ബേഗം റുക്കയാ

ബംഗാളിലെ സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയും

ബേഗം റുക്കയാ ഷെഖാവത് ഹൊസേൻ ( রোকেয়া সাখাওয়াত হোসেন) (9 December 1880 – 9 December 1932), അവിഭക്ത ബംഗാളിലെ സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയും മുസ്ലീംസമൂഹത്തിൽ സ്ത്രീ ശാക്തീകരണപ്രസ്ഥാനത്തിന്റെ നേതാവും ആയിരുന്നു[1]. 2004-ൽ ബി.ബിസി. സർവശ്രേഷ്ഠരായ നൂറു ബംഗാളികളെ നാമനിർദ്ദേശം ചെയ്യാൻ ലോകമെമ്പാടുമുള്ള ബംഗാളി ശ്രോതാക്കളോട് ആവശ്യപ്പെട്ടപ്പോൾ (Opinion Poll) , ഫലപ്പട്ടികയിൽ ആറാമത്തെ സ്ഥാനത്ത് ബേഗം റുക്കയാ ആയിരുന്നു[2][3]. ബേഗം റുക്കയുടെ ചരമദിനം, ഡിസമ്പർ ഒമ്പത് റുക്കയാ ദിനമായി ബംഗ്ലാദേശ് ആചരിക്കുന്നു.

ബേഗം റുക്കയാ
ബേഗം റുക്കയാ
റുക്കയാ ഷെഖാവത് ഹൊസൈൻ
ജന്മനാമം
রোকেয়া সাখাওয়াত হোসেন
ജനനംറുക്കയാ ഖാതൂൺ
(1880-12-09)9 ഡിസംബർ 1880
പായ്റാബന്ദ്, മിഥാപുകൂർ|ഉപജില്ല , രംഗ്പൂർ, ബംഗാൾ പ്രസിഡൻസി, [[ബ്രിട്ടീഷ് ഇന്ത്യ]] (ഇപ്പോൾ ബംഗ്ലാദേശ്)
മരണം9 ഡിസംബർ 1932(1932-12-09) (പ്രായം 52)
കൊൽക്കത്ത, ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
തൊഴിൽഎഴുത്തകാരി, സാമൂഹ്യപ്രവർത്തക, സ്ത്രീശാക്തീകരണം
സാഹിത്യ പ്രസ്ഥാനംസ്ത്രീശാക്തീകരണം
ശ്രദ്ധേയമായ രചന(കൾ)മതിചൂർ, സുൽത്താനയുടെ കിനാവ്, പദ്മരാഗ്, അവരോധ്വാസിനി",
പങ്കാളിഖാൻ ബഹാദൂർ ഷെഖാവത് ഹോസൈൻ

ജീവചരിത്രം

തിരുത്തുക

ജനനം, ബാല്യം

തിരുത്തുക

ധനികരും യാഥാസ്ഥിതികരുമായ ജമീന്ദാരി കുടുംബത്തിലാണ് റുക്കയാ ജനിച്ചത്. പിതാവ് സഹീറുദ്ദീൻ സബറിന് നാലു നിയമാനുസൃത ഭാര്യമാരും വെപ്പാട്ടിമാരും ഉണ്ടായിരുന്നു. പെണ്മക്കൾ ബംഗാളിയും ഇംഗ്ലീഷും പഠിക്കുന്നതിന് എതിരായിരുന്നു മാത്രമല്ല അഞ്ചു വയസ്സു മുതൽ പർദ്ദ ആചരിക്കേണ്ടിയുമിരുന്നു. ജ്യേഷ്ഠസഹോദരനാണ് രാത്രികാലങ്ങളിൽ രഹസ്യമായി ഈ രണ്ടു ഭാഷകളും റുക്കിയയെ പഠിപ്പിച്ചത്.[4]

വിവാഹം, വൈധവ്യം

തിരുത്തുക
 
ബേഗം റുക്കയാ ഭർത്താവിനോടൊത്ത് (1898)

1896-ൽ പതിനാറുകാരിയായ റുക്കിയയുടെ വിവാഹം നാല്പതുകാരനും വിധുരനുമായിരുന്ന ഷെഖാവത് ഹോസൈനുമായി നടന്നു. ഹോസൈൻ ബിഹാറിലെ ഭഗൽപൂരിൽ ഡിസ്റ്റ്രിക്റ്റ് മജിസ്ട്രേറ്റ് ആയിരുന്നു. ഹൊസൈൻ റുക്കിയെ ഇംഗ്ലീഷു പഠിപ്പിക്കുകയും ലേഖനങ്ങളെഴുതി പ്രസിദ്ധീകരിക്കാൻ പ്രോത്സാഹിപ്പിക്കയും ചെയ്തു.[5] . റുക്കിയക്ക് രണ്ടു പെൺകുഞ്ഞുങ്ങൾ പിറന്നെങ്കിലും ശിശുപ്രായത്തിലേ മരണമടഞ്ഞു[6]. പ്രമേഹരോഗിയായിരുന്ന ഭർത്താവ് 1909-ൽ അന്തരിച്ചു. റുക്കിയക്കായി ഭർത്താവ് പതിനായിരം രൂപ എഴുതിവെച്ചിരുന്നു. അതുപയോഗിച്ച് റുക്കിയ ഉടനെത്തന്നെ ഭഗൽപൂരിൽ മുസ്ലീം ബാലികമാർക്കായി ഒരു വിദ്യാലയം തുടങ്ങി. പക്ഷെ ഭർതൃകുടുംബത്തിന് ഇതൊട്ടും രസിച്ചില്ല. റുക്കിയക്ക് ഈ ഉദ്യമം തത്കാലം ഉപേക്ഷിക്കേണ്ടി വന്നു[1].

ഷെഖാവത് മെമോറിയൽ ഗേൾസ് സ്കൂൾ

തിരുത്തുക

ഭർതൃഗ്രഹത്തിൽ നിന്ന് പുറത്താക്കപ്പെട്ട റുക്കിയ കൊൽക്കത്തയിലേക്ക് താമസം മാറ്റി, അവിടെ,1910-ൽ ഷെഖാവത് മെമോറിയൽ സ്കൂൾ തുറന്ന് പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ എട്ടു വിദ്യാർഥിനികളും രണ്ടു ബെഞ്ചുകളും മാത്രമേ ഉണ്ടായിരുന്നുള്ളു. സ്കൂൾ ഇന്നും നിലവിലുണ്ട്. ലോർഡ് സിഹ്ന റോഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ പശ്ചിമബംഗാൾ ഗവണ്മെന്റിന്റെ വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ്. 2010-ൽ സ്കൂളിന്റെ ശതവാർഷികം ആഘോഷിക്കപ്പെടുകയുണ്ടായി[7].

അഞ്ജുമൻ-എ-ഖവാതീൻ-എ-ഇസ്ലാം

തിരുത്തുക

മുസ്ലീം വനിതകളെ ബോധവത്കരിക്കുന്നതിനായി ബേഗം റുക്കയാ നേതൃത്വം നല്കിയ സംഘടനയാണ് ഇത്. പർദ്ദക്കെതിരായും നാരീവിവേചനത്തിനെതിരായും നാരീ വിദ്യാഭ്യാസത്തിനായും റുക്കയാ സജീവമായി എഴുതുകയും പ്രവർത്തിക്കുകയും ചെയ്തു[8]. ഖുർആനും ശരീഅത്തും സ്ത്രീകൾക്ക് പർദ്ദ വിധിച്ചിട്ടില്ലെന്ന് റുക്കയാ വാദിച്ചു[9].

ഹൃദയസംബന്ധമായ അസുഖം ബാധിച്ച് 1932 ഡിസമ്പർ 9-ന് കൊൽക്കത്തക്കടുത്ത് സോദ്പൂരിൽ വെച്ച് റുക്കയാ ബേഗം മരണമടഞ്ഞു. ഡിസമ്പർ 9 റുക്കയാ ദിനമായി ബംഗ്ലാദേശ് ആചരിക്കുന്നു. ബേഗം റുക്കയയുടെ സ്മരണാർഥം, അവരുടെ ജന്മസ്ഥലമായ രംഗ്പൂരിൽ ബംഗ്ലാദേശ് സർക്കാർ 2008-ൽ ബേഗം റുക്കയാ യൂണിവഴ്സിറ്റി ആരംഭിച്ചു[10].

 
ഢാക്കാ സർവകലാശാലയിൽ ബേഗം റുക്കിയയുടെ പ്രതിമ

1902-മുതൽ മിസിസ്. ആർ.എസ്. ഹോസൈൻ എന്നപേരിൽ റുക്കയാ ബംഗാളിയിലും ഇംഗ്ലീഷിലും ലേഖനങ്ങളും ചെറുകഥകളും എഴുതിത്തുടങ്ങി.ഇവയുടെ സംഗ്രഹമാണ് മതിചൂർ ഒന്നും രണ്ടും ഭാഗങ്ങൾ. സുൽതാനയുടെ കിനാവ് (Sultana's Dream) 1908-ൽ പുറത്തു വന്ന ഇംഗ്ലീഷു കൃതിയാണ്[11]. പദ്മരാഗ് എന്ന നോവൽ 1924-ലാണ് എഴുതപ്പെട്ടത്. സ്ത്രീകളുടെ ദുരവസ്ഥ എടുത്തു കാണിക്കുന്ന അമ്പതോളം സംഭവകഥകളുടെ വിവരണമാണ് അബരോധ് ബാസിനി (1931). ഈ കൃതി റുക്കയാ തന്റെ അമ്മ, റഹമുന്നീസാ സബേരാ ചൗധരാണിക്കാണ് സമർപ്പിച്ചിരിക്കുന്നത്[9].

  1. 1.0 1.1 Mahmud, Rashed (2016-09-30). "Rokeya Sakhawat Hossain: Tireless Fighter of Female Education and their Independence – A Textual Analysis" (PDF). arcjpournals.org. Retrieved 2019-03-09.
  2. "BBC News|South Asia|Listeners name 'greatest Bengali'". Newsbbc.co.uk. 2004-04-14. Retrieved 2019-03-09.
  3. "The Daily Star Wed edition". archive.thedailystar.net. 2004-04-16. Archived from the original on 2018-12-25. Retrieved 2019-03-09.
  4. Amin, Sonia Nishat (1996). The World of Muslim Women in Colonial Bengal 1876-1939. Leiden: E J Brill. pp. 72, 152. ISBN 9004106421.
  5. Editors, Sumit Sarkar (2008). Women and Social Reform in Modern India: A Reader. Bloomington: Indian University Press. pp. 70–71. ISBN 978025322049-3. {{cite book}}: |last= has generic name (help)
  6. "Hossein,Roquiah Sakhawat". en.banglapedia.org. 2015-03-24. Retrieved 2019-03-11.
  7. Choudhury, Iqbal Bahar (2012-12-09). "Rokeya and Sakhawat Memorial School: One Hundred Years after". The dailystar.net. Retrieved 2019-03-11.
  8. Bagchi, Barnita. "Inside Tarini Bhavan: Rokeya Sakhawat Hossain's Padmarag and the Richness of South Asian Feminism in Furthering Unsectarian, Gender-Just Human Development" (PDF). igidr.ac.in. Retrieved 2019-03-13.
  9. 9.0 9.1 Hakeem, Shagufta (2015-11-30). "The Writings of Rokeya Hossain: A pioneer of her time whose writings hold relevance today". dukespace.lib.duke.edu. Archived from the original on 2017-04-22. Retrieved 2019-03-13.
  10. "Begum Rokeya University, Rangpur". brur.ac.bd. Retrieved 2019-03-11.
  11. Hossein, Rokeya S. "A celebration of Women Writers: Sultana's Dream by Rokeya S. Hossain". digital.library.upenn.edu. Retrieved 2019-03-13.
"https://ml.wikipedia.org/w/index.php?title=ബേഗം_റുക്കയാ&oldid=4007833" എന്ന താളിൽനിന്ന് ശേഖരിച്ചത്