ബൃഹദീശ്വരക്ഷേത്രം

ശിവക്ഷേത്രം
(ബൃഹദീശ്വര ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

10°46′58.71″N 79°7′56.17″E / 10.7829750°N 79.1322694°E / 10.7829750; 79.1322694

ബൃഹദീശ്വരക്ഷേത്രം
പേരുകൾ
ശരിയായ പേര്:രാജരാജേശ്വരം ക്ഷേത്രം
സ്ഥാനം
സ്ഥാനം:തഞ്ചാവൂർ
വാസ്തുശൈലി, സംസ്കാരം
വാസ്തുശൈലി:ദ്രാവിഡ നിർമ്മാണരീതി
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
ക്രിസ്തു വർഷം 11ആം നൂറ്റാണ്ട്
സൃഷ്ടാവ്:രാജരാജ ചോഴൻ ഒന്നാമൻ

തമിഴ്‌നാട്ടിലെ തഞ്ചാവൂർ എന്ന സ്ഥലത്താണ് പ്രസിദ്ധമായ ദക്ഷിണമേരു എന്നറിയപ്പെടുന്ന ശ്രീ രാജരാജേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ തിരുവുടയാർ കോവിൽ എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടുന്നു. ചോഴ രാജവംശത്തിലെ പ്രമുഖനായ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്രനിർമ്മാണം 1013-ലാണ് പൂർത്തിയായത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഏക ക്ഷേത്രമായി ഇത് കണക്കാക്കപ്പെടുന്നു. പരമശിവനെ ലിംഗരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അക്കാലത്തെ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരമുള്ള ഗോപുരം ഇതായിരുന്നു[1].

ഏ.ഡി.1010 ൽ അരുൽമൊഴിവർമ്മൻ എന്നും വിളിക്കപ്പെട്ടിരുന്ന രാജരാജചോളൻ ഒന്നാമന്റെ കാലത്താണ് പണിതത്. പതിനാറാം നൂറ്റാണ്ടിലാണ് പുറം മതിലുകൾ പണിതത്. 66മീറ്റർ ഉയരമുള്ള ഗോപുരത്തിനു മുകളിൽ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലിൽ തീർത്ത നന്ദിയുടെ ശില്പമുണ്ട്.400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്. കൂഞ്ച്രമല്ലൻ പെരുന്തച്ചൻ എന്ന ശില്പിയാണ് ഈ ബൃഹത്ത് ക്ഷേത്രം രൂപകല്പനചെയ്തത് എന്ന് വിശ്വസിക്കുന്നു. മനോഹരമായ ചോള വാസ്തു വിദ്യയുടെ നല്ല ഉദാഹരണമാണിവിടം. യുനസ്കോ ലോക പൈതൃക സ്ഥാനമായി ബൃഹതീശ്വരക്ഷേത്രത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

പേരിനു പിന്നിൽ

തിരുത്തുക
 
പ്രധാന ഗോപുരം

രാജ രാജ ചോഴൻ പണികഴിപ്പിച്ചതിനാൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവന് രാജരാജേശ്വരൻ എന്നും ക്ഷേത്രത്തിന് രാജരാജേശ്വര ക്ഷേത്രമെന്നും[2] പേർ ലഭിച്ചു. പെരുവുടയാർ കോവിൽ എന്നത് പെരിയ ആവുടയാർ കോവിലിനെ സൂചിപ്പിക്കുന്നു. ശിവന്റെ ഒരു നാമം ആണ് ആവുടയാർ എന്നത്. ചോഴഭരണകാലത്താണ്‌ ഈ പേരുകൾ നിലനിന്നിരുന്നത്. 17-19 നൂറ്റാണ്ടിലെ‍ മറാഠാസാമ്രാജ്യകാലത്ത് ഈ ക്ഷേത്രം "ബൃഹദ്ദേശ്വരം" എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങി.

ചരിത്രം

തിരുത്തുക

രാജ രാജ ചോഴന്റെ 25ആം ഭരണവർഷത്തിലെ 1275ആം ദിവസമാണ് ക്ഷേത്രനിർമ്മാണം പൂർത്തിയായത്.

ക്ഷേത്ര വാസ്തുവിദ്യ

തിരുത്തുക
 
ബൃഹദേശ്വര ക്ഷേത്രത്തിന്റെ പ്രധാന കവാടം

കുഞ്ചരമല്ലൻ രാജരാജപെരുന്തച്ചനാണ്‌ രാജരാജക്ഷേത്രത്തിന്റെ ശില്പി. ക്ഷേത്രത്തിന്റെ മതിലിൽ അദ്ദേഹത്തിന്റെ പേര്‌ കൊത്തിവച്ചിട്ടുണ്ട്[3]. പുറത്തെ മതിലായ തിരുച്ചുറുമാളികയുടെ നിർമ്മാണനേതൃത്വം രാജരാജചോഴന്റെ സൈന്യാധിപനായ കൃഷ്ണരാമന്റെ നേതൃത്വത്തിലും ഭരണം അദിതൻ സൂര്യൻ എന്ന പ്രധാന ഉദ്യോഗസ്ഥന്റെ കീഴിലുമായിരുന്നു.

ക്ഷേത്രസമുച്ചയത്തിന്റെ മൊത്ത വിസ്തീർണ്ണം 800x400 അടി ആണ്. എന്നാൽ പ്രധാനഗോപുരം സ്ഥിതിച്ചെയ്യുന്നത് 500x250 അടി എന്ന അളവിലാണ്. നിർമ്മാണത്തിനു മൊത്തം 1.3 ലക്ഷം ടൺ കരിങ്കല്ല് വേണ്ടിവന്നു. രാജരാജേശ്വര ക്ഷേത്രത്തിനു പ്രധാനമായും രണ്ട് ഗോപുരങ്ങളാണു കവാടങ്ങളായുള്ളത് .ആദ്യം കാണുന്ന കവാടത്തിന്റെ പേരു “കേരളാന്തകൻ തിരുവയിൽ“ എന്നാണു. കേരളനാട്ടുരാജാവായ ശ്രീ ഭാസ്കരരവിവർമ്മനെ പരാജയപ്പെടുത്തിയതിനു ശേഷം രാജരാജൻ ഒന്നാമനു ലഭിച്ച പേരാണത്രെ കേരളാന്തകൻ. അതിന്റെ ഓർമ്മക്കായാണു ഈ അഞ്ചു നിലകളുള്ള ഗോപുരത്തിനു കേരളാന്തകൻ തിരുവയിൽ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഗോപുരത്തിന്റെ ബേസ് അളവ് 90‘ x 55‘ (അതിന്റെ പ്രവേശനകവാടത്തിന്റെ വീതി 15 അടി) ആണു. നിരവധി മനോഹരമായ ശിൽപ്പങ്ങൾ ഗോപുരത്തിന്റെ മനോഹാരിതക്ക് ആക്കം കൂട്ടുന്നുണ്ട്. മാത്രമല്ല ഈ ഗോപുരത്തിൽ തന്നെ ദക്ഷിണാമൂർത്തിയുടേയും (തെക്ക്) ,ബ്രഹ്മാവിന്റേയും (വടക്ക്) പ്രതിഷ്ഠകളുണ്ട്.

രണ്ടാമത്തെ ഗോപുരത്തിന്റെ പേരു രാജരാജൻ തിരുവയിൽ. നിറയെ പുരാണകഥാസന്ദർഭങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഈ ഗോപുരം വിജ്ഞാനകുതുകികൾക്ക് ഒട്ടേറേ പഠനവിഷയങ്ങൾ നൽകുന്നതാണു. ശിവ-മാർക്കണ്ഡേയപുരാണങ്ങൾ മാത്രമല്ല, അർജ്ജുനകിരാതസന്ദർഭവും ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.ഇതിനു മൂന്നുനിലകളാണുള്ളത്. ഇതിലെ ഒരു പ്രധാന ശിൽപ്പമായി പറയുന്നത്, ഒരു പാമ്പ് ആനയെ വിഴുങ്ങുന്ന ശിൽപ്പമാണു. ഒട്ടനവധി പഠനങ്ങൾക്ക് വിധേയമായിട്ടുണ്ടത്രെ ഇത്. ഈ ഗോപുരത്തിലെ ചില ശിൽപ്പങ്ങളൊക്കെ മറാത്താ ഭരണകാലത്തിന്റെ ശേഷിപ്പുകളാണ്. നാഗരാജാവിന്റേയും ഇന്ദിരാദേവിയുടേയും പ്രതിഷ്ഠകൾ ഈ ഗോപുരത്തിലുണ്ട്.

തഞ്ചാവൂർ ക്ഷേത്രത്തിലെ കീർത്തനാലാപനത്തിനു വേണ്ടിമാത്രം 50 ഗായകരെ ഏർപ്പാടാക്കിയിരുന്നു. അവിടത്തെ നൃത്തമണ്ഡപങ്ങളിൽ നൃത്തമാടുന്നതിനായി 400 നർത്തകികളും വാദ്യോപകരണങ്ങൾ ഉപയോഗിക്കുവാനായിമാത്രം 100 വാദ്യകലാകാരന്മാരും ഉണ്ടായിരുന്നു.

 
ക്ഷേത്രത്തിലെ കൊത്തുപണികൾ

ക്ഷേത്രത്തിന്റെ ശ്രീവിമാനാ മഹാമണ്ഡപത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ശ്രീവിമാനാ, ശ്രീകോവിൽ, ഗർഭഗൃഹം (sanctum sanctorum), മുഖമണ്ഡപം ഇവയാണ് പ്രധാന ക്ഷേത്രഗോപുരത്തിന്റെ ഭാഗങ്ങൾ. ഉപപിത, അടിസ്ഥാന, ഭിത്തി, പ്രസ്ത്ര, ഹാര, നില, ഗ്രിവ, ശികര, സ്തുപി ഇവയെല്ലാമുൾപ്പെട്ടതാണ് ശ്രീവിമാന. ഒറ്റ കല്ലിൽ നിർമ്മിച്ച 13 അടി ഉയരമുള്ള ശിവലിംഗമാണ് അവിടത്തെ പ്രധാന പ്രതിഷ്ഠ.

നന്ദിമണ്ഡപത്തിൽ ഉള്ള നന്ദി ഒറ്റകല്ലിൽ നിർമിച്ചതും 12 അടി ഉയരവും 20 അടി നീളവും ഉള്ളതാണ്. ഏകദേശം 25 ടൺ തൂക്കവും ഉണ്ട്. മഹാനന്ദി സ്ഥിതി ചെയ്യുന്ന നന്ദിമണ്ഡപം പലവർണ്ണങ്ങളിലുള്ള‍ ചിത്രപണികൾ നിറഞ്ഞതാണ്.

 

ചോഴ, നായ്ക്കർ, മറാഠ രാജാക്കന്മാർക്ക് ചിത്രപണികളോടും കരിങ്കൽ കൊത്തുപണികളോടും ഉള്ള താല്പര്യവും കഴിവും ഈ ക്ഷേത്രത്തിൽ പ്രകടമാണ്. പ്രകാരമണ്ഡപത്തിൽ മാർക്കണ്ഡേയപുരാണം, തിരുവിളയാടൽ പുരാണം എന്നിവയുടെ കഥ പറയുന്ന ചുമർചിത്രങ്ങൾ കാണാം. ക്ഷേത്രമതിൽക്കെട്ടിൽ പോലും കൊത്തുപണികൾ കാണാം. നായ്ക്കന്മാരുടെ ജീവചരിതവും ഭരതനാട്യത്തിന്റെ 108 അഭിനയമുദ്രകളും ആലേഖനം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ സം‌രക്ഷണം പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ ചുമതലയിൽ പെട്ടതിനാൽ നല്ല രീതിയിൽ സമ്രക്ഷിച്ച് പോരുന്നു.

 
നന്ദിമണ്ഡപത്തിലെ നന്ദി

ക്ഷേത്രഗോപുരത്തിന്റെ മുകളിലെ കല്ലിന്‌ ഏകദേശം 90 ടൺ ഭാരമുണ്ട്. ഏകദേശം 4 കിലോമീറ്റർ നീളമുള്ള ചെരിവുതലം നിർമ്മിച്ച് കല്ലുകളെ അതിലൂടെ നിരക്കി നീക്കിയാണ്‌ അവയെ മുകളിലേക്കെത്തിച്ചത്. ക്ഷേത്രത്തിനടുത്ത് ഈ ചെരിവുതലം നിലനിന്നിടത്തെയിടത്തെ ഒരു സ്ഥലത്തിന്റെ പേര് ചാരുപാലം എന്നാണ്‌[1]. കൃഷ്ണശിലയിൽ നിർമ്മിച്ച ക്ഷേത്രം വാസ്തുവിദ്യയുടെ വിസ്മയമായി ഇന്നും നിലകൊള്ളുന്നു. വലിയ ഗോപുരങ്ങളും തോരണം എന്നു പേരുള്ള പ്രവേശനകവാടവും ക്ഷേത്രത്തിനുണ്ട്. 240.9 മീറ്റർ നീളവും 122 മീറ്റർ വീതിയുമുള്ള കെട്ടിടത്തിനു ചുറ്റുമായി രണ്ടു നിലയുള്ള മാളിക നിർ‌മ്മിച്ചിരിക്കുന്നു. ശിഖരം എന്നു വിളിക്കുന്ന താഴികക്കുടത്തിനു എട്ട് വശങ്ങളുണ്ട്. 7.8 മീറ്റർ വീതിയുമുള്ള ഒറ്റക്കല്ലിലാണ് ഇതിന്റെ നിർ‌മ്മാണം. ക്ഷേത്രത്തിനുള്ളിലെ ചുവരുകളിൽ കാണപ്പെടുന്ന ചുവർചിത്രങ്ങൾ ചോളചിത്രരചനാരീതിയുടെ മികച്ച ഉദാഹരണങ്ങളാണ്

പ്രതിഷ്ഠകൾ

തിരുത്തുക

പ്രധാന പ്രതിഷ്ഠയായ ശിവൻ ലിംഗരൂപത്തിൽ ആണ്. ഒറ്റ കല്ലിൽ നിർമ്മിച്ച ഈ ശിവലിംഗത്തിന് 8.7 മീറ്റർ ഉയരം ഉണ്ട്. ശ്രീവിമാനയുടെ വടക്ക് ദിശയിലാണ് ചണ്ഡികേശ്വരൻ പ്രതിഷ്ഠ. മഹാമണ്ഡപത്തിന്റെ മുൻ‌വശം പതിമൂന്നാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാവ് പണി കഴിപ്പിച്ച പെരിയനായകി അമ്മാൾ ക്ഷേത്രം. ദേവി പ്രതിഷ്ഠയാണിവിടെ. നന്ദി മണ്ഡപവും സുബ്രഹ്മണ്യ ക്ഷേത്രവും പിന്നീട് ഭരിച്ച നായ്ക്കന്മാരുടെ സംഭാവനയായിരുന്നു. പ്രകാരത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തുള്ള ഗണപതി ക്ഷേത്രം മറാത്തരാജാവ് സർഫോജി 18-ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ഇവ കൂടാതെ ഉപദേവതകളായ ദക്ഷിണാമൂർത്തി, സൂര്യൻ,ചന്ദ്രൻ,അഷ്ടദിക്ക്പാലകർ,ഇന്ദ്രൻ,അഗ്നി,ഈസാനം,വായു,നിരുത്,യമൻ,കുബേരൻ തുടങ്ങിയവയുടെ സ്ഥാനങ്ങളും ഇവിടെയുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. 1.0 1.1 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 62, ISBN 81 7450 724
  2. Raphael, D. (1996). Temples of Tamil Nadu, Works of Art (in ഇംഗ്ലീഷ്). Fast Print. Service. ISBN 978-955-9440-00-0.
  3. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 76-77, ISBN 817450724
"https://ml.wikipedia.org/w/index.php?title=ബൃഹദീശ്വരക്ഷേത്രം&oldid=4137308" എന്ന താളിൽനിന്ന് ശേഖരിച്ചത്