ഇസ്ലാം വിശ്വാസ പ്രകാരമുള്ള അവസാന പ്രവാചകൻ മുഹമ്മദിൻറെ കാലത്ത് നടന്ന ആദ്യ യുദ്ധമായ ബദ്ർ പോരാട്ടത്തിൽ പങ്കെടുത്ത 313 മുസ്ലിം യോദ്ധാക്കളുടെ പ്രകീർത്തന കാവ്യങ്ങളാണ് ബദ്ർ മൗലീദ്.[1]

ബദ്ർ യുദ്ധം അരങ്ങേറിയ റംസാൻ 17 നാണ് അധിക പക്ഷവും ബദ്ർ മൗലീദ് സംഘടിപ്പിക്കുക. മുസ്ലീം പള്ളികളിലും, മുസ്ലീം വീടുകളിലും ആളുകൾ ഒരുമിച്ചു കൂടി മൗലീദ് പാടി ഭക്ഷണ വിതരണം നടത്തുകയാണ് പതിവ്. [2] [3] ഖുറാൻ വചനങ്ങൾ, നബി പ്രകീർത്തനം, ബദറിൽ പങ്കെടുത്ത യോദ്ധാക്കളുടെ നാമം ഉച്ചരിക്കാൻ അവരുടെ കീർത്തനം ചൊല്ലൽ എന്നിവയായിരിക്കും ചടങ്ങുകൾ.

ബദ്ർ ബൈത്ത്, ബദ്ർ നാത്ത്, അസ്മാഉൽ ബദ്ർ, ബദ്ർ റാത്തീബ്, ബദ്ർ മാല, ബദ്ർ പടപ്പാട്ട് എന്നിങ്ങനെ പ്രകീർത്തനങ്ങൾ പലവിധത്തിലുണ്ട്. ഗദ്യ- പദ്യ രീതിയിലോ ഇവകൾ കോർത്തിണക്കിയതോ ആയ ബൈത്തുകൾ (ഈരടികൾ) രൂപത്തിലായിരിക്കും പ്രകീർത്തനങ്ങളിൽ ഏറെയും. ബദ്ർ പ്രകീർത്തനങ്ങൾ ഉൾക്കൊള്ളിച്ച പുസ്തക രൂപങ്ങളെ ബദ്ർ മൗലീദ് കിതാബ്, ബദ്ർ റാത്തീബ് കിത്താബ് എന്നൊക്കെ വിളിക്കുന്നു. [4] അൽ അറീൻ ലി അസ്മാഇസ്വഹാബതിൽ ബദ്രിയ്യീൻ, അൽ ബദ്രിയ്യതുര്റാഇയ്യ, അസ്വുബ്ഹു ബദാമിൻ ത്വൻ അതിഹി, അശ്ശാഫിയതുമിനൽ അസ്ഖാമി ഫീ അസ്മാഈ അഹ്ലി ബദ്രിൽ കിറാം, ജാലിയതുൽ കുറബ് ബിൻ അസ്വ്ഹാബി സയ്യിദിൽ അജമി വൽ അറബ്, ജാലിയത്തുൽ കദിർബി അസ്മാഇ അസ്വ്ഹാബി സയ്യിദിൽ മലാഇകി വൽബശർ എന്നിവയാണ് പ്രസിദ്ധമായ അറബ് മൗലൂദുകൾ. റഫ്ഉൾ ഖദ്ർ, തുഹ്ഫതുൻ സനിയ്യ വനുബ്ദതുൽ ബഹിയ്യ എന്നീ കൃതികൾ ഇന്ത്യയിൽ പ്രസിദ്ധമായവയാണ്.

മുൻ കാലങ്ങളിൽ കേരളത്തിലെ മുസ്ലിങ്ങൾ ചൊല്ലിയിരുന്ന അൽ ബദ്‌രിയ്യത്തുൽ ഹംസിയ്യ അടക്കമുള്ള പ്രകീർത്തനങ്ങൾ ഈജിപ്തും യമനുമടക്കമുള്ള അറബ് നാടുകളിൽ പ്രാചാരത്തിലുണ്ടായിരുന്നവ ആയിരുന്നുവെങ്കിൽ പിന്നീട് ഇവയെ ആസ്പദമാക്കി അറബി, അറബി മലയാളം, മലയാളം ഭാഷകളിലുള്ള ബദ്ർ കീർത്തനങ്ങൾ കേരളത്തിലും രചയിതമായി. കുഞ്ഞിരായിൻറെ ബദ്ർ മാല ,അബ്ദുൽ അസീസ് മുസ്ലിയാർ രചിച്ച ബദ്ർ മൗലീദ്, മോയിൻ കുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്, മുഹ്‌യുദ്ദീൻ കുട്ടി മുല്ലയുടെ ബദ്ർ ഒപ്പന, മരക്കാർ കുട്ടിയുടെ ബദ്ർ ബൈത്ത്, ബാപ്പു മുസ്ലിയാരുടെ അസ്ബാബു ബദ്ർ, വാഴക്കാട് മുഹമ്മദ് മുസ‌ല്യാർ രചിച്ച അസ്‌ഹാബുൽ ബദർ റാത്തീബ് എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. [5]

  1. cn ahmed &kkm kareem.mahatthaaya maappila sahithya parambaryam. calicut 1978
  2. വടക്കഞ്ചേരി മൗലീദ് പാരായണം. മാതൃഭൂമി ദിനപത്രം. പാലക്കാട് Jun 8, 2018
  3. പ്രത്യേക പ്രാർഥനയും അനുസ്മരണ സമ്മേളനവും ഇന്ന്. ചുറ്റുവട്ടം .മലപ്പുറം . മനോരമ ദിനപത്രം 11 June 2017
  4. o Abu. Arabi Malayala saahithya charithram .kottayam 1971
  5. balakrishnan valli kunnu &umar tharamel . maappilappaattu padavum padanavum .dc books kottayam 2006
"https://ml.wikipedia.org/w/index.php?title=ബദ്ർ_മൗലീദ്&oldid=3754193" എന്ന താളിൽനിന്ന് ശേഖരിച്ചത്