മ്യാൻമാറിലും ഇന്ത്യയിലെ നാഗാലാൻഡിലും അരുണാചലിലും വസിക്കുന്ന നാഗർ വിഭാഗം ആദിവാസികളാണ് കൊന്യാക്ക് (ജനവിഭാഗം). സ്വന്തം ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറുന്നവരുടേയും ഗോത്രത്തിന്റെ ശത്രുക്കളുടേയും ശിരസ്സ് കൊയ്തെടുത്ത് വീടിന് മുന്നിൽ പ്രദർശിപ്പിച്ചു ഊറ്റം കൊളളുന്ന പോരാളി വംശമായിരുന്നു ഇവർ[1], [2]. തലവേട്ട ഒഴികെയുള്ള ആദിമകാല പാരമ്പര്യവും ആചാരങ്ങളും ഇന്നും പിന്തുടരുന്ന വീര ഗോത്രമായ കൊന്യാക്കുകൾക്ക് കറുപ്പും കാട്ടിറച്ചിയും ഒഴിവാക്കാനാവാത്തവയാണ്. ഗോത്രരാജാവിന്റെ കൊട്ടാരത്തിന്റെ നേർ പകുതി ഇന്ത്യയിലും പകുതി മ്യാന്മാറിലുമാണ്.രാജ്യാന്തര അതിർത്തികൾ എന്ന പദവിയില്ലാതെ അവിടെയുള്ളവർ ആ അദൃശ്യരേഖ മറികടന്നു ജീവിക്കുന്നു.

കൊന്യാക്ക് പടയാളികൾ

ചരിത്രം തിരുത്തുക

 
ഒരു കൊന്യാക്കു് ഗ്രാമം

19 നൂറ്റാണ്ട് വരെ പുറം ലോകവുമായി ബന്ധമില്ലാതെ ജീവിച്ച ഒരു ഗോത്രജനതയായിരുന്നു കൊന്യാക്കുകൾ. മറ്റു ഗോത്രങ്ങളോട് കലഹിച്ചും സൂര്യനെയും ചന്ദ്രനെയും ദൈവമായി ആരാധിച്ചും കഴിഞ്ഞിരുന്ന ദോൻയി പോളോ വിശ്വാസികൾ ആയിരുന്നു അവർ. ബ്രിട്ടീഷ് ഭരണത്തോടെ, ക്രിസ്ത്യൻ മിഷണറിമാർ നാഗാലാൻഡിലെത്തുകയും വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. അതോടൊപ്പം മതപരിവർത്തനവും നടന്നു. ഇപ്പോൾ ക്രീസ്തീയ വിശ്വാസികളാണ് ഭൂരിപക്ഷവും.

തൊഴിൽ തിരുത്തുക

കൊന്യാക്കുകളുടെ പ്രധാന തൊഴിൽ കൃഷിയാണ് . കരകൃഷിയാണ് കൂടുതലും. കുന്നിൻ ചെരിവുകളിൽ കാട് വെട്ടിത്തെളിച്ചു അരിയും തിനയും ചോളവും കൃഷി ചെയ്യുന്നു. കോഴി, പന്നി തുടങ്ങിയ ജീവികളേയും ഇവർ വളർത്തുന്നു.

അന്ധവിശ്വാസങ്ങൾ തിരുത്തുക

 
കൊന്യാക്കുകൾ വേട്ടയാടിയ വന്യമൃഗക്കൊമ്പുകൾ പ്രദർശിപ്പിട്ടിരിക്കുന്നു.

പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും മറ്റ് ദുരന്തങ്ങളും ഉണ്ടാവുന്നതിന് കാരണം മാന്ത്രികശക്തിയുടെ കുറവുകൊണ്ടാണെന്ന് ഇവർ വിശ്വസിക്കുന്നു. വീരന്മാർ കൊയ്തെടുത്ത് കൊണ്ടുവരുന്ന അന്യ ഗോത്രക്കാരുടേയോ ശത്രുവിന്റേയോ ആത്മാവ് തങ്ങളുടെ ഗ്രാമം കാക്കുമെന്ന് കൊന്യാക്കുകൾ വിശ്വസിച്ചിരുന്നു. ഇങ്ങനെ ശത്രുക്കളുടെ ശിരസ്സുകൊണ്ടുവരുന്ന പോരാളിയുടെ മുഖത്ത് പച്ച കുത്തും. ഇത് വലിയ ചടങ്ങാണ്. പോരാളിയെ അനുഗമിച്ചവരുടെ നെഞ്ചിലാണ് പച്ചകുത്തുക. കൊല്ലപ്പെട്ടവന്റെ തലയോട്ടികൊണ്ടു വീടിന്റെ പൂമുഖം അലങ്കരിക്കും. തലവെട്ടിയ എണ്ണം സൂചിപ്പിക്കാൻ അത്രയും വെങ്കല രൂപങ്ങൾ ലോക്കറ്റായി തൂക്കിയിടും.

ശത്രുക്കളുടെ തല വെട്ടിയെടുത്ത് ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നവരെ യഥാർത്ഥ കൊന്യാക്ക് നായകായി പരിഗണിച്ചിരുന്നു. ഒരു മനുഷ്യന്റെ തല വെട്ടിക്കൊണ്ടു വരാൻ സാധിക്കാതെ വരുന്നത് ഒരു വൻ മാനഭംഗമായി ഇവർ കരുതുകയും ചെയ്യുന്നു. മറ്റ് നാഗ ഗോത്രക്കാരുമായി പലപ്പോഴും പോരാടിക്കും. രാജകുമാരിക്ക് വേണ്ടിയോ കൃഷിയിടത്തിനോ നദിക്കോ വേണ്ടിയും മറ്റു ഗോത്രങ്ങളുമായി യുദ്ധമുണ്ടാകും.

തലവെട്ടൽ തുടങ്ങിയ പ്രാകൃതരീതികളെല്ലാം സർക്കാർ 1959 ൽ നിയമം മൂലം നിരോധിച്ചു. എങ്കിലും വിദൂര ഗ്രാമങ്ങളിൽ ഇത്തരം അന്ധവിശ്വാസങ്ങൾ പൂർണ്ണമായും ഇല്ലാതെയായിട്ടില്ല എന്ന് കരുതേണ്ടിയിരിക്കുന്നു.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. [1]|Meet the Konyaks of Nagaland
  2. [2]|In Pictures: The Headhunting Konyak Tribe of Nagaland

പുറംകണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കൊന്യാക്ക്_(ജനവിഭാഗം)&oldid=2640141" എന്ന താളിൽനിന്ന് ശേഖരിച്ചത്