മച്ചാട്ടു വാസന്തി

കേരളത്തിലെ ഒരു നാടക-സിനിമാ ഗായിക

കേരളത്തിലെ ഒരു നാടക-സിനിമാ ഗായികയാണ് മച്ചാട്ടു വാസന്തി.[1]

ജീവിതരേഖ തിരുത്തുക

കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും വിപ്ലവ ഗായകനും റേഡിയോ ആർട്ടിസ്റ്റുമായ മച്ചാട് കൃഷ്ണന്റെയും കല്യാണിയുടേയും മകളായി കണ്ണൂർ കക്കാട് ജനിച്ചു. കണ്ണൂരിൽ നടന്ന കിസാൻസഭാ സമ്മേളന വേദിയിലാണ് വാസന്തി ആദ്യമായി പാടുന്നത്. പാടാനറിയാമെന്നറിഞ്ഞപ്പോൾ ഇ കെ നായനാരായിരുന്നു കുട്ടിയെ വേദിയിലെത്തിക്കാൻ നിർദ്ദേശിച്ചത്. ഒൻപതു വയസ്സുള്ള വാസന്തിയെ നായനാർ വേദിയിലേക്ക് എടുത്തുകയറ്റി. "പൊട്ടിക്കൂ പാശം, സമരാവേശം കൊളുത്തൂ വീരയുവാവേ നീ" എന്ന് തുടങ്ങുന്നതായിരുന്നു ഗാനം. വാസന്തിയുടെ അച്ഛൻറെ അടുത്ത കൂട്ടുകാരനായിരുന്നു ബാബുരാജ്. മകളുടെ സംഗീതപഠനത്തിനായി കുടുംബം കോഴിക്കോട് മാറി. കല്ലായിൽ ബാബുരാജിന്റെ താമസസ്ഥലത്ത് ദിവസവും രാവിലെയെത്തി വാസന്തി സംഗീതം അഭ്യസിച്ചു. ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച തിരമാല എന്ന ചിത്രത്തിൽ ആദ്യഗാനം പാടാനുള്ള അവസരവും ലഭിച്ചു. എന്നാൽ, സിനിമ പുറത്തിറങ്ങിയില്ല. അതേവർഷം തന്നെ രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ രണ്ടു പാട്ടു പാടി. പി. ഭാസ്കരൻ മാഷിന്റെ രചനയിൽ ബാബുരാജ് ഈണം പകർന്ന “തത്തമ്മേ തത്തമ്മേ നീപാടിയാൽ അത്തിപ്പഴം തന്നിടും...’, “ആരു ചൊല്ലിടും ആരു ചൊല്ലിടും...’ എന്നീ ഗാനങ്ങൾ. നാടകത്തിലും സിനിമയിലും ആകാശവാണിയിലുമൊക്കെയായി പതിനായിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. എന്നാൽ പിന്നീടു സിനിമയേക്കാൾ വാസന്തിയുടെ തട്ടകം കോഴിക്കോട്ട് കേന്ദ്രമാക്കിയുള്ള നാടകങ്ങളിലായിരുന്നു.

പതിമൂന്നാം വയസിലാണു വാസന്തി പച്ചപ്പനംതത്തേ... എന്ന പാട്ടു പാടുന്നത്. പിന്നീടു പാട്ടു മാത്രമായിരുന്നില്ല നാടകാഭിനയവും വഴങ്ങി. നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, പി.ജെ ആൻറണിയുടെ ഉഴുവുചാൽ, കുതിര വട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്സിന്റെ കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, തിക്കോടിയൻറെ നിരവധി നാടകങ്ങളിൽ വാസന്തി നായികയും ഗായികയുമായി.

അമ്മു ആയിരുന്നു വാസന്തി പാടിയ രണ്ടാമത്തെ സിനിമ. ബാബുരാജ് സംഗീതം നിർവഹിച്ച എൽ. ആർ. ഈശ്വരിക്കൊപ്പം പാടിയ “കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാൻ..’ എന്ന പാട്ട് ഏറെ ശ്രദ്ധേയമായി. തുടർന്ന് എംടിയുടെ കുട്ട്യേടത്തിയിലും വാസന്തി ഒരു പാട്ട് പാടി. അതിനുശേഷമാണ് വാസന്തിയുടെ എക്കാലത്തേയും മികച്ച ഗാനമായ ഓളവും തീരത്തിലെ മണിമാരൻ തന്നത്...’ എന്നഗാനം പിറക്കുന്നത്. “മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിൻറെ കിരിമ്പു തോട്ടം..’കെ.ജെ. യേശുദാസിനൊപ്പം ബാബുരാജിൻറെ സംഗീതത്തിൽ പാടിയ ഈ പാട്ട് മച്ചാട്ട് വാസന്തിയെ കൂടുതൽ ശ്രദ്ധേയയാക്കി. മീശമാധവൻ എന്ന ചിത്രത്തിൽ പത്തിരി ചുട്ടു വിളമ്പിവിളിച്ചത് എന്ന ഗാനവും ആലപിച്ചു.

പ്രസിദ്ധ ഗാനങ്ങൾ തിരുത്തുക

  • "തത്തമ്മേ തത്തമ്മേ നീപാടിയാൽ അത്തിപ്പഴം തന്നിടും..."
  • "ആരു ചൊല്ലിടും ആരു ചൊല്ലിടും..."
  • "പച്ചപ്പനംതത്തേ..."
  • "കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാൻ.."
  • "മണിമാരൻ തന്നത്...
  • "പത്തിരി ചുട്ടു വിളമ്പിവിളിച്ചത്."

അവലംബം തിരുത്തുക

  1. "അപകടങ്ങൾ ദുരിതത്തിലാക്കിയ മലയാളികളുടെ പച്ചപ്പനന്തത്തയ്ക്ക് സഹായവുമയി ഫേസ്‌ബുക്ക് കൂട്..." മറുനാടൻ മലയാളി. Archived from the original on 2016-08-24. Retrieved 21 ഓഗസ്റ്റ് 2016.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=മച്ചാട്ടു_വാസന്തി&oldid=3788450" എന്ന താളിൽനിന്ന് ശേഖരിച്ചത്