കൊച്ചി നഗരത്തിൽനിന്ന് 17 കിലോമീറ്റർ അകലെ വടവുകോട്–പുത്തൻകുരിശ് പ‍ഞ്ചായത്തിലെ ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 110 ഏക്കർ സ്ഥലത്ത് ആണ് ബ്രഹ്മപുരത്തെ മാലിന്യ സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. [1]ബ്രഹ്മപുരത്തെ മാലിന്യ സംഭരണകേന്ദ്രത്തിൽ 2023 മാർച്ച് 2ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് തീ പടർന്നത്. [2] ബ്രഹ്മപുരത്ത് നിന്ന് ഉയർന്ന പുക എറണാകുളത്തെ ജനജീവിതം ദുസ്സഹമാക്കി. എറണാകുളം ജില്ലയിലെ വായു മലിനീകരണത്തിൻ്റെ തോത് ഉയർന്ന സാഹചര്യത്തിൽ പലയാളുകളുകൾക്കും ചുമ, ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ട്, തലവേദന ,തലക്കറക്കം ,കണ്ണിന് അസ്വസ്ഥത , ചൊറിച്ചിൽ എന്നിവ അനുഭവപ്പെട്ടു.[3] 12-13 ദിവസങ്ങളോളമെടുത്തു തീ ഒരുവിധം നിയന്ത്രണാധീതമാകാൻ. [4]

തുടക്കം തിരുത്തുക

മാർച്ച് രണ്ടിനു വൈകിട്ട് 3.30ന് ആണ് തീപിടിത്തം സംബന്ധിച്ച് അഗ്നിരക്ഷാ സേനയ്ക്കു വിവരം ലഭിക്കുന്നത്.[5] ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ സമയം വൈകിട്ട് 4.15. തീപിടിത്തമുണ്ടായി അരമണിക്കൂറിനകം നാട്ടുകാർ എത്തുമ്പോഴേക്കും തൊഴിലാളികൾ അവിടെനിന്നു കടന്നിരുന്നു. സെക്ടർ ഒന്നിലായിരുന്നു തീ. പൊക്ലൈനുകളും എസ്കവേറ്ററുകളും ഉണ്ടെങ്കിലും പ്രവർത്തിപ്പിക്കാൻ ആളില്ല. അഗ്നിരക്ഷാ വാഹനങ്ങൾക്കു പോകാൻ കഴിയാത്തവിധം വഴിയിൽ മാലിന്യം. തൊട്ടുപുറകിലെ കടമ്പ്രയാറിൽനിന്നു വെള്ളമെടുക്കാൻ പ്രയാസമുണ്ടാക്കി അങ്ങോട്ടുള്ള റോഡിലും മാലിന്യം. പ്ലാന്റിനുള്ളിൽ തുടങ്ങിയ തീ പുറത്തേക്കും പടർന്നു. വെള്ളം പമ്പ് ചെയ്യാനുള്ള ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിച്ചില്ല. നോക്കി നിൽക്കെ തീ ആളിപ്പടർന്നു.[5]

കൊച്ചി നഗരത്തിനുമേൽ ആശങ്കയുടെ പുകപടലങ്ങൾ പരത്തി, ബ്രഹ്മപുരം മാലിന്യ സംഭരണകേന്ദ്രത്തിൽ ഒരു ‘പ്ളാസ്റ്റിക് ബോംബ്’ രൂപപ്പെട്ടിട്ട് അഞ്ചു വർഷത്തിലേറെയായി . ഇത് അഞ്ചാം തവണയാണു മാലിന്യമലയ്ക്കു തീ പിടിക്കുന്നത്. ഗുരുതരമായിരുന്നു ഈ തീപിടിത്തത്തിന്റെ സ്ഥിതി. ബ്രഹ്മപുരത്തുനിന്ന് കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങൾ പോലും പുകയിൽ മുങ്ങി. നഗരത്തിനു നടുക്കു താമസിക്കുന്നവർ പോലും പുലർച്ചെ പുകപടലങ്ങളിലേക്കാണു കണ്ണുതുറന്നത്. ശ്വാസംമുട്ടലും തലകറക്കവും വന്ന് പലർക്കും ചികിൽസാസഹായം തേടേണ്ടിയും വന്നു.കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിട്ടും മാലിന്യം നീക്കാനോ തീയണയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാനോ ശ്രദ്ധിക്കാതിരുന്ന അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് സ്ഥിതി ഇത്ര ഗുരുതരമാക്കിയത്. പ്ളാന്റിൽ താൽക്കാലിക വാട്ടർ ടാങ്കുകൾ സ്ഥാപിക്കാനും തീ പടരാതിരിക്കാൻ ഫയർലൈനുകൾ ഒരുക്കാനും വാഹനങ്ങൾക്ക് സഞ്ചരിക്കാൻ വഴിയുണ്ടാക്കാനുമെല്ലാം നിർദേശങ്ങളുണ്ടായിരുന്നു. വൻ തീപിടിത്ത സാധ്യതയുള്ള പ്രദേശമായിട്ടും ചെറിയ തീയണയ്ക്കുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ലായിരുന്നു.

പ്രളയത്തിനുശേഷമാണ് ബ്രഹ്മപുരത്തെ മാലിന്യങ്ങൾ ഇത്രയും വർധിച്ചത്. 2618 ലോഡ് പ്രളയ മാലിന്യംതന്നെ എത്തിയതായാണു കണക്ക്. പ്രളയം കഴിഞ്ഞപ്പോൾ കോട്ടയം മുനിസിപ്പാലിറ്റിയിൽ നിന്നുപോലും  മാലിന്യം  ഇവിടെയെത്തിയിരുന്നു. ബ്രഹ്മപുരത്തെ 100 ഏക്കറിൽ മുക്കാൽ പങ്കും മാലിന്യക്കൂമ്പാരമാണ്. ദിവസവും എത്തുന്ന നൂറു കണക്കിനു ടൺ മാലിന്യങ്ങളിൽ ജൈവ മാലിന്യം മാത്രമാണു പ്ലാന്റിൽ സംസ്കരിക്കുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വർഷങ്ങളായി കുന്നുകൂട്ടിയിരിക്കുന്നു.നാലുപാടുനിന്നും തീ ആളിക്കത്തിയത് അട്ടിമറി സാധ്യതയിലേക്കാണു വിരൽചൂണ്ടുന്നത്. കുന്നുകൂടിയ മാലിന്യം കത്തിച്ചുകളയാൻ നഗരസഭയുടെ നേതൃത്വത്തിൽതന്നെ തീയിട്ടതാണെന്ന് നാട്ടുകാർ ആരോപിച്ചു. അട്ടിമറിസാധ്യത അന്വേഷിക്കണമെന്ന് കോർപറേഷൻ അധികൃതർ ആവശ്യപ്പെട്ടു. ദേശീയ ഹരിത ട്രൈബ്യൂണലിന്റേതുൾപ്പെടെ ഇടപെടലുകൾ‍ ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥതല വീഴ്ചകളും ദുരന്തത്തിനു കാരണമായി.[6]

ഹൈക്കോടതി ഇടപെടൽ തിരുത്തുക

2023 മാർച്ച് 6ആം തീയതി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തിൽ കേരളാ ഹൈക്കോടതി സ്വമേധയാ കേസെടുത്തു [7]. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തീപ്പിടിത്തത്തിൽ വിവിധ വകുപ്പുകളോട് ഹൈക്കോടതി റിപ്പോർട്ട് തേടി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തം അഞ്ച് ദിവസമായിട്ടും അണക്കാനായിട്ടില്ലെന്നും വിഷപ്പുക കൊണ്ട് ശ്വാസം മുട്ടുകയാണ് കൊച്ചി നഗരമെന്നും വിഷയത്തിൽ ഇടപെടണമെന്നും കാണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത്. [8]പുക അടക്കാനും തീ പൂർണമായും ഇല്ലാതാക്കാനും നഗരസഭയ്ക്കും ജില്ലാ ഭരണകൂടത്തിനും പൂർണമായും കഴിയാതെ വന്നതോടെയാണ് ഹൈക്കോടതി ജസ്റ്റിസിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. സംഭവത്തിൽ സ്വീകരിച്ച നടപടികൾ എന്താണെന്ന് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ വിവിധ സർക്കാർ വകുപ്പുകളോട് ആവശ്യപ്പെട്ടു[9].പൗരന്മാരുടെ അവകാശസംരക്ഷകർ എന്ന നിലയിലാണ് ബ്രഹ്മപുരം വിഷയത്തിൽ സ്വമേധയാ കേസെടുത്തതെന്ന് ഹൈക്കോടതി. മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്. ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന് നഷ്ടമാകുന്നു. അതിനാലാണ് ഉത്തരവാദിത്തപ്പെട്ടവരെ വിളിച്ചുവരുത്തിയതെന്നും കോടതി പറ‌ഞ്ഞു.[10]

2023 മാർച്ച് 9ന് ബ്രഹ്മപുരത്ത് ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചു.[11] ജില്ലാ കലക്ടർ, പിസിബി ഉദ്യോഗസ്ഥർ, കെൽസാ സെക്രട്ടറി എന്നിവരുൾപ്പെടെയാണ് സമതിയിലുള്ളത്. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കർമപദ്ധതി സമർപ്പിക്കാൻ തദ്ദേശ സെക്രട്ടറിക്ക് നിർദേശം നൽകി. പ്രവർത്തനങ്ങൾ കോടതി നിരീക്ഷിക്കുമെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി.[12] ജസ്റ്റിസുമാരായ എസ് വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ച്, പ്രശ്നം പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമായി കോടതിയെ അറിയിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. ഖരമാലിന്യ സംസ്‌കരണം നേരിടാൻ കർമപദ്ധതി തയ്യാറാക്കാനും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. വിഷയം പരിഗണിച്ചപ്പോൾ, പുക സംബന്ധമായ പ്രശ്‌നങ്ങളുടെ നിലവിലെ സാഹചര്യം അറിയാൻ കോടതി ആരാഞ്ഞിരുന്നു, അന്തരീക്ഷ മലിനീകരണം കാരണം ജഡ്ജിമാരും കോടതി ജീവനക്കാരും തലവേദനയുണ്ടെന്ന് പറഞ്ഞു. കടലിൽ നിന്ന് കരയിലേക്ക് കാറ്റ് വീശുന്നതിനാൽ ബ്രഹ്മപുരത്ത് സ്ഥിതി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. കൊച്ചി നഗരത്തിലെ മാലിന്യം നീക്കാത്തതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.[11][12]ഹൈ​ക്കോ​ട​തി​ ​നി​യോ​ഗി​ച്ച​ ​ഉ​ന്ന​ത​ത​ല​ ​സ​മി​തി​ ​റി​പ്പോ​ർ​ട്ടി​നൊ​പ്പം​ ​സ​മ​ർ​പ്പി​ച്ച​ ബ്രഹ്മപുരത്ത് മാലിന്യ ​പ്ളാ​ന്റി​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​ക​ണ്ട് ​ആ​ശ​ങ്ക​ ​പ്ര​ക​ടി​പ്പി​ച്ച​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച്,​ 30​ ​വ​ർ​ഷം​ ​മു​മ്പ് ​ഉ​പേ​ക്ഷി​ച്ച​ ​ഏ​തോ​ ​ഫാ​ക്ട​റി​ ​പോ​ലെ​യാ​ണി​തെ​ന്ന് ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​ഈ​ ​പ്ളാ​ന്റി​ൽ​ ​എ​ത്ര​ ​മാ​ലി​ന്യം​ ​സം​സ്ക​രി​ക്കാ​നാ​വു​മെ​ന്ന് ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ർ​ഡി​ന്റെ​ ​എ​ൻ​ജി​നീ​യ​റോ​ട് ​കോ​ട​തി​ ​ആ​രാ​ഞ്ഞു.​ ​നി​ല​വി​ൽ​ ​കൊ​ണ്ടു​വ​രു​ന്ന​തി​ന്റെ​ 25​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണെ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ബാ​ക്കി​ 75​ ​ശ​ത​മാ​നം​ ​കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ​ ​നി​ങ്ങ​ളെ​ന്തു​ ​ന​ട​പ​ടി​യെ​ടു​ത്തെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ചോ​ദി​ച്ചു.​ ​ഇ​തി​ൽ​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ർ​ഡി​ന് ​ഗു​രു​ത​ര​മാ​യ​ ​വീ​ഴ്ച​ ​സം​ഭ​വി​ച്ചെ​ന്നും​ ​പ​റ​ഞ്ഞു.[13]

കാരണങ്ങൾ തിരുത്തുക

മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ കൊച്ചി കോർപറേഷൻ കാണിച്ച വീഴ്ചയാണു ബ്രഹ്മപുരത്തെ വൻ തീപിടിത്തത്തിനു കാരണമായത്. [14]ബ്രഹ്മപുരത്തു തീപിടിച്ചപ്പോൾ  ഫയർ ഹൈഡ്രന്റ് ഉൾപ്പെടെ മതിയായ അഗ്നിരക്ഷാ സംവിധാനങ്ങളൊന്നും പ്രവർത്തിച്ചില്ല. തീയണയ്ക്കാൻ എത്തിയ അഗ്നിരക്ഷാ സേനയ്ക്ക് ആദ്യദിവസം മതിയായ തോതിൽ വെള്ളമെത്തിക്കുന്നതിൽ പോലും കോർപറേഷൻ പരാജയപ്പെട്ടു. വേനൽകാലത്ത് ബ്രഹ്മപുരത്തു പതിവായി തീപിടിക്കുന്നതിനാൽ  മതിയായ സുരക്ഷാ സംവിധാനവും ഫയർ ഹൈഡ്രന്റകളും ഒരുക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചതാണ്. ബ്രഹ്മപുരത്ത് തീ പടർന്നപ്പോൾ ഇവ പ്രവർത്തിച്ചില്ല. ഇതു മൂലം തുടക്കത്തിൽ തീ പടരുന്നതു തടയാൻ കഴിഞ്ഞില്ല. വേനലിൽ കടമ്പ്രയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതും പുഴയിൽ ചെളി നിറഞ്ഞതും കാരണമാണു ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിക്കാതിരുന്നതെന്നാണ് മേയറുടെ വാദം. എന്നാൽ, വേനൽകാലമെത്തുമ്പോൾ ഇവ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പാക്കുന്നതിൽ കോർപറേഷന്റെ വീഴ്ച വ്യക്തം. വാഹനങ്ങൾക്കു ചെല്ലാൻ പോലും കഴിയാത്ത വിധം പ്ലാസ്റ്റിക് മാലിന്യക്കുന്നുകൾ നിറഞ്ഞ പ്രദേശമായി ബ്രഹ്മപുരത്തെ മാറ്റിയതു കോർപറേഷനാണ്. ആവശ്യത്തിനു റോഡുകളില്ല. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ സംസ്കരണ പ്ലാന്റിൽ മാലിന്യത്തിന്റെ സംസ്കരണമൊന്നും നടക്കുന്നില്ല. മാലിന്യം കൊണ്ടു വന്നു ബ്രഹ്മപുരത്തു തള്ളുക മാത്രമാണു ചെയ്തിരുന്നത്. അതുകൊണ്ടാണു കോടികൾ ചെലവാക്കിയിട്ടും ഇവിടം മാലിന്യം നിറഞ്ഞത്. കെട്ടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കാൻ 55 കോടി രൂപയുടെ ബയോമൈനിങ് പദ്ധതി ബ്രഹ്മപുരത്തു പുരോഗമിക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. ബയോമൈനിങ് ചെയ്തെടുത്ത ആർഡിഎഫാണ് (വൈദ്യുതി പ്ലാന്റുകളിൽ കത്തിക്കാൻ ഉപയോഗിക്കാവുന്ന മാലിന്യം) തീപിടിത്തത്തിനുള്ള യഥാർഥ കാരണമെന്നു കോർപറേഷൻ അധികൃതർ തന്നെ സംശയിക്കുന്നു. അങ്ങനെയെങ്കിൽ ബയോമൈനിങ് നടത്തുന്നതിലും സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നു കരുതണം.[14]പ്ളാന്റ് നടത്തിപ്പിൽ കൊച്ചി കോർപറേഷൻ കാണിക്കുന്ന അലംഭാവം പുറത്തുകൊണ്ടുവന്ന് അഗ്നിരക്ഷാ സേന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 110 ഏക്കർ വരുന്ന മാലിന്യ പ്ളാന്റിന്റെ പകുതിയോളം ഏകദേശം 50 ഏക്കർ ഭാഗത്ത് അഗ്നിരക്ഷാ സേനയുടെ വാഹനം കടന്നുചെല്ലാൻ പോലും വഴിയില്ല. ഇവിടെ മതിയായ സുരക്ഷാ ജീവനക്കാരില്ലെന്നും മനസിലായി. മാലിന്യം ഇളക്കിമാറ്റുന്നതിന് വേണ്ട ഉപകരണങ്ങളില്ല. തീകെടുത്താൻ വെള്ളത്തിന് പോലും പ്രയാസമുണ്ടായി. പ്ളാന്റിന് സമീപത്തെ കടമ്പ്രയാറിലേക്ക് കടക്കാൻ കഴിയാത്തതരത്തിൽ മതിലുകെട്ടിയടച്ചതായുമാണ് അഗ്നിരക്ഷാസേനാ ജില്ലാ ഓഫീസർ കളക്‌ടർക്ക് നൽകിയ റിപ്പോർട്ട്.[15]ഇടയ്‌ക്കിടെയുണ്ടാകുന്ന തീപിടിത്തം നിയന്ത്രിക്കാൻ തങ്ങൾ നൽകിയ നി‌ർദ്ദേശങ്ങളൊന്നും കോർപറേഷൻ പാലിക്കുന്നില്ലെന്നും തീ കെടുത്താൻ പുറപ്പെട്ട അഗ്നിരക്ഷാസേനാ അംഗങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും റിപ്പോർട്ടിലുണ്ട്[15].

അടിസ്ഥാനസൗകര്യങ്ങളില്ലാതെയാണു ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ കേന്ദ്രം പ്രവർത്തിച്ചത്. മാലിന്യ നിർമാർജന ചട്ടങ്ങൾ പാലിക്കാത്തതിന് 14.92 കോടി രൂപയാണു കോർപറേഷന് മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ചുമത്തിയത്. എന്നാൽ, കോർപറേഷൻ ഇതിനെതിരെ ഹൈക്കോടതിയിൽനിന്നു സ്റ്റേ വാങ്ങി. 55 കോടി രൂപ ചെലവിട്ടുള്ള ബയോമൈനിങ് പദ്ധതിയുടെ കരാർ ബെംഗളൂരുവിലെ കമ്പനിക്കു നൽകിയതിലും രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ആരോപണമുണ്ട്.[16]

വിഷപ്പുക തിരുത്തുക

ബ്രഹ്മപുരത്തുനിന്നുള്ള വിഷപ്പുക കിലോമീറ്ററുകൾ താണ്ടി തീരദേശത്തേക്കാണു നീങ്ങിയത്. കാറ്റിന്റെ ഗതിയും കടലും കരയും തമ്മിലുള്ള മർദവ്യത്യാസവുമാണ് ഇതിനു കാരണം. കാൻസറിന് ഉൾപ്പെടെ കാരണമാകാവുന്ന വിഷപദാർഥങ്ങൾ ഈ പുകയിൽ അടങ്ങിയിട്ടുണ്ടെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോൾ പുറത്തുവരുന്നതു മനുഷ്യശരീരത്തിന് ആപത്തായ അങ്ങേയറ്റം വിഷകരമായ രാസപദാർഥങ്ങളാണ്. ഒരു ടൺ പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോൾ ഏകദേശം 180 മൈക്രോഗ്രാം ഡയോക്സിൻ പുറത്തുവരും. ഒരു മാസം മനുഷ്യശരീരത്തിനു താങ്ങാൻ കഴിയുന്നതു ഒരു കിലോഗ്രാം ഭാരത്തിന് 0.00007 മൈക്രോഗ്രാം ഡയോക്സിൻ മാത്രമാണ്. അപ്പോൾ ബ്രഹ്മപുരത്തു കത്തിയ ലക്ഷക്കണക്കിനു ടൺ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നുയർന്ന വിഷപ്പുകയിലൂടെ എത്രത്തോളം വിഷാംശങ്ങൾ ജനങ്ങളുടെ ശരീരത്തിൽ എത്തിയിരിക്കും എന്ന് ചിന്തിക്കാവുന്നതാണ്. [17]ലോകാരോഗ്യസംഘടനയുടെ വെബ്‌സൈറ്റിൽ കാൻസറുണ്ടാക്കുന്ന കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി പ്രാധാന്യത്തോടെ നൽകിയിരിക്കുന്നവയാണ് പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന വാതകങ്ങൾ.[16] ഡയോക്‌സിൻസ് (Dioxins), ഫുറാൻ (Furans), മെർക്കുറി (Mercury), സൾഫ്യൂരിക് ആസിഡ്, സൾഫർ ഡയോക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് എന്നിങ്ങനെ സസ്യങ്ങളെയും മൃഗങ്ങളെയും ഒരുപോലെ അപകടത്തിലാക്കുന്ന മാരകമായ വാതകങ്ങളാണ് പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അന്തരീക്ഷത്തിലെത്തുന്നത്. പോളിക്ലോറിനേറ്റഡ് ഡൈബെൻസോഡയോക്സിനുകൾ (പിസിഡിഡി), പോളിക്ലോറിനേറ്റഡ് ഡൈബെൻസോഫ്യുറാനുകൾ (പിസിഡിഎഫ്), പോളിക്ലോറിനേറ്റഡ് ബൈഫീനൽസ് (പിസിബി) തുടങ്ങിയവയാണു പ്രധാനമായും ഡയോക്സിൻ എന്ന ഗണത്തിൽ വരുന്നത്. പിസിഡിഡി, പിസിഡിഎഫ് എന്നീ രാസവസ്തുക്കൾ നാം ഉൽപാദിപ്പിക്കുകയോ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യുന്നില്ല. എന്നാൽ പ്ലാസ്റ്റിക് കത്തുമ്പോൾ ഇവ വൻതോതിൽ അന്തരീക്ഷത്തിലേക്ക് പുറന്തള്ളാറുണ്ട്.[17]

പ്ലാസ്റ്റികിൽ അടങ്ങിയിരിക്കുന്ന സ്റ്റെറിൻ(Styrene) ശ്വസിക്കുന്നത് ശ്വാസകോശ കാൻസറിന് കാരണമാകുന്നു. പി.വി.സി പോലെയുള്ള ഓർഗാനിക് ക്‌ളോറിൻ പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഏറ്റവും മാരകമായ ഡയോക്‌സിനുകൾ ഗർഭിണികളുടെ ശരീരത്തിലെ കൊഴുപ്പുകളിൽ കെട്ടിക്കിടക്കുകയും അമ്മയുടെ ശരീരത്തിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക് എത്തുകയും ചെയ്യും.വായു, വെള്ളം, മണ്ണ് എന്നിവയിൽ ഈ രാസഘടകങ്ങൾ നശിക്കാതെ എത്രകാലം േവണമെങ്കിലും കിടക്കും. ഇവ ഭക്ഷിക്കുന്ന ജീവികൾ, പക്ഷികൾ, മത്സ്യങ്ങൾ എന്നിവയുടെ കൊഴുപ്പിൽ വിഷാംശം അടിഞ്ഞുകൂടും. വായുവിലൂടെയല്ല, ഭക്ഷണത്തിലൂടെയാണു കൂടുതലായും ഡയോക്സിൻ മനുഷ്യശരീരത്തിൽ എത്തുന്നത്. ഇറച്ചിയും മീനും കോഴിമുട്ടയും കഴിക്കുമ്പോൾ ഇതു ശരീരത്തിലെത്തും.[17][18]

ബ്രഹ്മപുരത്തു മുൻപുണ്ടായ തീപിടിത്തത്തെത്തുടർന്നു നടത്തിയ പഠനങ്ങളിൽ അന്തരീക്ഷത്തിൽ ഡയോക്സിനുകൾ, ഫ്യുറാൻ തുടങ്ങിയ വിഷപദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്തരീക്ഷത്തിൽ ഈ വിഷപദാർഥങ്ങൾ 3 മാസം വരെ തുടരുമെന്നാണു റിപ്പോർട്ട്. വായുവിൽ മാത്രമല്ല, മണ്ണിലും വെള്ളത്തിലുമെല്ലാം ലയിച്ചു ചേരും.[16] ഈ വിഷപദാർഥങ്ങളിൽ 10 ശതമാനത്തിൽ താഴെ മാത്രമാണു വായുവിലൂടെ മനുഷ്യശരീരത്തിലെത്തുന്നത്. ബാക്കിയുള്ള 90 ശതമാനവും ശരീരത്തിനുള്ളിലെത്തുന്നതു ഭക്ഷണത്തിലൂടെയാണ്. ബ്രഹ്മപുരത്തെ വിഷപ്പുക അടങ്ങിയാലും ജനം കരുതലോടെയിരിക്കണമെന്നു ചുരുക്കം. പക്ഷികളെയും മൃഗങ്ങളെയും ഇതു ബാധിക്കും. ഡയോക്സിനുകൾ കാൻസറിനും തൈറോയ്ഡ് പ്രശ്നങ്ങൾക്കും ശ്വാസകോശരോഗങ്ങൾക്കും കാരണമാകുമെന്നു വിദഗ്ധർ പറഞ്ഞു.[16] ഉണങ്ങിയ ഇലകൾ കത്തുമ്പോഴുണ്ടാകുന്ന കാർബൺ ഡയോക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ് എന്നിവപോലും അപകടമാവുന്ന സാഹചര്യത്തിൽ ടൺ കണക്കിന് പ്ലാസ്റ്റിക് കത്തുന്നത് ഒരുപക്ഷേ ഇന്ന് മാത്രമല്ല, നാളെകളെപ്പോലും ബാധിച്ചേക്കാം. പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന രാസപദാർത്ഥങ്ങളെല്ലാം ഒരു തലമുറയിൽ മാത്രം ഒതുങ്ങി നിൽക്കില്ല. ഡയോക്‌സിൻ പോലെയുള്ളവ പൊക്കിൾക്കൊടിയിലൂടെ അടുത്ത തലമുറയിലേക്കുകൂടി കടക്കുമ്പോൾ ഇനി എത്ര തലമുറകൾ ഈ വലിയ പ്രശ്‌നത്തിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുമെന്ന് ഇപ്പോൾ പറയാനാവില്ല. ചുരുക്കിപ്പറഞ്ഞാൽ, ഇപ്പോൾ ബ്രഹ്മപുരത്തുണ്ടായ ഈ പ്രശ്‌നങ്ങൾ പ്ലാസ്റ്റിക് എരിഞ്ഞുതീരുന്നതോടെ അവസാനിക്കുമെന്ന് ഉറപ്പിച്ചുപറയാനാവില്ല.[18]

കൊച്ചിയിൽ 2023 മാർച്ച് ഏഴാം തീയതി വായുവിന്റെ ഗുണനിലവാരം 259 പിപിഎം ആയിരുന്നു. ഡൽഹിയിൽ അന്ന് 238 പിപിഎം ആയിരുന്നു. [19]

തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തിരുത്തുക

തീപിടിത്തമുണ്ടായ 75 ഏക്കർ പ്രദേശത്തെ ആറ് മേഖലകളായി തിരിച്ചാണ് തീയണയ്ക്കൽ പുരോഗമിച്ചത്. കൊച്ചി പോർട് ട്രസ്റ്റിൽ നിന്നുള്ള ഫയർ യൂണിറ്റുകൾ കൂടി എത്തിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. ആലപ്പുഴയിൽ നിന്നെത്തിച്ച വലിയ പമ്പുകൾ ഉപയോഗിച്ച് കടമ്പ്രയാറിൽ നിന്നുള്ള വെള്ളവും കൂടുതലായി പമ്പ് ചെയ്ത് തീ അണയ്ക്കാൻ ശ്രമിച്ചു. കാറ്റിന്റെ ദിശ മാറി മാറി വരുന്നത് തീയണയ്ക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇത്തരത്തിൽ കാറ്റ് വീശീയത് കാരണം മാലിന്യകൂമ്പാരത്തിൽനിന്ന് പുക കൂടുതലായി ഉയരുന്നതിനും കാരണമായി[20]. ആദ്യ ദിനങ്ങളിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ കനൽ വെള്ളമൊഴിച്ചു കെടുത്താനാണു ശ്രമം നടന്നത്. ഒപ്പം ഹെലിക്കോപ്റ്ററിൽനിന്ന് ആകാശമാർഗവും വെള്ളം ഒഴിച്ചു. രാത്രി 26 എസ്കവേറ്ററുകളും 8 ജെസിബികളുമാണു മാലിന്യം കുഴിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. തുടർച്ചയായി വെള്ളം പമ്പു ചെയ്തു. ആദ്യ ദിനങ്ങളിൽ അഗ്നിരക്ഷാസേനയുടെ 200പേരും അൻപതിൽപ്പരം സിവിൽ‍ ഡിഫൻസ് വൊളന്റിയർമാരും 35 കോർപ്പറേഷൻ ജീവനക്കാരും പൊലീസും പുകയണയ്ക്കൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.നേവിയുടെ 19 ജീവനക്കാരും ആരോഗ്യ വകുപ്പിൽനിന്ന് 6 പേരും പൊലീസും സേവന രംഗത്തുണ്ടായിരുന്നു . മൂന്ന് ആംബുലൻസകളും ക്യാംപ് ചെയ്തു. 23 ഫയർ ടെൻഡറുകളും പ്രവർത്തിച്ചു. എല്ലാ എസ്കവേറ്ററുകളും രാത്രി മുഴുവൻ പ്രവർത്തന സജ്ജമാക്കണമെന്നായിരുന്നു കലക്ടറുടെ നിർദേശം. രാത്രിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാർ സബ് കലക്ടർ പി. വിഷ്ണുരാജും ഡപ്യൂട്ടി കലക്ടർ അനിൽ കുമാറും ബ്രഹ്മപുരത്ത് ക്യാംപ് ചെയ്തു.[21]

അഗ്നിരക്ഷാ സേനയുടെ സമാനതകളില്ലാത്ത തീ അണയ്ക്കൽ തിരുത്തുക

അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത തീയണയ്ക്കൽ ദൗത്യമാണ് ബ്രഹ്മപുരത്ത് നടന്നത്. [22]മാർച്ച് രണ്ടിന് ഉച്ചയ്ക്ക് മൂന്നരയോടെ 5.75 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യ (ലെഗസി വേസ്റ്റ്) കൂമ്പാരത്തിൽ ആളിപ്പടർന്ന തീയണയ്ക്കാൻ അവർ ഓടിയെത്തി. കൊടുംചൂടിൽ ദുർഗന്ധവും മാരകവിഷവാതകങ്ങളും ശ്വസിച്ച് രാപകൽ പോരാടി.[22]തുടക്കം മുതൽ നേതൃത്വം നൽകുന്ന എറണാകുളം റീജിയണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത് കുമാർ, ജില്ലാ ഫയർ ഓഫീസർ ഹരികുമാർ, തൃക്കാക്കര സ്റ്റേഷൻ ഓഫീസർ സതീശൻ എന്നിവർ ബ്രഹ്മപുരത്ത് തന്നെയാണ് മുഴുവൻ സമയവും നിലയുറപ്പിച്ചത്. ശ്വാസതടസത്തെ തുടർന്ന് പല ഉദ്യോഗസ്ഥരും ചികിത്സ തേടി. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള റീജിയണൽ ഫയർ ഓഫീസർമാരായ അരുൺകുമാർ, ഷിജു, എം.ബി. രാജേഷ്, ദിലീപൻ എന്നിവരും ജില്ലാ ഫയർ ഓഫീസർമാരായ രാം കുമാർ, റെജി വി. കുര്യാക്കോസ്, അഷറഫ് അലി, അരുൺ ഭാസ്കർ, അഭിലാഷ്, ഋതിജ് എന്നിവരും ഊഴമനുസരിച്ച് രക്ഷാദൗത്യത്തിന് നേതൃത്വം നല്കി. ചുട്ടുപൊള്ളുന്ന വെയിലത്ത് വിശ്രമിക്കാൻ തണലോ ദാഹംതീർക്കാൻ കുടിവെള്ളമോ കിട്ടാതെയായിയിരുന്നു ആദ്യ ദിവസങ്ങളിലെ പോരാട്ടം. കറുത്ത വിഷപ്പുക വ്യാപിച്ചുനിൽക്കുമ്പോൾ സുരക്ഷാമാസ്ക് പോലും സേനയ്ക്ക് ഉണ്ടായിരുന്നില്ല. ഭക്ഷണം എത്തിച്ചുനൽകിയെങ്കിലും കൈകഴുകാൻ സോപ്പോ ലോഷനൊ കിട്ടിയില്ല. മാലിന്യമലയിലെ മനംപുരട്ടുന്ന ചുറ്റുപാടിലിരുന്ന് ഭക്ഷണം കഴിച്ചത് വിശപ്പിന്റെ കാഠിന്യം കൊണ്ടു മാത്രമായിരുന്നു. മറ്റ് രക്ഷാദൗത്യങ്ങളിലേതു പോലെ നാട്ടുകാരും സന്നദ്ധസേവകരും സഹായത്തിനെത്തുന്ന പതിവ് ഇവിടെ ഉണ്ടായില്ല. സിവിൽ ഡിഫിൻസ് വോളന്റിയർമാരല്ലാതെ പുറത്തുനിന്ന് ആരുമെത്തിയില്ല.[22] അവസാന ദിവസങ്ങളിൽ അഗ്നിരക്ഷാസേനയുടെ 18 യൂണിറ്റുകൾ ദുരന്തമുഖത്തുണ്ടായിരുന്നു.[23] 98 സേനാംഗങ്ങൾക്ക് പുറമേ 16 ഹോം ഗാർഡുകളും സിവിൽ ഡിഫൻസ് സേനയിലെ 57 പേരും ബ്രഹ്‌മപുരത്തുണ്ടായിരുന്നു. [23]ആരോഗ്യ വകുപ്പിലെയും പൊലീസിലെയും നാലു പേർ വീതമാണ് പ്ലാന്റിലുണ്ടായിരുന്നത്. [23]തീ അണയ്ക്കുന്നതിനായി മൂന്ന് ഹൈ പ്രഷർ പമ്പുകളും 22 എസ്‌കവേറ്ററുകളുമാണ് ഉപയോഗിച്ചത്[23]

അഗ്നിരക്ഷാ സേന അവരുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ ഇങ്ങനെ എഴുതി:[24]

"അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിന് രാപകൽ ഇല്ലാതെ നടക്കുന്നത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകർ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റ് ആയി പ്രവർത്തിക്കുന്നു. 110 ഏക്കറിൽ 70 ഏക്കറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. തീപിടിത്തം നിയന്ത്രിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുകയുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 70 ശതമാനം പ്രദേശത്തെ പുകയൽ പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞു. ബാക്കിയുള്ള 30 ശതമാനം പ്രദേശത്താണ് പുകയുള്ളത്. പുകയണയ്ക്കാൻ പ്ലാസ്റ്റിക് കുമ്പാരത്തിലേക്ക് ഒരു മിനിറ്റിൽ 40,000 ലീറ്റർ വെള്ളമാണ് അടിച്ചു കൊണ്ടിരിക്കുന്നത്. വലിയ പമ്പുകളിൽ കടമ്പ്രയാറിൽനിന്ന് വെള്ളം അടിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിൽ എസ്കവേറ്റർ ഉപയോഗിച്ച് നാലടി താഴ്ചയിൽ കുഴിയെടുത്ത് അതിലേക്കു വെള്ളം പമ്പ് ചെയ്താണ് പുക പൂർണമായും അണയ്ക്കുന്നത്. കൂടാതെ 20 ഫയർ ടെൻഡറുകളും ഉണ്ട്. ഒരു ഫയർ ടെൻഡറിൽ 5,000 ലീറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുണ്ട്. ഫയർ ടെൻഡറുകൾ എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പമ്പുകളിൽ വെള്ളം അടിക്കുന്നത്. ചെയിൻഡ് എസ്കവേറ്ററാണ് ചവർ കുഴിയെടുക്കുന്നതിന് ഉപയോഗിക്കുന്നത്. ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും മറ്റു മാലിന്യങ്ങളും അടങ്ങിയിരിക്കുന്നത് പുക അണയ്ക്കുന്നതിന് തടസ്സമാകുന്നുണ്ട്. വളരെ അപകടകരമായ രീതിയിൽ ഏറെ ശ്രമകരമായ  പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് റീജിയനൽ ഫയർ ഓഫിസർ സുജിത് കുമാർ പറഞ്ഞു. ഇനി ചതുപ്പായ പ്രദേശങ്ങളിലെ പുകയാണ് അണയ്ക്കാനുള്ളത്."[24]

തീ പിടിച്ചു 12–ാം ദിവസമായ 2023 മാർച്ച് 13ആം തീയതി ബ്രഹ്മപുരത്തെ തീ പൂർണമായി കെടുത്തി എന്ന് അഗ്നിരക്ഷാ സേന പ്രഖ്യാപിച്ചു[25]. ഫയർ ടെൻഡറുകളുടെയും മണ്ണുമാന്തികളുടെയും സഹായത്തോടെ തുടർന്നിരുന്ന തീ അണയ്ക്കൽ മാർച്ച് 13ന് വൈകിട്ട് അവസാനിപ്പിച്ചു. വീണ്ടും തീ പിടിക്കാൻ സാധ്യതയില്ലെന്നാണു സേനയുടെ വിലയിരുത്തൽ. എന്നാൽ നിരീക്ഷണം തുടരും എന്നും അതിനുള്ള സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട് എന്നും അഗ്നിരക്ഷാ സേന അറിയിച്ചു[26].

സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ പ്രവർത്തനം തിരുത്തുക

സേവനസന്നദ്ധതയുള്ള പൊതുജനങ്ങൾക്ക് ജീവൻരക്ഷാ - ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും അതുവഴി ദുരന്തത്തിന്റെ  ആഘാതം കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിവിൽ ഡിഫൻസിന്റെ രൂപീകരണം. അഗ്നിരക്ഷാ സേനയ്ക്ക് കീഴിലാണ് ഇവരുടെ പ്രവർത്തനം. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീയും പുകയും അണയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് രാവും പകലും സിവിൽ ഡിഫൻസ് വോളണ്ടിയർമാർ നടത്തിയത്.[27] 12 ജില്ലകളിൽ നിന്നായി 650 പേരാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായത്. യാതൊരു ലാഭേച്ഛയുമില്ലാതെ നൂറുകണക്കിന് സിവിൽ ഡിഫൻസ് സേനാംഗങ്ങളാണ് ബ്രഹ്‌മപുരത്തേക്കെത്തിയത്. കൂലിപ്പണിക്കാർ മുതൽ ബിസിനസുകാർ വരെയുള്ള സിവിൽ ഡിഫൻസ് സേനാംഗങ്ങളിൽ പലരും ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്നതിന് പകരം ബ്രഹ്‌മപുരത്തേക്കെത്തി. ചിലരാകട്ടെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അവധിയെടുത്താണ് സന്നദ്ധ സേവനത്തിനെത്തിയത്.[27]ചരിത്രത്തിലെ ഏറ്റവും വലിയ തീയണയ്ക്കൽ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ഫയർ ആന്റ് റെസ്‌ക്യൂ സേനയ്ക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും സേനാംഗങ്ങൾ ഒരുക്കി[27].   ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ തീപിടിച്ച സാഹചര്യത്തിൽ ആദ്യം ഓടിയെത്തിയത്  സിവിൽ ഡിഫൻസ് സേനാംഗങ്ങളായിരുന്നു. തീ അണയ്ക്കുന്നതിനും പുക ശമിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് അഗ്‌നിരക്ഷാസേന നേതൃത്വം കൊടുത്തപ്പോൾ സിവിൽ ഡിഫൻസ് അവർക്ക് കരുത്തു പകർന്നു. ഫയർ എഞ്ചിനുകളിൽ ഇന്ധനവും പമ്പ് ചെയ്യുന്നതിനുള്ള വെള്ളവും നിറയ്ക്കുന്നത് മുതൽ ഭക്ഷണം വിതരണം ചെയ്യുന്നത് വരെ സിവിൽ ഡിഫൻസ് ഏറ്റെടുത്തു.  അവശ്യഘട്ടങ്ങളിൽ തീയണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും ഇവരുടെ സേവനം തേടി. തീ അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയതിന് പിന്നാലെ ദിവസവും നൂറോളം പേരായിരുന്നു വിവിധ ഷിഫ്റ്റുകളിലായി സേവനത്തിനെത്തിയത്. വിവിധ ജില്ലകളിൽ നിന്നുള്ളവരായിരുന്നു ഇവർ. തൃക്കാക്കര അഗ്‌നിനിലയത്തിലായിരുന്നു ഇവരുടെ താമസ സൗകര്യം ഒരുക്കിയത്. റീജിയണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത്ത് കുമാറിന്റെയും ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാറിന്റെയും മേൽനോട്ടത്തിൽ സിവിൽ ഡിഫൻസ് ചീഫ് വാർഡൻ അനു ചന്ദ്രശേഖർ, ഡിവിഷണൽ വാർഡൻ ബിനു മിത്രൻ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.[27]

എന്തുകൊണ്ട് തീ അണയ്ക്കാൻ താമസമുണ്ടായി തിരുത്തുക

പ്ലാന്റിലെ നിരന്തരമായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ ഹരിത ട്രൈബ്യൂണലും മലിനീകരണ നിയന്ത്രണ ബോർഡും ചില നിർദേശങ്ങൾ കൊച്ചി കോർപറേഷനു നൽകിയിരുന്നു. [28]എളുപ്പത്തിൽ വെള്ളം ലഭിക്കാനുള്ള ഹൈഡ്രന്റുകൾ, സിസിടിവി ക്യാമറകൾ, തീ കെടുത്താനുള്ള ഉപകരണങ്ങൾ, ആവശ്യത്തിനു തൊഴിലാളികൾ എന്നിവ വേണമെന്നായിരുന്നു അത്. ഇതെല്ലാം ഏർപ്പെടുത്തിയെന്ന സത്യവാങ്മൂലം കോർപറേഷൻ ഹരിത ട്രൈബ്യൂണലിനു നൽകി. 2022ൽ തീപിടിത്തം ഉണ്ടായപ്പോഴും ഇതാവർത്തിച്ചു. തീപിടിത്തം ഉണ്ടായതിന്റെ തലേന്ന്, 2023 മാർച്ച് ഒന്നിന് കൊച്ചി കലക്ടർ കൊച്ചി കോർപറേഷനു ബ്രഹ്മപുരത്തെ അപകട സാഹചര്യത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഹൈഡ്രന്റുകൾ 9 എണ്ണം ഉണ്ടായിരുന്നു. അതു പ്രവർത്തിക്കുമോ എന്നു നോക്കിയിരുന്നില്ല. ജനറേറ്റർ ഇല്ലാത്തതിനാൽ അതിലേക്കു വെള്ളം പമ്പ് ചെയ്യാനായില്ല. കടമ്പ്രയാറിലേക്കുള്ള വഴിയിൽ തീ പിടിച്ചതോടെ ഫയർഫോഴ്സ് വാഹനത്തിനു പുഴയിൽനിന്നു വെള്ളമെടുക്കാനായില്ല. 4 സ്ഥലങ്ങളിൽ ഒരേസമയം തീ പിടിച്ചെന്നാണ് ആരോപണം. തീ വച്ചതോ പിടിച്ചതോ എന്നതു പൊലീസ് അന്വേഷിക്കുന്നു. ബ്രഹ്മപുരം പ്ലാന്റിലേക്കു വൈദ്യുതി കണക്‌ഷനുണ്ട്. ഇവിടെയുള്ള ട്രാൻസ്ഫോമറിനു സമീപമാണ് ആദ്യം തീ കണ്ടത്. അതോടെ ലൈൻ ഓഫ് ചെയ്തു.ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു. ബയോ മൈനിങ് നടത്തി വേർതിരിച്ച മാലിന്യം, കരാർ വ്യവസ്ഥയ്ക്കു വിരുദ്ധമായി അവിടെത്തന്നെ സംഭരിച്ചിരുന്നു. സോണ്ട ഇൻഫ്രാടെക്കുമായുള്ള കരാർപ്രകാരം, വേർതിരിച്ചെടുത്ത ആർഡിഎഫ് (റെഫ്യൂസ്ഡ് ഡിറൈവ്ഡ് ഫ്യൂവൽ) മാലിന്യം 30 ദിവസത്തിനുള്ളിൽ നീക്കണം എന്നാണ് വ്യവസ്ഥ . ബയോ മൈനിങ് നടത്താനുള്ള മാലിന്യത്തിൽ 45–50 % ആർഡിഎഫ് ആണ്. തിരുച്ചിറപ്പിള്ളിയിലെ സിമന്റ് കമ്പനിയുടെ ചൂളയിൽ ഉപയോഗിക്കാൻ ആർഡിഎഫ് നൽകാനായിരുന്നു പദ്ധതി. ഗുണനിലവാരക്കുറവുമൂലം അതു തടസ്സപ്പെട്ടതോടെ മാലിന്യം കുമിഞ്ഞുകൂടി. [28]ബ്രഹ്മപുരത്തു നിർമിക്കുന്ന വേസ്റ്റ് ടു എനർജി പ്ലാന്റിൽ ഉപയോഗിക്കാൻ ഇൗ മാലിന്യം സംഭരിക്കാൻ അനുവദിക്കണമെന്നു കോർപറേഷനോട് സോണ്ട ആവശ്യപ്പെട്ടു. സോണ്ടയ്ക്കു തന്നെയാണ് എനർജി പ്ലാന്റിന്റെ കരാറും. കോർപറേഷൻ അതിനും സമ്മതിച്ചില്ല. ഇതോടെ കെഎസ്ഐഡിസി ഇടപെട്ടു. എനർജി പ്ലാന്റ് നിർമിക്കാൻ ബ്രഹ്മപുരത്ത് 20 ഏക്കർ കെഎസ്ഐഡിസിക്കു കൈമാറിയിട്ടുണ്ട്. ഇവിടെ ആർഡിഎഫ് സൂക്ഷിക്കാൻ അനുവദിച്ചു. ഇവിടെ സൂക്ഷിച്ച മാലിന്യം കത്തിയെന്നാണു വിവരം. വേണ്ട രീതിയിൽ ബയോ െമെനിങ് നടക്കുന്നില്ലെന്നും പ്ലാസ്റ്റിക് മാലിന്യം വേണ്ടവിധം വേർതിരിച്ചു മാറ്റുന്നില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു.[28]

പാളിയ ഏകോപനം തിരുത്തുക

തീ നിയന്ത്രിക്കുന്നതിലും അതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നതിലും ജില്ലാ കലക്ടറും കോർപറേഷൻ നേതൃത്വവും സർക്കാരും പരാജയപ്പെട്ടു എന്നതാണു വസ്തുത. ലക്ഷക്കണക്കിനു ടൺ പ്ലാസ്റ്റിക്കിനു തീപിടിച്ചാൽ എന്തു സംഭവിക്കുമെന്നു ഊഹിക്കാൻ കഴിയുന്നവരാണ് ഇവരെല്ലാം. 2021ലെ കണക്കുപ്രകാരം 5.52 ലക്ഷം ഘനമീറ്റർ മാലിന്യമാണ് ഇവിടെയുള്ളത്. ഇതിൽ 75% പ്ലാസ്റ്റിക്. അവസാന രണ്ടു വർഷത്തെ മാലിന്യത്തിനു കണക്കില്ല.[28] തീ കെടുത്താൻ ആദ്യ രണ്ടു ദിവസങ്ങളിൽ ഏകോപനമുണ്ടായില്ല. [28]ഫയർഫോഴ്സിനു വെള്ളം കിട്ടിയില്ല. [28]വഴി വെട്ടാൻ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ ആളില്ലായിരുന്നു.[28] തീ പടരാത്ത സ്ഥലങ്ങൾ സുരക്ഷിതമാക്കാൻ ശ്രമിച്ചില്ല.[28] രണ്ടാം തീയതി തീപിടിച്ചശേഷം നാലിനാണ് ഇത്തരത്തിൽ ശ്രമം ഉണ്ടാവുന്നത്. [28]അപ്പോഴേക്കും 110ൽ 75 ഏക്കറിലേക്കും തീ വ്യാപിച്ചു. നാലിനു രാവിലെ മന്ത്രിതല യോഗത്തിനു ശേഷമാണു കുറച്ചെങ്കിലും ഏകോപനമുണ്ടായത്.[28]

അഴിമതി ആരോപണം തിരുത്തുക

ബ്രഹ്മപുരത്തു നടന്നതു കോടികളുടെ അഴിമതിയെന്നു ആരോപണങ്ങൾ ഉയർന്നു.[29] രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സോൺട്ര ഇൻഫോടെക് കമ്പനിയും ചേർന്നു നടത്തിയ അഴിമതിയിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും ആവശ്യങ്ങളുയർന്നു. [29] കർണാടക മുഖ്യമന്ത്രി 2019ൽ സോൺട്ര ഇൻഫാടെക്കിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതാണ്.  2020 ൽ അതേ കമ്പനിക്കു കേരളത്തിൽ കെഎസ്ഐഡിസിയുടെ  പ്രത്യേക ഇടപെടലിൽ ബ്രഹ്മപുരം കരാർ ലഭിച്ചുവെന്നും, കരാർ കാലാവധിക്കുള്ളിൽ പകുതിപോലും പണി പൂർത്തിയാക്കാതിരുന്ന കമ്പനിക്കു കരാർ നീട്ടിക്കൊടുക്കാനുള്ള നിർദേശം എവിടെ നിന്നായിരുന്നുവെന്നും ചോദ്യങ്ങൾ ഉയർന്നു[29]. മാലിന്യനിർമാർജ കരാറിന്റെ മറവിൽ വലിയ അഴിമതിയാണ് കൊച്ചി കോർപറേഷനിൽ നടന്നത് എന്നും, കോൺഗ്രസ്-സിപിഎം നേതാക്കളുടെ മക്കൾക്കും മരുമക്കൾക്കുമാണ് ഇതിന്റെ കരാർ ലഭിച്ചത് എന്നും ഇരുപാർട്ടിയിലെയും നേതാക്കൾ അഴിമതിയുടെ പങ്കുപറ്റിയതിന്റെ ദുരന്തമാണ് കൊച്ചിക്കാർ അനുഭവിച്ചതെന്നും ആരോപണങ്ങൾ ഉയർന്നു.[30]

പ്ലാന്റുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ തിരുത്തുക

ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്റിലെ ലക്ഷക്കണക്കിനു ടൺ പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ചു സംസ്കരിക്കാനുള്ള (ബയോ മൈനിങ്) കരാർ ലഭിച്ചതു സിപിഎം നേതാവ് വൈക്കം വിശ്വന്റെ മകളുടെ ഭർത്താവ് രാജ്കുമാർ ചെല്ലപ്പൻപിള്ളയുടെ കമ്പനിയായ സോണ്ട ഇൻഫ്രാ ടെക്കിനാണ്. [31]ഉപകരാറിൽ ഈ ജോലി ചെയ്യുന്നതു കെപിസിസി മുൻ ജനറൽ സെക്രട്ടറിയും ദീർഘകാലം കോൺഗ്രസ് കൗൺസിലറും ജിസിഡിഎ ചെയർമാനുമായിരുന്ന എൻ.വേണുഗോപാലിന്റെ മകൻ വിഘ്നേഷ് വേണുഗോപാലിനു ബന്ധമുള്ള കമ്പനിയും. രേഖകളിലൊന്നും ഉപകരാറോ ഈ കമ്പനിയുടെ പേരോ ഇല്ല. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിലെ പോരായ്മയ്ക്കു ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപറേഷനു വൻതുക പിഴ ചുമത്തുകയും മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോൾ, ഒന്നും ചെയ്യാതിരുന്ന കോർപറേഷനിൽനിന്ന് ആ ചുമതല സർക്കാർ ഏറ്റെടുത്തിടത്താണ് ഈ കരാറുകളുടെ ഉദ്ഭവം. കെഎസ്ഐഡിസിയെ നോഡൽ ഏജൻസിയാക്കി. [31]2020ൽ കെഎസ്ഐഡിസി ബയോ മൈനിങ്ങിനു ടെൻഡർ ക്ഷണിച്ചു. രണ്ടു കമ്പനികൾ പങ്കെടുത്തു. അതിലൊന്നാണ് സോണ്ട.[31] ബയോമൈനിങ് രംഗത്ത് 10 കോടി രൂപയുടെ പ്രവൃത്തി ഏറ്റെടുത്ത പരിചയം വേണമെന്നായിരുന്നു നിബന്ധന. രണ്ടു കമ്പനികൾക്കും അതില്ലാത്തതിനാൽ റീ ടെൻഡർ. റീ ടെൻഡറിലും സോണ്ട പങ്കെടുത്തു. തിരുനെൽവേലിയിൽ 10.34 കോടി രൂപയ്ക്കു മാലിന്യ സംസ്കരണം നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കി. ആദ്യ ടെൻഡറിൽ ഇതേ നഗരസഭയുടെ 8.5 കോടി രൂപയുടെ ജോലി ചെയ്ത സർട്ടിഫിക്കറ്റ് നൽകിയിരുന്നു. അതിന്റെ കൂടെ രണ്ടു വർഷത്തെ എഎംസി (വാർഷിക നടത്തിപ്പ് കരാർ) തുക കൂടി കൂട്ടിയാണ് 10 കോടിയുടെ പ്രവൃത്തിപരിചയം എന്ന കടമ്പ കടന്നത്.[31]രണ്ടാം ടെൻഡറിൽ സോണ്ട മാത്രമേ പങ്കെടുത്തുള്ളൂവെങ്കിലും കരാറിനു ധാരണയായി. കോർപറേഷൻ ഇതിനെതിരായിരുന്നു. എന്നാൽ, കോർപറേഷനിൽ എൽഡിഎഫ് അധികാരത്തിൽ വന്നതോടെ കരാർ ഒപ്പിട്ടു. 9 മാസം കാലാവധി. അതനുസരിച്ച് 2022 ജൂണിൽ ബയോ മൈനിങ് പൂർത്തിയാക്കണം. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടു സോണ്ട നോട്ടിസ് നൽകി. കോർപറേഷൻ സമ്മതിച്ചില്ല. ഒടുവിൽ കെഎസ്ഐഡിസി ഇടപെട്ട് 2023 ജൂൺ വരെ കരാർ നീട്ടിക്കൊടുത്തു. ബയോ മൈനിങ്ങിൽ ഒരു പുരോഗതിയും ഇല്ലാതിരിക്കെ യുഡിഎഫ് കൗൺസിലർമാർ ഇതു നിരന്തരം കൗൺസിലിൽ ഉന്നയിച്ചു. ഇതിനിടെ ബയോ മൈനിങിന് രേഖകളിലില്ലാത്ത ഉപകരാറുകാരൻ വന്നു. ഉപകരാറുണ്ടെങ്കിൽ അതിനു കോർപറേഷന്റെ മുൻകൂർ അനുമതി വേണമെന്നാണ് ഒറിജിനൽ കരാർ വ്യവസ്ഥ. ഉപകരാർ എടുത്തവരാണു ബ്രഹ്മപുരത്തു പണിയെടുത്തിരുന്നത്. സോണ്ടയുടെ ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നു.[31]

അവലംബം തിരുത്തുക

  1. "വരുത്തിവച്ച വിന: ശ്വാസംമുട്ടി കൊച്ചി; ബ്രഹ്മപുരത്ത് സംഭവിക്കുന്നത് എന്ത്?". Retrieved 2023-03-14.
  2. "ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു". Retrieved 2023-03-14.
  3. ഡെസ്ക്, വെബ്. "ബ്രഹ്മപുരം വിഷയത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ പരിഹാരത്തിന് ശ്രമമെന്ന് കളക്ടർ;എട്ടാം ദിവസവും തീ അണയ്ക്കാനായില്ല". Retrieved 2023-03-14.
  4. ഡെസ്ക്, വെബ്. "കൊച്ചി വിഷപ്പുകയിലായിട്ട് 11-ാം ദിവസം; ഡൽഹിയേക്കാൾ മോശം വായുവെന്ന് സൂചിക". Retrieved 2023-03-14.
  5. 5.0 5.1 "പുകമറയ്ക്ക് പിന്നിൽ". Retrieved 2023-03-14.
  6. "ബ്രഹ്മപുരം നൽകുന്ന ആപൽസൂചന". Retrieved 2023-03-14.
  7. ഡെസ്‌ക്, വെബ്. "ബ്രഹ്മപുരം തീപ്പിടിത്തം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു". Retrieved 2023-03-14.
  8. "ബ്രഹ്മപുരം തീപിടിത്തം: ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്" (in ഇംഗ്ലീഷ്). Retrieved 2023-03-14.
  9. Desk, Web (2023-03-06). "ബ്രഹ്മപുരം തീപിടിത്തം: ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്". Retrieved 2023-03-14.
  10. Daily, Keralakaumudi. "'നിരവധി പേജുള്ള റിപ്പോർട്ടുമായി വരണ്ട, യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് വേണ്ടത്'; ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനോട് ഹൈക്കോടതി" (in ഇംഗ്ലീഷ്). Retrieved 2023-03-14.
  11. 11.0 11.1 "Kerala High Court appoints panel to monitor Brahmapuram waste plant smoke situation" (in ഇംഗ്ലീഷ്). 2023-03-10. Retrieved 2023-03-14.
  12. 12.0 12.1 ലേഖിക, നിയമകാര്യ. "ബ്രഹ്മപുരത്ത് നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി". Retrieved 2023-03-14.
  13. Daily, Keralakaumudi. "മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്രണ ബോ​ർ​ഡി​ന് ​വി​മ​ർ​ശ​നം" (in ഇംഗ്ലീഷ്). Retrieved 2023-03-14. {{cite web}}: zero width space character in |title= at position 2 (help)
  14. 14.0 14.1 "ബ്രഹ്മപുരത്തെ തീ: സുരക്ഷ‌ാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ വലിയ വീഴ്ച; ഒന്നാം പ്രതി കോർപറേഷൻ?". Retrieved 2023-03-14.
  15. 15.0 15.1 Daily, Keralakaumudi. "മാലിന്യപ്ളാന്റിൽ അടിക്കടി തീപിടിത്തമുണ്ടാകുന്നു, നി‌ർദ്ദേശങ്ങളൊന്നും പാലിച്ചില്ല, അഗ്നി പ്രതിരോധ മാർഗങ്ങളൊന്നും പ്ളാന്റിലില്ല; ബ്രഹ്‌മപുരത്ത് കോർപറേഷൻ വീഴ്‌ച അക്കമിട്ട് നിരത്തി അഗ്നിരക്ഷാ സേനയുടെ റിപ്പോർട്ട്" (in ഇംഗ്ലീഷ്). Retrieved 2023-03-14.
  16. 16.0 16.1 16.2 16.3 "വരുത്തിവച്ച വിന: ശ്വാസംമുട്ടി കൊച്ചി; ബ്രഹ്മപുരത്ത് സംഭവിക്കുന്നത് എന്ത്?". Retrieved 2023-03-14.
  17. 17.0 17.1 17.2 "പ്ലാസ്റ്റിക് പുക രാസവിഷമയം; ചൊറിച്ചിൽ മുതൽ കാൻസർ വരെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം". Retrieved 2023-03-14.
  18. 18.0 18.1 Daily, Keralakaumudi. "ബ്രഹ്മപുരം ഓർമ്മിപ്പിക്കുന്നു പ്ളാസ്റ്റിക്കിന്റെ അന്തകമുഖം" (in ഇംഗ്ലീഷ്). Retrieved 2023-03-14.
  19. "'കൊച്ചിയിൽ പിപിഎം 138, ഡൽഹിയിൽ 223; ശ്വസിക്കാൻ കേരളത്തിലേക്കു വരേണ്ട സ്ഥിതി'". Retrieved 2023-03-14.
  20. "വിഷപ്പുകയിൽ മുങ്ങി കൊച്ചി: മലിനവായു പാരമ്യത്തിൽ; തീപിടിത്തം 75 ഏക്കറിൽ". Retrieved 2023-03-14.
  21. "ഒൻപത് ദിവസം: കൊച്ചി കട്ടപ്പുകയിൽ; രാത്രി പ്രവർത്തനത്തിന് 26 എസ്കവേറ്ററുകളും 8 ജെസിബികളും". Retrieved 2023-03-14.
  22. 22.0 22.1 22.2 Daily, Keralakaumudi. "വിഷപ്പുകയിൽ പോരാടി അഗ്നിരക്ഷാസേന #നാളെ പതിനാലാം ദിവസം" (in ഇംഗ്ലീഷ്). Retrieved 2023-03-14.
  23. 23.0 23.1 23.2 23.3 "അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യത്തിൽ കുറവ്; പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ". Retrieved 2023-03-14.
  24. 24.0 24.1 "ഒരു മിനിറ്റിൽ 40,000 ലീറ്റർ വെള്ളം; ഇനി നിയന്ത്രിക്കേണ്ടത് 30% പ്രദേശത്തെ പുക". Retrieved 2023-03-14.
  25. "ബ്രഹ്മപുരം: തീ പൂർണമായി കെടുത്തി; വീണ്ടും തീ പിടിക്കാൻ സാധ്യതയില്ലെന്ന് അഗ്നിരക്ഷാസേന". Retrieved 2023-03-14.
  26. "ബ്രഹ്മപുരം: തീ പൂർണമായി കെടുത്തി; വീണ്ടും തീ പിടിക്കാൻ സാധ്യതയില്ലെന്ന് അഗ്നിരക്ഷാസേന". Retrieved 2023-03-14.
  27. 27.0 27.1 27.2 27.3 "ദുരന്തഭൂമിയിൽ സേവനസന്നദ്ധരായി സ്വയം മുന്നിട്ടിറങ്ങി സിവിൽ ഡിഫൻസ് സേന". Retrieved 2023-03-14.
  28. 28.00 28.01 28.02 28.03 28.04 28.05 28.06 28.07 28.08 28.09 "പുകമറയ്ക്ക് പിന്നിൽ". Retrieved 2023-03-14.
  29. 29.0 29.1 29.2 "ആവശ്യത്തിന് ആളും യന്ത്രങ്ങളുമുണ്ടായിട്ടും തീയണയ്ക്കാൻ െവെകുന്നതെന്ത് ?". Retrieved 2023-03-14.
  30. "'സർക്കാരിന് ഒന്നും ചെയ്യാനാവുന്നില്ല; കൊച്ചിക്കാർ അഗ്നിപർവതത്തിനു മുകളിൽ: കേന്ദ്രം ഇടപെടണം'". Retrieved 2023-03-14.
  31. 31.0 31.1 31.2 31.3 31.4 "പുകമറയ്ക്ക് പിന്നിൽ". Retrieved 2023-03-14.
"https://ml.wikipedia.org/w/index.php?title=ബ്രഹ്മപുരം_തീപിടിത്തം&oldid=3904067" എന്ന താളിൽനിന്ന് ശേഖരിച്ചത്