വൈലോപ്പിള്ളി ശ്രീധരമേനോൻ 1936-ൽ എഴുതിയ കവിതയാണ് മാമ്പഴം. വൈലോപ്പിള്ളിക്കവിതകളിൽ ഏറ്റവും പ്രസിദ്ധമായ[അവലംബം ആവശ്യമാണ്]കൃതിയാണ് മാമ്പഴം. ഒരമ്മ മാമ്പഴക്കാലമാകുമ്പോൾ തന്റെ മരിച്ചുപോയ മകനെക്കുറിച്ച് ഓർക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. കേകാവൃത്തത്തിൽ ഇരുപത്തിനാല് ഈരടികൾ അടങ്ങുന്ന ഈ കവിത ആദ്യം പ്രസിദ്ധീകരിച്ചത്, 1936-ലെ മാതൃഭൂമി ഓണപ്പതിപ്പിലാണ്. ആറു വർഷം മുൻപ് 1930-ൽ, നാലര വയസ്സുള്ളപ്പോൾ മരിച്ച ഒരനുജന്റെ ഓർമ്മ കവിതയ്ക്കു പിന്നിലുണ്ടെന്ന് കവി വെളിപ്പെടുത്തിയിട്ടുണ്ട്.[1] പിന്നീട് 1947-ൽ ഇറങ്ങിയ ‘‘കന്നിക്കൊയ്ത്ത്‘’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തി. മലയാളകവിതയുടെ നവോത്ഥാനപ്രതീകമായി ഈ കവിതയെ മാരാർ വാഴ്ത്തിയിട്ടുണ്ട്. മാരാരുടെയും എം.എൻ. വിജയന്റെയും മാമ്പഴം നിരൂപണങ്ങൾ പ്രശസ്തമാണ്.[2]

ഉള്ളടക്കംതിരുത്തുക

വീട്ടുമുറ്റത്തെ തൈമാവിൽ നിന്ന് ആദ്യത്തെ മാമ്പഴം വീഴുന്നതു കാണുന്ന അമ്മ നാലുമാസം മുമ്പ് ആ മാവ് പൂത്തുതുടങ്ങിയപ്പോൾ തന്റെ മകൻ ഒരു പൂങ്കുല പൊട്ടിച്ചെടുത്തതും താൻ ശകാരിച്ചതും ഓർക്കുന്നു. "മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ, പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ" എന്ന അമ്മയുടെ ശകാരം കുഞ്ഞിനെ സങ്കടപ്പെടുത്തുകയും കളങ്കമേശാത്ത അവന്റെ കണ്ണിനെ കണ്ണുനീർത്തടാകമാക്കുകയും ചെയ്തിരുന്നു. മാങ്കനി പെറുക്കുവാൻ താൻ വരുന്നില്ലെന്ന് പറഞ്ഞ് പൂങ്കുല വെറും മണ്ണിൽ എറിഞ്ഞു കളഞ്ഞ കുട്ടി, മാമ്പഴക്കാലത്തിനു മുൻപേ മരിച്ചുപോയി. കവി ഇതേക്കുറിച്ചു നടത്തുന്ന നിരീക്ഷണം പ്രസിദ്ധമാണ്‌:-

തൈമാവിനടുത്തു തന്നെയായിരുന്നു കുഞ്ഞിന്റെ കൊച്ചുശരീരം മറചെയ്തിരുന്നതും. മാവിൽ നിന്നു വീണ ദുരിതഫലം പോലുള്ള ആ മാമ്പഴം, അമ്മ മകന്റെ സംസ്കാരസ്ഥാനത്തിനു മേലുള്ള മണ്ണിൽ വച്ച് പറയുന്നു:

ഈ അനുനയവാക്കുകൾ കേട്ട് കുട്ടിയുടെ പ്രാണൻ ഒരു ചെറിയ കുളിർകാറ്റായി വന്ന് അമ്മയെ പുണർന്ന് അവരുടെ നൈവേദ്യം സ്വീകരിക്കുന്നതായി കല്പിക്കുന്നതോടെ കവിത സമാപിക്കുന്നു.

നിരൂപണംതിരുത്തുക

കുട്ടികൾക്ക് അമ്മയുമായുള്ള ബന്ധത്തിൽ ഉണ്ടാവുന്ന പ്രതിസന്ധിയുമായി ബന്ധപ്പെടുത്തി ഈ കൃതിയെ മനശ്ശാസ്ത്രപരമായി അപഗ്രഥിക്കുന്ന സാഹിത്യചിന്തകൻ എം.എൻ. വിജയന്റെ പഠനം പ്രസിദ്ധമാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, "രണ്ടാമത്തെയോ മൂന്നാമത്തെയോ വയസ്സിൽ ഈ ഉൽക്കണ്ഠ പുതിയ രൂപങ്ങൾ കൈക്കൊള്ളുന്നു. കുഞ്ഞ് അമ്മയോട് കൂടുതൽ കൂടുതൽ ഒട്ടിച്ചേരുകയും വിടുവൈക്കാൻ ശ്രമിക്കവെ കുതറുകയും ചെയ്യുന്നു. തന്നിൽ നിന്ന് ബലാൽ മറച്ചുവെയ്ക്കപ്പെടുന്ന, തേടിച്ചെല്ലുമ്പോൾ ശകാരപ്രഹരങ്ങൾ കൊണ്ട് മറുപടി കൊടുക്കുന്ന വസ്തു അവൻ അപരിചിതവും കഠിനവുമായ വേദനകൾക്ക് ഊന്നാകുന്നു. പിണങ്ങിയും തായയെയും തന്നെയും പീഡിപ്പിച്ചും ആത്മഹത്യ ചൂണ്ടി ഭീഷണിപ്പെടുത്തിയും നഷ്ടഭീതിയിൽ നിന്ന് അവൻ രക്ഷപെടാൻ ശ്രമിക്കുന്നു. വാസ്തവത്തിൽ ജയിച്ചാലും തോറ്റാലും, ഭാവനയിൽ അവൻ എന്നും ജയിക്കുകയേയുള്ളൂ. ഇങ്ങനെ ഭാവനയിൽ ജയിച്ച ബാലനത്രേ 'മാമ്പഴ'-ത്തിലെ നായകൻ"[3].

വൈലോപ്പിള്ളിക്കവിതയിലെ ഗന്ധബിംബങ്ങളെയും അതിനുപിന്നിലെ കോപ്രോഫിലിൿ ചിത്തവൃത്തിയെയും വിവരിക്കുന്ന സന്ദർഭത്തിൽ മാമ്പഴത്തിലെ

എന്ന വരി എം.എൻ. വിജയൻ ഉദാഹരിക്കുന്നുണ്ട്. ഇതിലെ 'സുഗന്ധമുള്ള സ്വർണ്ണം' എന്ന ബിംബം ഒരു കോപ്രോഫിലിൿ ഭാവനയാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു[4].

മാമ്പഴം കവിതതിരുത്തുക

അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലു മാസത്തിൻ മുൻപിലേറെ നാൾ കൊതിച്ചിട്ടി-
ബ്ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ

അമ്മതൻ മണിക്കുട്ടൻ പൂത്തിരി കത്തിച്ച പോ-
ലമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തി!
ചൊടിച്ചൂ മാതാവപ്പോൾ‍, “ഉണ്ണികൾ വിരിഞ്ഞ‌ പൂ-
വിറുത്തു കളഞ്ഞില്ലേ കുസൃതിക്കുരുന്നേ നീ?

മാങ്കനി വീഴുന്നേരമോടിച്ചെന്നെടുക്കേണ്ടോൻ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?“
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ,
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്.

“മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നി“ല്ലെന്നവൻ
മാൺ‍പെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ!
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ!

തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികസ്വർണ്ണമായ്ത്തീരും മുൻപേ,
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി.

വാനവർക്കാരോമലായ്, പാരിനെക്കുറിച്ചുദാ‍-
സീനനായ്, ക്രീഡാരസലീനനായവൻ വാഴ്‌കെ,
അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ!

തൻമകന്നനമൃതേകാൻ താഴോട്ടു നിപതിച്ച പൊൻപഴം
മുറ്റത്താർക്കും വേണ്ടാതെ കിടക്കവേ
അയൽപക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻചോട്ടിൽ കളിവീടുണ്ടാക്കുന്നു;

“പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെ“ന്നുൾ-
പ്പൂവാളും കൊതിയോടെ വിളിച്ചു പാടീടുന്നു!
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നു
മുതിരും കോലാഹലമംഗലധ്വാനത്തോടും

വാസന്തമഹോത്സവമാണവർക്കെന്നാലവൾ-
ക്കാ ഹന്ത! കണ്ണിരിനാലന്ധമാം വർഷാകാലം!
പൂരതോ നിസ്തബ്ദ്ധയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ,

തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായേവം ചൊന്നാൾ:
“ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ!

നീരസം ഭാവിച്ചു നീ പോയിതെങ്കിലും കുഞ്ഞേ
നീയിതു നുകർന്നാലേ അമ്മയ്ക്കു സുഖമാവൂ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ?

വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
തരസാ നുകർന്നാലും തായതൻ നൈവേദ്യം നീ!”
ഒരു തൈ കുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു!!

കുറിപ്പുകൾതിരുത്തുക

^ ദൈവം എന്ന പദത്തിന്‌ വിധി എന്നാണ്‌ അർത്ഥം. ദൈവജ്ഞൻ വിധിയെ അറിയുന്നവനാണ്‌.

അവലംബംതിരുത്തുക

  1. മാമ്പഴത്തിന്റെ കഥ, വൈലോപ്പിള്ളി ശ്രീധരമേനോൻ, നോസ്റ്റാൾജിയ, മാതൃഭൂമി ബുക്ക്സ്
  2. വൈലോപ്പിള്ളിയുടെ മാമ്പഴം, എം.എൻ വിജയന്റെ പഠനം, പുറംകാഴ്ച, മാതൃഭൂമി ബുക്ക്സ്
  3. വിജയൻ, എം.എൻ. (2008). "സഹ്യന്റെ മകൻ (സമാഹാരം: 'കവിതയും മനഃശാസ്ത്രവും')". എം.എൻ. വിജയൻ സമ്പൂർണ്ണകൃതികൾ. വാല്യം 1. തൃശൂർ: കറന്റ് ബുക്സ്. pp. 169–175. ISBN 978-81-226-0712-3.
  4. വിജയൻ, എം.എൻ. (2008). "സഹ്യന്റെ മകൻ (സമാഹാരം: 'കവിതയും മനഃശാസ്ത്രവും')". എം.എൻ. വിജയൻ സമ്പൂർണ്ണകൃതികൾ. വാല്യം 1. തൃശൂർ: കറന്റ് ബുക്സ്. p. 139. ISBN 978-81-226-0712-3.
"https://ml.wikipedia.org/w/index.php?title=മാമ്പഴം_(കവിത)&oldid=3605044" എന്ന താളിൽനിന്ന് ശേഖരിച്ചത്