കണ്ണൂർ ജില്ലയിലെ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ഒരു വിദ്യാലയമാണ് മാങ്ങാട്ടിടം യു.പി. സ്കൂൾ.[1] പത്തൊൻപതാം നൂറ്റാണ്ടിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.

1939-ലാണ് പുതിയ കെട്ടിടം നിർമ്മിച്ച് സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. 1957ൽ അധികാരത്തിൽ വന്ന ഇ.എം.എസ്സിൻറെ നേതൃത്വത്തിലുള്ല കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ വിദ്യാഭ്യസനയം സ്കൂളിന്റെ വളർച്ചക്ക് സഹായകമായി. ലോവർപ്രൈമറി വിഭാഗം മാത്രമുണ്ടായിരുന്ന സ്കൂൾ 1958 ജൂലൈമാസത്തിൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. മഹാകവി വി.വി.കെയുടെ അദ്ധ്യക്ഷതയിൽ പാർലമെൻറിലെ പ്രതിപക്ഷനേതാവായിരുന്ന ശ്രീ എ.കെ. ഗോപാലൻ യു.പി. സ്കൂൾ ഉദ്ഘാടനം ചെയ്തു. ശ്രീമതി വി. സുമിത്ര പ്രധാനാധ്യാപികയായി. 1961 ജൂലൈമാസം മുതൽ ശ്രീ പി. നാണുമാസ്റ്ററും,1963 മുതൽ ശ്രീ എം. കരുണൻമാസ്റ്ററും ഹെഡ്മാസ്റ്റർമാരായി. 1997 മുതൽ ശ്രീമതി വി.രാജലക്ഷ്മിയായിരുന്നു പ്രധാനാധ്യാപിക. 2008 മുതൽ ശ്രീമതി എം.കമലം പ്രധാനാധ്യാപികയായി പ്രവർത്തിച്ചുവരുന്നു.

മൺമറഞ്ഞുപോയ സർവ്വശ്രീ പി. കോരൻ, എം. അന്പു, പി. കുഞ്ഞിരാമൻ, ടി. പൈതൽ, പി. കുഞ്ഞാമൻ, കെ. കൃഷ്ണൻ നമ്പ്യാർ, പി. അപ്പ, എൻ. ചാത്തുക്കുട്ടി, കാരായി ചാത്തുക്കുട്ടി, പി.പി. നാരായണൻ അടിയോടി, കെ. കുഞ്ഞിരാമൻ, പി.ഗോവിന്ദൻ, കെ.വി. അച്ചുതൻ നമ്പ്യാർ, കെ. അനന്തൻ എന്നിവർ പഴയതലമുറയിൽപ്പെട്ട അദ്ധ്യാപകരാണ്. പില്ക്കാലത്ത് ഇവിടെ സേവനമനുഷ്ഠിച്ചിരുന്ന ശ്രീമതി കെ. ചിരുത, എൻ. അച്ചുതൻ, പി. നാണു, ശ്രീമതി കെ.വി. പദ്മാക്ഷി, സി.കെ. സൌമിനി, കെ. ജനാർദ്ദനൻ, കെ.കെ. ബാലകൃഷ്ണൻ, ദീർഘകാലം പ്യൂൺ ആയി സേവനമനുഷ്ഠിച്ച ശ്രീ കെ. കുമാരൻ എന്നിവരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ശ്രീ കെ. ചാത്തുക്കുട്ടി, ശ്രീമതി വി. സുമിത്ര, ശ്രീ എം. കരുണൻ, ശ്രീമതി എം. ഭാരതി, ശ്രീ സി. ഗംഗാധരൻ, ശ്രീ പി. രമേശൻ, ശ്രീ പി.എ. വിശ്വനാഥൻ, ശ്രീ സി. രഘുനാഥൻ എന്നിവർ ജോലിയിൽനിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു.

1960-ൽ കുട്ടികൾ കുറഞ്ഞതിനാൽ സ്കൂൾ അൺ എക്കണോമിക്കായി പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് തുടർച്ചയായി കുട്ടികൾ വർദ്ധിച്ചുവന്നു. 2004 മുതൽ ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകൾ ആരംഭിച്ചിട്ടുണ്ട്. കമ്പ്യൂട്ടർപരിശീലനവും നൽകുന്നു. ഈ വിദ്യാലയത്തിൽ അൺ എയ്ഡഡ് വിദ്യാലയങ്ങൾ കാരണം കുട്ടികളുടെ കുറവുണ്ടായിട്ടില്ല. പാഠാനുബന്ധപ്രവർത്തനങ്ങളിൽ സ്കൂൾ എക്കാലത്തും മികവ് കാണിച്ചിട്ടുണ്ട്. സബ്ജില്ലാ-ജില്ലാതല മൽസരങ്ങളിലും ചിലപ്പോൾ സംസ്ഥാനതല മൽസരങ്ങളിലും സ്കൂളിലെ കുട്ടികൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മികച്ചപ്രകടനം കാഴ്ചവെക്കുന്നവർക്ക് വിവിധ എൻഡോവ്മെൻറുകൾ മുഖേന സമ്മാനങ്ങൾ നൽകിവരുന്നു.

ഇന്നത്തെ മാങ്ങാട്ടിടം സർവ്വീസ് സഹകരണ ബാങ്കിൻറെ പ്രാഗ്രൂപമായ മാങ്ങാട്ടിടം പരസ്പരസഹായസംഘം രൂപീകരിച്ചതും ഏറെക്കാലം പ്രവർത്തിച്ചതും ഈസ്കൂളിൽ വെച്ചായിരുന്നു. ഇവിടത്തെ അദ്ധ്യാപകനായ ശ്രീ പി. ഗോവിന്ദൻ ആയിരുന്നു സ്ഥാപകസെക്രട്ടറി. പിൽക്കാലത്ത് അദ്ധ്യാപകനായ ശ്രീ സി. ഗംഗാധരൻ ദീർഘകാലം ബാങ്കിന്റെ പ്രസിഡണ്ടായിരുന്നിട്ടുണ്ട്. അദ്ദേഹം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗമായും സ്റ്റാൻറിംഗ് കമ്മിറ്റിചെയർമാനായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ പ്രമുഖ ഗ്രന്ഥാലയങ്ങളിലൊന്നായ ദേശബന്ധുവായനശാല രൂപീകരിക്കപ്പെട്ടതും പ്രവർത്തനമാരംഭിച്ചതും ഇവിടെ വെച്ചായിരുന്നു. സ്കൂളിലെ അദ്ധ്യാപകരിൽ പലരും വായനശാലയുടെ പ്രവർത്തകരായിരുന്നിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "പഞ്ചായത്തിലൂടെ മാങ്ങാട്ടിടം -2010". എൽ.എസ്.ജി. Archived from the original on 2015-04-05. Retrieved 15 ഏപ്രിൽ 2013.