ഫുട്ബോൾ ലോകകപ്പ് 2002
കൊറിയ-ജപ്പാൻ ‘02
ഔദ്യോഗിക മുദ്ര
ഔദ്യോഗിക മുദ്ര
ആകെ ടീമുകൾ 198(യോഗ്യതാ ഘട്ടമുൾപ്പടെ)
ഫൈനൽ റൌണ്ട്: 32
ആതിഥേയർ ദക്ഷിണ കൊറിയ
ജപ്പാൻ
ജേതാക്കൾ ബ്രസീൽ
മൊത്തം കളികൾ 64
ആകെ ഗോളുകൾ 161
(ശരാശരി2.52)
ആകെ കാണികൾ 2,705,134
(ശരാശരി42,268 )
ടോപ്‌സ്കോറർ റൊണാൾഡോ(ബ്രസീൽ)
(6 ഗോളുകൾ)
മികച്ച താരം ഒലിവർ കാൻ(ജർമ്മനി)

പതിനേഴാമത് ലോകകപ്പ് ഫുട്ബോൾ 2002 മെയ് 31 മുതൽ ജൂൺ 30 വരെ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി അരങ്ങേറി. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇരു രാജ്യങ്ങൾ സംയുക്തമായി ആതിഥ്യം വഹിക്കുന്നത്. ടൂർണമെന്റിലേക്ക് നേരിട്ടു പ്രവേശനം നേടിയ ടീമുകളുടെ എണ്ണവും(മൂന്ന്) ഇതുമൂലം വർദ്ധിച്ചു. ലോകകപ്പ് ഏഷ്യയിൽ അരങ്ങേറിയതും ആദ്യമായാണ്. ലോകഫുട്ബോളിലെ പുതുശക്തികളുടെ ഉദയത്തിനു വേദിയായെങ്കിലും പരിചിത മുഖങ്ങൾ തന്നെയായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്. ജർമ്മനിയും ബ്രസീലും. പലതവണ കിരീടം ചൂടിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും നേർക്കുനേർ പോരാടിയ ആദ്യ ലോകകപ്പായിരുന്നു ഇത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജർമ്മനിയെ തകർത്ത് ബ്രസീൽ അഞ്ചാം തവണയും കിരീടം ചൂടി.

നിലവിലുള്ള ജേതാക്കളായ ഫ്രാൻസിന്റെ ദയനീയ പതനം കണ്ടുകൊണ്ടാണ് ടൂർണമെന്റ് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തിൽ നവാഗതരായ സെനഗൽ മറുപടിയില്ലാത്ത ഒരു ഗോളിന് ഫ്രാൻസിന്റെ കഥകഴിച്ചു. നാലുമത്സരങ്ങളിൽ ഒരൊറ്റ ഗോൾ പോലുമടിക്കാതെ ഫ്രാൻസ് ഒന്നാം റൌണ്ടിൽ തന്നെ പുറത്താവുകയും ചെയ്തു. അർജന്റീന, പോർച്ചുഗൽ എന്നീ വൻശക്തികളും ഒന്നാം ഘട്ടത്തിൽത്തന്നെ പുറത്തായി. ഇറ്റലിയും സ്പെയിനും രണ്ടാം റൌണ്ടിലും. വമ്പന്മാർ പലരും നിലം പതിച്ചപ്പോൾ ആതിഥേയരായ ദക്ഷിണ കൊറിയ സെമിഫൈനൽ വരെയെത്തി ചരിത്രം കുറിച്ച്. ലോകകപ്പിൽ ഏഷ്യൻ പ്രതിനിധികളുടെ ഏറ്റവും മികച്ച പ്രകടനമായി ഇത്. മറ്റൊരു ആതിഥേയ രാജ്യമായ ജപ്പാൻ രണ്ടാം റൌണ്ടിലെത്തിയിരുന്നു.

ചൈന, ഇക്വഡോർ, സെനഗൽ, സ്ലൊവേനിയ എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു ഇത്. ഇതിൽ സെനഗൽ ക്വാർട്ടർ ഫൈനൽ വരെയെത്തി ഏവരെയും അൽഭുതപ്പെടുത്തി. ഫൈനലിലെ രണ്ടുഗോളുൾപ്പടെ മൊത്തം എട്ടു ഗോൾ നേടി ബ്രസീലിന്റെ റൊണാൾഡോ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനുള്ള സുവർണ്ണ പാദുകം കരസ്ഥമാക്കി. ഫൈനലിലൊഴികെ മറ്റെല്ലാ കളികളിലും ഒരൊറ്റ ഗോൾപോലും വഴങ്ങാതെ ജർമ്മനിയുടെ വലകാത്ത ഒലിവർ കാൻ മികച്ച കളിക്കാരനുള്ള സ്വർണ്ണപന്ത്‌ കരസ്ഥമാക്കി. 64 കളികളിലായി 161 ഗോളുകളാണ് കൊറിയ-ജപ്പാൻ ലോകകപ്പിൽ പിറന്നത്.

"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_ലോകകപ്പ്_2002&oldid=1968006" എന്ന താളിൽനിന്ന് ശേഖരിച്ചത്