സമകാലീന ബംഗാളി സാഹിത്യത്തിലെ ശ്രദ്ധേയയായ എഴുത്തുകാരി തിലോത്തമാ മജുംദാറുടെ നോവലാണ് ബസുധാര (বসুধারা) [1]. ഈ നോവലിന് 2003-ലെ ആനന്ദ പുരസ്കാരം ലഭിച്ചു.

ബസുധാര

കഥാസംഗ്രഹം

തിരുത്തുക

പശ്ചിമ ബംഗാളിൽ നക്സൽ പ്രസ്ഥാനത്തിൻറേയും പൂർവ്വ ബംഗാളിൽ സ്വാതന്ത്ര്യസമരത്തിൻറേയും തീ കെട്ടണഞ്ഞിട്ടേയുളളു, ചൂടും പുകയും ബാക്കി നില്ക്കുന്നു.കൊൽക്കത്ത നഗരത്തിനകത്ത്, മധ്യവർഗ്ഗക്കാർ താമസിക്കുന്ന മാഥൂർ ഗഢിലും അതിനോടു ചേർന്നുളള ഫടിക്ബിൽ എന്ന ചേരിപ്രദേശത്തുമായാണ് കഥ നടക്കുന്നത്. നക്സൽ പ്രസ്ഥാനത്തിൽ, ബ്രില്ലിയൻറ് എന്നു സമൂഹം വിശേഷിപ്പിച്ചിരുന്ന, കൌമാരാവസ്ഥ കടന്നിട്ടില്ലാത്ത യുവ വിദ്യാർത്ഥികൾ, ദേവാർച്ചനും, നീലാദ്രിയും കൌഷികും , അവരെപ്പോലെ മറ്റനേകം പേരും പോലീസിന്റെ വെടിയേറ്റു മരിച്ചു. അവരുടെ കുടുംബങ്ങൾ ജീവിതവുമായി വീണ്ടും പൊരുത്തപ്പെടാൻ ശ്രമിക്കയാണ്. ജനിച്ച മണ്ണുപേക്ഷിച്ച് കൊൽക്കത്ത നഗരത്തിലെത്തിയ പൂർവ്വ ബംഗാളിൽ നിന്നുളള അഭയാർത്ഥികൾ പുതു ജീവിതം കെട്ടിപ്പടുക്കാനുളള ഉദ്യമത്തിലാണ്. പരമ്പരാഗതമായി ചെയ്തു വന്നിട്ടുളള കാളീസേവ തുടർന്നുകൊണ്ടുപോകാഞ്ഞാൽ ദേവീകോപം ഉണ്ടാകുമെന്നു വിശ്വസിക്കുന്ന ഡോക്റ്റർ മല്ലീനാഥ്, അച്ഛൻറെ അന്ധവിശ്വാസത്തിനു കൂട്ടു നില്ക്കാനാകാതെ മയക്കുമരുന്നിൽ അഭയം തേടുന്ന മൂത്തമകൻ അമലേന്ദു , നിരർത്ഥകങ്ങളായ മതാചാരങ്ങളെ ലംഘിക്കാൻ ധൈര്യപ്പെടുന്ന കോളേജ് അധ്യാപകൻ അനീസുജ്ജമാൻ, ചെറു പ്രായത്തിൽ അവിചാരിതമായി മുഖമാകെ പൊളളിപ്പോയതിനാൽ ബുർഖയിൽ സമാശ്വാസം കണ്ടെത്തുന്ന നീലോഫാ, അഞ്ചു സന്താനങ്ങളുണ്ടായിരുന്നിട്ടും, കളഞ്ഞുകിട്ടിയ കുട്ടിയെ കൈവിടാത്ത തൂപ്പുകാരൻ ഹരിചരണും, ഭാര്യ തുളസിയും.പൂർവ്വ ബംഗാളിലെ പ്രശാന്തരമണീയമായ ഗ്രാമമുപേക്ഷിച്ച് സ്നേഹശൂന്യനായ ഭർത്താവിനോടൊപ്പം കൊൽക്കത്തയിലെത്തിയ രാധിക. രൂപൊഷി നദിയും ഷംഷേറും ഇപ്പോഴും അവളുടെ സ്വപ്നത്തിലുണ്ട്. കിഴക്കു നിന്ന് പടിഞ്ഞാട്ടേക്കുളള പാലായനത്തിൽ ശെഫാലി നഷ്ടപ്പെട്ടെങ്കിലും രാധികയിൽ ശേഫാലിയെ കണ്ടെത്തുന്ന ശേഫാലിയുടെ അമ്മ. താ ജാരസന്തതിയാണെന്ന സത്യം ഉൾക്കൊളളാനാകാത്ത ദേവോപം. ഇവരുടെയൊക്കെ കഥയാണ് ബസുധാര

  1. തിലോത്തമ മജുംദാർ (2003). ബസുധാര. ആനന്ദ പബ്ളിഷേഴ്സ്. ISBN 81-7756-278-9.
"https://ml.wikipedia.org/w/index.php?title=ബസുധാര&oldid=1660496" എന്ന താളിൽനിന്ന് ശേഖരിച്ചത്