ബ്രൗസർ യുദ്ധങ്ങൾ

വിപണിയിൽ മേധാവിത്വം നേടുന്നതിനു വേണ്ടി വെബ് ബ്രൗസറുകൾ തമ്മിലുള്ള മൽസരങ്ങള്‍

വിപണിയിൽ മേധാവിത്വം നേടുന്നതിനു വേണ്ടി നിലവിൽ നടക്കുന്നതും മുൻപ് നടന്നതുമായ വെബ് ബ്രൗസറുകൾ തമ്മിലുള്ള മൽസരങ്ങളെ ബ്രൗസർ യുദ്ധങ്ങൾ എന്ന് വിളിക്കപ്പെടുന്നു. പ്രധാനമായും രണ്ട് കാലഘട്ടങ്ങളെ ഇതു വഴി സൂചിപ്പിക്കാറുണ്ട്: 1990 കളുടെ അവസാനം വിപണിയിൽ മേധാവിത്വമുള്ള നെറ്റ്സ്കേപ്പ് നാവിഗേറ്ററും മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോററും നടന്ന മൽസരം. ഇതിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ നെറ്റ്സ്കേപ്പ് നാവിഗേറ്ററിനെ മറികടക്കുകയുണ്ടായി. മറ്റൊന്ന് 2003 മുതൽ നിലവിലെ വരെ ഇന്റർനെറ്റ് എക്സ്പ്ലോററും ശേഷം വന്ന ബ്രൗസറുകളായ മോസില്ല ഫയർഫോക്സ്, സഫാരി, ഓപ്പറ, 2008 ൽ പുറത്തിറങ്ങിയ ഗൂഗിൾ ക്രോം തുടങ്ങിയവ തമ്മിലുള്ള മൽസരമാണ്‌.

പ്രധാന ബ്രൗസറുകളുടെ പ്രധാന പതിപ്പുകൾ പുറത്തിറങ്ങിയതിന്റെ സമരരേഖ.

പശ്ചാത്തലം

തിരുത്തുക
 
മൊസൈക്ക് നെറ്റ്സ്കേപ്പ് 0.9 (Mosaic Netscape 0.9), 1.0 പതിപ്പിനുമുമ്പുള്ള പതിപ്പ് (അതായത് 1994 ലെ പതിപ്പ്)

1990 കളുടെ ആദ്യത്തിൽ ടിം ബർണേയ്സ് ലീ വേൾഡ് വൈഡ് വെബ് എന്ന ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ഹൈപ്പർടെക്സ്റ്റ് സം‌വിധാനത്തിനു രൂപം നൽകി. ഇത് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഹൈപ്പർകാർഡ്, ഗോഫെർ തുടങ്ങിയവയെ പിന്തള്ളി പ്രചാരം നേടി. ബർണേയ്സ് ലീ തന്നെ വേൾഡ്‌വൈഡ്‌വെബ് (WorldWideWeb) എന്ന പേരിൽ ആദ്യത്തെ ബ്രൗസർ നിർമ്മിക്കുകയും ചെയ്തു, ആശയകുഴപ്പം ഒഴിവാക്കാനായി പിന്നീട് ഇതിന്റെ പേര് നെക്സസ് (Nexus) എന്നാക്കി മാറ്റി 1991 ൽ നെക്സ്റ്റ്‌സ്റ്റെപ് (NeXTstep) പ്ലാറ്റ്ഫോമിനു വേണ്ടി പുറത്തിറക്കുകയും ചെയ്തു.

1992 ന്റ അവസാനത്തോടുകൂടി കൂടുതൽ ബ്രൗസറുകൾ പുറത്തിറങ്ങി, കൂടുതലും libwww എന്ന ലൈബ്രറിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. യുണിക്സ് ബ്രൗസറുകളായ Line-mode, ViolaWWW, Erwise, MidasWWW കൂടാതെ MacWWW എന്നിവ അവയിൽപ്പെട്ടതാണ്‌.

1993 ൽ സെല്ലോ, അരീന, ലിങ്ക്സ് എന്നിവയുൾപ്പെടെ ബ്രൗസറുകൾ പുറത്തിറങ്ങുകയുണ്ടായി. ഇവയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എൻ.സി.എസ്.എ. വികസിപ്പിച്ചെടുത്ത മൊസൈക്ക് ആണ്‌. അതിൽ ഉൾപ്പെടുത്തിയ സവിശേഷതകൾ കാരണം അത് കൂടുതൽ പ്രചാരത്തിലായി തീരാൻ കാരണമാവുകയും ചെയ്തു.

മൊസൈക്ക് ഉപയോഗിച്ചുള്ള വികസനത്തിനു ഏതാനും കമ്പനികൾ അനുവാദപത്രം നേടിയെടുക്കകയും അവരുടെ വാണിജ്യപരമായ ബ്രൗസറുകൾ വികസിപ്പിക്കുകയും ചെയ്തു, സ്പ്റൈ മൊസൈക്ക് (Spry Mosaic), സ്പൈഗ്ലാസ് മൊസൈക്ക് (Spyglass Mosaic) എന്നിവ അവയിൽപ്പെട്ടതാണ്‌. 1994 ഓടുകൂടി മൊസൈക്കിന് അതിൽ നിന്നും ഉരുത്തിരിഞ്ഞു വന്നവയോടും പുതിയ ബ്രൗസറുകളായ ഐ.ബി.എം. വെബ് എക്സ്പ്ലോറർ, നാവിപ്രസ്സ്, സ്ലിപ്പ്നോട്ട്, മാക്‌വെബ് എന്നിവയോടൊക്കെ മൽസരിക്കേണ്ടി വന്നു, പ്രധാനമായും നെറ്റ്സ്കേപ്പ് നാവിഗേറ്ററിനോട്.

മൊസൈക്കിന്റെ ഡെവലപ്പർമാരിലൊരാളായ മാർക്ക് ആൻഡ്രെസെൻ മൊസൈക്ക് കമ്മ്യൂണിക്കേഷൻസ് കോർപ്പറേഷൻ എന്ന പേരിൽ ഒരു കമ്പനി സ്ഥാപിക്കുകയും മൊസൈക്ക് നെറ്റ്സ്കേപ്പ് എന്ന പേരിൽ ബ്രൗസർ പുറത്തിറക്കുകയുമായിരുന്നു. എൻ.സി.എസ്.എ. യുമായുള്ള നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി നെറ്റ്സ്കേപ്പ് കമ്മ്യൂണിക്കേഷൻസ് കോർപ്പറേഷൻ എന്ന് കമ്പനിയുടെ നാമം മാറ്റുകയും ചെയ്തു. മോസൈക്കിൽ നിന്നും കടംക്കൊണ്ട സവിശേഷതൾ കൂടുതൽ മികച്ചാതാക്കുകയും താളുകകളുടെ ഭാഗങ്ങൾ സ്വീകരിച്ചുക്കൊണ്ടിരിക്കേ അവ പ്രദർശിപ്പിക്കുന്ന പുതിയ സവിശേഷത അവതരിപ്പിക്കുകയും ചെയ്തു. 1995 ഓടു കൂടി വിപണിയിൽ മേധാവിത്വം സ്ഥാപിക്കുവാനും കഴിഞ്ഞിരുന്നു, വാണിജ്യപരമല്ലാത്ത ആവശ്യങ്ങൾക്ക് സൗജ്യന്യമായി ലഭ്യമാണ്‌ എന്നതും അതിനൊരു കാരണമായി.

1994 മുതൽ തന്നെ ഓംനിവെബ് (OmniWeb), വെബ്‌റൗസർ (WebRouser), മൈക്രോസോഫ്റ്റിന്റെ ഇന്റർനെറ്റ് എക്സ്പ്ലോറർ 1.0 (Internet Explorer 1.0) തുടങ്ങിയ പുതിയ ബ്രൗസറുകളിൽ നിന്നും മൽസരങ്ങൾ നേരിടേണ്ടി വന്നുവെങ്കിൽ വിപണിയിലെ മേധാവിത്വം നിലനിർത്തുവാൻ കഴിഞ്ഞിരുന്നു. 1996 ഓടുകൂടി അര ഡസനിലേറെ പുതിയ ബ്രൗസറുകൾ പുറത്തിറങ്ങുകയും മുൻപ് ഇറങ്ങിയവയുടെ പുതുക്കിയ പതിപ്പുകൾ പുറത്തിറങ്ങുകയു ചെയ്തു ഇതേ വർഷം നെറ്റ്സ്കേപ്പിന്റെ 2.0, 3.0 പതിപ്പുകൾ പുറത്തിറക്കുയും ചെയ്തു ഇവയെല്ലാം മൽസരം വർദ്ധിപ്പിച്ചുവെങ്കിലും നെറ്റ്സ്കേപ്പ് തന്നെയായിരുന്നു മുന്നിൽ. പക്ഷേ 1997 ഇന്റർനെറ്റ് എക്സ്പ്ലോററിൽ നിന്നും ശക്തമായ മൽസരം നേരിടേണ്ടി വന്നു.


"https://ml.wikipedia.org/w/index.php?title=ബ്രൗസർ_യുദ്ധങ്ങൾ&oldid=3956474" എന്ന താളിൽനിന്ന് ശേഖരിച്ചത്