മാരേക്കാട്
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് മാരേക്കാട്. പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഈ ഗ്രാമം നീർപക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്നു. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 34 കി.മീ ദൂരത്തിലും കൊച്ചി നഗരത്തിൽ നിന്നും 55 കി. മീ ദൂരത്തിലും ചാലക്കുടി പട്ടണത്തിൽ നിന്നും 12 കിലോമീറ്റർ ദൂരത്തിലും മാള പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലും മാരേക്കാട് സ്ഥിതി ചെയ്യുന്നു
വിനോദസഞ്ചാര കേന്ദ്രം
തിരുത്തുകമാരേക്കാടിൻ്റെ സൗന്ദര്യം വിളിച്ചോതുന്ന ഇവിടത്തെ പ്രധാന വിനോദഞ്ചാരകേന്ദ്രമാണ് മരേക്കാട് കടവ്.അതിരാവിലെയും സായാഹ്നങ്ങളിലും ഉദയ - അസ്തമയ സൂര്യനെ കാണാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും മാനസീക ഉല്ലാസത്തിനായും ആളുകൾ ഇവിടെ എത്തുന്നു.
നീർപക്ഷികളുടെ പറുദീസ
തിരുത്തുകതാമരക്കോഴികൾ, നീർക്കാക്കകൾ, കരിന്തലയന് ഐബിസ് ഇനത്തിൽ പെട്ട കൊക്കുകൾ വെള്ളരി കൊക്കുകൾ, താറാവ് എരണ്ടകൾ,കല്ലൻ എരണ്ടകൾ, കുളക്കോഴികൾ തുടങ്ങിയ നീർപക്ഷികളെ ഇവിടെ നിത്യവും കാണാം.
വംശനാശഭീഷണി നേരിടുന്ന നീർപക്ഷികളായ വർണ്ണകൊക്കുകൾ, ചേരക്കോഴികൾ, പച്ച എരണ്ടകൾ, ചട്ടുക കൊക്കുകൾ, ആളകൾ, പുള്ളിചുണ്ടൻ കൊതുമ്പന്നം എന്നീ പക്ഷികളും ഇവിടെ വിരുന്നിന് എത്താറുണ്ട്.മഞ്ഞുകാലത്ത് വിദൂരദേശങ്ങളിൽ നിന്ന് പലതരം ദേശാടനപക്ഷികൾ ഇവിടെയെത്തുന്നു.
ചരിത്രം
തിരുത്തുകകൊച്ചി- തിരുവിതാംകൂർ അതിർത്തിയിലായിരുന്നു മാരേക്കാട് സ്ഥിതി ചെയ്തിരുന്നത്. മാരേക്കാട് കടവ് വഴിയാണ് ആറ് പതിറ്റാണ്ടു മുമ്പ് വരെ ഈ പ്രദേശത്ത് നിന്ന് കച്ചവടക്കാർ ചരക്കുകൾ കോട്ടപ്പുറം ചന്തയിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോയിരുന്നത്. കോട്ടപ്പുറം ചന്തയിൽ നിന്നും നിത്യോപയോഗ സാധനങ്ങൾ മാരേക്കാട് ചാൽ വഴിയാണ് കൊണ്ടുവന്നിരുന്നത്.പണ്ട് ജാതിക്കയും ജാതിപത്രിയും തേങ്ങയും ഏത്തക്കയും കൊള്ളിയും ചേനയും ചേമ്പുമെല്ലാം എത്തിച്ചിരുന്നത് കോട്ടപ്പുറം ചന്തയിലായിരുന്നു. അവിടെ നിന്നും അരി, പഞ്ചസാര, തേയില,മുളക്, മല്ലി, സോപ്പ് തുടങ്ങിയ ആവശ്യ സാധനങ്ങൾ തിരികെ കൊണ്ടുവരുമായിരുന്നു. മാരേക്കാട് കടവിൽനിന്ന് കരിങ്ങോൾച്ചിറ വഴി കോട്ടപുറത്തേക്കുള്ള ജലപാതയിൽ അനേകം വഞ്ചികൾ നിത്യവും സഞ്ചരിച്ചിരുന്നു, പിന്നീട് കരമാർഗമുള്ള ഗതാഗതം വികസിച്ചതോടെ കടലും ചാലും വഴിയുള്ള യാത്രകൾ നിലച്ചു.
കൊച്ചി തിരുവിതാംകൂർ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന ഭീമൻ കല്ലുകളാണ് കൊതിക്കല്ലുകൾ. മാരേക്കാട് കടവിലാണ് സ്ഥിതി ചെയ്യുന്നത്. മാരേക്കാട് ഇന്നും അവശേഷിക്കുന്ന ഈ ഭീമൻ കല്ലുകൾ രാജഭരണത്തിൻ്റ ചരിത്രം പേറുന്ന അടയാളങ്ങളാണ്. കല്ലിൻറെ ഒരുഭാഗത്ത് കൊച്ചിയെ സൂചിപ്പിക്കുന്ന എന്ന 'കൊ' എന്നും മറുഭാഗത്ത് തിരുവിതാംകൂറിനെ സൂചിപ്പിക്കുന്ന 'തി' എന്നും രേഖപ്പെടുത്തി ഇരിക്കുന്നത് കൊണ്ടാണ് കൊതിക്കല്ല് എന്ന പേര് വന്നത്. വിരലിലെണ്ണാവുന്നത്ര കൊതിക്കല്ലുകൾ മാത്രമാണ് ഇന്നും അവശേഷിക്കുന്നത്, അവയിൽ ഒന്നാണ് മാരേക്കാട് സ്ഥിതി ചെയ്യുന്ന കൊതിക്കല്ല്.
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക• ഉമറുൽ ഫാറൂഖ് ജുമാ മസ്ജിദ്, മാരേക്കാട് തെക്ക് (south)
• എ.എം.എൽ.പി.സ്കൂൾ
• കണ്ണംകാട്ടിൽ ക്ഷേത്രം