ബ്ലോ ടോർച്ച്
ലോഹങ്ങളെ വിളക്കിച്ചേർക്കുക, മുറിക്കുക, എന്നിവയ്ക്ക് ആവശ്യമായ വളരെ ഉയർന്ന താപനിലയിലുള്ള തീനാളം സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് ബ്ലോ ടോർച്ച്. പൊതുവേ ഓക്സിജൻ- അസെറ്റിലീൻ മിശ്രിതമാണിതിലെ ഇന്ധനം. മിശ്രിതം കത്തുമ്പോൾ ലഭിക്കുന്ന ജ്വാലയുടെ താപനില 3023-3573 കെൽവിൻ പരിധിയിൽ വരുന്നു. അസെറ്റിലീൻ ഒരു താപഗ്രാഹി(endothermic) യൗഗികമായതിനാൽ മറ്റ് ഇന്ധന വാതകങ്ങളെ അപേക്ഷിച്ച് ഉയർന്ന താപനില ലഭ്യമാക്കാനുപകരിക്കുന്നു.
വിവിധ തരങ്ങൾ
തിരുത്തുകഉയർന്ന മർദത്തിലും താഴ്ന്ന മർദത്തിലും പ്രവർത്തിക്കുന്ന രണ്ടു തരം ടോർച്ചുകളുണ്ട്. ആദ്യത്തേതിൽ സമ്മർദിത ഓക്സിജനെയും അസെറ്റിലീനെയുമാണ് കലർത്തുന്നതെങ്കിൽ രണ്ടാമത്തേതിൽ സമ്മർദിത ഓക്സിജൻ ധാരയെ (jet) സമ്മർദിത അസെറ്റിലീനുമായി കലർത്തുന്നു. വെൽഡിങ്/കട്ടിങ് ഭാഗത്ത് ലഭിക്കുന്ന താപോർജത്തെ നിയന്ത്രിക്കുന്നത് നോസിലിന്റെ ആകൃതി ക്രമീകരണത്തിലൂടെയാണ്. തീജ്വാലയുടെ നീളം കൂടുന്നതിനനുസരിച്ച് ടോർച്ചിനകത്തെ വാതക മർദവും കൂട്ടേണ്ടിവരും. തീജ്വാല രൂപം കൊള്ളുന്നതിനു മുൻപായി ആന്തരികമായി ഇന്ധനം-വായു മിശ്രണം വെൽഡിങ് ടോർച്ചിൽ നടക്കുന്നു. എന്നാൽ കട്ടിങ് ടോർച്ചിൽ ഇതു കൂടാതെ തീജ്വാലയുടെ കേന്ദ്രത്തിലേക്ക് ടോർച്ചിൽ നിന്ന് ഓക്സിജൻ, ധാരാ രൂപത്തിൽ, എത്തിക്കുന്നു. ഓക്സി-അസെറ്റിലിൽ തീജ്വാല ലോഹത്തെ അതിന്റെ ജ്വലന താപനിലയിലേക്കുയർത്തുമ്പോൾ ജ്വാലയുടെ കേന്ദ്രത്തിലൂടെ വരുന്ന ഓക്സിജൻ ധാര ലോഹത്തെ ഓക്സീകരിക്കുന്നു. ഈ ഓക്സൈഡ് വാതക ധാരയിൽ തെറിച്ചുപോകുന്നതിനാൽ ലോഹത്തിൽ ചെറിയ വിടവ് ലഭിക്കുന്നു.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടോർച്ച് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |