കവിയും സംസ്‌കൃത പണ്ഡിതനും ആയുർവേദ വൈദ്യനും, ശ്രീനാരായണഗുരുവിന്റെ സതീർത്ഥ്യനും കുമാരൻ ആശാന്റെ ഗുരുവും, ആയിരുന്ന മണമ്പൂർ ഗോവിന്ദൻ ആശാൻ തിരുവനന്തപുരം ജില്ലയിലെ വർക്കല മണമ്പൂരിലെ വാഴാംകൊട്ട് എന്ന പുരാതന തറവാട്ടിൽ കൊല്ലവർഷം 1038 ൽ ജനിച്ചു. സരസകവി മൂലൂരിന്റെ കവിരാമായണത്തിലും, ശ്രീനാരായണ കീർത്തനമഞ്ജരിയിലും അങ്ങാടിക്കൽ വേലു വൈദ്യന്റെ കവിഖഗാവലിയിലും മണമ്പൂർ ഗോവിന്ദൻ ആശാനെകുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്.

പരവൂർ പൊഴിക്കര ഗോവിന്ദൻ ആശാൻ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗുരു. അവിടെ നിന്ന് സംസ്‌കൃതം അഭ്യസിച്ച ശേഷം കാർത്തികപ്പള്ളി പുതുപ്പള്ളിൽ വാരാണപള്ളി കുടുംബത്തിലെ രാമൻപിള്ള ആശാന്റെ ശിഷ്യത്വം സ്വീകരിക്കുകയും സംസ്‌കൃതത്തിൽ പാണ്ഡിത്യം നേടുകയും ചെയ്തു. ശ്രീനാരായണ ഗുരു, വെളുത്തേരി, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, വാരാണപള്ളി കുഞ്ഞു പണിക്കർ, കെ.സി. കുഞ്ഞൻ വൈദ്യർ മുതലായവർ അവിടെ മണമ്പൂർ ഗോവിന്ദൻ ആശാന്റെ സഹപാഠികൾ ആയിരുന്നു. നാല് വർഷം അവിടെ പഠനം തുടർന്ന ശേഷം വൈദ്യ പഠനത്തിനായി ഹരിപ്പാട് അനന്ദപുരത്ത് രാജരാജവർമ്മ മൂത്ത കോയിതമ്പുരാന്റെ കൊട്ടാരത്തിലേക്ക് പോയി.

ആയുർവേദ പഠന ശേഷം നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം എസ്‌.എൻ.ഡി.പി യോഗത്തിന്റെ ആദ്യ ഉപാധ്യക്ഷനായിരുന്ന ചവർകോട് കൊച്ചു ചെറുക്കൻ വൈദ്യന്റെ അപേക്ഷയനുസരിച്ച് രണ്ട് വർഷത്തോളം വർക്കല ചാവർകോട് താമസിച്ച് വൈദ്യവും സംസ്കൃതവും പഠിപ്പിച്ചു. പിന്നീട് കൊല്ലവർഷം 1092ൽ ശ്രീ നാരായണ ഗുരു ശിവവിരിയിൽ സംസ്‌കൃത പഠനശാല സ്ഥാപിച്ചപ്പോൾ അദ്ദേഹത്തെ അവിടുത്തെ അദ്ധ്യാപകൻ ആയി നിയമിച്ചു. തന്റെ മരണം വരെ ഗോവിന്ദനാശാൻ ആ ജോലിയിൽ തുടരുകയും ചെയ്തു. വർക്കല നെടുങ്ങണ്ടയിൽ വിജ്ഞാനസന്ദായിനി എന്ന പേരിൽ ഒരു സംസ്‌കൃതപാഠശാല ഗോവിന്ദനാശാൻ സ്ഥാപിച്ചു. കുമാരൻ ആശാൻ അദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രമുഖൻ ആണ്. [1][2]

വിദ്യാഭ്യാസ കാലത്ത് തന്നെ ഗോവിന്ദനാശാൻ ധാരാളം കവിതകൾ എഴുതിയിരുന്നു. മുണ്ടയിൽ ഗോവിന്ദനാശാൻ എന്ന പേരിൽ ആണ് അദ്ദേഹം ഏറെയും എഴുതിയിരുന്നത്. കൃഷ്ണാർജ്ജുന വിജയം ആട്ടക്കഥ, ശിവസ്തോത്ര മാല മുതലായ കാവ്യങ്ങൾ അദ്ദേഹം രചിച്ചു. ഭാരതം ചമ്പു, രഘുവംശം, മേഘസന്ദേശം തുടങ്ങിയ സംസ്‌കൃത കൃതികൾ അദ്ദേഹം വിവർത്തനം ചെയ്തു. മലയാള മനോരമ, കേരളനന്ദിനി, സുജനനന്ദിനി, വിദ്യാവിലാസിനി മുതലായ പത്രമാസികകളിലും അദ്ദേഹം എഴുതിയിരുന്നു. കൊല്ലവർഷം 1096 വൃശ്ചികം 15ന് അദ്ദേഹം അന്തരിച്ചു.

  1. https://careermagazine.in/mahakavi/
  2. http://www.netmalayalam.com/the-poet-who-wrote-poetry-for-spring-birthday-of-kumaranasan-73604-2/
  • ശിവഗിരി മാസിക
  • വർക്കല : ചരിത്രം, സംസ്കാരം, വർത്തമാനം. തനിമ സുഭാഷ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. (ISBN/978-93-94421-36-3)


"https://ml.wikipedia.org/w/index.php?title=മണമ്പൂർ_ഗോവിന്ദൻ_ആശാൻ&oldid=3783232" എന്ന താളിൽനിന്ന് ശേഖരിച്ചത്