പോർട്രയിറ്റ് ഓഫ് എ വുമൺ ആസ് ജൂഡിത്ത്
1590-1595 നും ഇടയിൽ അഗോസ്റ്റിനോ കാരാച്ചി വരച്ച ഒരു എണ്ണച്ചായാചിത്രമാണ് പോർട്രയിറ്റ് ഓഫ് എ വുമൺ ആസ് ജൂഡിത്ത്. ഇപ്പോൾ ഒരു സ്വകാര്യ ശേഖരത്തിലാണ് ഈ ചിത്രം. ഇതിൽ ചുവടെ ഇടത് വശത്ത് A. CAR. BON. (അഗോസ്റ്റിനോ കാരാച്ചി, ബോളോണ്യക്കാരൻ) എന്ന് ഒപ്പിട്ടിരിക്കുന്നു.[1].
തിരിച്ചറിയൽ
തിരുത്തുക1985-ൽ ഓസ്ട്രേലിയൻ കലാചരിത്രകാരി ജെയ്‌നി ആൻഡേഴ്സൺ ഈ ചിത്രം കണ്ടെടുത്ത് അതിൻറെ പ്രതീകാത്മകത വിശദീകരിച്ച് കലാവിപണിയിലെത്തിക്കും വരെ ഈ ചിത്രം നഷ്ടപ്പെട്ട ചിത്രങ്ങളുടെ പട്ടികയിലായിരുന്നു. ഒളിംപിയ ലൂണയെ (1592-ൽ അന്തരിച്ചു) ബൈബിൾ കഥാപാത്രമായ ജൂഡിത്തായും ഭർത്താവ് മെൽക്യോർ സോപിയോയെ ( 1544 - 1634 ) ഹോളോഫെർണസായും (ഛേദിക്കപ്പെട്ട ശിരസ്) ചിത്രീകരിച്ചിരിക്കുന്നുവെന്ന് ആൻഡേഴ്സൺ വാദിക്കുന്നു. മെൽക്യോർ സോപിയോ സഹസ്ഥാപകനായിരുന്ന ബോളോണ്യയിലെ കലാകാരന്മാരുടെ കൂട്ടായ്മയിൽ (ബൊലോണ്യ അക്കാദമിയ ഡീ ജെലാറ്റി) അഗസ്റ്റിനോയും അംഗമായിരുന്നിരിക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്.
നിരവധി പഴയ രേഖകളിൽ ആൻഡേഴ്സൺ തൻറെ വാദങ്ങളെ സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തി. ഇതിൽ പ്രധാനമായത് 1603 ജനുവരിയിൽ അഗോസ്റ്റിനോയുടെ ശവസംസ്കാര ചടങ്ങിൽ (അദ്ദേഹം മരിച്ച് ഏകദേശം ഒരു വർഷത്തിനുശേഷം) ബൊലോണ്യയിലെ കമ്പനി ഓഫ് പെയിന്റേഴ്സിന്റെ നോട്ടറി ലൂസിയോ ഫാബെറി (അല്ലെങ്കിൽ ഫാബെറിയോ), ചെയ്ത പ്രഭാഷണമായിരുന്നു.[2] ഇതേക്കുറിച്ച് പിന്നീട് കാർലോ സിസേർ മാൽവാസിയ ഫെൽസിനാ പിട്രിസ് എന്ന പുസ്തകത്തിൽ ശവസംസ്കാരത്തെക്കുറിച്ചുള്ള അധ്യായത്തിൽ വിവരിച്ചിട്ടുണ്ട്. ഒളിംപിയയുടെ മരണശേഷമാണ് ചിത്രം വരയ്ക്കപ്പെട്ടതെന്ന് ഫേബെറി പ്രസ്താവിക്കുന്നുവെന്ന് മെൽവസിയ രേഖപ്പെടുത്തുന്നു. " ഒരു വ്യക്തി ജീവിച്ചിരിക്കെ ആ വ്യക്തിയുടെ ചിത്രം വരയ്ക്കുക എന്നത് ഒരു വലിയ പ്രവൃത്തിയാണെങ്കിൽ, ആ വ്യക്തി ഇല്ലാതിരിക്കുമ്പോൾ അത് ചെയ്യുന്നത് എത്ര വലിയ പ്രവൃത്തിയാണ്. തീർച്ചയായും ഏറ്റവും മഹത്തായതും അതിശയകരവുമാണ്. മരിച്ചു മണ്ണടിഞ്ഞുപോയ, ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരദൃശ്യവ്യക്തിയെ മറ്റുള്ളവരുടെ വിവരണങ്ങളിൽനിന്ന് പൂർണ്ണമായും ലളിതമായും ...ഒരു ചിത്രമോ മുദ്രയോ ഇല്ലാതെ വരയ്ക്കുക. ഭർത്താവ് സോപിയോയുടെ വിവരണങ്ങൾക്കനുസൃതമായി അഗോസ്റ്റിനോ കാരാച്ചി, സോപ്പിയോയുടെ ഭാര്യ ഒളിംപിയ ലൂണയുടെ ഛായാചിത്രം വരച്ചുണ്ടാക്കി. . മെൽക്യോർ സോപ്പിയോ എന്ന മികച്ച വ്യക്തിയുടെ ഭാര്യയായിരുന്നു ഒളിംപിയ ലൂണ " പെയിന്റിംഗിനെ താൻ ഏറെ വിലമതിക്കുന്നുവെന്നും അതിനായി ഒരു ഗീതകം സമർപ്പിക്കുന്നുവെന്നും സോപിയോ പറഞ്ഞതായും ആ ഗീതകം, ഫേബെറി തന്റെ പ്രസംഗത്തിൽ പൂർണ്ണമായും ഉദ്ധരിക്കുകയുണ്ടായി എന്നും മെൽവസിയ കൂട്ടിച്ചേർക്കുന്നുണ്ട്.