പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന പണ്ഡിറ്റ് കെ.പി. കറുപ്പൻ എഴുതിയ നാടകമാണ് ബാലാകലേശം. അന്ന് സർക്കാർ ബാലികാ പാഠശാല സംസ്കൃത മുൻഷിയായിരുന്നു കെ.പി. കറുപ്പൻ. 1919 ൽ കൊച്ചി വലിയ തമ്പുരാന്റെ ഷഷ്ട്യബ്ദ പൂർത്തിക്ക് റാവു സാഹിബ് ടി. നമ്പെരുമാൾ ഏർപ്പെടുത്തിയ കവിതാ പരീക്ഷയ്ക്ക് വേണ്ടിയാണിത് രചിക്കപ്പെട്ടത്. മത്സരത്തിൽ കറുപ്പന്റെ ‘ബാലാകലേശം’ എന്ന നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചു. സംസ്കൃത നാടകസങ്കേതങ്ങളെ അപ്പാടെ പരിപാലിച്ചുകൊണ്ടോ ആധുനിക നാടകരൂപസങ്കൽപ്പങ്ങളെ സ്വാംശീകരിച്ചുകൊണ്ടോ അല്ലാതെ നാടകരൂപത്തിലെഴുതിയ കൃതിയാണ് “ബാലാകലേശം’. ടി.കെ. കൃഷ്ണമേനോന്റെ മുഖവുരയോടെയാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്.

ഉള്ളടക്കം

തിരുത്തുക

കൊച്ചി രാജാവിന്റ ഭരണ നേട്ടങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. കലേശനും ബാലയുമാണ് പ്രധാന കഥാപാത്രങ്ങൾ. നാടകത്തിലെ ഒരു കഥാപാത്രം ഒരു നമ്പൂതിരിയാണ് ‘ കഥയിലെ ആ നമ്പൂതിരിയെ വധശിക്ഷയ്ക്കു വിധിക്കുന്ന ഒരു രംഗമുണ്ട്. അത് ഒരു വലിയ സാമൂഹ്യ തിന്മയായി കെ. രാമകൃഷ്ണപിള്ള ചൂണ്ടിക്കാണിച്ചു. കൊച്ചാലു എന്ന പുലയൻ തീണ്ടൽ അസംബന്ധമാണെന്ന് ഉയർന്ന ജാതിക്കാരുടെ മുഖത്തുനോക്കി ഉച്ചത്തിൽ ഉദ്ഘോഷിക്കുന്ന കൃതിയാണ് ഇത്. ക്ഷുഭിതരായ സവർണർ കൊച്ചാലുവിനെ മതാചാരലംഘനത്തിന്റെപേരിൽ വളഞ്ഞിട്ടുതല്ലി. പുലയനെ തല്ലിയവരെ വധശിക്ഷയ്ക്കും നാടുകടത്തലിനും വിധിക്കുന്നു. നാടകത്തിൽ കൊച്ചാൽ എന്ന പുലയ കഥാപാത്രത്തെക്കൊണ്ട്‌ കുന്നലക്കോൽ എന്ന ന്യായാധിപൻ ‘ജാതിക്കുമ്മി’യുടെ കുറെ ഭാഗങ്ങൾ ചൊല്ലിപ്പിക്കുകയും ചെയ്യുന്നുണ്ട്‌.

വിവാദങ്ങൾ

തിരുത്തുക

ഈ കൃതിയുടെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച് നിരവധി വിവാദങ്ങളുണ്ടായി. കൊച്ചി സാഹിത്യ സമാജത്തിന്റെ അനുമതി കൂടാതെ 'കൊച്ചി സാഹിത്യ സമാജം വക' എന്നു ചേർത്തത് വിവാദമായി. ഇതിനെത്തുടർന്ന് സാഹിത്യ സമാജം, പുസ്തക വിൽപ്പന നിർത്തി വെക്കണമെന്നും ആനുകാലികങ്ങൾക്കോ പത്രങ്ങൾക്കോ അയച്ചു കൊടുത്തിട്ടുണ്ടെങ്കിൽ സമാജം വക എന്നതുപയോഗിക്കരുതെന്നും സമാജം ആവശ്യപ്പെട്ടു. ഇതിന്റെ ചർച്ചയ്ക്കായി ഒരു കമ്മിറ്റിയെ സമാജം നിശ്ചയിക്കുകയും ഈ ഗ്രന്ഥത്തിന് സമാജത്തിൽ നിന്ന് സ്വീകരിക്കത്തക്ക ഗുണങ്ങളില്ലെന്നു കമ്മിറ്റി വിധി അഭിപ്രായപ്പെട്ടു. സ്ത്രീ വിരുദ്ധതയും സാമൂഹ്യ ദൂഷ്യവും ആരോപിച്ച് കമ്മിറ്റി അംഗങ്ങൾ പുസ്തകത്തിൽ നിന്ന് 'കൊച്ചി സാഹിത്യ സമാജം വക' എന്നത് ഒഴിവാക്കാൻ കറുപ്പനോട് ആവശ്യപ്പെട്ടു. ‘വാല’ (മുക്കുവ) സമുദായത്തിൽപ്പെട്ട ആളാണ് എന്ന കാരണത്താൽ നാടകത്തെ നിശിതമായി വിമർശിക്കുകയും ‘വാലനാണോ സാഹിത്യത്തിന് സമ്മാനം കൊടുക്കേണ്ടത് ‘ എന്ന ചോദ്യമുന്നയിച്ചും 'ബാലാ കലേശം’ എന്ന രചനയുടെ പേര് അദ്ദേഹത്തിന്റെ സമുദായത്തെ ചേർത്താക്ഷേപിച്ച് ‘വാലാകലേശം’ എന്നാക്കിയും സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള, കറുപ്പനെ ആക്ഷേപിച്ചു. ലോക സ്വഭാവത്തിനും വാസ്തവത്തിനും വിരുദ്ധവുമാണ് ഈ കൃതി എന്നായിരുന്നു കമ്മിറ്റി അംഗമായ കെ. രാമകൃഷ്ണപിള്ളയുടെ അഭിപ്രായം. ഇതിനു കറുപ്പൻ മംഗളോദയം മാസികയിൽ രൂക്ഷമായ മറുപടി നൽകി. ആ അവസരത്തിൽ 'പനിഞ്ഞിൽ' പൊട്ടിയുണ്ടായ 'ബാലാകലേശം' ആകുന്ന 'ഉമ്പിളുന്ത' 'സാഹിത്യസമാജ' ക്ഷേത്രത്തിനുള്ളിലേക്കു കുതിച്ചുചാടുവാൻ തക്കവണ്ണം 'തൊണ്ടാൻ മാക്രി' (പൊക്കാച്ചിത്തവള) ആയിത്തീർന്നതുവരേയുള്ള രൂപവികാരങ്ങളും ലോകപ്രസിദ്ധമാണ് എന്നു രാമകൃഷ്ണപിള്ള, ബാലാകലേശ' നാടക ദുസ്തർക്കത്തിൽ മറുപടിയെഴുതി.(കേരളോദയം വാരികയുടെ 1915 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ 4 ലക്കങ്ങളിൽ പിള്ള എഴുതിയ മറുപടിയിൽ)[1][2] കൊച്ചിരാജാവിന്റെ കീഴിലുള്ള സർക്കാർ സർവീസിൽ ജോലിയിലിരിക്കെ എഴുതിയ ‘ബാലാകലേശം’ വായിച്ചശേഷം ഡോ. പൽപ്പു ചോദിച്ചത് ”ഇതെഴുതിയതിനുശേഷവും നിങ്ങളെ സർവീസിൽ വച്ചുകൊണ്ടിരുന്നോ?’ എന്നാണ്.[3]

ഇതുമായി ബന്ധപ്പെട്ട സാഹിത്യകാരന്മാരുടെ ചർച്ചകൾ ബാലകലേശവാദം എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1]

  1. 1.0 1.1 ജോസഫ്, റെവറണ്ട് ഡീക്കൻ പി. (1915). ബാലകലേശവാദം. കുന്നംകുളം: അക്ഷരരത്ന പ്രകാശിക. pp. 3–8.
  2. രാമദാസ്, ചെറായി (October 1, 2018). "ജാതിവെറിക്ക് കുഴലൂതിയ പത്രാധിപർ". സമകാലീന മലയാളം. Retrieved September 14, 2020.
  3. കുമാർ.വി, ഹരീഷ് (September 14, 2017). "'വാലനാണോ സാഹിത്യത്തിന് സമ്മാനം കൊടുക്കേണ്ടത്'?പണ്ഡിറ്റ് കെ പി കറുപ്പനെ തമസ്‌കരിച്ച കേരളം". dailyreports. Archived from the original on 2019-09-17. Retrieved September 13, 2020.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബാലാകലേശം_(നാടകം)&oldid=3638947" എന്ന താളിൽനിന്ന് ശേഖരിച്ചത്