ബാലൻപിള്ള സിറ്റി
ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം രാമക്കൽമേടിനു സമീപമുള്ള ഒരു ചെറുപട്ടണമാണ് ബാലൻപിള്ള സിറ്റി.[1] തമിഴ്നാട്-കേരള അതിർത്തിയിൽ ഉള്ള ഈ പ്രദേശം കരുണാപുരം പഞ്ചായത്തിന്റെ ഭാഗമാണ്.
ചരിത്രം
തിരുത്തുകരാമക്കൽമേടിനു സമീപമുള്ള മലയോരഗ്രാമത്തിൽ ബാലൻപിള്ള എന്ന വ്യക്തി ഒരു കട തുടങ്ങുന്നതോടെയാണ് ഈ പ്രദേശത്തിന്റെ വികസനം ആരംഭിക്കുന്നത്. ആലപ്പുഴ പഴവീട് സ്വദേശിയായ ബാലകൃഷ്‌ണപിള്ള 1957-ലാണ് ഇടുക്കിയിലേക്കു കുടിയേറിയത്. തമിഴ്നാട്ടിൽ നിന്ന് കാൽനടയായും കഴുതപ്പുറത്തും ഈ വഴിയായിരുന്നു കുടിയേറ്റ കാലഘട്ടത്തിൽ ഇടുക്കിയിലേക്ക് അരിയടക്കമുള്ള ധാന്യങ്ങൾ എത്തിയിരുന്നത്. കൃഷി നടത്തി അവിടെ ജീവിതം ആരംഭിച്ച ബാലൻപിള്ള അവിടെ വഴിയോരത്തായി ആദ്യം ഒരു തയ്യൽക്കടയിട്ടു. പിന്നീടത് ചായക്കടയും പലചരക്ക് കടയുമായി. ബാലൻപിള്ളയുടെ കടയെന്നാണ് ആ സ്ഥലത്തെ നാട്ടുകാർ ആദ്യം വിളിച്ചിരുന്നത്. അദ്ദേഹം തന്നെ മുൻകൈയെടുത്ത് ജനപ്രതിനിധികളുടെ സഹായത്തോടെ ഇവിടെ ഒരു സർക്കാർ സ്കൂളും സ്ഥാപിച്ചതോടെ പ്രദേശം ബാലൻപിള്ള സിറ്റി എന്ന് അറിയപ്പെടാൻ തുടങ്ങി.
സിനിമയിലൂടെയുള്ള പ്രശസ്തി
തിരുത്തുകഎൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെ ബാലൻപിള്ളസിറ്റി കൂടുതൽ പ്രശസ്‌തമായി. ബാലൻപിള്ള സിറ്റി എന്ന ഗ്രാമത്തിൽ നടന്ന കഥയായാണു സിനിമയിൽ സങ്കൽപ്പിച്ചിട്ടുള്ളതെങ്കിലും സിനിമയുടെ ചിത്രീകരണം നടന്നത് തൊടുപുഴയ്ക്ക് സമീപമുള്ള മുണ്ടൻമുടിയിലാണ്.
കുറിപ്പുകൾ
തിരുത്തുകഇടുക്കി ജില്ലയിൽ 'സിറ്റി' ചേർന്നു വരുന്ന നിരവധി സ്ഥലപ്പേരുകളുണ്ട്. ബാലൻപിള്ള സിറ്റിയുടെ കാര്യത്തിലെന്നതു പോലെ വ്യക്തികളുടെ പേരിൽ നിന്നാണ് ഇവയിൽ ചില സ്ഥലങ്ങളുടെ പേരുകൾ ഉണ്ടായതെങ്കിൽ വേറെ ചിലവക്ക് കൗതുകകരമായ മറ്റ് പശ്ചാത്തലങ്ങളാണുള്ളത്.