മറിയാമ്മ ജോൺ (നാടൻപാട്ടുകാരി)

കേരളത്തിലെ അറിയപ്പെടുന്ന ഒരു ദളിത്‌ നാടൻപാട്ടുകാരിയും[2] മുടിയാട്ട കലാകാരിയുമായിരുന്നു മറിയാമ്മച്ചേടത്തി[3]എന്നറിയപ്പെടുന്ന മറിയാമ്മ ജോൺ. മറിയാമ്മ നാടൻപാട്ടുകൾ മനഃപാഠമാക്കുകയും ഒട്ടേറെ പാട്ടുകൾക്ക്‌ രൂപംനൽകുകയും ചെയ്‌തിട്ടുണ്ട്‌. സ്‌കൂൾ വിദ്യാഭ്യാസമില്ലാത്ത ഇവർ ചങ്ങനാശ്ശേരി എസ്‌.ബി.കോളേജിൽ തൂപ്പുകാരിയായിരിക്കെ അവിടെ എം.എ.വിദ്യാർത്ഥികൾക്ക്‌ ചെങ്ങന്നൂരാദി പാട്ടുകളെക്കുറിച്ച്‌[4][5] ക്ലാസെടുത്ത്‌ ശ്രദ്ധനേടിയിരുന്നു. ആയിരക്കണക്കിന് നാടൻ പാട്ടിന്റെ ശേഖരം കൂടിയായിരുന്നു. ആഗസ്റ്റ് 31 2008ൽ മറിയാമച്ചേടത്തി അന്തരിച്ചു. [6]

മറിയാമ്മാ ജോൺ
തൂലികാ നാമംമറിയാമ്മ ചേടത്തി
തൊഴിൽഅധ്യാപിക,നാടൻപാട്ടുകാരി
ദേശീയത ഭാരതീയൻ
പൗരത്വംഇന്ത്യ
സാഹിത്യ പ്രസ്ഥാനംഫോക്‌ലോറിസ്റ്റ്
ദളിത് ആക്ടിവിസ്റ്റ്‌
ശ്രദ്ധേയമായ രചന(കൾ)മറിയാമ്മച്ചേടത്തിയുടെ മാണിക്കംപെണ്ണ്‌.
അവാർഡുകൾകേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ്‌,കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, ഫിലിം ക്രിട്ടിക്‌സ്‌ പുരസ്‌കാരം
പങ്കാളികുട്ടൻപേരൂർചിറ ജോൺ[1]


ജീവിതരേഖ

തിരുത്തുക

ഒട്ടേറെ കോളേജുകളിലും സ്‌കൂളുകളിലും പഠനവേദികളിലും നാടൻ പാട്ടുകളെക്കുറിച്ച്‌ മറിയാമ്മച്ചേടത്തി അദ്ധ്യാപനം നടത്തിയിട്ടുണ്ട്. ഏതാനും നാടൻപാട്ടുകൾ 'മാണിക്കം പെണ്ണ്‌' എന്ന പേരിൽ പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ജയരാജിന്റെ 'കരുണം' എന്ന സിനിമയിൽ പാടി. വിദേശ മാധ്യമങ്ങളും മറിയാമ്മച്ചേടത്തിയെ കുറിച്ച് വാർത്തകൾ നൽകിയിരുന്നു. നൂറ് കണക്കിന് നാടൻ പാട്ടുകൾ ഇവർക്ക് മനഃപാഠമായിരുന്നു.[7].മുടിയാട്ട കലാകാരി എന്നനിലയിലും ശ്രദ്ധേയയായിരുന്നു.[8]

മറിയാമ്മ ചേടത്തി ജനിച്ചതെന്നാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മറിയാമ്മ ചേടത്തിയുടെ ഭാഷയിൽ പറഞ്ഞാൽ എൽഎൽഎൽഎൽ കൊല്ലവർഷം ആയിരത്തി “തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന് നാലരവയസായിരുന്നു”. [9] അതനുസരിച്ചുനോക്കുമ്പോൾ 1919ലോ 20ലോ ആണ് അവർ ജനിച്ചത്. മറിയാമച്ചേടത്തിയുടെ യഥാർത്ഥ പേര് 'കോത'യെന്നായിരുന്നു. [10] ജാതിശ്രേണിയിലെ ഏറ്റവും താഴത്തട്ടിൽ ഉൾപ്പെടുന്ന പറയ/സാമ്പവ ജാതിയിലാണ് കോത ജനിച്ചത്. [11] വിദ്യാഭ്യാസം നൽകാനും കോതയുടെ രക്ഷാകർത്താക്കൾക്ക് കഴിഞ്ഞിരുന്നില്ല.അച്ഛന്റെ പേര് കുഞ്ഞപ്പൻ അമ്മയുടെ പേര് ചിന്നമ്മ. [12]

കോതയുടെ പൂർവ്വികരെ അഴകടത്തു മഠത്തിൽ നിന്നും ഒരു കൈമൾ അടിമകളായി വിലയ്ക്ക് വാങ്ങിയതാണ്. 'വെള്ളിയൻ, തേയിയൻ, കവരൻ, ചെറുനാടൻ, എന്നീ ഇല്ലങ്ങളിൽപ്പെട്ടവരാണ് സാമ്പവർ.' അവരെ ജന്മികൾ കൈമാറ്റം ചെയ്യുമ്പോൾ ഇല്ലപ്പേര് മറക്കരുത് എന്ന് വ്യക്തമാക്കാറുണ്ട്. അമ്മവഴിക്കാണ് ഇല്ലത്തിന്റെ തുടർച്ച. ചെങ്ങളത്ത് ചെറുനാടൻ ഇല്ലത്തിൽ പെട്ടതാണ് കോത. [13]

പതിനഞ്ചാം വയസ്സിൽ ജോൺ എന്നയാളെ വിവാഹം കഴിച്ചതോടെ കോത ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുകയും മറിയാമ്മ ജോൺ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. [14]

മുതിർന്നപ്പോൾ ഉപജീവനത്തിനായി പലേജോലികളും ചെയ്തിരുന്നു. അങ്ങനെയാണ് കോട്ടയത്തിനടുത്തെ ചങ്ങനാശ്ശേരിയിലെ സെന്റ് ബെച്മാൻസ് കോളേജിൽ (എസ്.ബി കോളേജ്) തൂപ്പുകാരിയായി ജോലി ലഭിക്കുന്നത്.

ഒരു സാക്ഷരതാ കാമ്പയിന്റെ ഭഗമായാണ് മറിയാമച്ചേടത്തിയിലെ കലാകാരിയെ കോളേജിലെ മറ്റൊരദ്ധ്യാപകനായിരുന്ന പ്രൊഫ. സെബ്സ്റ്റ്യൻ വട്ടമറ്റം കണ്ടെത്തുന്നത്. തുടർന്ന് എസ്.ബി. കോളേജിലെ മലയാളം വിഭഗത്തിൽ ഫോക്‌ലോർ കൺസൾട്ടന്റ് ആയി നിയമിക്കപ്പെടുകയായിരുന്നു.

നാടൻ കലാകാരി എന്ന നിലയിൽ

തിരുത്തുക

മറിയാമ ജോൺ എല്ലാവരാലും മറിയാമ്മച്ചേടത്തി എന്ന് ആദരവോടെ വിളിക്കപ്പെട്ടിരുന്നു. പറയസമുദായത്തിലെ നിരക്ഷരയായ ഒരാളായിരുന്നെങ്കിലും ആയിരക്കണക്കിന് പാട്ടുകളാണ് അവരുടെ ഓർമ്മകളിലുണ്ടായിരുന്നത്. 'പഴങ്കാലപ്പെരുമകളിലെ മാണിക്ക്യംപെണ്ണിന്റെയും മാങ്കൊമ്പിലാതിയുടെയും പാണ്ടിമേലച്ചന്റെയും പാണ്ടിച്ചിരുതയുടെയും ചെങ്ങന്നൂരാതിയുടെയും ചെങ്ങന്നൂമാണിയുടെയും മറ്റും കഥകൾ.' [15]

തന്റെ ഗാനങ്ങൾ പഴമക്കാരിൽ നിന്നും തന്റെ പൂർവ്വികരിൽ നിന്നും വാമൊഴിയായി കിട്ടിയതാണെന്ന് മറിയാമച്ചേടത്തി സാക്ഷ്യപ്പെടുത്തുന്നു. ചൊല്ലിയാട്ടക്കളരിയിൽ മറിയാമ്മച്ചേടത്തി പറഞ്ഞതിങ്ങനെ;

ഇത് ആദിമൊതലേ വെട്ടി നടന്നൊരു
പിതാക്കമ്മാരുടെ കതയാണ്.
ഇതെഴുതീട്ടില്ല.
കേട്ടുപടിത്തം.
മാതാക്കമ്മാര് കണ്ടെത്തിക്കെടന്ന്
കുത്തിമറിഞ്ഞുപാടി.
ചക്രത്തിന്റെ മോളിലിരുന്നുപാടി.
വള്ളത്തേ കുത്തിക്കറക്കുമ്പം പാടി.
ഇങ്ങനെയൊക്കെ കിട്ടിയ പാട്ടാ ഞങ്ങക്ക്.[16]

പറയസമുദായത്തിലെ ആചാരകലകളായിരുന്ന മൂടിയാട്ടത്തിന്റെയും കോലം തുള്ളലിന്റെയും അവസാനകണ്ണികളിലൊരാളായിരുന്നു മറിയാമ്മച്ചേടത്തി. [17]

മറിയാമ്മച്ചേടത്തിയുടെ അമ്മ മൂന്ന് ചങ്ങഴി കമഴ്ത്തിയിട്ട് മുടിയാട്ടം നടത്തുമായിരുന്നു. അച്ഛന്റെയും അമ്മയുടെയും മടിയിലിരുന്ന് കുട്ടിക്കാലത്ത് പഠിച്ചതാണ് ഈ കലാരൂപങ്ങൾ.

മറിയാമ്മച്ചേടത്തിയുടെ ഓർമ്മകളിൽ നിന്നും ശേഖരിച്ച നാടൻപാട്ടുകൾ സാഹിത്യപ്രസാധക സംഘം ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറിയാമ്മച്ചേടത്തിയുടെ മാണിക്കം പെണ്ണ് എന്ന പ്രസ്തുത ഗ്രന്ഥം എഡിറ്റ് ചെയ്തത് പ്രൊഫ. സെബാസ്റ്റ്യൻ വെട്ടമറ്റം തന്നെയാണ്. [18]

ദളിത് ആക്ടിവിസ്റ്റ്‌

തിരുത്തുക

കേരളത്തിലെ ദളിത് കവയിത്രികളിൽ പ്രഥമസ്ഥാനീയത മറിയാമ്മ ചേടത്തി നേടിയിട്ടുണ്ട്. നിലവിലെ ജാതി വ്യവസ്ഥതിക്കെതിരായ ശക്തമായ പ്രഹരങ്ങളായിരുന്നു മറിയാമ്മ ചേടത്തി ഓർമ്മയിൽ സൂക്ഷിച്ച എല്ലാ പാട്ടുകളും എന്ന് ഇപ്പോൾ നിരീക്ഷിക്കപ്പെടുന്നുണ്ട്. [19] “മറിയാമ്മ ചേടത്തി ഓർമ്മകളിൽ നിന്ന് വീണ്ടെടുത്ത വാമൊഴിക്കവിതയാണ് ‘എന്ത് ശുത്തി ഏത് ശുത്തി’ എന്നത്. ഭാരതീയ വർണ്ണ-ജാതി സങ്കൽപ്പത്തിന്റെ മുഖത്തടിക്കുകയാണ് ഈ കവിത. അടിസ്ഥാന ജനതയുടെ പ്രതിരോധങ്ങളുടെ ചരിത്രസന്ധികൂടിയാണ് ഈ കവിത” എന്ന് കവിയും ചിന്തകനുമായ ഡോ. എം.ബി മനോജ് പറയുന്നു. [20]

സവർണ്ണജാതി സങ്കൽപ്പങ്ങളിലെ വീര നായകരെ പാടിപ്പുകഴ്ത്തുകയും ജാതീയതയെ സ്ഥാപനവൽക്കരിക്കുകയും ചെയ്ത ഇടത്തു നിന്നാണ് മറിയാമ്മച്ചേടത്തി കീഴാള/ദളിത് വീരനായകരെ ഓർത്തെടുക്കുന്നത്. ‘മാണിക്കംപെണ്ണ്’, ‘ചെങ്ങന്നൂരാതി’, ‘ചെങ്ങനൂമാണി’, ‘പാണ്ടിച്ചിരുത’ എന്നിങ്ങനെ ജാതിശ്രേണിയിലെ താഴറ്റത്തെ മനുഷ്യരുടെ പോരാട്ടങ്ങളുടെ പാട്ടുകളായിരുന്നു മറിയാമ്മച്ചേടത്തിയുടെ എല്ലാ പാട്ടുകളും. [21] ദളിത് ജീവിതങ്ങളെ അനാവരണം ചെയ്യുന്നതാണ് ഈ ഗാനങ്ങൾ. അതിന്റഎ തനത് ശൈലിയിൽ തന്നെ മറിയാമ്മച്ചേടത്തി അവതരിപ്പിക്കുകയും ചെയ്തിരുന്നു. [22] കുറിയാത്തങ്കരി തലേനാരി കേളച്ചങ്ങലം എന്നിവ ഇതിനുദാഹരണം. [23]

അദ്ധ്യാപികയെന്ന നിലയിൽ

തിരുത്തുക

തൂപ്പുകാരിയായിരിക്കുമ്പോൾ തന്നെ എസ്.ബി. കോളേജിലെ വിദ്യാർത്ഥികൾ മറിയാമച്ചേടത്തിയുടെ പാട്ടുകേൾക്കാനെത്തുമായിരുന്നു. അതിനിടയ്ക്കാണ് മറിയാമ്മച്ചേടത്തിയെ പ്രൊഫസർ തിരിച്ചറിയുന്നത്. തുടർന്ന് എസ്.ബി കോളേജിലെ തൂപ്പു ജോലിയിൽ നിന്നു മറിയാമ്മച്ചേടത്തിയെ പിരിച്ചുവിടുകയും ഫോക് ലോർ അദ്ധ്യാപികയായി നിയമിക്കുകയുമായിരുന്നു. വിദ്യാർത്ഥികളുടെയും ഡിപ്പാർട്ടുമെന്റിന്റെയും സഹായത്തോടെ ചൊല്ലിയാട്ടം കളരി രൂപീകരിച്ച് അതിലായിരുന്നു മറിയാമ്മച്ചേടത്തി ക്ലാസുകൾ എടുത്തിരുന്നത്. ചൊല്ലിയാട്ടക്കളരിയിലൂടെയും അല്ലാതെയും മറിയാമച്ചേടത്തി വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുത്തിരുന്നു. [24]

സാമ്പവരുടെ വീരപുരുഷനായ ചെങ്ങന്നൂരാതിയെ കുറിച്ച് എം.എ മലയാളം വിദ്യാർത്ഥികൾക്ക് പഠിക്കാനുണ്ടായിരുന്നു. ചെങ്ങന്നൂരാതി സാമ്പവരുടെ വീരനായകനാണ്. നീണ്ട പാട്ടുകളാണ് ചെങ്ങന്നൂരാതിയെ കുറിച്ച് മറിയാമ്മച്ചേടത്തി പാടിയിരുന്നത്. ഇതൊക്കെയും അന്നത്തെ എം.എ മലയാളം വിദ്യാർത്ഥികൾക്ക് ചേടത്തി പാടിക്കൊടുത്തിരുന്നു. [25]

ചെങ്ങന്നൂരാതി, മാണിക്ക്യം പെണ്ണ്, മുതലായ വ്യക്തിവിശേഷണ പാട്ടുകൾ മാത്രമായിരുന്നില്ല, ഞാറ്റുപാട്ടുകളും പൊങ്ങച്ചം പാട്ടുകളും വേട്ടപ്പാട്ടും ഈച്ചപ്പാട്ടും, ശുത്തിപ്പാട്ടുമൊക്കെ മറിയാമച്ചേടത്തിയുടെ ഓർമ്മകളിലുണ്ടായിരുന്നു. [26]

മറിയാമ്മ ചേടത്തിയുടെ പാട്ടുകൾ സിനിമകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 1999ൽ ജയരാജ് സംവിധാനം നിർവ്വഹിച്ച കരുണത്തിലായിരുന്നു ആദ്യമായി മറിയാമ്മച്ചേടത്തിയുടെ പാട്ട് പ്രത്യക്ഷപ്പെടുന്നത്. പാട്ട് പാടിയതും മറിയാമ്മ ചേടത്തി തന്നെയായിരുന്നു. സണ്ണി സ്റ്റീഫനായിരുന്നു സംഗീതം നിർവ്വഹിച്ചിരുന്നത്. [27]

പുരസ്കാരങ്ങൾ

തിരുത്തുക
  • 1999 ൽ കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ്‌
  • 2001 ൽ കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം
  • 2003 ൽ ഫിലിം ക്രിട്ടിക്‌സ്‌ പുരസ്‌കാരം.
  • ഫെഡറേഷൻ ഓഫ്‌ ഫിലിം സൊസൈറ്റി ഓഫ്‌ ഇന്ത്യയുടെ ജോൺ എബ്രഹാം പുരസ്‌കാരം
  • വിജയപുരം രൂപതയുടെ മികച്ച വനിതയ്‌ക്കുള്ള പുരസ്‌കാരം
  1. Malayala Manorama, Sep 24, 1994
  2. ഡോ. എം.ബി. മനോജ്, മുദിത: മലയാളത്തിലെ ദളിത് പെൺ കവിതകൾ, (സമാഹരണം, പഠനം), വിദ്യാർത്ഥി പബ്ലിക്കേഷൻസ്, ജൂലൈ, 2014, പുറം 6, 109.
  3. Malayala Manorama, Sep 24, 1994
  4. "Mariamma Chedathy". Archived from the original on 2017-10-30. Retrieved 2016-12-17.
  5. മറിയാമ്മ ചേടത്തിയുടെ മാണിക്കംപെണ്ണ്, എഡി. പ്രൊഫ. സെബാസ്റ്റ്യൻ വെട്ടമറ്റം, സാഹിത്യപ്രവർത്തക സഹകരണ സംഘം, 2011.
  6. സതീഷ്‌ കുമാര് എസ്, “ഓർമ്മരം – ചങ്ങനാശേരി എസ്.ബി കോളേജ് ഒരു ഓർമ്മക്കുറിപ്പ്”[പ്രവർത്തിക്കാത്ത കണ്ണി], കേരളാ ലൈവ്‌, ആഗസ്റ്റ്, 2013
  7. മറിയാമ്മച്ചേടത്തി
  8. മറിയാമ്മ ചേടത്തിയുടെ മാണിക്കംപെണ്ണ്, മേൽ പ്രസ്താവ്യം
  9. ഡി.വിനയചന്ദ്രൻ, 'മറിയാമ്മച്ചേട്ടത്തി മലയാളമഹിമാനം', കലാകൗമുതി, ജൂൺ 14, 1998.
  10. മറിയാമ്മ ചേടത്തിയുടെ മാണിക്കംപെണ്ണ്, മേൽ പ്രസ്താവ്യം, പുറം 157.
  11. Mariamma Chedathy Archived 2017-10-30 at the Wayback Machine., worldlibrary
  12. അടിച്ചുവാരും, ക്ലാസെടുക്കും; ഈ 'പ്രഫസർ' പുസ്തകവും എഴുതും; മലയാളമനോരമ, സെപ്റ്റംബർ 24, 1998
  13. മറിയാമ്മ ചേടത്തിയുടെ മാണിക്കംപെണ്ണ്, മേൽ പ്രസ്താവ്യം, പുറം 157.
  14. Mariamma Chedathy, മേൽ പ്രസ്താവ്യം
  15. മറിയാമ്മ ചേടത്തിയുടെ മാണിക്കംപെണ്ണ്, മേൽ പ്രസ്താവ്യം, പുറം 9.
  16. മറിയാമ്മ ചേടത്തിയുടെ മാണിക്കംപെണ്ണ്, മേൽ പ്രസ്താവ്യം, പുറം 7.
  17. Mariamma Chedathy, മേൽ പ്രസ്താവ്യം
  18. മറിയാമ്മച്ചേടത്തിയുടെ മാണിക്കംപെണ്ണ്, എഡി. സെബാസ്റ്റ്യൻ വട്ടമറ്റം, സാഹിത്യ പ്രസാധക സഹകരണ സംഘം, 2011.
  19. ഡോ. എം.ബി. മനോജ്, മുദിത: മലയാളത്തിലെ ദളിത് പെൺ കവിതകൾ, (സമാഹരണം, പഠനം), വിദ്യാർത്ഥി പബ്ലിക്കേഷൻസ്, ജൂലൈ, 2014, പുറം 6, 109.
  20. ഡോ. എം.ബി. മനോജ്, മേൽ പ്രസ്താവ്യം
  21. മറിയാമ്മച്ചേടത്തിയുടെ മാണിക്കംപ്പെണ്ണ്, മേൽപ്രസ്താവ്യം
  22. The Week, October 31, 1999
  23. അടിച്ചുവാരും, ക്ലാസെടുക്കും, മേൽപ്രസ്താവ്യം
  24. Sunday Mangalam, January 10, 1999] [12] മലയാളം വാരിക, മാർച്ച് 24, 2000
  25. മലയാള മനോരമ, സെxപ്റ്റംബർ 24, 1998.
  26. മാണിക്കം പെണ്ണ് എന്ന കൃതിയുടെ ഉള്ളടക്കം.
  27. “മഴയത്തൊരു സിനിമ! കരുണം”, നാനാ സിനിമാ വാരിക, നവംബർ 7, 1999