മദ്ധ്യപ്രദേശ് സംസ്ഥാനത്തിലൂടെ അനേകം നദികൾ‌ ഒഴുകുന്നുണ്ട്. ഇവയിൽ പ്രധാനപ്പെട്ട നദി നർമ്മദാ നദിയാണ്. ചമ്പൽ, ബെട്വ, ശിപ്ര, സോനെ, മഹാനദി, ഇന്ദ്രാവതി, താപ്തി എന്നിവയാണ് മറ്റു പ്രധാന നദികൾ. ഇവയിൽ എല്ലാ നദികളും ഇന്നത്തെ മദ്ധ്യപ്രദേശിൻറെ രൂപീകരണ പ്രക്രിയയിൽ (പട്ടണങ്ങളുടെയും സംസ്കാരത്തിൻറെയും മററും വളർച്ചയിൽ) ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്.

നർമ്മദ നദി

തിരുത്തുക

നർമ്മദനദി അടുത്ത കാലത്ത് ദേശീയ പ്രാധാന്യം നേടിയത്, ഭാരത സർക്കാർ ഈ നദിയ്ക്കു കുറുകെ ഒരു അണക്കെട്ടു പടുത്തുയർത്തുവാൻ തീരുമാനിച്ചതോടെയാണ്. ഗംഗ, യമുന, ഗോതാവരി, കാവേരി എന്നീ നദികളെപ്പോലെ മതപരമായും സാംസ്കാരികമായും ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 5 നദികളിൽ ഒന്നാണിത്. ഈ 5 നദികളിൽ ഏതെങ്കിലുമൊന്നിൽ മുങ്ങിക്കുളിച്ചാൽ ആ മനുഷ്യൻറ പാപങ്ങൾ മുഴുവനും കഴുകിക്കളയാൻ സാധിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. ഗംഗാ നദി അനേക ശതം ആളുകൾ സ്നാനം ചെയ്യുന്നതു വഴി മലിനാമകുകയും ഈ മാലിന്യം സ്വയം നീക്കുന്നതിനായി നദി ഒരു കറുത്ത പശുവിൻറ രൂപം പ്രാപിച്ച് നർമ്മദിയിലെത്തി നർമ്മദയിലെ പുണ്യജലത്തിൽ സ്നാനം ചെയ്ത് തന്നിലെ മാലിന്യത്തെ കഴുകിക്കളയുമെന്നാണ് ഐതിഹ്യം.

റിവ എന്നും മഹാകാലാസുത എന്നും പുരാതന കാലത്ത് അറിയപ്പെട്ടിരുന്ന നർമ്മദ മദ്ധ്യപ്രദേശ് സംസ്ഥാനത്തിൻറെ ജീവനാഢിയാണ്. വിന്ധ്യാ പർവ്വത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ അമർകണ്ടക്കിൽ നിന്നുമുത്ഭവിക്കുന്ന നർമ്മദ പടിഞ്ഞാറോട്ടൊഴുകി മദ്ധ്യപ്രദേശിലൂടെയും ഗുജറാത്തിലൂടെയും കടന്ന് അവസാനം തൻറെ പ്രയാണം ഗൾഫ് ഓഫ് കമ്പാട്ടിൽ അവസാനിപ്പിക്കുന്നു. 1300 കിലോമീറ്റർ നീളം കണക്കാക്കിയിരിക്കുന്ന നർമ്മദ, ഇന്ത്യയിലെ അഞ്ചാമത്തെ വലിയ നദിയാണ്. നാലാം നൂറ്റാണ്ടിലെ കവിയായിരുന്ന കാളിദാസൻ തൻറെ പ്രണയകാവ്യമായ മേഘദൂദത്തിൽ നർമ്മദ നദിയെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്. രണ്ടു ചരിത്രനഗരങ്ങളായ മഹിസ്മതി (ഇന്നത്തെ മഹേശ്വർ), ത്രിപുരി (ഇന്നത്തെ ജബൽപൂർ ജില്ലയിലുള്ള തിവാർ) എന്നിവ ഈ നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്. വളരെ പുരാതനമായ കാലം മുതൽക്കു തന്നെ ഈ മേഖലയിൽ മനുഷ്യവാസമുണ്ടായിരുന്നതായി പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

നർമ്മദ നദിയുടെ ഉത്ഭവത്തെക്കുറിച്ച് അനേകം നാടോടിക്കഥകൾ പ്രചാരത്തിലുണ്ട്. അതിലൊന്ന്, ഒരിക്കൽ ഭഗവാൻ ശിവൻ അതികഠിനാമായ തപസ്സു ചെയ്യുന്ന സമയത്ത് അത്യൂഷ്ണത്താൽ അദ്ദേഹത്തിൻറെ ശരീരത്തിൽ നിന്നുമൊഴുകിയ വിയർപ്പ് ഭൂമിയിലൂടെ ഒരു നദിയായി ഒഴുകിയെന്നാണ്. ഇതാണ് നർമ്മദ നദിയായി രൂപം പ്രാപിച്ചതത്രേ. മറ്റൊരു കഥ ബ്രഹ്മാവിൻറെ കണ്ണിൽ നിന്നു രണ്ടു തുള്ളി കണ്ണീർ ഭൂമിയിൽ പതിക്കുകയും നർമ്മദ, സോനെ എന്നീ നദികളായി മാറുകയും ചെയ്തുവെന്നാണ് ഐതിഹ്യം.

ചമ്പൽ നദി

തിരുത്തുക

965 കിലോമീറ്റർ നീളമുള്ള ചമ്പൽ നദി പടിഞ്ഞാറൻ മദ്ധ്യപ്രദേശിലെ പ്രധാന നദിയാണ്. മഹാഭാരതത്തിൽ പുണ്യ എന്ന പേരിൽ പരാമർശിക്കുന്നത് ഈ നദിയാണ്.

ചമ്പൽ നദി ഉദ്ഭവിക്കുന്നത് വിന്ധ്യാ പർവ്വതത്തിലെ ജനപാവ് മലയിൽ നിന്നാണ്. വടക്കു കിഴക്കിലൂടെ ഉജ്ജയിനി, രത്ലാം, മാൻഡ്സൌർ എന്നിവിടങ്ങളിലൂടെ ഒഴുകി രാജസ്ഥാനിൽ പ്രവേശിക്കുന്നു. രാജസ്ഥാനിലൂടെ ഒഴുകി വീണ്ടും ഒരിക്കൽക്കൂടി മദ്ധ്യപ്രദേശിൽ പ്രവേശിച്ച് രാജസ്ഥാനിലെ ഏതാനും പ്രദേശങ്ങളിലൂടെ വളഞ്ഞു പുളഞ്ഞ ഒഴുകി മൊറയ്ന, ഭിന്ദ് എന്നീ പട്ടണങ്ങളെ തൊട്ടു കടന്നു പോകുന്നു. തീവെട്ടിക്കൊള്ളക്കാരുടെ കേന്ദ്രമായ ചമ്പൽക്കാടുകൾ ഈ മേഖലയിലാണ്.

താപ്തി നദി (താപി)

തിരുത്തുക

മദ്ധ്യപ്രദേശിലെ താപ്തി നദി മാത്രമാണ് പടിഞ്ഞാറോട്ടൊഴുകി അറേബ്യൻ കടലിൽ പതിക്കുന്നത്. 724 കിലോമീറ്റർ നീളമുള്ള താപ്തി നദി ഈ മേഖലയിലെ കാർഷികമേഖലയെ പരിപോഷിപ്പിക്കുന്നു. മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി ഏകദേശം 65,145 സ്ക്വയർ കിലോമീറ്റർ പ്രദേശം ഈ നദിയിലെ ജലത്താൽ ഫലഭൂയിഷ്ടമായിരിക്കുന്നു. സത്പുര പർവ്വതത്തിൻറ തെക്കുഭാഗത്ത് ബേട്ടൂൾ ജില്ലയിലെ 762 മീറ്റർ ഉയരമുള്ള പ്രദേശത്തു നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്. നർമ്മദയ്ക്കു സമാന്തരാമയിട്ടാണ് ഏറെ പ്രദേശങ്ങളിലൂടെ ഒഴുകുന്നത്. നർമ്മദയെക്കാളും നീളവും കാച്ച്മെൻറ് ഏരിയയും കുറവാണ് ഈ നദിയ്ക്ക്.

പുരാണങ്ങളനുസരിച്ച് താപ്തി നദി സൂര്യഭഗവാൻറെ പുത്രിയാണ്. തൻറെ അതിഭയങ്കരമായ ചൂടിൽ നിന്നു സ്വയമേവ രക്ഷപ്പെടുവാൻ സൂര്യഭഗവാൻ അവളെ സൃഷ്ടിച്ചുവത്രേ. താപ്തി നദിയ്ക്ക് താപി നദി എന്ന മറ്റൊരു പേരു കൂടിയുണ്ട്. ഇത് സംസ്കൃത പദമാണ്. താപ് എന്നാൽ സംസ്കൃത്തിൽ ചൂട് എന്നാണല്ലോ. മഹാഭാരതത്തിൽ താപി ചന്ദ്രവംശത്തിലെ സൻവരനെ വിവാഹം കഴിച്ചു. അവർക്കു ജനിച്ച കുരു എന്ന പുത്രനിൽ നിന്നാണ് കുരു വംശം തുടങ്ങുന്നത്.

ശിപ്ര നദി

തിരുത്തുക

ഉജ്ജയിനിയിൽ നിന്നും 11 കിലോമീറ്റർ അകലെ വിന്ധ്യാപർവ്വത നിരയിലുള്ള കൊക്രി തെക്ടി മലയിൽ നിന്നുമാണ് ശിപ്ര നദി ഉത്ഭവിക്കുന്നത്. 195 കിലോമീറ്റർ നീളമുള്ള ഈ നദി തൻറെ 93 കിലോമീറ്റർ ഉജ്ജയിനിയിലൂടെ ഒഴുക്കുന്നു.ചമ്പൽ നദിയുമയി ചേരുന്നതിനു മുമ്പ് റത്ലം, മാൻഡ്സൌർ എന്നീ പട്ടണങ്ങളെ തൊട്ടു കടന്നു പോകുന്നു. ശിപ്ര നദിയുടെ പ്രധാന പോഷകനദികൾ ഖാൻ, ഗംഭീര് എന്നിവയാണ്.

ശിപ്ര നദി ഹിന്ദു പുരാണങ്ങളെക്കൂടാതെ ബുദ്ധ, ജൈന ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെട്ടിരിക്കുന്നു.

സോനെ നദി

തിരുത്തുക

സോനെ നദി മൈകൽ പർവ്വതനിരകളിലെ അമർകണ്ഡക് മലയിൽനിന്നുമുത്ഭവിക്കുന്നു. അതിനാൽ മൈകൽസട്ട് എന്നും ഈ നദി അറിയപ്പെടുന്നു. പുരാനതനകാലത്ത് ഈ നദി ഷോന എന്നറിയപ്പെട്ടിരുന്നു. നർമ്മദ നദിയും അമർകണ്ഡക്കിൽ നിന്നാണുത്ഭവിക്കുന്നത്, എന്നൽ അത് പടിഞ്ഞാറേയ്ക്കും സോനെ നദി കിഴക്കോട്ടും ഒഴുകുന്നു. ഈ രണ്ടു നദികളും വ്യത്യസ്ത ദിക്കിലേയ്ക്ക് ഒഴുകുന്നതിനു പിന്നിൽ ഒരു പുരാണ കഥയുണ്ട്. നദി രാജകുമാരിയായ നർമ്മദ, മൈകൽ പർവ്വത രാജാവിൻറെ മകളായിരുന്നു. എല്ലാവിധ നേത്രരോഗങ്ങളും ഭേദമാക്കാൻ കഴിവുള്ള ഗുലാബ്കവാലി എന്ന പുഷ്പം കൊണ്ടുവരാൻ കഴിവുള്ളവർക്കു മാത്രമേ തൻറ മകളെ വിവാഹം കഴിച്ചു കൊടുക്കുകയുള്ളു എന്ന് മൈകൽ രാജൻ വിളംബരം ചെയ്തു. ഷോന രാജകുമാരൻ ഗുലാബ്കാവലി കൊണ്ടുവന്നുവെങ്കിലും പ്രതീക്ഷിച്ചതിലും വൈകിയാണെത്തിച്ചേർന്നത്. സുന്ദരനായ ഷോന രാജകുമാരനെ നർമ്മദ രാജകുമാരിക്കു നന്നെ പിടിച്ചു. താൻ വിവാഹം കഴിക്കുന്നുവെങ്കിൽ അതു ഷോന രാജകുമാരനെയായിരിക്കുമെന്ന് നർമ്മദ രാജകുമാരി പ്രതിജ്ഞ ചെയ്തു. അവൾ കേശാലങ്കാരവിദഗ്ദ്ധയും തോഴിയുമായ ജോഹിലയെ തൻറെ ഇംഗിതം രാജകുമാരനെ അറയിക്കുവാൻ പറഞ്ഞയച്ചു. നർമ്മതയെ നാളിതുവരെ കണ്ടിട്ടില്ലാത്തി രാജകുമാരൻ,ജോഹിലയെ നർമ്മദ രാജകുമാരിയെന്നു തെറ്റിദ്ധരിക്കുകയും അവളോട് അനുരാഗം തോന്നുകയും ചെയ്തു.വളരെക്കാലമായിട്ടും ജോങില തിരികെ വരാതെയിരുന്നതിനാൽ നർമ്മത അക്ഷമയാവുകയും ജോഹിലയെ താമസിപ്പിക്കന്ന കാര്യം എന്താണെന്ന് നേരിട്ടു മനസ്സിലാക്കുവാൻ യാത്ര പുറപ്പെടുകയും ചെയ്തു. ജോഹിലയെ ഷോന രാജകുമാരനൊപ്പം കണ്ട നർമ്മത ക്രൂദ്ധയായി പടിഞ്ഞാറേ ദിക്കിലേയ്ക്കു പോയി. രാജകുമാരൻ തൻറെ അബദ്ധം മനസ്സിലാക്കിയപ്പോൾ അമർകണ്ടക് പർവ്വതത്തിനു മുകളിൽ നിന്നു ഹതാശയനായി ചാടുകയും വനത്തിലൂടെ കിഴക്കേ ദിക്കിലേയ്ക്ക് അലയുകയും ചെയ്തു. പിന്നീട് തിരിച്ചു വന്ന രാജകുമാരൻ ജോഹിലയെ വിവാഹം കഴിക്കുകയും നർമ്മദ രാജകുമാരി കന്യകയായി ശേഷകാലം തുടരുകയും ചെയ്തു.

ഗംഗാനദിയുടെ ഒരു പ്രധാന പോഷകനദിയായ സോനെ നദിയ്ക്ക് 780 കിലോമീറ്റർ നീളവും വൃഷ്ടിപ്രദേശം ഏകദേശം 17,900 സ്കയർ കിലോമീറ്ററുമുണ്ട്. സോനെ നദി ബീഹാറിലെ ദനപൂരിൽ വച്ച് ഗംഗാനദിയുമായി ചേരുന്നു. ഈ നദിയുടെ പ്രധാന പോഷകനദികൾ ജോഹില, ബനാസ്, ഗോപാട്ട് എന്നിവയാണ്.

റായ്പൂരിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സിഹാവാ പർവ്വതനിരയിൽ നിന്നാണ് 857 കിലോമീറ്റർ നീളമുള്ള മഹാനദി ഉത്ഭവിക്കുന്നുത്. ഒറീസയിലെ കട്ടക്കിനു സമീപം ബംഗാൾ ഉൾക്കടലിൽ പതിക്കുന്നതിനു മുമ്പ് മഹാനദി റായ്പൂരിൽ നിന്നു തുടങ്ങി മദ്ധ്യപ്രദേശിലെ ബിലാസ്പൂർ, ബസ്തർ, റായ്ഗർ എന്നിവിടങ്ങളിലൂടെ ഒഴുകുന്നു. 4.8 കിലോമീറ്റർ നീളമുള്ളതും ഇൻഡ്യയിലെ വലിയ അണക്കെട്ടുകളിലൊന്നുമായ ഹിരാക്കുഡ് അണക്കെട്ട് ഈ നദിയിലാണ് പണിതുയർത്തിയിരിക്കുന്നത്. ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നക് ഒറീസയിലെ സാമ്പൽപൂരിലാണ്. ശിവ്നാഥ്, ഹസ്ഡോ, മാൻഡ്, ഇബ് എന്നിവയാണ്. മത്സ്യ, ബ്രഹ്മ പുരാണങ്ങളിലെ ഈ നദിയെ ചിത്രോത്പല എന്ന പേരിലാണ് പരാമർശിക്കുന്നത്.

ബെട്വ നദി

തിരുത്തുക

മദ്ധ്യപ്രദേശിലെ റെയ്സൺ ജില്ലയിലുള്ള കുമ്ര വില്ലേജിൽ നിന്നാണ് ബെട്വ നദി ഉറവെടുക്കുന്നത്. 380 കിലോമീറ്റർ നീളമുണ്ട്. മദ്ധ്യപ്രദേശിലെ പല മേഖലകളിലൂടെ ചുറ്റിത്തിരിഞ്ഞ് അയൽ സംസ്ഥാനമായി ഉത്തർപ്രദേശിൽ പ്രവേശിച്ച് ഹമീർപൂരിൽ വച്ച് യമുനാ നദിയിൽ ലയിക്കുന്നു. ബെട്വ നദിയുടെ പോഷക നദികളാണ് ബിന, യാമിനി, ധനാൻ, കെൻ എന്നീ നദികൾ. പുരാതന കാലത്ത് ബെട്വ നദി വേത്രാവതി എന്നും അറിയപ്പെട്ടിരുന്നു.

ഇന്ദ്രാവതി നദി

തിരുത്തുക

ബസ്തറില‍ നിന്നുമുത്ഭവിച്ച് ഏകദേശം 40 കിലോമീറ്റർ ദൂരം പടിഞ്ഞാറേ ദിക്കിലേയ്ക്കൊഴുകി ജഗ്ദൽപൂരിന് സമീപം അതിഗംഭീരമായ ചിത്രകൂടം വെള്ളച്ചാട്ടത്തിലേയ്ക്കു പതിക്കുന്നു. ഇന്ദ്രാവതി എന്ന പേര് മഴയുടെ ദേവനായ ദേവേന്ദ്രനിൽ നിന്നുമാണ്.

"https://ml.wikipedia.org/w/index.php?title=മദ്ധ്യപ്രദേശിലെ_നദികൾ&oldid=3384316" എന്ന താളിൽനിന്ന് ശേഖരിച്ചത്