മാപ്പിള ഔട്ട്റേജസ് ആക്ട്
1854 ഇൽ ബ്രിട്ടീഷ് രാജ് സർക്കാർ നടപ്പാക്കിയ കിരാത നിയമ വ്യവസ്ഥയായിരുന്നു മാപ്പിള ഔട്ട് റേജസ് ആക്ട്. ബ്രിട്ടീഷ് ഭരണത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് മുസ്ലിം കലാപകാരികളാണെന്നും അതിനാൽ അവരെ അടിച്ചമർത്തേണ്ടത് അത്യാവശ്യമാണെന്നും ബ്രിട്ടീഷ് സർക്കാർ വിലയിരുത്തിയതിനെ തുടർന്നാണ് [1] [2] ഈ നിയമം പ്രാബല്യത്തിൽ വരുത്തിയത്.
ബ്രിട്ടീഷ് വിരുദ്ധ മാപ്പിളമാരെ കണ്ടയിടത്ത് വെച്ച് വെടിവെച്ചു കൊല്ലാനും, പൗരത്വ അവകാശങ്ങൾ നിഷേധിച്ചു നാട് കടത്താനും, ആന്തമാൻ അടക്കമുള്ള തടവറകളിൽ ആജീവനാന്ത തടവിൽ വെക്കാനും, തൂക്കി കൊല്ലാനും സ്വത്ത് വകകൾ പിടിച്ചെടുക്കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ ഭീകര നിയമം. സായുധ കലാപം സ്വീകരിക്കാൻ മാപ്പിളമാർ പ്രേരിപ്പിക്കപ്പെട്ടതിനു പിറകിൽ ഇത്തരം നിയമങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മലബാർ ജില്ല മുൻ കളക്ടർ ആയിരുന്ന വില്യം ലോഗൻ പിന്നീട് തുറന്നു സമ്മതിച്ചിരുന്നു. [3] ബ്രിട്ടീഷ് പോലീസും സൈന്യവും കോടതിയും ഈ നിയമമുപയോഗിച്ചു അതി ക്രൂരമായി മാപ്പിളമാരെ വേട്ടയാടിയിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ തന്നെ ഈ കിരാത നിയമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു വരികയും മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് നടത്തിയ നിതാന്ത പരിശ്രമങ്ങളുടെ ഫലമായും 1937- ൽ ബ്രിട്ടീഷ് സർക്കാർ ഈ നിയമം പിൻവലിച്ചു [4]