പുരാതന നഗരമായ പോലോന്നരുവയിലെ ബുദ്ധന്റെ ശിലാക്ഷേത്രമാണ് ഗൾ വിഹാര (സിംഹള: ගල් විහාරය), ഗൾ വിഹാരയ എന്ന പേരുകളിൽ അറിയപ്പെടുന്നത്. ആദ്യകാലത്ത് ഇത് ഉത്തരരാമ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ശ്രീലങ്കയിലെ നോർത്ത് സെൻട്രൽ പ്രവിശ്യയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പരാക്രമണബാഹു ഒന്നാമനാണ് ഇത് നിർമിച്ചത്. പാറക്കല്ലുകളുടെ വശത്തായി കൊത്തിയ ശ്രീ ബുദ്ധന്റെ നാല് പ്രതിമകളാണ് ഇവിടത്തെ പ്രധാന ആകർഷണം. ബുദ്ധന്റെ ഇരിക്കുന്നതായുള്ള ഒരു വലിയ രൂപവും, കൃത്രിമമായി നിർമിച്ച ഒരു ഗുഹയ്ക്കുള്ളിലുള്ള ഇരിക്കുന്നതായുള്ള ഒരു ചെറിയ രൂപവും, നിൽക്കുന്ന ഒരു രൂപവും കിടക്കുന്നതായുള്ള ഒരു രൂപവുമാണ് ഇവ. ഇവ പുരാതന ശ്രീലങ്കൻ കൽപ്പണിയുടെ ഉത്തമോദാഹരണങ്ങളായി കരുതപ്പെടുന്നു.

ഗൾ വിഹാര
ഒരു പാറയുടെ വശത്തായി കൊത്തിയ ശിൽപ്പങ്ങൾ.
അടിസ്ഥാന വിവരങ്ങൾ
നിർദ്ദേശാങ്കം7°57′57″N 81°00′18″E / 7.96588°N 81.00497°E / 7.96588; 81.00497
മതവിഭാഗംബുദ്ധമതം
രാജ്യംശ്രീ ലങ്ക
വാസ്തുവിദ്യാ വിവരങ്ങൾ
സ്ഥാപകൻപരാക്രമബാഹു ഒന്നാമൻ
പൂർത്തിയാക്കിയ വർഷംപന്ത്രണ്ടാം നൂറ്റാണ്ട്

ഇതിനു മുൻപുള്ള അനുരാധപുര കാലഘട്ട‌ത്തെ അപേക്ഷിച്ച് വ്യത്യസ്തമായ ശൈലിയിലുള്ള ശിൽപ്പങ്ങളാണ് ഉത്തരരാമയിലുള്ളത്. നിൽക്കുന്ന രൂപം ശ്രീ ബുദ്ധനാണോ അതോ ആനന്ദ എന്ന സന്യാസിയാണോ എന്നതുസംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. കല്ലിന്റെ വലിപ്പം പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് ശിൽപ്പങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. ശിൽപ്പങ്ങളുടെ വലിപ്പം കല്ലിന്റെ വലിപ്പ‌ത്തെ ആശ്രയിച്ചാണിരിക്കുന്നത്. ബുദ്ധമതത്തിലെ പുരോഹിതവർഗ്ഗത്തിൽ ഒരു ശുദ്ധീകരണം നടത്തുവാനായി പരാക്രമബാഹു ഒരു സമ്മേളനം നടത്തിയ സ്ഥലത്താണ് ശിൽപ്പങ്ങ‌ൾ നിർമ്മിക്കപ്പെട്ടത്. ഭിക്ഷുക്കൾക്കായി ഒരു നിയമാവലി പിന്നീട് തയ്യാറാക്കുകയുണ്ടായി. കല്ലിൽ ഈ പെരുമാറ്റച്ചട്ടങ്ങൾ കൊത്തി വച്ചിട്ടുമുണ്ട്.

രൂപങ്ങൾ തിരുത്തുക

 
ഇരിക്കുന്ന രൂപത്തിലെ ധ്യാനമുദ്ര മഹായാന സ്വാധീനം സൂചിപ്പിക്കുന്നു.

വലിയ കരിങ്കല്ലിന്റെ വശത്തായി കൊത്തിയിട്ടുള്ള നാല് ബുദ്ധരൂപങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം.[1] 15 അടിയോളം ആഴത്തിൽ കല്ല് കൊത്തിയെടുത്താണ് രൂപങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.[2] ഇത്രയും ആഴത്തിൽ കല്ല് കൊത്തി രൂപങ്ങളുണ്ടാക്കിയതിന് രാജ്യത്ത് മറ്റുദാഹരണങ്ങളില്ല.[3] ഇതിലെ മൂന്ന് രൂപങ്ങൾ വളരെ വലുതാണ്. വലിയ മൂന്ന് രൂപങ്ങളിലെ ഏറ്റവും ചെറുത് 15 അ‌ടിയിൽ കൂടുതൽ ഉയരമുള്ളതാണ്. പക്ഷേ നാലാമത്തെ രൂപത്തിന് നാലടിയിൽ കൂടുതൽ ഉയരം മാത്രമേ ഉള്ളൂ. ഇതേ കാലത്തുള്ള ലങ്കാതിലക രൂപങ്ങളെ അപേക്ഷിച്ച് നോക്കിയാൽ ഇവയെല്ലാം വളരെക്കുറവ് നാശനഷ്ടങ്ങൾ മാത്രം സംഭവിച്ച രൂപങ്ങളാണ്.[4] ലഭ്യമായ കല്ലിന്റെ വലിപ്പമനുസരിച്ചാണ് പ്രതിമകളുടെ വലിപ്പം തീരുമാനിച്ചത് എന്ന് കരുതാം. സേനാരഥ് പരനവിതരണയുടെ അഭിപ്രായത്തിൽ ആദ്യ കാലത്ത് ഈ രൂപങ്ങൾ സ്വർണ്ണത്തിൽ പൊതിഞ്ഞിരുന്നു.[5] അനുരാധപുര കാലഘട്ടത്തെ അപേക്ഷിച്ച് ഈ രൂപങ്ങൾക്ക് കാര്യമായ വ്യത്യാസങ്ങളുണ്ട്. ഗൾ വിഹാരയിലെ രൂപങ്ങളുടെ നെറ്റി വീതിയേറിയതാണെന്നതാണ് ഒരു വ്യത്യാസം. അംഗവസ്ത്രം രണ്ട് സമാന്തരമായ വരകളിലാണ് കൊത്തിയിരിക്കുന്നത്. അനുരാധപുര കാലഘട്ടത്തിൽ ഇത് ഒറ്റ വരയായിരുന്നു.[6]

ഇരിക്കുന്ന രൂപം തിരുത്തുക

ഇരിക്കുന്ന വലിയ രൂപത്തിന് 15 അടി ഉയരമുണ്ട്. ധ്യാന മുദ്രയാണ് ചിത്രീകരിച്ചിരിക്കുന്നത്.[7] ഒരു താമരപ്പൂവിന്റെ ആകൃതിയിലാണ് പീഠം കൊത്തിയിരിക്കുന്നത്. പൂക്കളുടെയും സിംഹങ്ങളുടെയും രൂപം അടിയിലായി കൊത്തിയിട്ടുണ്ട്. മകര രൂപങ്ങളും ചെറിയ നാല് ബുദ്ധ രൂപങ്ങളും ചെറിയ അറകളിലായി കൊത്തിയിട്ടുണ്ട്. പഴയ സിംഹള കൊത്തുപണിയിൽ ഇത് ഒരു അസാധാരണമാണ്. മഹായാന സ്വാധീനത്താലായിരിക്കാം ഇതുണ്ടായത്.[8]

വിദ്യാധരഗുഹ തിരുത്തുക

 
വിദ്യാധര ഗുഹ

4 അടി 7 ഇഞ്ച് മാത്രം ഉയരമുള്ള ഒരു ചെറിയ പ്രതിമയാണ് ഇവിടെയുള്ളത്.,[7] അടുത്തുതന്നെയുള്ള വലിയ രൂപവുമായി ഇതിന് സാദൃശ്യമുണ്ട്. കൊത്തിയെടുത്ത ഒരു അറയിലാണ് രൂപമിരിക്കുന്നത്. ഈ അറയെ വിദ്യാധരഗുഹ എന്നാണ് വിളിക്കുന്നത്.

നിൽക്കുന്ന രൂപം തിരുത്തുക

 
നിൽക്കുന്ന രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്ന മുദ്ര അസാധാരണമാണ്

നിൽക്കുന്ന രൂപം ചരിത്രകാരന്മാരുടെയും പുരാവസ്തു ഗവേഷകരുടെയും ഇടയിൽ ധാരാളം ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഇത് ഒരു ബുദ്ധപ്രതിമയല്ല എന്ന് ഒരു പൊതുവിശ്വാസമുണ്ട്.[4] 22 അടി 9 ഇഞ്ച് ഉയരമാണ് പ്രതിമയ്ക്കുള്ളത്.[7] താമരയുടെ ആകൃതിയുള്ള ഒരു തട്ടിലാണ് പ്രതിമ നിൽക്കുന്നത്. കൈകൾ നെഞ്ചിൽ പിണച്ചുവച്ചിരിക്കുകയാണ്. ദുഃഖഭാവമാണ് മുഖത്തുള്ളത്. നിർവാണത്തിലായ ബുദ്ധന്റെ രൂപമാണ് അടുത്തുള്ളത്. അതിനാൽ ഈ രൂപം മരിക്കാൻ പോകുന്ന ശ്രീ ബുദ്ധന്റെയടുത്ത് നിൽക്കുന്ന ഭിക്ഷുവായ ആനന്ദന്റെയാണ് എന്ന് ചിലർ വിശ്വസിക്കുന്നു.[9]> ഇവിടെയുള്ള ഭിത്തികളുടെ അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് ഈ രൂപങ്ങൾ രണ്ട് അറകളിലായിരുന്നു പണ്ടുണ്ടായിരുന്നത് എന്നാണ്.[10] മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിക്കുന്ന ബുദ്ധനെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത് എന്നും ചിലർ വിശ്വസിക്കുന്നു.[11]

കിടക്കുന്ന രൂപം തിരുത്തുക

 
ശ്രീ ബുദ്ധന്റെ നിർവ്വാണത്തെ ചിത്രീകരിക്കുന്ന ഈ ശിൽപ്പമാണ് ഇവിടെയുള്ള ശിൽപ്പങ്ങളിൽ ഏറ്റവും വലുത്.

46 അടി 4 ഇഞ്ച് നീളമുള്ള ഈ ശിൽപ്പം ഗൾ വിഹാരയിലെ ഏറ്റവും വലിയ ശിൽപ്പമാണ്.[7] ദക്ഷിണപൂർവ്വേഷ്യയിലെ ഏറ്റവും വലിയ ശിൽപ്പങ്ങളിലൊന്നാണിത്.[12] ബുദ്ധന്റെ പരിനിർവ്വാണമാണ് ചിത്രീകരി‌ച്ചിരിക്കുന്നത്. വലതുവശം താഴെയായി കിടക്കുന്ന രൂപത്തിന്റെ വലതു കൈ ശിരസ്സിനെ താങ്ങുന്നു. ഇടതുകൈ തുടയ്ക്കുമീതേ നീട്ടി വച്ചിരിക്കുകയാണ്. വലതുകൈപ്പത്തിയിലും പാദങ്ങളിലും ഒറ്റത്താമരപ്പൂവ് കൊത്തിയിട്ടുണ്ട്.[13]

അവലംബം തിരുത്തുക

  1. Kingston, Jeff (19 March 2002). "On the road in Sri Lanka". The Japan Times. Retrieved 23 January 2010.
  2. Siriweera (2004), p. 287
  3. Basnayake (1986), p. 72
  4. 4.0 4.1 Prematilleke and Karunaratne (2004), p. 20
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; am89 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. Sarachchandra (1977), p. 125
  7. 7.0 7.1 7.2 7.3 Sarachchandra (1977), p. 124
  8. Amarasinghe (1998), p. 90
  9. Amarasinghe (1998), p. 92
  10. Amarasinghe (1998), p. 93
  11. de Silva, P.H.D.H. (27 August 2000). "The Tivanka Pilimage at Polonnaruwa: In Search of a Roof". Sunday Times. Retrieved 23 January 2010.
  12. Kleiner (2008), p. 174
  13. Basnayake (1986), p. 75

ഗ്രന്ഥസൂചിക തിരുത്തുക

  • Amarasinghe, Malinga (1998). පොළොන්නරුවේ නටබුන් (The Ruins of Polonnaruwa) (in സിംഹള). S. Godage & Brothers. ISBN 955-20-3051-X.
  • Aves, Edward (2003). Sri Lanka. Footprint Travel Guides. ISBN 978-1-903471-78-4.
  • Basnayake, H. T. (1986). Sri Lankan Monastic Architecture. Sri Satguru Publications. ISBN 81-7030-009-6.
  • Kleiner, Fred S. (2008). Gardner's Art Through the Ages: A Global History. Cengage Learning. ISBN 978-0-495-11549-6.
  • Prematilleke, P. L.; Karunaratne, L. K. (2004). Polonnaruwa - The Silver Capital of Sri Lanka. Colombo: Central Cultural Fund, Ministry of Cultural Affairs. ISBN 955-613-111-6.
  • Sarachchandra, B. S. (1977). අපේ සංස්කෘතික උරුමය (Cultural Heritage) (in സിംഹള). Silva, V. P.
  • Siriweera, W. I. (2004). History of Sri Lanka. Dayawansa Jayakodi & Company. ISBN 955-551-257-4.
  • Wijesinha, M. L. C.; Turnour, G. (1996). Mahavansa. Asian Educational Services. ISBN 978-81-206-1154-2.

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • von Schroeder, Ulrich. (1990). Buddhist Sculptures of Sri Lanka. (752 p.; 1620 illustrations). Hong Kong: Visual Dharma Publications, Ltd. ISBN 962-7049-05-0
  • von Schroeder, Ulrich. (1992). The Golden Age of Sculpture in Sri Lanka - Masterpieces of Buddhist and Hindu Bronzes from Museums in Sri Lanka, [catalogue of the exhibition held at the Arthur M. Sackler Gallery, Washington, D. C., 1 November 1992 – 26 September 1993]. Hong Kong: Visual Dharma Publications, Ltd. ISBN 962-7049-06-9

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗൾ_വിഹാര&oldid=4028823" എന്ന താളിൽനിന്ന് ശേഖരിച്ചത്