അർജുനനും അശ്വത്ഥാമാവിനും അറിയാമായിരുന്ന ഒരു ഭയാനകാസ്ത്രം .

ഐതിഹ്യം

തിരുത്തുക

ഈ അസ്ത്രം മനുഷ്യരിൽ പ്രയോഗിക്കാൻ പാടുള്ളതല്ല . മനുഷ്യരല്ലാത്ത മറ്റു ശത്രുക്കൾ ബാധിക്കുമ്പോഴാണ് ഇത് ഉപയോഗിക്കേണ്ടത് . ഈ അസ്ത്രം നൽകുമ്പോൾ, ദ്രോണാചാര്യർ അര്ജുനനോട് ഇങ്ങനെ പറഞ്ഞു .

" ഇത് നീ എയ്തുപോകല്ല മനുഷ്യരിലൊരിക്കലും

അല്പ്പന്മാരിൽ പ്രയോഗിച്ചാൽ മുപ്പാരിത് മുടിക്കുമേ

നിസ്സാമാന്യം പാരിലൊന്നീയസ്ത്രമെന്നാണ് ചൊല്വതും

ശുദ്ധിയോടിത് വച്ചാലും ശ്രദ്ധയോടിത് കേള്ക്കെടോ

എങ്ങാനും മര്ത്യനല്ലാത്ത ശത്രു ബാധിക്കിലന്നുടൻ

അവനെ കൊല്ലുവാനെയ്യും ഈയസ്ത്രം സംഗരത്തിൽ നീ "

പുത്രനായ അശ്വത്ഥാമാവിന്റെ നിര്ബന്ധം സഹിക്കവയ്യാതെ ദ്രോണാചാര്യർ ഇത് അദ്ദേഹത്തിനും ഉപദേശിച്ചു കൊടുത്തിരുന്നു . വളരെയധികം ഉപദേശവും നല്കി . അത്യാവശ്യ സന്ദര്ഭത്തിലല്ലാതെ ഒരിക്കലും ഇത് ഉപയോഗിച്ച്പോകരുതെന്ന് ചട്ടവും കെട്ടി. പുത്രൻ സന്മാര്ഗ്ഗിയല്ലെന്നു ആചാര്യനറിയാമായിരുന്നു.

ബ്രഹ്മശിരസ്സിന്റെ ഉൽപ്പത്തി

തിരുത്തുക

വൃത്രാസുരന്റെ ആക്രമണത്തിൽപ്പെട്ട് ദേവന്മാർ വളരെയധികം കഷ്ടപ്പെട്ടു . വൃത്രനെ എതിർക്കുവാൻ മഹാവിഷ്ണുവിന് പോലും സാധിച്ചില്ല . ആ അവസരത്തിൽ ബ്രഹ്‌മാവ്‌ ഇന്ദ്രന് ഒരുപായം പറഞ്ഞുകൊടുത്തു . മഹാഭക്തനായ വൃത്രനെ വധിക്കുവാൻ ശിവഭക്തനായ ദധീചീ മഹർഷിയുടെ അസ്ഥികളാൽ നിർമ്മിക്കപ്പെട്ട വജ്രായുധം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ . അതിനാൽ ദധീചിയോടു സഹായമഭ്യർത്ഥിക്കുക . ഇതനുസരിച്ചു ദേവരാജാവ് ദധീചിയുടെ ആശ്രമത്തിൽ ചെല്ലുകയും അദ്ദേഹത്തിന്റെ ശരീരം ചോദിക്കുകയും ചെയ്തു . പരോപകാരതല്പരനായ ദധീചീ മുനി , ഉടനെ തന്നെ യോഗമവലംബിച്ചു ശരീരം വെടിയുകയും ചെയ്തു . ഇന്ദ്രൻ ആ ശരീരത്തെ കാമധേനുവിന്റെ ക്ഷീരത്താൽ അഭിഷേകം ചെയ്തു പൂജിക്കുകയും , വിശ്വകർമ്മാവിനെക്കൊണ്ട് അസ്ഥി വേർപെടുത്തിച്ചു അതിശക്തമായ ഒരു ആയുധമുണ്ടാക്കിക്കുകയും ചെയ്തു . അതാണ് വജ്രായുധം അഥവാ ഇടിവാള് . ഇത് അതിശക്തമായതും സർവ്വതിനേയും പിളർക്കുവാൻ കെൽപ്പുള്ളതുമായ ഒരു വാളാണ് . അതിനു ശേഷം ബാക്കിവന്ന ഭാഗം കൊണ്ട് വിശ്വകർമ്മാവ് ബ്രഹ്മശിരസ്സ് എന്ന മാരകാസ്ത്രവും നിർമ്മിച്ചു . ഈ അസ്ത്രമാണ് തലമുറകളിലൂടെയും ഗുരുപരമ്പരകളിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട് അഗ്നിവേശനും തുടർന്ന് ദ്രോണാചാര്യർക്കും പിന്നീട് അർജ്ജുനനും അശ്വത്ഥാമാവിനുമൊക്കെ ലഭിച്ചത് . [ശിവപുരാണം , ശതരുദ്രസംഹിത , പിപ്പലാദാവതാരം , അദ്ധ്യായം 196 ]

അശ്വത്ഥാമാവും ബ്രഹ്മശിരസ്സും

തിരുത്തുക

കുരുക്ഷേത്രയുദ്ധത്തിന്റെ അവസാനദിവസം രാത്രിയിൽ അശ്വത്ഥാമാവ് പാണ്ഡവശിബിരത്തിൽ പ്രവേശിച്ചു വലിയൊരു കൂട്ടക്കുരുതി നടത്തി . ഉറങ്ങിക്കിടന്ന സേനാധിപനായ ധൃഷ്ടദ്യുമ്നനുൾപ്പടെ സകലരെയും കൊന്നൊടുക്കി . പാണ്ഡവരുടെ പുത്രന്മാരും കൊല്ലപ്പെട്ടു .ഇതറിഞ്ഞ ദ്രൗപദി ദുഃഖംകൊണ്ടു മോഹാലസ്യപ്പെട്ടു .അശ്വത്ഥാമാവിന്റെ ശിരസ്സിൽ ജന്മസിദ്ധമായ ഒരു ചൂഡാമണിയുണ്ട്. അത് കുത്തിത്തുരന്നു കൊണ്ടുവന്നില്ലെങ്കിൽ , താൻ പ്രായോപവേശം ചെയ്യുമെന്നു ദ്രൗപദി പറഞ്ഞു . ദ്രൗപദിയെ ആശ്വസിപ്പിക്കാനും അശ്വത്ഥാമാവിനെ ശിക്ഷിക്കാനുമായും ഭീമസേനൻ നകുലനെ തേരാളിയാക്കി അശ്വത്ഥാമാവിനെ തേടി പുറപ്പെട്ടു .

ആ പോക്ക് അപകടം നിറഞ്ഞതാണെന്ന് മനസ്സിലാക്കിയ കൃഷ്ണൻ , അര്ജുനനെയും കൂട്ടി ഭീമന് പിന്നാലെ പുറപ്പെട്ടു . അശ്വത്ഥാമാവ് ഭീമനെ കൊല്ലുമെന്ന് കൃഷ്ണന് ഉറപ്പായിരുന്നു .അതിനു കാരണവുമുണ്ട് .

അശ്വത്ഥാമാവും കൃഷ്ണനും

തിരുത്തുക

ഈ ബ്രഹ്മാണ്ഡത്തിൽ ഏറ്റവും മികച്ച ആയുധമേതെന്ന് ഒരിക്കൽ അശ്വത്ഥാമാവ് പിതാവായ ദ്രോണരോട് ചോദിക്കുകയുണ്ടായി.അപ്പോൾ അത് വിഷ്ണുവിന്റെ ചക്രായുധമാണെന്നും ലോകത്തിൽ മറ്റൊന്നും അതിനു എതിരല്ലെന്നും ദ്രോണാചാര്യർ പറഞ്ഞു .പ്രസ്തുത ചക്രം ഇപ്പോൾ വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ പക്കലുണ്ടെന്നും ദ്രോണാചാര്യർ പുത്രനോട് വ്യക്തമാക്കുകയുണ്ടായി . അന്നുമുതൽ ശ്രീകൃഷ്ണന്റെ ചക്രായുധം ഏതു വിധേനയും സ്വന്തമാക്കണമെന്ന് അശ്വത്ഥാമാവ് ഉറച്ചു. അങ്ങനെ ഒരു നാൾ അശ്വത്ഥാമാവ് ശ്രീകൃഷ്ണനെ തേടി ദ്വാരകയിലെത്തി. എന്നിട്ട് അദ്ദേഹത്തോട് ചക്രായുധം തനിക്കു നല്കണമെന്നും പകരം തന്റെ പക്കലുള്ള മഹാമാരകമായ ബ്രഹ്മശിരസ്സ്‌ അദ്ദേഹത്തിനു നല്കാമെന്നും അറിയിച്ചു. അശ്വത്ഥാമാവിന്റെ ചാപല്യം മനസ്സിലാക്കിയ കൃഷ്ണൻ, കഴിയുമെങ്കിൽ എടുത്തു കൊള്ളൂ എന്ന് പറഞ്ഞു ചക്രായുധം കാട്ടിക്കൊടുത്തു. അശ്വത്ഥാമാവ് ചക്രായുധം എടുത്തുനോക്കി. എന്നാൽ തെല്ലിട പോലും ചക്രായുധം അനങ്ങിയില്ല. മുഴുവൻ ശക്തിയുമുപയോഗിച്ചു അശ്വത്ഥാമാവ് ശ്രമിച്ചിട്ടും ചക്രായുധം അനങ്ങിയില്ല. മാത്രമല്ല ചക്രായുധത്തിന്റെ ജ്വാലകളേറ്റ് അശ്വത്ഥാമാവ് പരവശനായിത്തീരുകയും ചെയ്തു . ഒടുവിൽ തോൽവി സമ്മതിച്ചു അശ്വത്ഥാമാവ് പിൻ​വാങ്ങി. ചക്രായുധം കൃഷ്ണന് മാത്രം ചേർന്നതാണെന്നും, തനിക്കോ ബ്രഹ്മാവിന് പോലുമോ ഇതുപയോഗിക്കാൻ യോഗ്യതയില്ലെന്നും താൻ പോവുകയാണെന്നും പറഞ്ഞു അശ്വത്ഥാമാവ് തിരികെ പോന്നു. അന്ന് മുതൽ അശ്വത്ഥാമാവിനെ കൃഷ്ണൻ പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇത്തരത്തിൽ ബ്രഹ്മശിരസ്സ് അറിയാവുന്ന അശ്വത്ഥാമാവ് തീര്ച്ചയായും ഭീമനെതിരെ അതുപയോഗിക്കും.അത് കൃഷ്ണനറിയാം.

അശ്വത്ഥാമാവിന്റെ അസ്ത്രപ്രയോഗം

തിരുത്തുക

വ്യാസാശ്രമത്തിനു സമീപമായി ഭീമൻ അശ്വത്ഥാമാവിനെ കണ്ടെത്തി. ഭീമന് പിന്നാലെ അർജ്ജുനനും മറ്റുള്ള പാണ്ഡവരുമെത്തിച്ചേർന്നു. ഇത് കണ്ടു ഭയന്നുപോയ അശ്വത്ഥാമാവ് ഭയാനകമായ ബ്രഹ്മശിരസ്സിനെ ഒരു ഐഷീകപ്പുല്ലിൽ [ദർഭപ്പുല്ല്] ആവാഹിച്ചു "അപാണ്ഡവായ" എന്നുച്ചരിച്ചു പാണ്ഡവർക്ക് നേരെ തൊടുത്തു വിട്ടു. അപ്പോൾ ലോകത്തെ മുഴുവനും കത്തിക്കുവാൻപോന്ന അഗ്നി ആകാശത്തുപ്രകടമായി . ആ സമയം ശ്രീകൃഷ്ണന്റെ നിര്ദ്ദേശപ്രകാരം അതേ അസ്ത്രംതന്നെ അർജ്ജുനൻ അശ്വത്ഥാമാവിന്റെ അസ്ത്രത്തിനെതിരായി തൊടുത്തുവിട്ടു. "അസ്ത്രം അസ്ത്രം കൊണ്ട് അടങ്ങട്ടെ. ആചാര്യപുത്രനും തങ്ങള്ക്കും സ്വസ്തി " എന്നുച്ചരിച്ചാണ് അര്ജുനൻ അസ്ത്രം പ്രയോഗിച്ചത്. ആ അസ്ത്രവും അശ്വത്ഥാമാവിന്റെ അസ്ത്രം പോലെ കത്തിജ്വലിക്കാൻ തുടങ്ങി. അപ്പോൾ പ്രകൃതിയിൽ അനേകം ദുർനിമിത്തങ്ങൾ കാണപ്പെട്ടു . നക്ഷത്രങ്ങൾ പോലും കുലുങ്ങി .

മുനിമാർ ഇടപെടുന്നു

തിരുത്തുക

രണ്ടു മഹാസ്ത്രങ്ങൾ കൂടിമുട്ടാൻ തയ്യാറെടുക്കുമ്പോൾ വസിഷ്ഠൻ, വിശ്വാമിത്രൻ, വ്യാസൻ തുടങ്ങിയ മുനിമാര് രണ്ടുഅസ്ത്രങ്ങൾക്കും മധ്യേ വന്നുനിന്നു. തേജോഗോളങ്ങളായി നില്ക്കുന്ന ആ ഋഷിമാർ, അസ്ത്രങ്ങളെ തല്ക്കാലം അമര്ത്തുകയും, അശ്വത്ഥാമാവിനോടും അർജ്ജുനനോടും അവരവരുടെ അസ്ത്രങ്ങളെ പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിനു കാരണമുണ്ട്. ഇവർക്ക് മുൻപുള്ള ആരും ഈ മഹാസ്ത്രം മനുഷ്യരിൽ പ്രയോഗിച്ചിട്ടില്ല. അസ്ത്രം അസ്ത്രംകൊണ്ട് അടങ്ങിയാലും ബ്രഹ്മശിരസ്സു വീണ ദേശത്തു 12 കൊല്ലക്കാലം മഴപെയ്യുകയില്ല. കൂടാതെ ഭൂമിയിലെ ജീവികളെല്ലാം ദുർഭിക്ഷം ബാധിച്ചു ചത്തൊടുങ്ങും. മന്ത്രങ്ങളൊന്നും ഫലിക്കുകയില്ല. അതിനാൽ യജ്ഞങ്ങൾ മുടങ്ങും. അതോടെ ഹവിര്ഭാഗം ഭുജിക്കുന്ന ദേവന്മാർ പട്ടിണിയാകും. ഇത്തരത്തിൽ ലോകം നശിക്കും.

അപ്പോൾ അർജ്ജുനൻ ഇങ്ങനെ പറഞ്ഞു. അസ്ത്രം ഞാൻ പിൻവലിക്കാം. എന്നാൽ അശ്വത്ഥാമാവിന്റെ അസ്ത്രം ഞങ്ങളെ വധിക്കാതെ നിങ്ങൾ കാക്കുക.

നിയതവ്രതനും, മഹാനുമായ അസ്ത്രജ്ഞനു മാത്രമേ ബ്രഹ്മശിരസ്സ്‌ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. മറ്റുള്ളവർ അതിനു ശ്രമിച്ചാൽ, അത് പ്രയോക്താവിന്റെ തന്നെ മരണത്തിനു കാരണമാകും . അർജ്ജുനനത് സാധിച്ചു.

എന്നാൽ അസ്ത്രം തിരിച്ചെടുക്കാനാകാതെ അശ്വത്ഥാമാവ് കുഴങ്ങി. തനിക്കു അസ്ത്രം വഴങ്ങുന്നില്ലെന്നും, അതിനാൽ അതിനെ മറ്റാരുടെയെങ്കിലും നേരെ തിരിച്ചുവിട്ടു പാണ്ഡവരെ ഒഴിവാക്കാമെന്നും അശ്വത്ഥാമാവ് ഋഷിമാരോട് പറഞ്ഞു. ഋഷിമാരതു സമ്മതിച്ചു.

കൃഷ്ണശാപം

തിരുത്തുക

ഈ തഞ്ചത്തിൽ അശ്വത്ഥാമാവ് അസ്ത്രത്തെ പാണ്ഡവരിൽ അര്ജ്ജുനന്റെ പുത്രനായ അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗർഭത്തിലേക്കു തിരിച്ചു വിട്ടു. പാണ്ഡവരുടെ ഇനിയുള്ള ഏക രാജ്യാവകാശി ഉത്തരയുടെ ഗർഭത്തിൽ വളരുന്ന പരീക്ഷിത്താണ്. അത്തരത്തിൽ പരീക്ഷിത്ത്‌ മരിച്ചാൽ പാണ്ഡവരുടെ വംശം നശിച്ചു അവര്ക്ക് ഉന്മൂലനാശം വരുമെന്ന് കരുതിയാണ് അശ്വത്ഥാമാവ് അങ്ങനെ ചെയ്തത്.

തുടർന്ന് ഭീമൻ അടുത്തെത്തി. അപ്പോൾ വ്യാസൻ ഇടപെട്ടു അശ്വത്ഥാമാവിനോട് അയാളുടെ ശിരസ്സിലുള്ള ചൂഡാമണി പാണ്ഡവർക്കു നല്കുവാനും , അങ്ങനെ പാണ്ഡവരിൽ നിന്നും രക്ഷപ്പെടുവാനും ഉപദേശിച്ചു. അശ്വത്ഥാമാവ് ഇപ്രകാരം പറഞ്ഞു. " പാണ്ഡവർ നേടിയിട്ടുള്ള രത്നങ്ങളിൽ ഏറ്റവും വിശിഷ്ടമാണ് എന്റെയീ മണി. ഇതണിഞ്ഞാൽ ദേവന്മാരെയോ അസുരന്മാരെയോ അസ്ത്രങ്ങളെയോ രോഗങ്ങളെയോ ഭയപ്പെടേണ്ട കാര്യമില്ല. വിശിഷ്ടമായ ഈ മണി ഞാൻ ഉപേക്ഷിക്കുകയില്ല. മറ്റെന്തു വേണമെങ്കിലും ചോദിച്ചോളൂ."

എന്നാൽ ഒടുവിൽ മണി പാണ്ഡവര്ക്ക് നല്കുവാനും ജീവൻ രക്ഷിക്കുവാനും അശ്വത്ഥാമാവ് തീരുമാനിച്ചു. ഹൃദയവേദനയോടെ അശ്വത്ഥാമാവ് തന്റെ ശിരസ്സിലുള്ള ചൂഡാമണി കുത്തിത്തുരന്നെടുത്തു ഭീമന് നല്കി.

അശ്വത്ഥാമാവിന്റെ പ്രവൃത്തി കൃഷ്ണനെ വല്ലാതെ കോപിപ്പിച്ചിരുന്നു. അദ്ദേഹം അശ്വത്ഥാമാവിനെ ഇങ്ങനെ ശപിച്ചു.

" നീ ബാലഘാതകിയും ദുഷ്ടനുമാണെന്നു ലോകം മനസ്സിലാക്കിയിരിക്കുന്നു. ബുദ്ധിമാന്മാർ നിന്നെ പാപിയെന്നു വിളിക്കും. നിനക്ക് ജനങ്ങൾക്കിടയിൽ ഇരിപ്പിടം കിട്ടുകയില്ല. നിന്റെ ശരീരത്തിൽ സകല വ്യാധികളും പടര്ന്നു പിടിക്കും. ഇത്തരത്തിൽ അശരണനായി നീ മൂവായിരത്താണ്ട് കൊല്ലം ഭൂമിയിൽ അലഞ്ഞു തിരിയും. നിന്നാൽ വധിക്കപ്പെട്ട ഗർഭസ്ഥശിശുവിനെ ഞാൻ ജീവിപ്പിക്കും. നീ നോക്കി നില്ക്കെ, അവൻ അടുത്ത കുരുരാജാവെന്നു പ്രസിദ്ധനാകും ".

ഇതുകേട്ട് അശ്വത്ഥാമാവ് ദുഖിതനായി വ്യാസനോടൊപ്പം വനത്തിലേക്ക് പോയി.

[1]

  1. Mahabharatha -saupthika parva 12-17 Mahabharatha translation by Ganguly.
"https://ml.wikipedia.org/w/index.php?title=ബ്രഹ്മശിരസ്സ്‌&oldid=3417384" എന്ന താളിൽനിന്ന് ശേഖരിച്ചത്