പ്രശസ്തനായ അമേരിക്കൻ സാഹിത്യനിരൂപകനും മാർക്സിസ്റ്റ് ചിന്തകനുമാണ് ഫ്രെഡറിക് ജെയിംസൺ. മുതലാളിത്തവും സമകാലിക സാഹിത്യ-സാംസ്കാരിക പ്രവണതകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് പ്രസിദ്ധനാണ് ജെയിംസൺ. ഇപ്പോൾ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറാണ്. ഒഹിയോവിലെ ക്ലെവ്ലാന്റിൽ 1934ൽ ഫ്രെഡറിക്ക് ജെയിംസൺ ജനിച്ചു. 1954ൽ ബിരുദമെടുക്കുകയും കോണ്ടിനന്റൽ ഫിലോസഫി, ഘടനാവാദം എന്നിവയിൽ ധാരാളം വായിക്കുകയും ചെയ്ത ജെയിംസൺ യൂറോപ്പിൽ സഞ്ചരിക്കുകയും എയിൽ യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിനായി അമേരിക്കയിലേക്ക് തിരിച്ച് വരികയും ചെയ്തു.

Fredric Jameson
ജനനം (1934-04-14) ഏപ്രിൽ 14, 1934  (90 വയസ്സ്)
Cleveland, Ohio, US
കാലഘട്ടം20th- / 21st-century philosophy
പ്രദേശംWestern Philosophy
ചിന്താധാരWestern Marxism
പ്രധാന താത്പര്യങ്ങൾPostmodernism · Modernism · science fiction · Utopia · history · narrative · Cultural studies · dialectics · structuralism
ശ്രദ്ധേയമായ ആശയങ്ങൾcognitive mapping · national allegory · political unconscious
സ്വാധീനിക്കപ്പെട്ടവർ

കൃതികൾ തിരുത്തുക

സാർത്രിന്റെ തത്ത്വചിന്തയിലായിരുന്നു ജെയിംസൺ ഗവേഷണം നടത്തിയത്. ഇതു പിന്നീട് സാർത്രെ: ഒരു ശൈലിയുടെ ആവിർഭാവം (Sartre: the Origins of a Style, 1961) എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു.[1] സാർത്രിന്റെ തത്ത്വചിന്തയെ അദ്ദേഹത്തിന്റെ "ശൈലി"യുമായി ബന്ധപ്പെടുത്തി വായിക്കുന്ന ഈ പുസ്തകത്തിൽ ജെയിസണിന്റെ അധ്യാപകനായിരുന്ന എറിക് ഓയെർബാക്കിന്റെ സ്വാധീനം കാണാം.

മാർക്സിസ്റ്റ് ചിന്ത തിരുത്തുക

സാർത്രിലുള്ള താല്പര്യമാണ് ജെയിംസണെ മാർക്സിസ്റ്റ് സാഹിത്യവിമർശനത്തിലേക്ക് നയിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അഡോർണോയെപ്പോലുള്ള മാർക്സിസ്റ്റ് ചിന്തകർ അമേരിക്കയിലേക്ക് കുടിയേറിയെങ്കിലും 1950-60കളിൽ മാർക്സിസം അമേരിക്കയിൽ ഒരു പുതിയ ചിന്താധാരയായിരുന്നു. ന്യൂ ലെഫ്റ്റ്, ക്യൂബൻ വിപ്ലവം തുടങ്ങിയ സംഭവങ്ങളും സാംസ്കാരിക വിമർശത്തെ മാർക്സിസത്തിന്റെ പ്രധാനഭാഗമായിക്കണ്ട ലൂക്കാച്ച്, ബ്ലോഷ്, അഡോർണോ, ബെന്യാമിൻ, മാർകൂസെ, ആൽത്യൂസർ തുടങ്ങിയ ചിന്തകരും ജെയിംസണിന്റെ എഴുത്തിനെ വലിയ തോതിൽ സ്വാധീനിച്ചു. പാശ്ചാത്യ മാർക്സിസം എന്നറിയപ്പെടുന്ന ഈ ധാര സാമ്പ്രദായികമായ മാർക്സിസ്റ്റ് ചിന്തയിൽ നിന്നും വത്യസ്തമായിരുന്നു. സമകാലിക സംസ്കാരരൂപങ്ങളെ മനസ്സിലാക്കുന്നതിൽ മാർക്സിസത്തിന് നൽകാവുന്ന സംഭാവനകളെക്കുറിച്ചായിരുന്നു ജെയിംസണിന്റെ പ്രധാന പഠനവിഷയം. യാഥാസ്ഥിതിക മാർക്സിസത്തിൽ "പ്രത്യയശാസ്ത്രം" (ideology) എന്ന പദമുപയോഗിച്ചിരുന്നത് ഒരു സവിശേഷാർഥത്തിലായിരുന്നു. ഈ കാഴ്ചപ്പാടിൽ സാംസ്കാരിക-ഉപരിഘടന (super structure) സാമ്പത്തിക-അടിത്തറയുടെ (base) ബാഹ്യമായ പ്രകടനം മാത്രമായിരുന്നു. എന്നാൽ ജെയിസൺ വാദിക്കുന്നത് ഒരു കലാസൃഷ്ടി നിലവിലുള്ള ചരിത്രമുഹൂർത്തത്തെ വിശദീകരിക്കാനും വിലയിരുത്താനും പര്യാപ്തമണെന്നും അതിനാൽത്തന്നെ ഏതൊരു കലാസൃഷ്ടിയും രാഷ്ട്രീയമായ മാനങ്ങൾ പുലർത്തുന്നുവെന്നുമാണ്. ജെർമൻ ചിന്തകനായ ഹെഗലിന്റെ സ്വാധീനം മാർക്സിസത്തിന്റെ ഈ പുനർവ്യാഖ്യാനത്തിൽ കണാം.

ആഖ്യാനവും ചരിത്രവും തിരുത്തുക

ചരിത്രം എന്ന ആശയം ജെയിംസന്റെ രചനകളിൽ പ്രധാന പങ്കു വഹിക്കുന്നു. രാഷ്ട്രീയ അബോധം (The Political Unconscious: Narrative as a Socially Symbolic Act, 1981) എന്ന ഏറ്റവും പ്രശസ്തമായ പുസ്തകത്തിൽ അദ്ദേഹം ഉയർത്തുന്ന മുദ്രാവാക്യം "എപ്പോഴും ചരിത്രവൽക്കരിക്കുക" എന്നതാണ് (Always historicize!). ഒരു സാഹിത്യപാഠത്തിന്റെ വ്യാഖ്യാനത്തിൽ ചരിത്രം അന്തിമമായ ഘടകമോ ഒരു ചക്രവാളമോ ആയി പ്രവർത്തിക്കുന്നു എന്നതാണ് ഇതിലെ പ്രധാന ആശയം. ഒരു പാഠത്തിന്റെ രചനാ രൂപം (form) ചരിത്രപരമായ അബോധത്തെ ഉൾക്കൊള്ളുന്നുവെന്നും ഈ രൂപത്തെ വിശകലനം ചെയ്യുന്നതിലൂടെ സമൂഹത്തിന്റെ അബോധത്തിലേക്ക് തന്നെ നമുക്ക് പ്രവേശിക്കമെന്നും ജെയിംസൺ വാദിക്കുന്നു.

ഉത്തരാധുനികതയുടെ വിമർശം തിരുത്തുക

1984ൽ ജെയിംസൺ ന്യൂ ലെഫ്റ്റ് റിവ്യൂവിൽ "ഉത്തരാധുനികത അഥവാ സമകാലിക മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തി" ("Postmodernism, or, the Cultural Logic of Late Capitalism") എന്ന ലേഖനം എഴുതുകയുണ്ടായി. ഉത്തരാധുനികതയുടെ പ്രത്യേകതയായ "ബൃഹദാഖ്യാനങ്ങളോടുള്ള സംശയം" സമകാലിക മുതലാളിത്തത്തിന്റെ ഉദ്പാദനവ്യവസ്ഥയുമായി അഭേധ്യമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജെയിംസൺ പറയുന്നു. ഉത്തരധുനികതയുടെ ഒരു പ്രത്യേകത അനുഭവലോകത്തിനുണ്ടാവുന്ന ശൈഥില്യവും കേവലമായ "സത്യ"ത്തിന്റെ ആപേക്ഷികവൽക്കരണവുമാണ്. ഉത്തരാധുനികതയെ ചരിത്രപരതയുടെ തന്നെ പ്രതിസന്ധിയായി വിലയിരുത്തുന്നുണ്ട് ജെയിംസൺ.

ഗ്രന്ഥസൂചി (അപൂർണം) തിരുത്തുക

സാർത്രെ: ഒരു ശൈലിയുടെ ആവിർഭാവം

മാർക്സിസവും രൂപവും: ഇരുപതാം നൂറ്റാണ്ടിലെ ദ്വന്ദ്വാത്മക സാഹിത്യസിദ്ധാന്തങ്ങൾ

ഭാഷയുടെ ജയിൽമുറി: ഘടനാവാദം റഷ്യൻ രൂപഭദ്രതാവാദം എന്നിവയെക്കുറിച്ച്

രാഷ്ട്രീയ അബോധം: ആഖ്യാനം ഒരു സാമൂഹ്യ-സൂചകക്രിയ എന്ന നിലയിൽ

അവലംബം തിരുത്തുക

  1. ജെയിംസൺ, ഫ്രെഡറിക് (1984). സാർത്രെ: ഒരു ശൈലിയുടെ ആവിർഭാവം. കൊളംബിയ യൂണിവേഴ്സിറ്റി പ്രെസ്.
"https://ml.wikipedia.org/w/index.php?title=ഫ്രെഡറിക്_ജെയിംസൺ&oldid=2895375" എന്ന താളിൽനിന്ന് ശേഖരിച്ചത്