കാശ്മീരിലെ രാഷ്ട്രീയനേതാവ്. പണ്ഡിറ്റ് ആനന്ദ്റാമിന്റെ മകനായി 1884 ഒക്ടോബറിൽ ജമ്മുവിനു സമീപമുള്ള സമലിപുരിൽ ജനിച്ചു. ലാഹോറിലെ ഫോർമാൻ ക്രിസ്റ്റ്യൻ കോളജിൽനിന്ന് 1908-ൽ ബിരുദമെടുത്ത പ്രേം നാഥ് ദ്രോഗ്ര തഹസീൽദാർ ആയി ജോലിയിൽ പ്രവേശിച്ച് ഡെപ്യൂട്ടി കമ്മിഷണർ പദവി വരെ ഉയർന്നു. ജോലിയിൽനിന്നു വിരമിച്ചശേഷം 1931-ൽ പൊതുപ്രവർത്തന രംഗത്തേക്കിറങ്ങി. സാമുദായിക പ്രവർത്തനങ്ങളിലായിരുന്നു ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. ബ്രാഹ്മണ മണ്ഡലിന്റെയും സനാതന ധർമസഭയുടെയും അധ്യക്ഷനായി. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ സംഘചാലക് സ്ഥാനവും വഹിച്ചു. പിന്നീട് രാഷ്ട്രീയ രംഗത്തു പ്രവർത്തിച്ചുതുടങ്ങി. ആദ്യകാലത്ത് രാജഭരണപക്ഷക്കാരനായിരുന്നു ഇദ്ദേഹം. കാശ്മീരിനെ ഇന്ത്യൻ യൂണിയനോടു ചേർക്കുന്നതിൽ രാജാവ് യുക്തമായ സമയത്ത് തീരുമാനമെടുക്കണമെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പേരിൽ 1948-നുശേഷം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. സംസ്ഥാനത്തെ ഇന്ത്യൻ യൂണിയനോടു ചേർക്കുന്നതിനായി 1952-ൽ പ്രജാ പരിഷത്ത് നടത്തിയ സമരത്തിന് ഇദ്ദേഹം നേതൃത്വം നല്കി. 1955-56-ൽ ഭാരതീയ ജനസംഘത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഏറെക്കാലം സംസ്ഥാന നിയമസഭയിൽ അംഗമായിരുന്നു. 1972 മാർച്ച് 22-ന് ഇദ്ദേഹം നിര്യാതനായി.

പ്രേം നാഥ് ദോഗ്ര
പ്രേം നാഥ് ദോഗ്ര
ജനനം1884 ഒക്ടോബർ
ജമ്മുവിനു സമീപമുള്ള സമലിപുർ
മരണം1972 മാർച്ച് 22
തൊഴിൽപൊതുപ്രവർത്തകൻ
അറിയപ്പെടുന്നത്നിയമസഭാംഗം
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ പ്രേം നാഥ് ദോഗ്ര എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=പ്രേം_നാഥ്_ദോഗ്ര&oldid=3638242" എന്ന താളിൽനിന്ന് ശേഖരിച്ചത്