ബെസ്റ്റ് ബേക്കറി കേസ്

ഹനുമാൻ തെക്രി പ്രദേശത്ത് ഒരു ബേക്കറിയും, അതിലെ 14 പേരേയും അഗ്നിക്കിരയാക്കിയ സംഭവം

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു നടന്ന അക്രമസംഭവങ്ങളിൽ ഹനുമാൻ തെക്രി പ്രദേശത്ത് ഒരു ബേക്കറിയും, അതിലെ 14 പേരേയും അഗ്നിക്കിരയാക്കിയ സംഭവത്തെതുടർന്നുണ്ടായ കേസ് ആണ് ബെസ്റ്റ് ബേക്കറി കേസ്, അഥവാ തുളസി ബേക്കറി കേസ് എന്നറിയപ്പെടുന്നത്.[1] 2002- മാർച്ച് ഒന്നിന് ഷേക്ക് വിഭാഗത്തിൽപ്പെട്ട ആളുകൾ നടത്തിയിരുന്ന ബെസ്റ്റ് ബേക്കറി, അക്രമികൾ തീവെച്ചു. കുടുംബാംഗങ്ങളായ 11 മുസ്ലിം വംശജരും, ജോലിക്കാരായ 3 ഹിന്ദു സമുദായക്കാരുമായിരുന്നു കൊല്ലപ്പെട്ടത്.[2][3] ഗുജറാത്ത് കലാപത്തെതുടർന്ന് ഗുജറാത്ത് സർക്കാർ പിന്തുടർന്നുപോന്ന ദുരൂഹമായ നടപടികളുടേയും, അവിടെ നടന്ന നരഹത്യയുടേയും ഒരു പ്രതീകമായിരുന്നു ബെസ്റ്റ് ബേക്കറി സംഭവം.[4]

പശ്ചാത്തലംതിരുത്തുക

2002 മാർച്ച് ഒന്നിന് ഗുജറാത്തിലെ വദോദരയിൽ വംശീയ ലഹള കത്തിപടരുമ്പോൾ ഹനുമാൻ തെക്രി എന്ന പ്രദേശത്തെ ഒരു കൊച്ചു ബേക്കറിയെ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.[5][6] ഷേക്ക് സമുദായത്തിൽപ്പെട്ട ഒരു കുടുംബമായിരുന്നു ഈ ബേക്കറി നടത്തിയിരുന്നത്. ജനക്കൂട്ടം ബേക്കറി ആക്രമിക്കുമ്പോൾ കുടുംബാംഗങ്ങളായ പതിനൊന്നുപേരും, ബേക്കറിയിലെ ജോലിക്കാരായ 3 പേരും അതിനകത്തുണ്ടായിരുന്നു. ഇവർ രക്ഷപ്പെട്ടുപോകാൻ അനുവദിക്കാതെ, അക്രമികൾ പതിനാലുപേരേയും അതിനകത്തിട്ടു തന്നെ അഗ്നിക്കിരയാക്കി.

ഗുജറാത്ത് കലാപകാലത്ത് നടന്ന മറ്റു പല കേസുകളേയും പോലെ, ഈ കേസിലും പോലീസ് അന്വേഷണത്തിൽ ധാരാളം ന്യൂനതകൾ ഉണ്ടായിരുന്നു. ദൃക്സാക്ഷികളുടെ മൊഴിയെടുക്കാനോ, തെളിവുകൾ നഷ്ടപ്പെടുന്നതിനു മുമ്പ് ശേഖരിക്കാനോ, പ്രതികളെന്നു സംശയിച്ചവരെ ചോദ്യം ചെയ്യാനോ പോലീസ് ആദ്യ ഘട്ടത്തിൽ തയ്യാറായില്ല. പ്രതികൾക്കെതിരേ പിന്നീട് ശക്തമായ തെളിവുകൾ ലഭിച്ചുവെങ്കിലും, സംഭവത്തിലെ ഇരകൾക്ക് അവർ അർഹിച്ച നീതി ലഭിച്ചില്ല.

കേസ്തിരുത്തുക

സംഭവം നടന്നതിന്റെ പിറ്റേ ദിവസം, സക്കീറ ഷേഖ് എന്ന പത്തൊമ്പതു വയസ്സുകാരിയാണ് അക്രമത്തെക്കുറിച്ച് ആദ്യമായി പരാതി നൽകാൻ തയ്യാറായത്. സക്കീറ സംഭവത്തിന്റെ ദൃക്സാക്ഷി കൂടിയായിരുന്നു. തന്റെ കുടുംബാംഗങ്ങളെ ജനക്കൂട്ടം തീവെച്ചുകൊല്ലുന്നത് താൻ കണ്ടുവെന്ന് സക്കീറ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.[7] കലാപസമയത്ത് അക്രമാസക്തമായ ജനക്കൂട്ടം മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ബേക്കറിയെ സമീപിച്ചപ്പോൾ, ഭയന്നു പോയ കുടുംബാംഗങ്ങൾ രക്ഷപ്പെടുവാൻ വേണ്ടി വീടിന്റെ മുകൾ നിലയിലേക്കു പോവുകയും, ചിലർ ഒന്നാം നിലയിലുള്ള മുറിയിൽ ഒളിച്ചിരിക്കുകയും ചെയ്തു എന്ന് സക്കീറയുടെ സാക്ഷി മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടെ 2003 മാർച്ച് 23 ന് സക്കീറ ഷേഖ് ഉൾപ്പെടെ, 73 സാക്ഷികളിൽ 37 പേരും കൂറുമാറി. 2003 ജൂൺ 27 ന് കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ കുറ്റം ചുമത്തപ്പെട്ട 21 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി. ചില ദൃക്സാക്ഷികൾ കോടതിയിലെത്തി മൊഴി നൽകുവാൻ മാത്രമുള്ള മാനസികാവസ്ഥയിലല്ലെന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. പ്രഥമവിവരറിപ്പോർട്ട് സമർപ്പിക്കുന്നതിലും, തെളിവുകൾ ശേഖരിക്കുന്നതിലും, ഗുജറാത്ത് സർക്കാർ വീഴ്ച വരുത്തിയെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി.[8]

അവലംബംതിരുത്തുക

  1. "ക്രോണോളജി ഓഫ് ഇവന്റ്സ് ഇൻ ബെസ്റ്റ് ബേക്കറി കേസ്". റിഡിഫ്.കോം. 2006 ഫെബ്രുവരി 02. ശേഖരിച്ചത് 2014 ജൂലൈ 06.
  2. "ബെസ്റ്റ് ബേക്കറി കേസ്, ബോംബെ ഹൈക്കോർട്ട് അക്വിറ്റ്സ് 5". ഇന്ത്യൻ എക്സ്പ്രസ്സ്. 09 ജൂലൈ 2012. ശേഖരിച്ചത് 2014 ജൂലൈ 06. Check date values in: |date= (help)
  3. "കോർട്ട് റാപ്സ് ഗുജറാത്ത് ഓവർ റയട്ട് കേസ്". ബി.ബി.സി. 12 സെപ്തംബർ 2003. ശേഖരിച്ചത് 2014 ജൂലൈ 06. Check date values in: |date= (help)
  4. "ബെസ്റ്റ് ബേക്കറി കേസ്, വൈ ഇറ്റ് ഈസ് സോ ഇംപോർട്ടന്റ്". റിഡിഫ്.കോം. 24 ഫെബ്രുവരി 2006. ശേഖരിച്ചത് 2014 ജൂലൈ 06.
  5. "ബെസ്റ്റ ബേക്കറി കേസ് ഫയൽ". തെഹൽക്ക. 01 ജനുവരി 2005. ശേഖരിച്ചത് 06 ജൂലൈ 2014. Check date values in: |accessdate=, |date= (help)
  6. "മ‍ർഡർ ചാർജസ് ഇൻ ഗുജറാത്ത് ട്രയൽ". ബി.ബി.സി. 22 സെപ്തംബർ 2004. ശേഖരിച്ചത് 06 ജൂലൈ 2014. Check date values in: |accessdate=, |date= (help)
  7. "ക്രോണോളജി ഓഫ് ബെസ്റ്റ് ബേക്കറി കേസ്". ഐ.ബി.എൻ.ലൈവ്. 09 ജൂലൈ 2012. ശേഖരിച്ചത് 08 ജൂലൈ 2014. Check date values in: |accessdate=, |date= (help)
  8. "ഗുജറാത്ത് ഗവൺമെന്റ് അഡ്മിറ്റ്സ് ലാപ്സസ് ഇൻ ബെസ്റ്റ് ബേക്കറി കേസ്". റിഡിഫ്.കോം. 23-‍ഡിസംബർ-2003. ശേഖരിച്ചത് 08 ജൂലൈ 2014. Check date values in: |accessdate=, |date= (help)
"https://ml.wikipedia.org/w/index.php?title=ബെസ്റ്റ്_ബേക്കറി_കേസ്&oldid=2661561" എന്ന താളിൽനിന്ന് ശേഖരിച്ചത്