ബൗഡോളിനോ
2000-ൽ പ്രശസ്ത ഇറ്റാലിയൻ പ്രതീകശാസ്ത്രജ്ഞനും, മദ്ധ്യകാലപണ്ഡിതനുമായ ഉംബർട്ടോ എക്കോ എഴുതിയ നോവലാണ് ബൗഡോളിനോ (Baudolino). പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഞ്ചാരിയും യോദ്ധാവുമായ ബൗഡോളിനോയുടെ കഥയാണ് ഈ പുസ്തകം. 2001-ൽ വില്യം വീവർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.
പ്രമാണം:Baudolino.jpg ആദ്യ എഡിഷൻ (ഇറ്റാലിയനിൽ) | |
കർത്താവ് | ഉംബർട്ടോ എക്കോ |
---|---|
പരിഭാഷ | വില്യം വീവർ |
രാജ്യം | ഇറ്റലി |
ഭാഷ | ഇറ്റാലിയൻ |
സാഹിത്യവിഭാഗം | ചരിത്രനോവൽ |
പ്രസാധകർ | ബോമ്പിയാനി (ഇറ്റലി), സെക്കർ & വാർബർഗ്ഗ് (ബ്രിട്ടൻ) |
പ്രസിദ്ധീകരിച്ച തിയതി | 2000 |
മാധ്യമം | ഹാർഡ്കവർ, പേപ്പർബാക്ക് |
ഏടുകൾ | 522[1] |
ISBN | [[Special:BookSources/9780436276033[1]|9780436276033[1]]] |
മുമ്പത്തെ പുസ്തകം | ദ മിസ്റ്റീരിയസ് ഫ്ലേം ഓഫ് ക്വീൻ ലോണാ |
ശേഷമുള്ള പുസ്തകം | ദ പ്രേഗ് സെമട്ടറി |
കഥതിരുത്തുക
ക്രിസ്തുവർഷം 1204-ൽ ഇറ്റാലിയൻ പട്ടാളം കോൺസ്റ്റാന്റിനോപ്പിൾ നഗരം കൊള്ളയടിക്കുന്നതിനിടെ ബൈസന്റൈൻ ചക്രവർത്തിയുടെ ചരിത്രകാരനായ നികേതാസ് കോണിയാതസിനെ ബൗഡോളിനോ രക്ഷിക്കുന്നു. നികേതാസിനെ തനിക്കറിയാമെന്നും പ്രത്യുപകാരമായി തന്റെ ജീവിതകഥ കേട്ട് അതിൽ അടങ്ങിയിരിക്കുന്ന സത്യം പറഞ്ഞുതരണമെന്ന് ബൗഡോളിനോ ഗ്രീക്ക് ഭാഷയിൽത്തന്നെ ആവശ്യപ്പെടുന്നു. നഗരത്തിൽ പടർന്നുപിടിച്ചിരിക്കുന്ന തീ അണയുന്നതുവരെ നികേതാസിന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ കഴിയാൻ അവർ തീരുമാനിക്കുന്നു.
ഇറ്റലിയിലെ അലസ്സാൻഡ്രിയയിലാണ് ബൗഡോളിനോ ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ ഏത് ഭാഷയും വേഗം പഠിക്കാനുള്ള കഴിവ് അവനുണ്ടായിരുന്നു. ജർമ്മൻ ചക്രവർത്തിയായ ഫ്രെഡറിക്ക് ഒന്നാമൻ ബാർബറോസ ഇറ്റലി ആക്രമിച്ചപ്പോൾ സഹായിയും വഴികാട്ടിയുമായി ബൗഡോളിനോയെ കൂടെ കൂട്ടി. അങ്ങനെയാണ് അവനൊരു പഠിച്ച കള്ളനാണെന്ന് ചക്രവർത്തി മനസ്സിലാക്കിയത്. ചക്രവർത്തിക്ക് വേണ്ടി കളവു പറഞ്ഞും മറ്റും ബൗഡോളിനോ കൂടെ കൂടി. നിരവധി പ്രമുഖ നഗരങ്ങൾ പിടിച്ചെടുത്ത ചക്രവർത്തി ജർമ്മനിയിലേക്ക് തിരിച്ചുപോകുമ്പോൾ ബൗഡോളിനോയെ മകനായി സ്വീകരിച്ചു. പഠിച്ച് ഒരു മന്ത്രിയാകണമെന്നുപദേശിച്ച് ഓട്ടോ എന്ന പണ്ഡിതന്റെയടുത്തേക്കയച്ചു.
അക്കാലത്തെ പ്രമുഖ സർവ്വകലാശാലകളിലൊന്നായ പാരീസിൽ പഠിച്ച ബൗഡോളിനോ ചക്രവർത്തിയുടെ വിശ്വസ്തനായി. പലസ്തീനിലേക്കുള്ള യാത്രയിൽ ഒരു അടച്ച മുറിയിൽവച്ച് ചക്രവർത്തി കൊല്ലപ്പെടുന്നു. ബൗഡോളിനോയും കൂട്ടുകാരും ബാർബറോസ മുങ്ങിമരിച്ചതാണെന്ന് വരുത്തുന്നു. എന്നാൽ തങ്ങളിലൊരാൾ തന്നെയാണ് കൊലയാളി എന്ന ബോധം അവരെ അലട്ടുന്നു. ഒടുവിൽ കഥകളിൽ കേട്ടിട്ടുള്ള ഇന്ത്യയുടെ രാജാവായ പ്രെസ്റ്റർ ജോണിനെ കാണാനായി അവർ യാത്രയാകുന്നു.
പ്രതീകങ്ങൾതിരുത്തുക
കഥയിൽ ബൗഡോളിനോയുടെ ജന്മനാടായ അലസ്സാൻഡ്രിയ യഥാർത്ഥത്തിൽ ഉംബർട്ടോ എക്കോയുടെ ജന്മനാടാണ്. ഇറ്റലിയുടെ സമ്പന്നമായ നഗരങ്ങൾ കീഴടക്കാനുള്ള ബർബോസയുടെ ശ്രമങ്ങൾ ഗ്വെൽഫ് - ഘിബലൈൻ ശത്രുതയെ സൂചിപ്പിക്കുന്നു. പാശ്ചാത്യ-പൗരസ്ത്യ സമൂഹങ്ങൾ തമ്മിലുള്ള മതപരവും, സാമ്പത്തികവും, ആശയപരവുമായ വ്യത്യാസങ്ങളാണ് മറ്റൊരു വിഷയം.
സ്വയം ഒരു കള്ളനെന്ന് വിശേഷിപ്പിക്കുന്ന ബൗഡോളിനോ പറയുന്നതിൽ എത്രത്തോളം സത്യമാണെന്ന് വായനക്കാരൻ ചിന്തിക്കേണ്ടതാണ്. ആരാധിക്കപ്പെടാൻമാത്രം മനോഹരമായ ഒന്നും കാണാത്ത കുറേ മനുഷ്യർ തങ്ങളുടെ ജീവിതങ്ങൾക്ക് അർത്ഥമുണ്ടെന്ന് സ്വയംവിശ്വസിപ്പിക്കാൻ ഉണ്ടാക്കിയ ഒരുപറ്റം നുണകളും കഥകളുമാണ് ഇതിഹാസങ്ങൾ എന്നും ഈ നോവൽ സൂചിപ്പിക്കുന്നു.[2]