മാടായി ചൈനാക്ലേ വിരുദ്ധ സമരം

കണ്ണൂർ ജില്ലയിലെ മാടായി പഞ്ചായത്തിൽ കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് എന്ന കമ്പനി നടത്തുന്ന ഖനനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മലിനീകരണത്തിനെതിരെ നിരവധി വർഷങ്ങളായി പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് നടത്തുന്ന സമരമാണ് മാടായി ചൈനാക്ലേ മലിനീകരണ വിരുദ്ധ സമരം അല്ലെങ്കിൽ മാടായി ചൈനാക്ലേ വിരുദ്ധ സമരം എന്നറിയപ്പെടുന്നത്. മേധ പാട്കർ, സുഗതകുമാരി അടക്കമുള്ളവർ വിവിധകാലങ്ങളിലായി പങ്കാളികളായ സമരങ്ങൾ ഇപ്പോഴും വിജയം കണ്ടിട്ടില്ല.

മാടായി പഞ്ചായത്തിലെ മാടായിപ്പാറയിലാണ് ഖനനം നടക്കുന്നത്. 1951ൽ സാമുവൽ ആറോൺ ആരംഭിച്ച ഹിന്ദുസ്ഥാൻ ചൈനാക്ലേ വർക്സ് എന്ന സ്ഥാപനം 1987ൽ കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് ലിമിറ്റഡ് എന്ന പേരിൽ സർക്കാർ ഏറ്റെടുത്ത ശേഷമാണ് ഇവിടെ ഖനനം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ചെറിയ തോതിൽ ആരംഭിച്ച ഖനനം പിന്നീട് വ്യാപകമാവുകയും മാടായിപ്പാറയുടെയും പഞ്ചായത്തിലെ ജനവാസ പ്രദേശങ്ങളുടെയും നിലനിൽപ്പിന് തന്നെ ഭീഷണിയുയർത്തുന്ന നിലയിലേക്കായിത്തീർന്നു. വിഷ മാലിന്യം ഒഴുക്കി വിടാൻ ആരംഭിച്ചതോടെ നാശ നഷ്ടങ്ങൾ വ്യാപകമായിത്തീരാൻ തുടങ്ങി.

മലിനീകരണം

തിരുത്തുക

കുഴിച്ചെടുക്കുന്ന ചൈനാക്ലേയുടെ ബ്ലീച്ചിംഗ് പ്രോസസിനു ശേഷം ബാക്കിവരുന്ന വിഷമാലിന്യങ്ങൾ അടങ്ങിയ ജലം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അതെ രൂപത്തിൽ പുറത്തേക്ക് ഒഴുക്കി വിടുന്നതാണ് മലിനീകരണത്തിന് പ്രധാന കാരണം. ഇതോടൊപ്പം ഖനനം ചെയ്തെടുക്കുന്ന ക്ലേയിലെ വിഷമയമായ ധാതുക്കളും ചേർന്നതോടെ വീര്യം ഇരട്ടിച്ച വിഷ മാലിന്യം പടർന്നു വേങ്ങര, മുട്ടം, കക്കാടപ്പുറം തുടങ്ങിയ പ്രദേശങ്ങൾ മൊത്തം മലിനമായി. കമ്പനിയുടെ സമീപത്തു കൂടെ പോകുന്ന കാവിലെ വളപ്പ് തോടിലേക്കാണ് വിഷമാലിന്യം പടർന്നത്. തോട് വഴി അത് വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു.

ഏക്കർ കണക്കിന് കൃഷിഭൂമി ഇത് മൂലം നശിച്ചു, തെങ്ങുകൾ മുഴുവൻ കരിഞ്ഞുണങ്ങി, പ്രദേശത്തെ കിണറുകൾ മുഴുവൻ വിഷമയമായി, കിണറുകളിലെ വെള്ളം ഉപയോഗ ശൂന്യമായി. സ്വാഭാവിക നീരോഴുള്ള പ്രദേശമായ ഇവിടെ ഭൂമിക്കടിയിലെ നീരുരവകളിൽ വരെ വിഷത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇത് മൂലം നാട്ടുകാരിൽ പലവിധ രോഗങ്ങൾ പടർന്നു പിടിച്ചു. കാൻസർ പോലുള്ള രോഗങ്ങൾ പ്രദേശത്ത് സാധാരണയായി. മാറാരോഗങ്ങളാൽ പ്രദേശവാസികൾ ദുരിതം അനുഭവിച്ചു.[1]

പ്രകൃതി നാശം

തിരുത്തുക

ജൈവ വൈവിധ്യത്തിന്റെ കലവറയായ മാടായിപ്പാറയുടെ പ്രകൃതി സമ്പത്തിന്റെ നാശത്തിനും ക്ലേ ഖനനം കാരണമായി. മാടായിപ്പാറയുടെ 22 ഏക്കറോളം സ്ഥലം ഖനനം മൂലം ഇല്ലാതാവുന്ന അവസ്ഥ ഉണ്ടായി.

പുറം കണ്ണികൾ

തിരുത്തുക
  1. http://www.mykannur.com/newscontents.php?id=3038