പ്രാഥമിക ദന്തങ്ങൾ
മനുഷ്യർക്ക് 20 പ്രാഥമികദന്തങ്ങളും (പാൽപ്പല്ലുകൾ) 32 സ്ഥിരദന്തങ്ങളുമുണ്ട്. സുശ്രുത സംഹിതയിൽ 24 പ്രാഥമികദന്തങ്ങൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരിണാമത്തിന്റെ ഫലമായി നാലു പാൽപല്ലുകൾ അപ്രത്യക്ഷമായതോ ആറാമത്തെ വയസ്സിൽ പ്രത്യക്ഷപ്പെടുന്ന ഒന്നാമത്തെ സ്ഥിരദന്തത്തെ പ്രാഥമികദന്തമായി അദ്ദേഹം തെറ്റിദ്ധരിച്ചതോ ആകാം.
ചില കുട്ടികൾക്ക് ജനിക്കുമ്പോഴേ പല്ലു കാണാറുണ്ട്. പ്രീനേറ്റൽ ദന്തം എന്നാണിതിനെ വിളിക്കുന്നത്. ചിലകുട്ടികൾക്ക് പല്ല് വരാൻ 2 വയസ്സുവരെ താമസം ഉണ്ടാകാറുണ്ട്.
ആറു മുതൽ പതിനാലു വയസ്സിനുള്ളിൽ പാൽപ്പല്ലുകൾ കൊഴിഞ്ഞു പോകുന്നു. ആറുവയസ്സു മുതൽ മുളച്ചു തുടങ്ങുന്നവയാണ് സ്ഥിരദന്തങ്ങൾ.
3 മുതൽ നാലു വയസ്സിനിടയ്ക്ക് പ്രാഥമികദന്തങ്ങളുടെ കിളിർക്കൽ പൂർണ്ണമാകുന്നു.
പ്രാഥമികദന്തങ്ങൾ 20 എണ്ണമാണുള്ളത്.
നടുവിലെ ഉളിപ്പല്ല്, അരികിലെ ഉളിപ്പല്ല്, ഒന്നാം അണപ്പല്ല്, കോമ്പല്ല്, രണ്ടാം അണപ്പല്ല് എന്ന ക്രമത്തിൽ കീഴ്ത്താടിയിലെ ജോഡികൾ മേൽതാടിയിലെ ജോഡികൾക്ക് മുൻപെ പ്രത്യക്ഷപ്പെടുന്നു.
പ്രാഥമിക ദന്തങ്ങൾ അധിക സമയത്തിനകം നഷ്ടപ്പെടേണ്ടതാണെന്ന ധാരണയിൽ കാര്യമായ പ്രാധാന്യം അവയ്ക്ക് നൽകാതെയിരുന്നാൽ സ്ഥിരദന്തങ്ങൾ മുളച്ചു വരുന്നതിനുള്ള അകല ക്രമീകരണം കൃത്യമാവുകയില്ല.
പ്രാഥമികദന്തങ്ങൾ നഷ്ടപ്പെട്ടു തുടങ്ങുന്നതിനു മുൻപ് അറു വയസ്സിൽ സ്ഥിരദന്തത്തിലെ ഒന്നാം അണപ്പല്ല് മുളയ്ക്കുന്നു
പ്രാഥമികദന്തങ്ങൾ പ്രത്യക്ഷപ്പെടുന്ന ഏകദേശ കാലനിർണ്ണയം
മുകൾ താടി | കീഴ്താടി | |
---|---|---|
നടുവിലെ ഉളിപ്പല്ല് | 7 1/2 മാസം | 6 1/2 മാസം |
അരികിലെ ഉളിപ്പല്ല് | 8 മാസം | 7 മാസം |
കോമ്പല്ല് | 16 - 20 മാസം | |
ഒന്നാമത്തെ അണപ്പല്ല് | 12 - 16 മാസം | |
രണ്ടാമത്തെ അണപ്പല്ല് | 20 - 30 മാസം |