മാക്രോ ഫോട്ടോഗ്രഫി

(മാക്രോ ഫോട്ടോഗ്രാഫി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാധാരണയായി വളരെ ചെറിയ വസ്തുക്കളും, പ്രാണികളെപ്പോലുള്ള ജീവജാലങ്ങളെയും ഒക്കെ വളരെ അടുത്ത് നിന്ന് പകർത്തുന്ന ഫോട്ടോഗ്രഫി രീതിയാണ് മാക്രോ ഫോട്ടോഗ്രഫി. ഇത് ഫോട്ടോമാക്രോഗ്രഫി, മാക്രോഗ്രഫി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.[1][2][3][4] ഒരു മാക്രോഫോട്ടോയിൽ ഉള്ള വസ്തുവിന്റെ വലുപ്പം അതിന്റെ യഥാർഥ വലുപ്പത്തേക്കാൾ കൂടുതലായാണ് നോക്കുന്നവർക്ക് അനുഭവപ്പെടുക. മാക്രോഫോട്ടോഗ്രാഫി ചെറിയ വസ്തുക്കളെ വലുതാക്കി കാണിക്കുന്ന ഫോട്ടോഗ്രാഫുകൾ നിർമ്മിക്കുന്ന കലയെ സൂചിപ്പിക്കുന്നു എങ്കിലും, യഥാർത്ഥ നിർവചനം അനുസരിച്ച് അല്ലെങ്കിൽ സാങ്കേതികമായി പറഞ്ഞാൽ നെഗറ്റീവ് അല്ലെങ്കിൽ ഇമേജ് സെൻസറിൽ പതിയുന്ന ചിത്രം (കാണുന്ന ചിത്രം അല്ല) അതിന്റെ യഥാർഥ വലുപ്പത്തിന് തുല്യമോ (ലൈഫ് സൈസ് എന്ന് വിശേഷിപ്പിക്കുന്നു) അതിൽ കൂടുതലോ ഉള്ള ഒന്നാണ് മാക്രോ ഫോട്ടോഗ്രാഫ്.[5][6] എന്നിരുന്നാലും, സാധാരണയായി യഥാർഥ വലുപ്പത്തേക്കാൾ വളരെ വലുതായി ഒരു വസ്തുവിനെ കാണിക്കുന്ന ഫോട്ടോയെയാണ് ഇത് സൂചിപ്പിക്കുന്നത്.[7]

കോമൺ യെല്ലോ ഡങ് ഫ്ലൈയുടെ (Scathophaga stercoraria) മാക്രോ ഫോട്ടോ. 18 × 24 മില്ലീമീറ്റർ ഇമേജ് സെൻസറുള്ള ക്യാമറയിൽ പരമാവധി 1:1 റീപ്രൊഡക്ഷൻ റേഷ്യോ ഉള്ള ലെൻസ് ഉപയോഗിച്ച് എടുത്ത ഫോട്ടോയാണ് ഇത്. ഫോട്ടോയുടെ ഓൺ-സ്ക്രീൻ ഡിസ്പ്ലേ ആ പ്രാണിയുടെ യഥാർഥ വലുപ്പത്തേക്കാൾ വലുതായിരിക്കും.
100 മി.മീ. മാക്രോ ലെൻസിന്റെയൊപ്പം 50 മി.മീ. ലെൻസ് വിപരീതമായി ചേർത്ത് എടുത്ത ഡ്രാഗൺഫ്ലൈയുടെ തലയുടെ മാക്രോ ഫോട്ടോ.
ഒരു ഉറുമ്പിന്റെ മാക്രോ ഫോട്ടോ

ഫിലിം പ്ലെയിനിൽ (അല്ലെങ്കിൽ സെൻസറിൽ) പതിയുന്ന വസ്തുവിന്റെ വലുപ്പവും, അതിന്റെ യഥാർഥ വലുപ്പവും തമ്മിലുള്ള അനുപാതമാണ് റീപ്രൊഡക്ഷൻ റേഷ്യൊ എന്ന് അറിയപ്പെടുന്നത്. ഒരു മാക്രോ ലെൻസ് ക്ലാസിക്കലായി കുറഞ്ഞത് 1:1 എന്ന അനുപാതമുള്ള ലെൻസാണ്. വലിയ റീപ്രൊഡക്ഷൻ റേഷ്യൊ ഉള്ള ഏതൊരു ലെൻസും മാക്രോ ലെൻസ് ആയാണ് കരുതുന്നത്.[7][8][9][10] സെൻസറിലെ വലുപ്പം എന്നത് പോലെ തന്നെ പ്രിന്റും പ്രധാനമാണ്. വലിയ ഫോർമാറ്റ് ക്യാമറകളിൽ 1:1 റേഷ്യൊ ഇല്ലാത്ത ലെൻസ് ഉപയോഗിച്ച് എടുത്ത ചിത്രം ക്രോപ്പ് ചെയ്തും 'ലൈഫ് സൈസ്' ആക്കി മാറ്റാം.

10:1 ൽ കൂടുതലുള്ള റീപ്രൊഡക്ഷൻ റേഷ്യൊ ഫോട്ടോമൈക്രോഗ്രഫിയായി കണക്കാക്കപ്പെടുന്നു. ഇത് സാധാരണയായി ഡിജിറ്റൽ മൈക്രോസ്കോപ്പ് ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകളാണ്. ഫോട്ടോമൈക്രോഗ്രഫിയെ, മൈക്രോഫോർമുകൾ പോലുള്ള വളരെ ചെറിയ ഫോട്ടോഗ്രാഫുകൾ നിർമ്മിക്കുന്ന കലയായ മൈക്രോഫോട്ടോഗ്രാഫിയുമായി തെറ്റിദ്ധരിക്കരുത്.

സെൻസർ സാങ്കേതികവിദ്യയിലെ പുരോഗതി കാരണം, ഇന്നത്തെ ചെറിയ സെൻസർ ഡിജിറ്റൽ ക്യാമറകൾക്ക്, കുറഞ്ഞ റീപ്രൊഡക്ഷൻ റേഷ്യൊ ഉള്ള ലെൻസ് ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ മാക്രോ ഫോട്ടോഗ്രാഫി ചെയ്യാൻ കഴിയും.[9][11] ഡിജിറ്റൽ യുഗത്തിൽ, ഒരു "ട്രൂ" മാക്രോ ഫോട്ടോഗ്രാഫിനെ, വസ്തുവിന്റെ ലംബമായ ഉയരം 24 മില്ലീമീറ്ററോ അതിൽ കുറവോ ഉള്ള ഒരു ഫോട്ടോഗ്രാഫായി കൂടുതൽ പ്രായോഗികമായി നിർവചിക്കാം.[12]

ചരിത്രം

തിരുത്തുക

യഥാർത്ഥ ഫോട്ടോ-മൈക്രോഗ്രാഫുകളിൽ നിന്ന് വേർതിരിച്ചറിയാൻ 10-ൽ താഴെ വ്യാസമുള്ള മാഗ്നിഫിക്കേഷനോടുകൂടിയ ക്ലോസ്-അപ്പ് ചിത്രങ്ങൾക്കായി 1899 -ൽ ഡബ്ല്യു.എച്ച്. വാൾംസ്ലി ഫോട്ടോ-മാക്രോഗ്രാഫ് എന്ന പദം നിർദ്ദേശിച്ചു.[13]

മാക്രോ ഫോട്ടോഗ്രാഫിയുടെ ആദ്യകാല പ്രയോക്താക്കളിൽ ഒരാളാണ് 1880 ൽ ജനിച്ച പെർസി സ്മിത്ത്. ബ്രിട്ടീഷ് പ്രകൃതി ഡോക്യുമെന്ററി ഫിലിം മേക്കറായ അദ്ദേഹം ക്ലോസ്-അപ്പ് ഫോട്ടോഗ്രാഫുകൾക്ക് പേരുകേട്ട വ്യക്തിയാണ്.[14]

ഉപകരണങ്ങളും സാങ്കേതികതകളും

തിരുത്തുക
 
കാനൻ എംപി-ഇ 65 മി.മീ. മാക്രോ ലെൻസ്. ചെറിയ ഫ്രണ്ട് ലെൻസ് ഘടകങ്ങൾ മാക്രോ ലെൻസുകളുടെ പ്രത്യേകതയാണ്.
 
SLR- കളിൽ ഉയർന്ന മാഗ്നിഫിക്കേഷനുള്ള മാക്രോ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന എക്സ്ടെൻഷൻ ട്യൂബുകൾ. ട്യൂബിലൂടെ പേന കടത്തിയിരിക്കുന്നത് ട്യൂബിൽ ലെൻസ് ഘടകങ്ങളൊന്നും അടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതിനാണ്.
 
ഒരു എസ്‌എൽ‌ആറിനും വിപരീത ലെൻസിനും ഇടയിൽ ബെല്ലോകൾ ഘടിപ്പിച്ചിരിക്കുന്നു
 
സാധാരണ ക്ലോസ്-അപ്പ് ലെൻസ്
 
മാക്രോ ലെൻസിന് മുന്നിൽ വിപരീത ലെൻസായി വൈഡ് ആംഗിൾ ലെൻസ് ഉപയോഗിക്കുന്നു

ക്ലോസ്-അപ്പ് ഫോട്ടോ പകർത്തുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത "മാക്രോ" ലെൻസുകൾ, ക്ലോസ് ഫോക്കസിംഗിനായി നീളമുള്ള ബാരൽ ഉള്ളവയും, ഉയർന്ന റീപ്രൊഡക്ഷൻ റേഷ്യൊ ഉള്ളവയുമാണ്. (മറ്റ് ലെൻസ് നിർമ്മാതാക്കളിൽ നിന്ന് വ്യത്യസ്തമായി, മൈക്രോഫോം നിർമ്മിക്കുന്നതു കാരണം നിക്കോൺ അതിന്റെ മാക്രോ ലെൻസുകളെ "മൈക്രോ" എന്ന് വിളിക്കുന്നു). മിക്ക ആധുനിക മാക്രോ ലെൻസുകൾക്കും അനന്തതയിലേക്ക് ഫോക്കസ് ചെയ്യാനും, മികച്ച ഒപ്റ്റിക്കൽ നിലവാരത്തിൽ സാധാരണ ഫോട്ടോ എടുക്കാനും കഴിയും. കാനൻ MP-E 65 mm f/2.8 1-5x മാക്രോ അല്ലെങ്കിൽ മിനോൾട്ട AF 3x-1x 1.7-2.8 മാക്രോ പോലുള്ള യഥാർത്ഥ മാക്രോ ലെൻസുകൾക്ക് ലൈഫ് സൈസിനെക്കാൾ ഉയർന്ന മാഗ്‌നിഫിക്കേഷൻ ഉള്ള ഫോട്ടോ എടുക്കാൻ കഴിയും. ഇത് ചെറിയ പ്രാണികളുടെ കണ്ണുകളുടെ ഘടന, സ്നോഫ്ലേക്കുകൾ, മറ്റ് ചെറിയ വസ്തുക്കൾ എന്നിവ പകർത്തുന്നതിന് സഹായകരമാണ്. ഇൻഫിനിറ്റി ഫോട്ടോ-ഒപ്റ്റിക്കലിന്റെ ടിഎസ് -160 പോലുള്ളവയ്ക്ക് സെൻസറിൽ 0 മുതൽ 18x വരെ മാഗ്‌നിഫിക്കേഷനുകൾ നേടാൻ കഴിയും, അതായത് അനന്തതയിൽ നിന്ന് വസ്തുവിന് 18 മി.മീ. അടുത്ത് വരെ ഫോക്കസ് ചെയ്യാം.

വ്യത്യസ്ത ഫോക്കൽ ദൈർഘ്യമുള്ള മാക്രോ ലെൻസുകൾ വ്യത്യസ്ത ഉപയോഗങ്ങൾക്ക് സഹായിക്കുന്നു.

  • വേരിയബിൾ ഫോക്കൽ ലെങ്ത് (ഫോക്കൽ ദൂരം മാറ്റാവുന്ന) ഉള്ള ലെൻസുകൾ ഫലത്തിൽ എല്ലാ മാക്രോ വിഷയങ്ങൾക്കും അനുയോജ്യമാണ്.
  • 45–65 മി.മീ. – ഉൽപ്പന്നങ്ങളുടെ ഫോട്ടോഗ്രാഫി, അടുത്ത് സമീപിക്കാൻ കഴിയുന്ന ചെറിയ വസ്തുക്കൾ, സ്വാഭാവിക പശ്ചാത്തല വീക്ഷണം ആവശ്യമുള്ള രംഗങ്ങൾ എന്നിവക്ക് ഉപയോഗപ്രദമാണ്
  • 90–105 മി.മീ. – പ്രാണികൾ, പൂക്കൾ, ചെറിയ വസ്തുക്കൾ എന്നിവ സുഖപ്രദമായ അകലത്തിൽ നിന്ന് പകർത്താൻ സഹായിക്കും
  • 150–200 മി.മീ. – കൂടുതൽ വർക്കിങ്ങ് ഡിസ്റ്റൻസ് ആവശ്യമുള്ള പ്രാണികളും മറ്റ് ചെറിയ ജീവികളെയും പകർത്താൻ സഹായിക്കും

എക്സ്ടെൻഷൻ ട്യൂബുകളോ തുടർച്ചയായി ക്രമീകരിക്കാവുന്ന ബെലോകളോ ചേർത്ത് സെൻസറും ലെൻസും തമ്മിലുള്ള ദൂരം വർദ്ധിപ്പിക്കുന്നത് മാക്രോ ഫോട്ടോഗ്രാഫിക്കുള്ള മറ്റൊരു ഉപകരണ ഓപ്ഷനാണ്. സെൻസറിൽ നിന്ന് ലെൻസിലേക്കുള്ള ദൂരം കൂടുന്നതിന് അനുസരിച്ച്, ഫോക്കസിംഗ് ദൂരം കുറയുകയും മാഗ്‌നിഫിക്കേഷൻ കൂടുകയും ചെയ്യും. ഒരേ അപ്പർച്ചർ ആണെങ്കിൽ ലെൻസ് ദൂരം കൂടുന്നതിന് അനുസരിച്ച് ചിത്രം കൂടുതൽ ഇരുണ്ടതാകും. വിവിധ നീളത്തിലുള്ള എക്സ്ടെൻഷൻ ട്യൂബുകൾ ഒരുമിച്ച് ചേർത്തുവെച്ചും ഉപയോഗിക്കാം. ബെലോസ് അല്ലെങ്കിൽ ട്യൂബുകൾ ലെൻസുകളുടെ പരമാവധി ഫോക്കസ് ദൂരം കുറയ്ക്കുകയും അനന്തതയിലേക്ക് ഫോക്കസ് ചെയ്യുന്നത് അസാധ്യമാക്കുകയും ചെയ്യുന്നു.

ക്യാമറയുടെ ലെൻസിന് മുന്നിൽ ഒരു ക്ലോസ്-അപ്പ് ലെൻസ് (അല്ലെങ്കിൽ ക്ലോസ്-അപ്പ് "ഫിൽട്ടർ") സ്ഥാപിക്കുന്നത് മറ്റൊരു ഓപ്ഷനാണ്. വിലകുറഞ്ഞ സ്ക്രൂ-ഇൻ അല്ലെങ്കിൽ സ്ലിപ്പ്-ഓൺ അറ്റാച്ചുമെന്റുകൾ ലഭ്യമാണ്. പക്ഷെ ഇവയുടെ ഗുണനിലവാരം ഒരു മാക്രോ ലെൻസിനേക്കാളും എക്സ്റ്റെൻഷൻ ട്യൂബുകളേക്കാളും വളരെ കുറവാണ്. ക്ലോസ് അപ്പ് ലെൻസുകളുടെ രണ്ട്-ഇലമെന്റ് ഉള്ള പതിപ്പുകൾ മികച്ചതാണ്, അതേസമയം വിലകുറഞ്ഞ സിംഗിൾ എലമെന്റ് ലെൻസുകൾ ക്രോമാറ്റിക് വ്യതിയാനം ഉണ്ടാക്കുകയും ചിത്രത്തിന്റെ ഷാർപ്പ്നെസ് കുറക്കുകയും ചെയ്യും. ലെൻസ് മാറ്റാൻ കഴിയാത്ത തരത്തിലുള്ള ക്യാമറകളിലാണ് ഈ ലെൻസുകൾ സാധാരണയായി ഉപയോഗിക്കുന്നത്. ഇത് സാധാരണയായി ബ്രിഡ്ജ് ക്യാമറകളിൽ ഉപയോഗിക്കുന്നുണ്ട്. ഈ ലെൻസുകൾ ക്യാമറയിലെ ലെൻസിന്റെ ഒപ്റ്റിക്കൽ പവർ കൂട്ടി ഫോക്കസിംഗ് ദൂരം കുറയ്ക്കുകയും വസ്തുവിലേക്ക് കൂടുതൽ അടുക്കാൻ ക്യാമറയെ അനുവദിക്കുകയും ചെയ്യുന്നു. ആവശ്യമുള്ള മാഗ്‌നിഫിക്കേഷൻ നേടുന്നതിന് ഇത്തരം ലെൻസുകൾ ഒരുമിച്ച് ചേർത്തുവെച്ച് ഉപയോഗിക്കാൻ കഴിയും.

"റിവേഴ്‌സിംഗ് റിംഗ്" ഉപയോഗിച്ച് സാധാരണ ലെൻസുകൾ വിപരീത ദിശയിലാക്കി മാക്രോ ഫോട്ടോഗ്രഫിക്ക് ഉപയോഗിക്കാം. ഈ റിംഗ് ഒരു ലെൻസിന്റെ മുൻവശത്തുള്ള ഫിൽട്ടർ ത്രെഡിലേക്ക് അറ്റാച്ചുചെയ്യുകയും ലെൻസിനെ വിപരീതമായി അറ്റാച്ചുചെയ്യുന്നത് സാധ്യമാക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ 4x ലൈഫ്-സൈസ് മാഗ്‌നിഫിക്കേഷൻ വരെയുള്ള മികച്ച ഗുണനിലവാര ഫലങ്ങൾ സാധ്യമാണ്. ലെൻസും ക്യാമറ ബോഡിയും തമ്മിലുള്ള എല്ലാ ഇലക്ട്രോണിക് ആശയവിനിമയങ്ങളും സാധ്യമാക്കുന്ന തരത്തിലുള്ള സ്പെഷ്യാലിറ്റി റിവേഴ്‌സിംഗ് റിംഗുകളും ലഭ്യമാണ്. വിപരീതമാക്കിയ ലെൻസിനോടൊപ്പം എക്സ്റ്റൻഷൻ ട്യൂബുകളോ ബെല്ലോകളോ കൂടി ഉപയോഗിക്കുമ്പോൾ, വളരെ വൈവിധ്യമാർന്ന, യഥാർത്ഥ മാക്രോ ചിത്രങ്ങൾ പകർത്താൻ കഴിയും. ലെൻസ് വിപരീതമാക്കുന്നത് വഴി മാക്രൊ ഫോട്ടോ എടുക്കാൻ കഴിയുന്നത്, മാക്രോ അല്ലാത്ത ലെൻസുകൾ ചെറിയ റീപ്രൊഡക്ഷൻ റേഷ്യൊകൾക്കായി ഒപ്റ്റിമൈസ് ചെയ്‌തിരിക്കുന്നതിനാൽ ആണ്.

കൂടിയ ഫോക്കൽ ലെങ്ത് ഉള്ള സാധാരണ ലെൻസിന് മുന്നിൽ ഒരു മാക്രോ കപ്ലർ ഉപയോഗിച്ച് മറ്റൊരു ലെൻസ് വിപരീതമായി സ്ക്രൂ ചെയ്യുന്നത് വഴിയും മാക്രൊ ഫോട്ടോഗ്രഫി സാധ്യമാണ്. സാധാരണ മൌണ്ട് ചെയ്ത ലെൻസിന്റെ ഫോക്കൽ ലെങ്ത് വിപരീത ലെൻസിന്റെ ഫോക്കൽ ലെങ്ത് കൊണ്ട് ഹരിച്ചാണ് മാഗ്നിഫിക്കേഷൻ അനുപാതം കണക്കാക്കുന്നത് (ഉദാ. 18 മി.മീ. ലെൻസ് 300 മി.മീ. ലെൻസുമായി റിവേഴ്സ് മൌണ്ട് ചെയ്താൽ റീപ്രൊഡക്ഷൻ റേഷ്യൊ 16:1 ആണ്). ആദ്യത്തെ ലെൻസ് ആന്തരിക-ഫോക്കസിംഗ് തരത്തിലല്ലെങ്കിൽ ഓട്ടോമാറ്റിക് ഫോക്കസ് ഉപയോഗിക്കുന്നത് ഉചിതമല്ല, കാരണം റിവേഴ്സ് മൌണ്ട് ചെയ്ത ലെൻസിന്റെ അധിക ഭാരം ഓട്ടോഫോക്കസ് സംവിധാനത്തെ തകർക്കും. ഇങ്ങനെ ചെയ്താൽ വർക്കിങ് ഡിസ്റ്റൻസ് ആദ്യത്തെ ലെൻസിനേക്കാൾ കുറയും എന്നതും പ്രധാനമാണ്.

മാക്രോ ഫോട്ടോഗ്രഫി ടെക്നിക്കുകൾ

തിരുത്തുക

35 മില്ലീമീറ്ററിന് തുല്യമായ മാഗ്‌നിഫിക്കേഷൻ

തിരുത്തുക
 
35 മില്ലീമീറ്ററിന് തുല്യമായ മാഗ്‌നിഫിക്കേഷൻ: മുകളിലുള്ള ഫോട്ടോ ഒരു ഫുൾ ഫ്രെയിം (35മി.മീ) ക്യാമറയിൽ, 100 മി.മീ 1:1 മാക്രൊ ലെൻസ് ഉപയോഗിച്ച് എടുത്ത ചിത്രമാണ്. ചുവടെയുള്ള ഫോട്ടോ മൈക്രോ ഫോർ തേഡ് (2x ക്രോപ്പ്) സെൻസർ ക്യാമറയിൽ 50 മി,മീ 1:2 റേഷ്യൊ ഉള്ള ലെൻസ് ഉപയോഗിച്ച് എടുത്തതാണ്. രണ്ട് ചിത്രങ്ങളിലും സബ്ജക്റ്റ് ഉയരം 24 മി.മീ. ആണ്. ഈ രണ്ട് രീതികളിൽ പകർത്തിയ ഫോട്ടോഗ്രാഫുകൾ ഒരേ പ്രിന്റ് വലുപ്പത്തിൽ പ്രായോഗികമായി വേർതിരിച്ചറിയാൻ കഴിയില്ല.

ഒരു ചെറിയ സെൻസർ അല്ലെങ്കിൽ "ക്രോപ്പ് സെൻസർ" ഡിജിറ്റൽ ക്യാമറ ചിത്രവും അതേ പ്രിന്റ് വലുപ്പത്തിലേക്ക് വലുതാക്കിയ 35 മില്ലീമീറ്റർ അധിഷ്‌ഠിത ചിത്രവുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള മാഗ്‌നിഫിക്കേഷനെ സൂചിപ്പിക്കുന്ന ഒരു അളവാണ് 35 മില്ലീമീറ്റർ ഇക്വലൻറ് മാഗ്‌നിഫിക്കേഷൻ, അല്ലെങ്കിൽ 35 മി.മീ. ഇക്വലന്റ് റീപ്രൊഡക്ഷൻ റേഷ്യൊ എന്നത്.[15] [16] 35 മി.മീ ഫിലിം ഫോർമാറ്റ് പണ്ടേ പരിചിതമായതിനാലാണ് ഈ പദം ഉപയോഗിക്കുന്നത്.[12][17] [18][19][20][21]

ഒരു "ട്രൂ" മാക്രോ ലെൻസിനെ ഫിലിം അല്ലെങ്കിൽ സെൻസർ പ്ലെയിനിൽ 1:1 എന്ന റീപ്രൊഡക്ഷൻ അനുപാതമുള്ള ലെൻസായി നിർവചിക്കുമ്പോൾ, ചെറിയ സെൻസർ ഫോർമാറ്റ് ഡിജിറ്റൽ ക്യാമറകളിൽ മാക്രൊ ചിത്രം പകർത്താൻ 1:1 എന്ന അനുപാതം യഥാർത്ഥത്തിൽ ആവശ്യമായി വരുന്നില്ല. ഫ്രെയിമിൽ പൂർണ്ണമായി ഉൾപ്പെടുത്താൻ കഴിയുന്ന ഏറ്റവും ചെറിയ ഒബ്‌ജക്റ്റിന്റെ വലുപ്പം അറിയുക എന്നതാണ് മാക്രോ ഫോട്ടോഗ്രാഫർമാർ കൂടുതലായി ശ്രദ്ധിക്കുന്ന കാര്യം.[9] ഉദാഹരണത്തിന്, 2x ക്രോപ്പ് സെൻസറുള്ള 12 മെഗാപിക്സൽ ക്യാമറയ്ക്ക് 12 മെഗാപിക്സൽ ഫുൾ ഫ്രെയിം ക്യാമറക്ക് തുല്യമായ തരത്തിൽ ലൈഫ് സൈസ് ഫോട്ടോ പകർത്താൻ 1:2 റീപ്രൊഡക്ഷൻ അനുപാതം മാത്രമേ ആവശ്യമുള്ളൂ.

35 മില്ലീമീറ്ററിന് തുല്യമായ രീപ്രൊഡക്ഷൻ റേഷ്യൊ കണക്കാക്കാൻ ലെൻസിന്റെ യഥാർത്ഥ മാഗ്‌നിഫിക്കേഷനെ ക്യാമറയുടെ "ക്രോപ്പ് ഫാക്ടർ" കൊണ്ട് ഗുണിക്കണം.

ഡിജിറ്റൽ കോം‌പാക്റ്റ് ക്യാമറ സെൻസർ വലുപ്പങ്ങൾ‌ വൈവിധ്യമാർ‌ന്ന വലുപ്പത്തിൽ‌ വരുന്നതിനാലും ക്യാമറ നിർമ്മാതാക്കൾ‌ ഈ ക്യാമറകൾ‌ക്കായി മാക്രോ റീപ്രൊഡക്ഷൻ അനുപാതങ്ങൾ‌ വളരെ അപൂർ‌വ്വമായി മാത്രം പ്രസിദ്ധീകരിക്കുന്നതിനാലും, അത്തരം ക്യാമറകളിൽ, 24 മില്ലീമീറ്ററുള്ള വസ്തു ക്യാമറ വ്യൂ‌ഫൈൻഡറിന്റെ വലുപ്പത്തിന് സമമോ അതിൽ കൂടുതലോ ആണെങ്കിൽ അത് ഒരു മാക്രോ ആണെന്ന് കരുതുക എന്നതാണ് പ്രായോഗികമായ ഒരു രീതി.[12]

 
35 മില്ലീമീറ്ററിന് തുല്യമായ മാഗ്‌നിഫിക്കേഷൻ: വലത് വശത്തുള്ള പൂവിന്റെ ചിത്രം ഒരു ഫുൾ ഫ്രെയിം (35മി.മീ) ക്യാമറയിൽ, 100 മി.മീ 1:1 മാക്രൊ ലെൻസ് ഉപയോഗിച്ച് എടുത്തതാണ്. ഇടത് വശത്തുള്ള ചിത്രം മൈക്രോ ഫോർ തേഡ് (2x ക്രോപ്പ് ഫാക്റ്റർ) സെൻസർ ക്യാമറയിൽ 50 മി,മീ 1:2 റേഷ്യൊ ഉള്ള ലെൻസ് ഉപയോഗിച്ച് എടുത്തതാണ്. രണ്ട് ചിത്രങ്ങളിലും സബ്ജക്റ്റ് ഉയരം 24 മി.മീ. ആണ്. ഫോട്ടോഗ്രാഫുകൾ പ്രായോഗികമായി വേർതിരിച്ചറിയാൻ കഴിയാത്തതും അതിനാൽ തുല്യവുമാണ്. ചിത്രങ്ങൾ‌ അൽ‌പം വ്യത്യസ്ത കോണുകളിൽ‌ എടുത്തതിനാൽ‌, രണ്ട് ചിത്രങ്ങളും ഉപയോഗിച്ച് ക്രോസ്-ഐഡ് സ്റ്റീരിയോഗ്രാം ആയി കാണാൻ‌ കഴിയും.

സാങ്കേതിക പരിഗണനകൾ

തിരുത്തുക

ദൃശ്യത്തിന്റെ ആഴം

തിരുത്തുക
 
ദൃശ്യത്തിന്റെ ആഴം കുറഞ്ഞ ചിത്രം

മാക്രോ ഫോട്ടോഗ്രഫിയിൽ പരിമിതമായ ദൃശ്യ ആഴം ഒരു പ്രധാന പരിഗണനയാണ്. അടുത്ത വസ്തുക്കളിൽ ഫോക്കസ് കേന്ദ്രീകരിക്കുമ്പോൾ ദൃശ്യത്തിന്റെ ആഴം വളരെ ചെറുതാണ്. വസ്തുവിന്റെ അല്ലെങ്കിൽ പ്രാണിയുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഫോക്കസിൽ കൊണ്ടുവരാൻ ഒരു ചെറിയ അപ്പെർച്വർ (ഉയർന്ന എഫ്-നമ്പർ) പലപ്പോഴും ആവശ്യമാണ്. ഇതിന് വേഗത കുറഞ്ഞ ഷട്ടർ സ്പീഡ്, കൂടിയ പ്രകാശം അല്ലെങ്കിൽ ഉയർന്ന ഐ‌എസ്ഒ ആവശ്യമാണ്. കൂടുതൽ പ്രകാശത്തിന് ഒരു ഫ്ലാഷ് യൂണിറ്റ് (ഉദാ: റിംഗ് ഫ്ലാഷ്) പലപ്പോഴും ആവശ്യമായി വന്നേക്കാം.

മറ്റൊരു തരത്തിൽ, ഒരേ വസ്തുവിന്റെ കൂടുതൽ ഷോട്ടുകൾ‌ അൽ‌പം വ്യത്യസ്തമായ ഫോക്കസിംഗ് ദൈർ‌ഘ്യങ്ങളുപയോഗിച്ച് പകർത്തി, ആ ഫോട്ടോകൾ എല്ലാം പ്രത്യേക ഫോക്കസ് സ്റ്റാക്കിംഗ് സോഫ്റ്റ്വെയറുപയോച്ച് കൂട്ടിച്ചേർത്ത് മൂർച്ചയുള്ള ചിത്രം ഉണ്ടാക്കാൻ കഴിയും. ഇത്തരം സോഫ്റ്റ്വെയറുകൾ ഓരോ ചിത്രത്തിൻറെയും ഫോക്കസിലുള്ള ഭാഗങ്ങൾ മാത്രം‌ തിരഞ്ഞെടുക്കുകയും കൃത്രിമമായി ഫീൽ‌ഡ് ഡെപ്ത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ലൈറ്റിംഗ്

തിരുത്തുക

ലെൻസിന്റെ മുൻവശത്ത് ഒരു സർക്കിളിൽ ഫ്ലാഷ് ട്യൂബുകൾ ക്രമീകരിച്ചിരിക്കുന്ന റിംഗ് ഫ്ലാഷുകൾ, അടുത്തുള്ള ദൂരങ്ങളിൽ ഉള്ള ലൈറ്റിംഗിന് കൂടുതൽ സഹായകമാകും.[22] മാക്രോ ഫോട്ടോഗ്രാഫിക്ക് തുടർച്ചയായ പ്രകാശ സ്രോതസ്സ് നൽകുന്നതിന് വൈറ്റ് എൽഇഡികൾ ഉപയോഗിക്കുന്ന റിംഗ് ലൈറ്റുകൾ നിലവിലുണ്ട്, എന്നിരുന്നാലും അവ റിംഗ് ഫ്ലാഷ് പോലെ തിളക്കമുള്ളതല്ല, അതേപോലെ ഇവയുടെ വൈറ്റ് ബാലൻസ് വളരെ 'കൂൾ' ആണ്.[23]

ഒരു ഫ്ലാഷ് ഡിഫ്യൂസർ ഉപയോഗിച്ചും നല്ല ഫലങ്ങൾ ലഭിക്കും. ക്യാമറയുടെ ബിൽറ്റ്-ഇൻ ഫ്ലാഷിൽ വെളുത്ത സ്റ്റൈറോഫോം അല്ലെങ്കിൽ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് മൂടിയും ഫ്ലാഷ് ഡിഫ്യൂസറുകൾക്ക് സമാനമായ ഫലങ്ങൾ സൃഷ്ടിക്കാം.

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. Thomas Clark (2011). Digital Macro and Close-Up Photography For Dummies. John Wiley & Sons. p. 29. ISBN 978-1-118-08920-0.
  2. Freeman, Michael (2010). Mastering Digital Photography. UK: ILEX Press. p. 336. ISBN 978-1-907579-00-4.
  3. Graham Saxby (2010). The Science of Imaging: An Introduction (2nd ed.). CRC Press. p. 269. ISBN 978-1-4398-1286-0.
  4. Webster, Merriam (1996). Collegiate Dictionary, 10th Ed. Merriam-Webster, Inc. p. 698. ISBN 0-87779-711-0.
  5. Michael Freeman (2010). The DSLR Field Guide: The Essential Handbook to Getting the Most from Your Camera. Focal Press. p. 30. ISBN 978-0-240-81720-0.
  6. Marom, Erez. "Macro photography: Understanding magnification". Retrieved 20 May 2012.
  7. 7.0 7.1 Photography.com. "Macro Photography". Archived from the original on 2008-11-06. Retrieved 20 May 2012.
  8. Rockwell, Ken. "Canon 50 mm Macro". Retrieved 20 May 2012.
  9. 9.0 9.1 9.2 Cambridge in Colour. "Macro Camera Lenses".
  10. Long, Ben. "How to take great macro photographs". Retrieved 20 May 2012.
  11. Frank, Bob. "Extreme macro photography". Archived from the original on 2020-10-21. Retrieved 20 May 2012.
  12. 12.0 12.1 12.2 Wattie, John. "Digital Stereo Macro Photography". Retrieved 20 May 2012.
  13. Walmsley, W. H. (1899). "Photo-micrography for everybody". The International Annual of Anthony's Photographic Bulletin and American Process Year-book. 12: 73–90.
  14. "The Story of Macro Photography".
  15. Olympus Imaging Corp. "Olympus Four Thirds Lenses – Macro". Four-Thirds.org. Olympus Imaging Corp. Archived from the original on 2021-02-25. Retrieved 9 June 2012.
  16. Olympus Imaging Corp. "Panasonic LEICA DG MACRO-ELMARIT 45 mm F2.8". Four-Thirds.org. Olympus Imaging Corp. Retrieved 9 June 2012.
  17. Digital Photography Review. "Panasonic Leica DG Macro-Elmarit 45 mm F2.8 ASPH OIS Review". dpreview.com. Digital Photography Review. Retrieved 11 June 2012.
  18. Outdoor Photographer Staff. "Choosing Your Macro". Outdoor Photographer. Archived from the original on 2016-04-07. Retrieved 11 June 2012.
  19. Pitts, Wes. "Intro To Macro". Digital Photo Magazine. Retrieved 11 June 2012.[പ്രവർത്തിക്കാത്ത കണ്ണി]
  20. Arva-Toth, Zoltan. "Zuiko Digital ED 50 mm f2 Macro Review". PhotographyBLOG. Photo 360 Limited. Retrieved 11 June 2012.
  21. Wetpixel: Underwater Photography Forums. "Help with reproduction ratio". Wetpixel.com. Retrieved 11 June 2012.
  22. Basco, Greg. "No, I'm not a Dentist: The Joy of Ring Flash Photography". photomigrations.com. Retrieved 21 June 2012.
  23. diyphotography.net. "Introduction To LED Lighting". diyphotography.net. Retrieved 21 June 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാക്രോ_ഫോട്ടോഗ്രഫി&oldid=3957219" എന്ന താളിൽനിന്ന് ശേഖരിച്ചത്