ബാവോ
കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് അലോവിൻ എന്നറിയപ്പെട്ടിരുന്ന ബാവോ (589–654). ഏ.ഡി. 589-ൽ ബെൽജിയത്തിലെ സമ്പന്നമായ ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. ധാരാളം ഭൃത്യൻമാരുള്ള കുടുംബത്തിൽ ബാവോ ആർഭാടവും ധൂർത്തും മാത്രം ശീലമാക്കി ജീവിച്ചു വന്നു. തന്റെ ജീവിതം തനിക്ക് ആസ്വദിക്കാനുള്ളതാണെന്ന ചിന്തയിലായിരുന്നു ബാവോയുടെ ജീവിതം. സമ്പത്തേറെയുണ്ടായിരുന്നിട്ടും അവിഹിതമാർഗ്ഗങ്ങളിലൂടെ ബാവോ വീണ്ടും ധനം സമ്പാദിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. തന്റെ ഗൃഹത്തിലെ ഭ്യത്യന്മാരെ ബവോ അടിമകളാക്കുകയും അവരെ മറ്റു പ്രഭുകുടുംബങ്ങളിലേക്ക് വിൽപ്പന നടത്തുകയും ചെയ്തു. ധനസമ്പാദനത്തിനായുള്ള മറ്റൊരു മാർഗ്ഗമായാണ് ബാവോ ഇതിനെ കണ്ടത്. അധികം വൈകാതെ തന്നെ ബാവോ ഒരു സമ്പന്നകുടുംബത്തിൽ നിന്നും വിവാഹം കഴിച്ചു. എന്നാൽ അവരുടെ ദാമ്പത്യജീവിതാരംഭത്തിൽത്തന്നെ ഭാര്യ രോഗം ബാധിച്ച് മരണമടഞ്ഞു. ഈ സംഭവം ബാവോയുടെ മനസ്സിനെ വേദനാഭരിതമാക്കി.
വിശുദ്ധ ബാവോ | |
---|---|
ജനനം | 589 Hesbaye, Brabant |
മരണം | 654 |
വണങ്ങുന്നത് | Roman Catholic Church, Eastern Orthodox Church, Eastern Catholic Churches, Western Rite Orthodox communities |
ഓർമ്മത്തിരുന്നാൾ | ഒക്ടോബർ 1 |
പ്രതീകം/ചിഹ്നം | Greaves, other military or aristocratic garb, falcon, sword |
മദ്ധ്യസ്ഥം | Ghent; Haarlem; Lauwe |
ഭാര്യയുടെ മരണശേഷം ഒരിക്കൽ ബാവോയ്ക്ക് വിശുദ്ധ അമാൻഡിന്റെ പ്രസംഗം കേൾക്കുവാൻ സാഹചര്യമൊരുങ്ങി[1]. ഈ സാഹചര്യമാണ് ബാവോയുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചത്. ഇത്രകാലം താൻ ചെയ്ത തെറ്റുകളെയോർത്ത് ബാവോ അതീവദുഖിതനായി. തുടർന്ന് ബാവോ ജ്ഞാനസ്നാനം സ്വീകരിക്കുകയും തന്റെ പാപങ്ങളെയോർത്ത് പശ്ചാത്തപിക്കുകയും ചെയ്തു. തുടർന്ന് ബാവോ പത്രോസ് അപ്പസ്തോലന്റെ നാമത്തിൽ ഒരു സന്യാസമഠം സ്ഥാപിക്കുകയും അത് വിശുദ്ധ അമാൻഡിനു നൽകുകയും ചെയ്തു. ബാവോ തന്റേതായ സൗധവും സ്ഥലങ്ങളും ആ മഠത്തിനായി ദാനം നൽകി. താൻ ചെയ്തു കൂട്ടിയ പാപങ്ങളിൽ നിന്നും ശാശ്വതമോചനം നേടണമെങ്കിൽ ഉപവാസവും പ്രാർഥനകളും ആവശ്യമെന്ന് അദ്ദേഹത്തിനു തോന്നി. തുടർന്ന് ബാവോ തന്റെ ജീവിതരീതികളെല്ലാം ഉപേഷിച്ച് ഏകാന്തവാസത്തിനായി വനത്തിലേക്ക് തിരിച്ചു[2]. അവിടെ അദ്ദേഹം മരപ്പൊത്തിലും ഗുഹയിലുമായി വർഷങ്ങളോളം ഉപവാസം അനുഷ്ഠിച്ചു. ജീവൻ നിലനിർത്തുവാൻ മാത്രമായി അദ്ദേഹം ചില കായ്കനികൾ ഭക്ഷിച്ചു. പിന്നീട് രോഗബാധിതനായ ബാവോ 65-ആം വയസ്സിൽ മരണമടഞ്ഞു. അദ്ദേഹം സ്ഥാപിച്ച സന്യാസമഠം ഇപ്പോൾ വിശുദ്ധ ബാവോയുടെ സന്യാസമഠം എന്നറിയപ്പെടുന്നു. ഒക്ടോബർ 1-നാണ് സഭ വിശുദ്ധന്റെ ഓർമ്മയാചരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ St. Bavo
- ↑ "Saint Bavo, Hermit". Archived from the original on 2014-02-23. Retrieved 2011-10-26.
- Attwater, Donald and Catherine Rachel John. The Penguin Dictionary of Saints. 3rd edition. New York: Penguin Books, 1993. ISBN 0140513124.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- (in Italian) San Bavone di Gand
- Latin Saints of the Orthodox Patriarchate of Rome
- St. Bavo page Archived 2014-02-23 at the Wayback Machine. at Christian Iconography