ബി.ഡി കാറ്റലോഗ് അല്ലെങ്കിൽ BD (Bonner Durchmusterung) catalog നക്ഷത്രങ്ങൾക്കു ശാസ്ത്രീയമായി പേരിട്ട ഒരു നക്ഷത്രകാറ്റലോഗ് ആണ്.

ജർമ്മനിയിലെ ബോൺ ഒബ്‌സർവേറ്ററിയുടെ ഡയറക്ടറായ F.W.A Argelander 1859-ൽ ഒബ്‌സർവേറ്ററിയിലെ 3-ഇഞ്ച് ദൂരദർശിനി ഉപയോഗിച്ച് നക്ഷത്രങ്ങളെ നിരീക്ഷിച്ച് അവയ്ക്ക് പേരിടാൻ തുടങ്ങി. നഗ്ന നേത്രങ്ങൾക്ക് ദൃശ്യകാന്തിമാനം +6 വരെയുള്ള നക്ഷത്രങ്ങളെ മാത്രം കാണാൻ കഴിയുമ്പോൾ ഈ ദൂരദർശിനി ഉപയോഗിച്ച് ദൃശ്യകാന്തിമാനം +10 വരെയുള്ള നക്ഷത്രങ്ങളെ കാണാൻ കഴിയുമായിരുന്നു. ഈ കാറ്റലോഗ് ഉണ്ടാക്കാൻ Argelander ആദ്യം ചെയതത് നക്ഷത്രങ്ങളുടെ രാശികളായുള്ള വിഭജനം ഉപേക്ഷിക്കുക എന്നതായിരുന്നു. എന്നിട്ട് ഖഗോളത്തെ 1 ഡിഗ്രി വീതം ഉള്ള ചെറിയ ചെറിയ ഡെക്ലിനേഷൻ ഭാഗങ്ങളായി വിഭജിച്ചു. പിന്നീട് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒരോ നക്ഷത്രത്തെയും എണ്ണി. എണ്ണത്തിന്റെ തുടക്കം പൂർവവിഷുവത്തിൽ കൂടി കടന്നുപോകുന്ന റൈറ്റ് അസൻഷനിൽ നിന്നായിരുന്നു. 1855-ലെ പൂർവവിഷുവത്തിന്റെ സ്ഥാനം (ഇതിന് 1855 എപോക്ക് എന്നാണ് പറയുക) ആയിരുന്നു അദ്ദേഹം ഈ നക്ഷത്ര കാറ്റലോഗിന്റെ റൈറ്റ് അസൻഷന് മാനദണ്ഡം ആയി എടുത്തത്.

ഇനി ഈ രീതിയിൽ ഉള്ള നക്ഷത്രനാമകരണം എങ്ങനെയാണെന്ന് നോക്കാം. ഉദാഹരണത്തിന് തിരുവാതിര നക്ഷത്രത്തിന്റെ BD catalogue പ്രകാരം ഉള്ള നാമം BD +7 1055 എന്നാണ്. അതിന്റെ അർത്ഥം തിരുവാതിര നക്ഷത്രം ഡെക്ലിനേഷൻ +7 ഡിഗ്രിക്കും +8 ഡിഗ്രിക്കും ഇടയിൽ ഉള്ള 1055 മത്തെ നക്ഷത്രമാണെന്നാണ്.

ജർമ്മനി ഉത്തരാർദ്ധ ഗോളത്തിൽ ഉള്ള ഒരു സ്ഥലം ആയതു കൊണ്ട് സ്വാഭാവികമായും ഈ കാറ്റലോഗിൽ ദക്ഷിണാർദ്ധ ഗോളത്തിലെ നക്ഷത്രങ്ങളെ ഉൾപ്പെടുത്താൻ Argelander-ന് ആയില്ല. ദക്ഷിണാർദ്ധ ഗോളം -2 ഡിഗ്രി വരെ ഡെക്ലിനേഷൻ ഉള്ള നക്ഷത്രങ്ങളേ ഈ കാറ്റലോഗിൽ ഉൾപ്പെടുന്നുള്ളൂ. ദക്ഷിണാർദ്ധ ഗോളത്തിലെ ബാക്കി നക്ഷത്രങ്ങളെ എല്ലാം ഉൾപ്പെടുത്തി C D (Cordoba Durchmusterung) catalogue, CPD (Cape Photographic Durchmusterung) catalog ഇങ്ങനെ മൂന്ന് നാല് കാറ്റലോഗ് കൂടി പുറത്തിറങ്ങി. എല്ലാത്തിലും നാമകരണം മുകളിൽ പറഞ്ഞതു പോലെ തന്നെ. ഈ കാറ്റലോഗുകളേയും എല്ലാം ബന്ധിപ്പിച്ച് ചിലപ്പോൾ DM cataloge എന്നും പറയാറുണ്ട്. അപ്പോൾ BD, CD, CPD, DM എന്നിങ്ങനെ നക്ഷത്രങ്ങളുടെ പേർ തുടങ്ങുന്നുണ്ടെങ്കിൽ അത് ഈ കാറ്റലോഗ് പ്രകാരം ഉള്ള നക്ഷത്രനാമകരണം ആണെന്ന് മനസ്സിലാക്കിയാൽ മതി. BD, DM എന്നിവയാണ് കൂടുതലും നക്ഷത്രങ്ങളുടെ പേരിൽ ഉണ്ടാവുക. ഈ കാറ്റലോഗുകൾ എല്ലാം കൂടി ഏതാണ്ട് പത്തുലക്ഷത്തോളം നക്ഷത്രങ്ങൾക്ക് പേരിട്ടു.

"https://ml.wikipedia.org/w/index.php?title=ബി.ഡി._കാറ്റലോഗ്&oldid=1692320" എന്ന താളിൽനിന്ന് ശേഖരിച്ചത്