ബൈഗ

(ബൈഗകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യേന്ത്യയിലെ സത്പുര പർവതനിരയുടേ കിഴക്കുള്ള മൈക്കൽ പർവതങ്ങളിലെ കാടുകളിൽ അധിവസിക്കുന്ന അർദ്ധ-പ്രാകൃതജനവിഭാഗമാണ്‌ ബൈഗകൾ. സമീപവാസികളായ ആദിവാസിവിഭാഗങ്ങൾ ഇവരെ മഹാമാന്ത്രികരായി കണക്കാക്കുന്നു[1]‌.

ഒരു ബൈഗ സ്ത്രീ

കാട്‌ വെട്ടിത്തെളിച്ച്‌ കത്തിച്ച്‌ മണ്ണ് അൽപമാത്രം മാന്തി ചെറിയ രീതിയിലുള്ള കൃഷിപ്പണികൾ ബൈഗകൾ ചെയ്തു വരുന്നു. ഭൂമിയുടെ പുറംതോടിന്‌ കേടുപറ്റുമെന്ന്‌ വിശ്വസിക്കുന്നതിനാൽ കലപ്പ ഉപയോഗിച്ച്‌ മണ്ണിളക്കുന്നത്‌ ഇവർക്ക്‌ നിഷിദ്ധമാണ്‌. ഇതിനു പുറമേ ഭക്ഷണത്തിനായി ബൈഗകൾ കാട്ടുകനികളും, പഴങ്ങളും ശേഖരിക്കുകയും അരുവികളിൽ നിന്ന്‌ മീൻ പിടിക്കുകയും ചെയ്യുന്നു. മൽസ്യം ഭക്ഷിക്കുന്നത്‌ കാഴ്ചക്ക്‌ നല്ലതാണെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. കുന്തവും അമ്പും വില്ലും ഉപയോഗിച്ച്‌ വേട്ടയാടുന്നതിലും ബൈഗകൾ വിദഗ്ദ്ധരാണ്‌. സസ്യങ്ങളിൽ നിന്നെടുക്കുന്ന വിഷം പുരട്ടിയ അമ്പുകളാണ്‌ ഇവർ ഉപയോഗിക്കുന്നത്‌. ഇതുപയോഗിച്ച്‌ കടുവകളെ വരെ കൊല്ലാൻ സാധിക്കും. മുള കൊണ്ടുള്ള വില്ലാണ്‌ ഇവർ ഉപയോഗിക്കുന്നത്‌. ഈ വില്ലിൽ തങ്ങൾ കൊലപ്പെടുത്തിയ മൃഗത്തിന്റെ രോമക്കഷണം അതിന്റെ തന്നെ ചോരയിൽ മുക്കിക്കെട്ടി അലങ്കരിച്ചിട്ടുണ്ടാകും[1].

എന്നിരുന്നാലും ബൈഗകൾ പ്രധാനമായും മാന്ത്രികരായാണ്‌ തങ്ങളുടെ ജീവിതവൃത്തി കഴിക്കുന്നത്‌. ഗുനിയ എന്നാണ്‌ ബൈഗ മാന്ത്രികർ അറിയപ്പെടുന്നത്‌. ആഘോഷങ്ങൾക്ക്‌ കാർമ്മികത്വം വഹിക്കുന്നതിനും, രോഗങ്ങൾ ശമിപ്പിക്കുന്നതിനും, വിളവ്‌ വർദ്ധിപ്പിക്കുന്നതിനും, പാമ്പിൽ നിന്നുള്ള ഉപദ്രവം ഒഴിവാക്കുന്നതിനും മഴ പെയ്യിക്കുന്നതിനും ശമിപ്പിക്കുന്നതിനുമെല്ലാം ഇതരഗിരിവംശജർ ഇവരുടെ സഹായം തേടുകയും പ്രതിഫലം നൽകുകയും ചെയ്യുന്നു. അസുഖം വന്നയാളുടെ ദേഹത്ത്‌ ഒരു പല്ലിയുടേ ചിത്രം വരച്ച്‌ അയാളിൽ നിന്ന്‌ പല്ലിയിലേക്ക്‌ അസുഖം മാറ്റുക, ആദ്യം പെയ്യുന്ന മഴത്തുള്ളിയെ പിടിച്ച്‌ കത്തിച്ച്‌ മഴ പെയ്യുന്നത്‌ നിർത്തുക തുടങ്ങിയ രീതികൾ ഗുനിയകൾ ചെയ്തിരുന്നു. ഗുനിയകൾക്ക്‌ കടുവകളുമായും സുഹൃദ്ബന്ധമുണ്ടെന്നാണ്‌ വിശ്വാസം. വന്യമൃഗങ്ങളുടെ വായടപ്പിക്കാനുള്ള വിദ്യ വൈഗകളുടെ പുരാതനപിതാവായ്‌ അനംഗബൈഗക്ക്‌ ദൈവത്തിൽ നിന്നും നേരിട്ട്‌ ലഭിച്ചു എന്നാണ്‌ ഇവർ വിശ്വസിക്കുന്നത്‌. ഏതെങ്കിലും ആദിവാസിഗ്രാമങ്ങളിൽ കടുവശല്യം ഉണ്ടായാൽ ബൈഗ ഗുനിയകളെ സഹായത്തിനു വിളിക്കുന്നു. ഇവർ ഒരു മരത്തിൽ ആണിയടിക്കുകയും ഇത്‌ ആ മൃഗത്തിന്റെ വായിൽ ആണിയടിച്ചതായി കരുതുകയും ചെയ്യുന്നു. അങ്ങനെ ആ മൃഗം പട്ടിണികിടന്ന്‌ മരിക്കുമെന്നും വിശ്വസിക്കുന്നു[1].

  1. 1.0 1.1 1.2 HILL, JOHN (1963). "2-CENTRAL INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 74. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ബൈഗ&oldid=3518932" എന്ന താളിൽനിന്ന് ശേഖരിച്ചത്