുന്നു. നാസിരേഖകളിൽ എച്ച്.എൽ.122 എച്ച് എന്നു് രഹസ്യപ്പേരുള്ള തടവറയാണിതു്. 1942 സപ്തംബർ 21 ന് ജയിലിൽ നിന്നു പുറത്തുകൊണ്ടു പോയതായും രേഖപ്പെടുത്തിയിട്ടുണ്ട്. പുറത്തുകൊണ്ടുപോയ തടവുകാരെ പാരീസിന്റെ പടിഞ്ഞാറുഭാഗത്തെ വലേറിയൻ കുന്നിൻചെരിവിലേക്കാണു് കൊണ്ടുപോയത്. അവിടെവെച്ച് എല്ലാവരേയും വധിച്ചു. മിച്ചിലോട്ട് മാധവന്റെ രക്തസാക്ഷിത്വം വളരെ വൈകിയാണു് നാട്ടിലും വീട്ടിലും അറിഞ്ഞതു്. ലോകമഹായുദ്ധകാലത്ത് ആശയവിനിമയബന്ധം പ്രയാസകരമായതിനാലും ഫ്രാൻസിൽ നാസിതടവറകളിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ചു് അറിയാൻ സാദ്ധ്യമല്ല എന്നതിനാലും മാധവൻ ജീവിച്ചിരിപ്പുണ്ടാകും എന്നാണ് കുടുംബാംഗങ്ങൾ കരുതിയിരുന്നതു്. മാധവനോടൊപ്പം തടവറയിൽ ഉണ്ടായിരുന്ന പി.എസ്. ഷമോഫിന്റെ കുറിപ്പ് ആധാരമാക്കി,പിൽക്കാലത്തു്, സി.എച്ച്.ഗംഗാധരനാണു് മിച്ചിലോട്ടിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതു്.
അവലംബം
തിരുത്തുക- മയ്യഴി, സി.എച്ച്. ഗംഗാധരൻ, ബുക് സ്ക്വയർ, മയ്യഴി. പുറം: 152 മുതൽ 155 വരെ, 280
- മയ്യഴി ഇ ബുക്ക്