മാതാവിന്റെ വണക്കമാസം

മേയ്‌മാസറാണി മറിയം

യേശുവിന്റെ അമ്മയായ മറിയത്തെ മേയ്‌മാസറാണിയായി ബഹുമാനിച്ചുകൊണ്ട് കത്തോലിക്കാ സഭയിൽ വർഷം തോറും നടപ്പുള്ള ഒരു ഭക്തിപദ്ധതിയാണ്‌ മാതാവിന്റെ വണക്കമാസം. സാധാരണയായി മേയ് മാസത്തിലെ സായാഹ്നങ്ങളിൽ പതിവുള്ള ഈ വണക്കം, ദേവലയങ്ങളുടേയോ വീടുകളുടേയോ അകത്തോ, തുറസ്സായ പൊതുസ്ഥലങ്ങളിലോ ആകാം. പതിനാറാം നൂറ്റാണ്ടുമതൽ കത്തോലിക്കാ സഭയിലാകെ നിലവിലുള്ള ഈ ഭക്തിപദ്ധതി അന്നുമുതൽ കത്തോലിക്കാ സമൂഹങ്ങളുടെ മത-സാംസ്കാരികജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമാണ്‌.[1] വണക്കമാസത്തിൽ എല്ലാ ദിവസവും മറിയത്തോടുള്ള പ്രത്യേക പ്രാർഥനകളുണ്ട്. പല ദേവാലയങ്ങളിലും വണക്കമാസ പ്രാർഥനകൾ വി. കുർബാനയ്ക്കു ശേഷം നടത്തിവരുന്നു. വൈദികൻ തിരുവസ്ത്രങ്ങളണിഞ്ഞ് മുട്ടുകുത്തി അതത് ദിവസത്തെ പ്രാർഥനകൾ ചൊല്ലും. ദൈവമാതാവിന്റെ ലുത്തിനിയയും മരിയഭക്തിഗാനങ്ങളും പ്രാർഥനയ്‌ക്കൊപ്പം ആലപിക്കും. കേരളത്തിൽ ഇതിന്റെ ഭാഗമായി പാടാറുള്ള പഴയ ഗാനങ്ങളിൽ ഒന്നിന്റെ തുടക്കം "നല്ല മാതാവേ മരിയേ" എന്നാണ്‌.[2]

വിശുദ്ധ മറിയത്തെ "മേയ്‌മാസറാണി" ആയി അവതരിപ്പിക്കുന്ന ചിത്രത്തോടു കൂടിയ അയർലൻഡിലെ ഒരു അൾത്താര

ചരിത്രം, ക്രമം

തിരുത്തുക

മാതാവിന്റെ മേയ്‌മാസവണക്കത്തിന്റെ തുടക്കം ഇറ്റലിയിൽ പതിനാറാം നൂറ്റാണ്ടിലായിരുന്നു. [1] അവിടന്ന് അത് മദ്ധ്യയൂറോപ്യൻ രാജ്യങ്ങളിൽ ദിവസം തോറുമോ ആഴ്ചയിലൊരിക്കലോ ഉള്ള ദൈവമാതൃവണക്കത്തിന്റെ രൂപത്തിൽ പ്രചരിച്ചു. [3] ഇതിന്റെ ഭാഗമായ ചില ഭക്തിപദ്ധതികളിൽ തീർത്ഥാടനവും ഉൾപ്പെടുന്നു. മാസാവസാനമായ മേയ് 31-ലെ വണക്കത്തിന്റെ ഭാഗമായി മാതാവിന്റെ പ്രതിമയോ ചിത്രമോ വഹിച്ചുകൊണ്ടുള്ള ഒരു പ്രദക്ഷിണവും പതിവാണ്‌. മേയ്‌മാസവണക്കം ചിലപ്പോൾ പള്ളികൾക്കു വെളിയിൽ കാട്ടിലോ, പ്രത്യേകമായി സമർപ്പിക്കപ്പെട്ട തുറസ്ഥലങ്ങളിലോ നടത്തുന്നതും പതിവാണ്‌.

രണ്ടാം വത്തിക്കാൻ സൂനഹദോസിനു ശേഷം സഭയിൽ ഇതിനു മാന്ദ്യം സംഭവിച്ചെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ഇവ മുൻകാല ശക്തി പ്രാപിച്ചു.

  1. 1.0 1.1 www.catholicculture.org/liturgicalyear/prayers/view.cfm?id=758 -
  2. വിക്കി ഗ്രന്ഥശാലയിൽ നല്ല മാതാവേ മരിയേ എന്ന ഗാനം
  3. http://de.wikipedia.org/wiki/Maiandacht
"https://ml.wikipedia.org/w/index.php?title=മാതാവിന്റെ_വണക്കമാസം&oldid=3385266" എന്ന താളിൽനിന്ന് ശേഖരിച്ചത്