1776-ലാണ് ഫക്കീർ കലാപം (1776-1777) ആരംഭിച്ചത്. സന്യാസിമാരെ പോലെ ഭിക്ഷാടനം ജീവിത മാർഗമായി മാറ്റിയിരുന്ന ബംഗാളിലെ മറ്റൊരു വിഭാഗമാണ് ഫക്കീർമാർ. ഇവർ മുസ്ലിംങ്ങളായിരുന്നു. ഇവരിൽ ഭൂരിഭാഗവും കുടിയൊഴിപ്പിക്കപ്പെട്ട കർഷകരായിരുന്നു. 5000 മുതൽ 7000 വരെയുള്ള വലിയ സംഘങ്ങളായി ഇവർ ബംഗാളിലും, ബീഹാറിലുമായി നാടോടി ജീവിതം നയിച്ചു പോന്നു. മജ്നു ഷാ ആയിരുന്നു അവരുടെ നേതാവ്. ബ്രിട്ടീഷുകാർക്ക് എതിരെ പോരാടിയിരുന്ന കർഷകരുമായും, പ്രഭുക്കന്മാരുമായും ഫക്കീർമാർമാർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണം വഴിയാധാരം ആക്കിയ ഈ ജന വിഭാഗങ്ങളുടെ അവസ്ഥ അവരെ വല്ലാതെ സ്വാധീനിച്ചു. ജോലി നഷ്ടപ്പെട്ട സൈനികർ, പത്താന്മാർ, രജപുത്രന്മാർ എന്നിവരുടെ പിന്തുണയും ഇവർക്ക് ലഭിച്ചു. ഗറില്ലാ മാതൃകയിലാണ് ഫക്കീർമാർ ആക്രമണങ്ങൾ സംഘടിപ്പിച്ചത്. സമ്പന്നരായ ജന്മിമാരുടെ കലവറകളിൽ നിന്നും അവർ ധാന്യങ്ങൾ കവർച്ച ചെയ്തു. ഗവൺമെൻറ്റ് ഉദ്യോഗസ്ഥന്മാരേയും അവർ വെറുതെ വിട്ടില്ല. ഫക്കീർ കലാപത്തിൽ ഹിന്ദുക്കളും പങ്കെടുത്തിരുന്നു. കലാപത്തിന് നേതൃത്വം നൽകിയ ഭവാനിപഥക്, ദേവി ചൗധരണി എന്നിവർ ഹിന്ദുക്കളായിരുന്നു.[1] പലയിടത്തും ഫക്കീർമാരും, സന്യാസിമാരും ഒത്തൊരുമിച്ചാണ് പോരാടിയത്. കമ്പനി സൈന്യം വൻ സായുധ ശക്തി ഉപയോഗിച്ച് ഫക്കീർ കലാപം അടിച്ചമർത്തി എങ്കിലും ബ്രിട്ടീഷ് ഭരണത്തിന് പലപ്പോഴും അവർ ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു.[2]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫക്കീർ_കലാപം&oldid=3943010" എന്ന താളിൽനിന്ന് ശേഖരിച്ചത്