അനേകം പ്രപഞ്ചങ്ങളുടെ (നമുക്ക് അനുഭവവേദ്യമായ പ്രപഞ്ചം അടക്കം) ഒരു കൂട്ടമാണ് ബഹുപ്രപഞ്ചം (multiverse) . നിലനിൽക്കുന്നവയും നിലനിൽക്കാൻ സാധ്യതയുള്ളവയുമായ സ്ഥലം, കാലം, ദ്രവ്യം, ഊർജ്ജം, അവയെ സംബന്ധിക്കുന്ന ഭൗതിക നിയമങ്ങൾ, സ്ഥിരാങ്കങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് ഇത്. ബഹുപ്രപഞ്ചത്തിൽ ഉള്ള രണ്ട് പ്രപഞ്ചങ്ങളെ സമാന്തര പ്രപഞ്ചങ്ങൾ എന്ന് വിളിക്കുന്നു.

ആശയത്തിൻ്റെ ഉത്ഭവം

തിരുത്തുക

പുരാതന ഗ്രീക്ക് തത്ത്വചിന്തയിൽ അനന്ത ലോകങ്ങൾ എന്ന ആശയത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ആറ്റങ്ങളുടെ കൂട്ടിയിടിയിൽ നിന്ന് അനന്തമായ സമാന്തര ലോകങ്ങൾ ഉടലെടുക്കുന്നതായി അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[1]. ലോകം നിരന്തരമായി ഇല്ലാതാവുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണെന്ന് ബി.സി മൂന്നാം നൂറ്റാണ്ടിൽ തത്ത്വചിന്തകനായ ക്രിസിപ്പസ് അഭിപ്രായപ്പെട്ടു. ഇതും ബഹുപ്രപഞ്ചം എന്ന ആശയത്തെ പ്രതിഫലിപ്പിക്കുന്നു.

1952 ൽ എർവിൻ ഷ്രോഡിംഗർ ഡബ്ലിനിൽ ഒരു പ്രഭാഷണം നടത്തുന്ന സമയം ഇനി താൻ പറയാൻ പോകുന്നത് കിറുക്കായി തോന്നാമെന്ന് പ്രേക്ഷകർക്ക് തമാശയായി മുന്നറിയിപ്പ് നൽകി. തുടർന്ന്, തൻ്റെ സമവാക്യങ്ങൾ ഒരേസമയം വ്യത്യസ്ത സംഭവചരിത്രങ്ങളെ വിവരിക്കുന്നതുകൊണ്ട് , "അവ ബദലുകളല്ല, എല്ലാം ഒരേസമയം സംഭവിക്കുന്നവയാണ്" എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ദ്വൈതതയെ "സൂപ്പർപൊസിഷൻ" എന്ന് വിളിക്കുന്നു. ഇത് ബഹുപ്രപഞ്ചം എന്ന സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു.[2]

1895 ൽ അമേരിക്കൻ തത്ത്വചിന്തകനും മനശാസ്ത്രജ്ഞനുമായ വില്യം ജെയിംസ് മറ്റൊരു സന്ദർഭത്തിൽ "മൾട്ടിവേഴ്സ്" എന്ന പദം ഉപയോഗിച്ചു. ഈ പദം ആദ്യമായി സയൻസ് ഫിക്ഷനിലും നിലവിലെ ഭൗതികശാസ്ത്ര പശ്ചാത്തലത്തിലും ഉപയോഗിച്ചത് 1963 ൽ മൈക്കൽ മൂർകോക്കാണ്‌.

വ്യാഖ്യാനം

തിരുത്തുക

കാലക്രമേണ, ഭൗതികശാസ്ത്ര സമൂഹം ബഹുപ്രപഞ്ച സിദ്ധാന്തങ്ങളെപറ്റി വിശാലമായ ചർച്ചകളിൽ മുഴുകി. നമ്മുടെ പ്രപഞ്ചത്തിനു പുറത്തു മറ്റ് പ്രപഞ്ചങ്ങൾ നിലവിലുണ്ടോ എന്ന കാര്യത്തിൽ ഭൗതിക ശാസ്ത്രജ്ഞന്മാർക്ക് ഇന്ന് ഭിന്നാഭിപ്രായമുണ്ട്.

മൾട്ടിവേഴ്സ് വാദം ഒരു ശാസ്ത്രീയ സിദ്ധാന്തത്തേക്കാളുപരി ഒരു ദാർശനിക സങ്കൽപ്പമാണെന്ന് ചിലർ വാദിക്കുന്നു, കാരണം ഇത് പരീക്ഷണത്തിലൂടെ തെറ്റാണെന്നു തെളിയിക്കാൻ (falsifiable) കഴിയില്ല. ശാസ്ത്രീയ പരീക്ഷണത്തിലൂടെ ഒരു സിദ്ധാന്തത്തെ നിരാകരിക്കാനുള്ള കഴിവ് ശാസ്ത്രീയ രീതിയുടെ (Scientific method) ഭാഗമാണ്. മൾട്ടിവേഴ്സിന്റെ കാര്യത്തിൽ അതിനുള്ള സാധ്യത തീരെ കുറവാണ്. [3] ഒരു സിദ്ധാന്തം അതിന്റെ സാധ്യമായ എല്ലാ ഫലങ്ങളും നൽകിയാൽ ഒരു പരീക്ഷണത്തിനും ആ സിദ്ധാന്തത്തെ തള്ളിക്കളയാനാവില്ലെന്ന് പോൾ സ്റ്റെയ്ൻ‌ഹാർട്ട് അഭിപ്രായപ്പെട്ടിട്ടുണ്ട്.[4]

ചില ഭൗതികശാസ്ത്രജ്ഞർ പറയുന്നത് ബഹുപ്രപഞ്ച വാദം ശാസ്ത്രീയ അന്വേഷണത്തിന് യോജിച്ച ഒരു വിഷയമല്ലെന്നാണ്.[5] അതേസമയം മൾട്ടിവേഴ്സിനെ പരീക്ഷണാത്മക പരിശോധനയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ശാസ്ത്രത്തിലുള്ള പൊതുജനവിശ്വാസം ഇല്ലാതാക്കുകയും അടിസ്ഥാന ഭൗതികശാസ്ത്രപഠനത്തെ തകർക്കുകയും ചെയ്യുമോ എന്നതിനെപറ്റിയും ആശങ്കകൾ ഉയർന്നിട്ടുണ്ട്.[6]

2007-ൽ നോബൽ സമ്മാന ജേതാവ് സ്റ്റീവൻ വെയ്ൻ‌ബെർഗ് ഇങ്ങനെ പറഞ്ഞു, “ബഹുപ്രപഞ്ചങ്ങൾ നിലവിലുണ്ടെങ്കിൽ മഹാവിസ്ഫോടനസിദ്ധാന്തം നിഷ്‌കർഷിച്ചിട്ടുള്ള ക്വാർക്കുകളുടെ പിണ്ഡങ്ങളുടെയും സ്റ്റാൻഡേർഡ് മോഡലിലെ മറ്റ് സ്ഥിരതകളുടെയും (constants) മൂല്യങ്ങൾക്ക് യുക്തിസഹമായ ഒരു വിശദീകരണം കണ്ടെത്താനുള്ള നമ്മുടെ ശ്രമങ്ങളെല്ലാം പാഴാവും, കാരണം ആ മൂല്യങ്ങൾ നമ്മുടെ പ്രപഞ്ചത്തിന് യാദൃച്ഛികമായി ലഭിച്ച ഒരു സവിശേഷതയായി മാറും.[7]

  1. Sedacca, Matthew (2017). "The Multiverse Is an Ancient Idea". Nautilus. Archived from the original on 2020-07-03.
  2. "Erwin-Schrodinger-and-the-Quantum-Revolution-by-John-Gribbin".
  3. "Feynman on Scientific Method".
  4. "Big Bang blunder bursts the Multiverse bubble".
  5. "Contemporary History of Cosmology and the Controversy over the Multiverse".
  6. "Scientific Method: Defend the Integrity of Physics".
  7. "Physics: What we do and don't know".
"https://ml.wikipedia.org/w/index.php?title=ബഹുപ്രപഞ്ചം&oldid=4036717" എന്ന താളിൽനിന്ന് ശേഖരിച്ചത്