"തിരൂർ നമ്പീശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
1942 മേയ് 14-ന് ഇന്നത്തെ [[മലപ്പുറം ജില്ല]]യിലെ [[തിരൂർ]] പട്ടണത്തിൽ പുളിയിൽ ദാമോദരൻ നമ്പീശന്റെയും നങ്ങേലി ബ്രാഹ്മണിയമ്മയുടെയും മകനായാണ് നാരായണൻ നമ്പീശൻ ജനിച്ചത്. 1947-ൽ ഒന്നാം ക്ലാസിൽ ചേർന്ന അദ്ദേഹം ഏഴാം വയസ്സിൽ [[കർണാടക സംഗീതം]] അഭ്യസിച്ചുതുടങ്ങി. എൻ.കെ. വാസുദേവ പണിക്കരായിരുന്നു ആദ്യ ഗുരു. നമ്പീശന്റെ ജ്യേഷ്ഠത്തി ഉമാദേവി ബ്രാഹ്മണിയമ്മയും അച്ഛൻ ദാമോദരൻ നമ്പീശനും നേരത്തേ പണിക്കരുടെ കീഴിൽ സംഗീതം അഭ്യസിച്ചിരുന്നു.
 
ഏറെ ദുരിതങ്ങളിലൂടെയാണ് നമ്പീശൻ ജീവിച്ചുപോയത്. 15 വയസ്സ് തികയും മുമ്പ് അദ്ദേഹത്തിന് തന്റെ മാതാപിതാക്കളെയും രണ്ട് അനുജന്മാരെയും നഷ്ടപ്പെട്ടിരുന്നു. അനുജത്തി ശ്രീദേവിയുടെ ആത്മഹത്യ അദ്ദേഹത്തെ തളർത്തിക്കളഞ്ഞു. ഇതിനിടയിൽ പണിക്കർ ശിഷ്യന്റെ കഴിവിന്റെ ആഴം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അദ്ദേഹം [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലത്തിൽ]] ചേർന്ന് [[കഥകളി സംഗീതം]] അഭ്യസിക്കാൻ ശിഷ്യനോട് ആവശ്യപ്പെട്ടു. അതനുസരിച്ച് സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് 1957-ൽ നമ്പീശൻ കേരളകലാമണ്ഡലത്തിലേക്ക് പുറപ്പെട്ടു.
 
കലാമണ്ഡലത്തിൽ അദ്ദേഹം ചേർന്ന അതേ ദിവസം തന്നെയാണ് പിൽക്കാലത്ത് പ്രസിദ്ധരായി മാറിയ [[മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി]], [[കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി]], [[കലാമണ്ഡലം ഹൈദരലി]] എന്നിവരും പഠിക്കാൻ ചേർന്നത്. [[കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ]], [[ശിവരാമൻ നായർ]], [[കാവുങ്ങൽ മാധവ പണിക്കർ]] തുടങ്ങിയ മഹാരഥന്മാരായിരുന്നു അവരുടെ ഗുരുക്കന്മാർ. [[ഗുരുകുലം|ഗുരുകുലസമ്പ്രദായമനുസരിച്ച്]] ചിട്ടയായ പഠനമായിരുന്നു നടത്തിപ്പോന്നിരുന്നത്. അങ്ങനെ മൂന്ന് വർഷത്തെ പഠനത്തിനുശേഷം 1960-ൽ മാടമ്പിയോടൊപ്പം നമ്പീശൻ അരങ്ങേറ്റം കുറിച്ചു.
 
അരങ്ങേറ്റത്തിനുശേഷം സംഗീതവുമായി ഉപജീവനം തുടങ്ങിയ നമ്പീശൻ ആതവനാട് കറുത്തേടത്ത് സൗദാമിനി ബ്രാഹ്മണിയമ്മയെ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം കുടുംബവീട് വിറ്റ അദ്ദേഹം ഭാര്യയുടെ ജന്മനാട്ടിൽ വീടെടുത്ത് സ്ഥിരതാമസമാക്കി. പിന്നീട് അവിടവും വിട്ട് ഇരുവരും [[ചെറുതുരുത്തി]], [[മുതുതല]], [[മംഗലാംകുന്ന്]] തുടങ്ങി പല സ്ഥലങ്ങളിലും താമസമാക്കി. ഒടുവിൽ [[ശ്രീകൃഷ്ണപുരം|ശ്രീകൃഷ്ണപുരത്ത്]] സ്വന്തമായി ഒരു വീടുണ്ടാക്കി അവിടെ സ്ഥിരതാമസമാക്കി.
 
സഹപാഠികളായ ശങ്കരൻ എമ്പ്രാന്തിരിയും ഹൈദരലിയും മാടമ്പിയുമൊക്കെ ഒരുപാട് ഉയരങ്ങളിലെത്തിയപ്പോൾ നമ്പീശൻ ഏകാന്തപഥികനായി നടക്കുകയായിരുന്നു. തന്റെ കഴിവിൽ പൂർണ്ണമായ ആത്മവിശ്വാസമുണ്ടായിരുന്നതുകൊണ്ടും കഥകളിസംഗീതത്തിന്റെ തനിമയിൽ അതീവശ്രദ്ധാലുവായിരുന്നതുകൊണ്ടും അദ്ദേഹം പുതിയ പരീക്ഷണങ്ങളെ എതിർത്തു. കഥകളിയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ ഭാവം നൽകാൻ അതിലെ സംഗീതം പര്യാപ്തമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തന്റെ നിലപാടിന്റെ തീവ്രത കാരണം പലരിൽ നിന്നും നമ്പീശന് എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. കലയെ വില്പനച്ചരക്കാക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല എന്നത് എതിർപ്പിന്റെ ശക്തി കൂട്ടി.
 
മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന കലാസപര്യയിൽ ആയിരക്കണക്കിന് വേദികളിൽ നമ്പീശൻ ഗായകനായിട്ടുണ്ട്. ഗുരുനാഥൻ കലാമണ്ഡലം നീലകണ്ഠൻ നമ്പീശനോടൊപ്പവും സുഹൃത്ത് [[കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്|കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിനൊപ്പവും]] അദ്ദേഹം അവതരിപ്പിച്ച വേദികൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനിടയിൽ വിവിധ സ്ഥലങ്ങളിൽ സംഗീതാദ്ധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ കലാലയമായ കേരള കലാമണ്ഡലത്തിൽ തുടങ്ങിയ അദ്ധ്യാപനം [[ഇരിഞ്ഞാലക്കുട]] ഉണ്ണായി വാര്യർ സ്മാരക കലാനിലയം, [[പറശ്ശിനിക്കടവ്]] മുത്തപ്പൻ കഥകളിയോഗം, [[പേരൂർ]] ഗാന്ധിസദനം, [[മുംബൈ]], [[ഡൽഹി]]യിലെ ഇന്റർനാഷണൽ കഥകളി സെന്റർ തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹം തുടർന്നുപോന്നു. [[ആകാശവാണി]] [[കോഴിക്കോട്]] നിലയത്തിൽ പല തവണ അദ്ദേഹം കഥകളിപ്പദം അവതരിപ്പിച്ചിട്ടുണ്ട്.
 
തികഞ്ഞ [[ഇടതുപക്ഷം|ഇടതുപക്ഷ]] അനുഭാവിയായിരുന്ന നമ്പീശൻ [[പുരോഗമന കലാസാഹിത്യസംഘം|പു.ക.സ.യിലെ]] സജീവപ്രവർത്തകനായിരുന്നു.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/തിരൂർ_നമ്പീശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്