ഭദ്ര എൻ. മേനോൻ
ഒരു മലയാള നോവലിസ്റ്റും കഥാകൃത്തുമായിരുന്നു ഭദ്ര എൻ. മേനോൻ (1931 - 2012 സെപ്റ്റംബർ 7). മലയാളത്തിലെ ആദ്യത്തെ വനിതാ ഡിറ്റക്‌ടീവ് നോവലിസ്‌റ്റ് എന്ന നിലയിൽ ഇവർ ശ്രദ്ധേയയാണ്.[1] 2004-ൽ പുറത്തിറങ്ങിയ സിൽവർ ജയിംസ് ആണ് ഇവർ രചിച്ച കുറ്റാന്വേഷണ നോവൽ.
ഭദ്ര എൻ. മേനോൻ | |
---|---|
തൊഴിൽ | കുറ്റാന്വേഷണ നോവലിസ്റ്റ്, കഥാകൃത്ത് |
ദേശീയത | ഇന്ത്യ |
ശ്രദ്ധേയമായ രചന(കൾ) | സിൽവർ ജയിംസ് |
ജീവിതരേഖ
തിരുത്തുകവളരെ ചെറുപ്പം മുതൽ തന്നെ എഴുത്തിനോട് താത്പര്യം പ്രകടിപ്പിരുന്ന ഭദ്ര കൊല്ലം തേവള്ളി മലയാളിസഭാമന്ദിരം സ്ക്കൂളിലെ വിദ്യാഭ്യാസ കാലത്ത് ഘോരവനം എന്ന പേരിൽ ഒരു ഡിറ്റക്ടീവ് നോവൽ എഴുതിയിരുന്നു. നോട്ട് ബുക്കിൽ എഴുതി തുടങ്ങിയ ഈ നോവൽ വീട്ടുകാരുടെ കണ്ണിൽപെട്ടതോടെ എഴുത്തിനു വിരാമമിടേണ്ടി വന്നു. ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം വിവാഹിതയായി ഭർത്താവിന്റെ വടക്കൻ പറവൂരിലെ വീട്ടിലെത്തിയതോടെ വീണ്ടും ശ്രദ്ധ എഴുത്തിലേക്ക് തിരിഞ്ഞു. ഇക്കാലയളവിൽ എഴുതിയ പെണ്ണുകാണലിനുശേഷം എന്ന ചെറുകഥ ദേശബന്ധുവിന്റെ വാരാന്തപതിപ്പിൽ 'ലേഖ' എന്ന തൂലികാനാമത്തിൽ പ്രസിദ്ധീകരിച്ചു.
സിൽവർ ജയിംസ് എഴുതാൻ ഭദ്രാ മേനോന് പ്രചോദനമായത് ഷെർലക് ഹോംസ് കഥകളായിരുന്നു. 2002-ലെ ലണ്ടൻ യാത്രക്കിടെ ബേക്കർ സ്ട്രീറ്റിലെ ഷെർലക് ഹോംസിന്റെ പേരിലുള്ള മ്യൂസിയം സന്ദർശിക്കുവാൻ സാധിച്ചത് ഇവരിൽ വലിയ ആവേശം ജനിപ്പിച്ചു. ലണ്ടനിൽനിന്ന് മടങ്ങിയെത്തിയ ഉടൻ വർഷങ്ങൾക്കുമുമ്പ് പാതിവഴിയിൽ രചന ഉപേക്ഷിച്ച സിൽവർ ജെയിംസിന്റെ കൈയെഴുത്തുപ്രതി പൊടിതട്ടിയെടുത്ത് വീണ്ടും എഴുതിത്തുടങ്ങി. 'മലയാളത്തിൽ ആദ്യമായി ഒരു വനിത എഴുതിയ അപസർപ്പക നോവൽ' എന്ന വിശേഷണത്തോടെയാണ് 2004 മാർച്ചിൽ സിൽവർ ജെയിംസ്' പുറത്തിറങ്ങിയത്. സൈന്ധവ ബുക്‌സ് ആയിരുന്നു പ്രസാധകർ. അർച്ചനാപുഷ്പങ്ങൾ, കഥാകുസുമങ്ങൾ എന്നീ കഥാസമാഹാരങ്ങളാണ് ഇവരുടെ പ്രസിദ്ധീകരിക്കപ്പെട്ട മറ്റ് പുസ്തകങ്ങൾ.
സിൽവർ ജെയിംസിന്റെ രണ്ടാംഭാഗം എഴുതി തുടങ്ങിയ ഭദ്ര മേനോൻ ആറ് അധ്യായങ്ങൾ പൂർത്തിയാക്കിയിരുന്നു. മെനിഞ്ചൈറ്റിസ് ബാധയെത്തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്ന ഇവർ 2012 സെപ്റ്റംബർ 9-ന് അന്തരിച്ചു. പരേതനായ കെ. നാരായണമേനോനാണ് ഭർത്താവ്. മക്കൾ: ശ്രീലതാമേനോൻ, പ്രൊഫ. വിനോദ്‌ചന്ദ്ര മേനോൻ, ഡോ. വിനീതാമേനോൻ, അഡ്വ. എൻ. ശരത്‌ചന്ദ്ര മേനോൻ, ഡോ. എൻ. ജയചന്ദ്രമേനോൻ.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "വിടവാങ്ങിയത് മലയാളത്തിലെ ആദ്യ അപസർപ്പക കഥാകാരി". മാതൃഭൂമി. സെപ്റ്റംബർ 8, 2012. Retrieved സെപ്റ്റംബർ 18, 2012.[പ്രവർത്തിക്കാത്ത കണ്ണി]