മയിലാടുംകുന്ന് പ്രശസ്ത സാഹിത്യകാരനായിരുന്ന മുട്ടത്തുവർക്കി എഴുതിയ ഒരു ജനപ്രിയനോവലാണ്. 1956 ൽ കോട്ടയത്തെ ഡി.സി. ബുക്സ് ഇത് ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.

മയിലാടുംകുന്ന്
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംപ്രണയം
പ്രസാധകർഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1956

കഥാതന്തു

തിരുത്തുക

ഈ നോവലിലെ മുഖ്യ കഥാപാത്രങ്ങൾ ജോയി എന്ന ചെറുപ്പക്കാരനും അയാളുടെ ബാല്യകാല സഖിയായ ലിസ എന്ന പെൺകുട്ടിയുമാണ്. ജോയി ഗ്രാമത്തിലെ  ഒരു പണക്കാരന്റെ മകനായിരുന്നു. ഈ ധനിക കുടുംബത്തിലെ ആശ്രിതനായ ഔതച്ചേട്ടന്റെ പുത്രിയാണ് ലിസ. മയിലാടും കുന്നിൽ ചെറുപ്പകാലം മുതൽ കളിച്ചു വളർന്നവരാണ് ജോയിയും ലിസയും. ബാല്യകാലസൌഹൃദം പ്രണയത്തിലേയ്ക്കു വളർന്നു. പെട്ടെന്നുണ്ടായ സാമ്പത്തികത്തകർച്ചയിൽ നിൽക്കക്കള്ളിയില്ലാതെ മയിലാടും കുന്നു വിൽക്കുവാൻ അവർ തീരുമാനിക്കുന്നു. ഈ സ്ഥലത്തിന് ഏതോ ദോഷമുള്ളതിനാലാണ് തങ്ങൾക്കു സാമ്പത്തികത്തകർച്ച നേരിട്ടതെന്ന് അവർ ഉറച്ചു വിശ്വസിക്കുകയം ചെയ്തു. സ്ഥലം വിൽപ്പന നടത്തി അവർ പട്ടണത്തിലേയ്ക്കു താമസം മാറുവാൻ തീരുമാനിച്ചു. എന്നാൽ സ്ഥലവിൽപ്പനയിൽ ലഭിച്ച പണം കൈമോശം വരുകയും അവർക്ക് മാനസികവ്യഥയുണ്ടാകുകയും ചെയ്തു. നഷ്ടപ്പെട്ട പണം മുഴുവൻ വിശ്വസ്ത ഭൃത്യനായ ഔതച്ചേട്ടന്റെ കൈവശം സുരക്ഷിതമായി എത്തിച്ചേർന്ന വിവരം വളരെക്കാലത്തിനു ശേഷമാണ് അവർ അറിയുന്നത്. പണം കുടുംബത്തിന് തിരികെ ലഭിക്കുകയും സാമ്പത്തികത്തകർച്ചയിൽനിന്നു കരകയറുകയും ചെയ്തു. പട്ടണത്തിലേയ്ക്കു സ്ഥലം മാറിയ ജോയിക്കും ലിസയ്ക്കും വിരഹം താങ്ങുവാൻ സാധിച്ചില്ല. നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്ത് നോവലിലെ കാമുകീകാമുന്മാർ ഒന്നാകുന്നതോടെ നോവൽ അവസാനിക്കുന്നു. പ്രണയവും വിരഹവുമൊക്കെ ഇഴചേർന്നു കിടക്കുന്ന ഈ നോവൽ ആ കാലഘട്ടിത്തിലെ വൻ വിജയമായിരുന്നു.

1972 ൽ ഈ നോവലിന് ചലച്ചിത്രഭാഷ്യമുണ്ടായി[1]. കെ.എസ്. സേതുമാധവൻ സംവിധാനം ചെയത ഈ നോവലിന്റെ ചലച്ചിത്ര രൂപത്തിൽ അക്കാലത്തെ പ്രശസ്ത അഭിനേതാക്കളായ പ്രേംനസീർ, കെ.പി. ഉമ്മർ, ജയഭാരതി എന്നിവരാണ് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്[2].

  1. "മയിലാടുംകുന്ന്" (in ഇംഗ്ലീഷ്). m3db. Retrieved 2022-04-24.
  2. "Mayilaadumkunnu (1972)". Retrieved 2022-04-24.
"https://ml.wikipedia.org/w/index.php?title=മയിലാടുംകുന്ന്_(നോവൽ)&oldid=3732878" എന്ന താളിൽനിന്ന് ശേഖരിച്ചത്